Slider

പുണ്യ ജന്മങ്ങൾ

0

ഭൂമിയിലേക്ക് ജനിച്ചു വീണു ആണ്ടു തികയും മുന്നെ അച്ഛനും അമ്മയും ആക്സിഡന്റിൽ മരിക്കുക..
കടബാധ്യത മൂത്തു തറവാട് ബാങ്കുകാര് ജപ്‌തി ചെയ്യുക...
മാനഹാനി ഭയന്നു ചെറിയമ്മാവൻ ആത്മഹത്യ ചെയ്യുക...
എല്ലാറ്റിനും കാരണം ഈ നശിച്ച സന്തതിയാണെന്നു സ്ഥാപിക്കാൻ വേറെ കാരണങ്ങൾ വേണോ...
കുത്തുവാക്കുകളും പ്രാക്കും കേട്ട് കേട്ട് ആ സന്തതി വളർന്നു വലുതായി...
കുട്ടിക്കാലത്തേയുള്ള പരുക്കൻ അനുഭവങ്ങൾ കൊണ്ടാവണം ഒരു പെണ്ണിനുണ്ടാവണമെന്നു പലരും കരുതുന്ന അടക്കമോ ഒതുക്കമോ ഒന്നും അവൾക്കില്ലായിരുന്നു..
ഡിഗ്രിക്കു പഠിക്കുമ്പോ ഒരു മാപ്പിള ചെറുക്കനുമായി അവൾക്ക് പ്രണയമാണെന്ന് ആരൊക്കെയൊ പറഞ്ഞു പരത്തിയതോടെ പഠനവും പാതി വഴിക്കു നിലച്ചു...
അന്നും കേട്ടു പലതും..
കുടുംബം മുടിക്കാനിറങ്ങിയവൾ..
നശൂലം പിടിച്ചവൾ...
എന്നും കേക്കുന്നതല്ലേ..
കാര്യമാക്കിയതേയില്ല..
അതൊടെ വെറൊരു സംഭവമുണ്ടായി..
അമ്മാവൻമാർ അവൾക്ക് തിരക്കിട്ടു ചെറുക്കനെ അന്വേഷിച്ചു തുടങ്ങി..
എങ്ങിനെങ്കിലും തലയിൽ നിന്നു ഭാരം ഒഴിവാക്കണല്ലോ..
അങ്ങനെ ചെറുക്കൻ വന്നു പെണ്ണിനെ കണ്ടു..
അവനിഷ്ടമായി..
അവളുടെ ഇഷ്ടം ആരും
ചോദിച്ചില്ല..
അവളാരോടും പറഞ്ഞുമില്ല..
അവൾക്കും എങ്ങിനെങ്കിലും ആ നരകത്തിൽ നിന്നു ഒന്നു രക്ഷപ്പെട്ടാ മതിയെന്നുണ്ടായിരുന്നു..
അങ്ങിനെ കല്യാണം ഭംഗിയായി നടന്നു..
പക്ഷേ ദുരിതങ്ങൾ വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ..
നിലവിളക്കേന്തി വലതു കാൽ വെച്ചു കയറേണ്ടിടത്തു കഷ്ടകാലത്തിനു ഇടതു കാലായിപ്പോയി..
പലരും കുശു കുശുത്തു..
അമ്മായിയമ്മയുടെ മുഖം കടന്നൽ കുത്തിയത് പോലെ വീർത്തു...
പെട്ടന്നുണ്ടായ വെപ്രാളത്തിൽ വിളക്കും അണഞ്ഞു പോയി...
പിന്നെ പറയണ്ടല്ലോ പൂരം..
അവിടുന്നും കേട്ടു പലതും..
ഭാഗ്യത്തിന് കെട്ട്യോനിതൊന്നും വിശ്വാസമില്ലാത്തതു കൊണ്ടു ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു..
കൃത്യം രണ്ടാം നാൾ വെറൊരു സംഭവം കൂടീണ്ടായി..
പത്തോ ഇരുപതോ ലിറ്റർ എങ്ങാനും പാല് കിട്ടുമായിരുന്ന അവിടുത്തെ പശു ആരോടുമൊന്നും പറയാതെ പരലോകത്തേക്കു യാത്രയായി..
കാരണമെന്തെന്ന് ആലോചിച്ചു അവർക്കു ബുദ്ധിമുട്ടേണ്ടി വന്നേയില്ല..
ദുശ്ശകുനം മുന്നിൽ
തന്നെയുണ്ടല്ലോ..
അങ്ങനെ അച്ഛനെയും അമ്മയെയും കൂടാതെ അവളൊരു പശുവിനെയും കാലപുരിക്കയച്ചുവെന്നു വിധിയെഴുതപ്പെട്ടു..
അവളതു കൊണ്ടും തളർന്നില്ല..
പെണ്ണായി പിറന്നു പോയില്ലേ...
ഇനി പെണ്ണായിക്കൊണ്ട് തന്നെ ജീവിച്ച കാണിക്കണമെന്ന വാശിയാരുന്നു അവൾക്കു..
കുറ്റപ്പെടുത്തലുകൾ..
അവഗണന..
അങ്ങനെ പലതുമുണ്ടായി..
അവളതൊന്നും കാര്യമാക്കിയില്ല..
അങ്ങനൊരു ദിവസം
സന്ധ്യാ നേരം..
എന്തോ ആവശ്യത്തിനു കുളിമുറിയിലേക്ക് നടക്കുന്നതിനിടെ അമ്മായിഅമ്മ കാൽവഴുതി വീണു..
എല്ലാരും കൂടെ അപ്പൊ തന്നെ താങ്ങിപ്പിടിച്ചു ആശുപത്രിയിലേക്കു
കൊണ്ടോയി..
വേദന കൊണ്ടു പുളയുന്നതിനിടയിലും അമ്മായിഅമ്മ അവളെ ചൂണ്ടി എന്തൊക്കെയൊ പറയുന്നുണ്ടാരുന്നു..
അന്നാദ്യമായി അവളുടെ കണ്ണു നിറഞ്ഞു..
പെണ്ണല്ലേ അവളും..
എത്രയാണെന്നു വച്ചാ പിടിച്ചു നിൽക്കാനൊക്കുക..
അമ്മക്കു നട്ടെല്ലിന് കാര്യമായ പരുക്കുണ്ടെന്നും ചുരുങ്ങിയതു ആറു മാസമെങ്കിലും ചികിത്സയും ബെഡ്‌റെസ്റ്റും വേണമെന്നും ഡോക്ടർമാർ വിധിയെഴുതി..
അതറിഞ്ഞതോടെ
അവളാകെ മാറി..
അവിടം തൊട്ടു പുതിയൊരു ചരിത്രം സൃഷ്ടിക്കപ്പെടുകയായിരുന്നു..
വീടിന്റെ ഭരണം പൂർണമായും അവളേറ്റെടുത്തു..
ഒപ്പം അമ്മയുടെ പരിചരണവും..
കൊച്ചു കുഞ്ഞിനെയെന്ന പോലേ അവളമ്മയെ ശുശ്രൂഷിച്ചു..
കഴിപ്പിച്ചു..
കുളിപ്പിച്ചു..
കൂടെയിരുന്നു വിശേഷങ്ങൾ പങ്കു വെച്ചു..
അവളാസ്വദിക്കുകയായിരുന്നു ശരിക്കും..
പെറ്റമ്മയ്ക്കു നൽകാനാവാതെ പോയ സ്‌നേഹം മുഴുവനും അവൾ അമ്മായിഅമ്മയിലേക്കു ഒഴുക്കിവിട്ടു..
രോഗിയെ സന്ദർശിക്കാൻ വന്നവർക്കൊക്കെ മരുമോളുടെ സാമർഥ്യത്തെ കുറിച്ചു പറയുമ്പൊ നൂറു നാവായി..
ശപിക്കപ്പെട്ടവളെന്നു മുദ്ര കുത്തപ്പെട്ടവൾ
മാലാഖയായി മാറി..
അമ്മായിയമ്മയുടെ സ്വഭാവത്തിനും കാര്യമായ മാറ്റം വന്നു..
എന്തിനും ഏതിനും അവൾ മതിയെന്നായി...
പതിയെ പതിയെ അവർക്കു നടക്കാമെന്നായി..
വൈകുന്നേരമാവുമ്പോ അവളമ്മയെയും താങ്ങിപ്പിടിച്ചു മെല്ലെ
 പുറത്തേക്കു നടക്കും..
മുറ്റത്തൂടെ അമ്മായിയമ്മയെ പണിപ്പെട്ടു തോളിൽ താങ്ങി നടക്കുന്ന മരുമോളെ കണ്ടു പലരും അടക്കം പറഞ്ഞു..
അസൂയപ്പെട്ടു...
ഇങ്ങനൊരു പെണ്ണിനെ മരുമോളായി കിട്ടാൻ പുണ്യം ചെയ്യണമെന്ന് പറഞ്ഞു..
സ്‌നേഹം കൊണ്ടു മാറാത്ത വ്യാധിയുണ്ടോ..
കൃത്യം മൂന്നാം മാസം അമ്മായിയമ്മ എഴുന്നേറ്റ് തനിയെ നടന്നു തുടങ്ങി..
ഒരു ദിവസം സന്ധ്യാ നേരത്തു നാമജപം കഴിഞ്ഞെഴുന്നേറ്റു വരുന്ന അമ്മയോടവളൊരു ആഗ്രഹം പറഞ്ഞു..
ഒന്നല്ല ഒരുപാടു ആഗ്രഹങ്ങൾ..
അവരതു കേട്ട് പുഞ്ചിരിച്ചു കൊണ്ടവളെ ചേർത്ത് പിടിച്ചു..
അന്നാദ്യമായി അവളമ്മയുടെ
ചൂടറിഞ്ഞു..
ഗന്ധമറിഞ്ഞു..
ഒരു കൊച്ചു കുഞ്ഞെന്ന പോലേ അവളമ്മയുടെ മാറിൽ മുഖമമർത്തിക്കിടന്നു..
അന്നു എല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോ ഒരു സംഭവമുണ്ടായി..
അമ്മ കസേര അവളുടെ അടുക്കലേക്കു നീക്കി വച്ചിരുന്നു പാത്രത്തിൽ ചോറെടുത്തു കറിയൊഴിച്ചു ഉരുളകളാക്കി അവളുടെ വായിലേക്കു
വെച്ചു കൊടുത്തു..
സന്തോഷം കൊണ്ടവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..
ആ കാഴ്ച്ച കണ്ടു അമ്മക്കു പിറകേ അച്ഛനും
എഴുന്നേറ്റു വന്നു..
പിന്നാലെ ഭർത്താവും..
പിന്നീടവിടൊരു മത്സരം തന്നെ നടന്നു..
അവളെ കഴിപ്പിക്കാൻ..
അറിയാതെ പോയ അനുഭവിക്കാതെ പോയ ഓരോന്നും അവളറിയുകയായിരുന്നു പിന്നീടങ്ങോട്ടു.
**
ഇതുപോലല്ലെങ്കിൽ മറ്റൊരു തരത്തിൽ നമുക്കു ചുറ്റും ജീവിക്കുന്നുണ്ടാവും ഇതുപൊലുള്ള പുണ്യജന്മങ്ങൾ..
ചെയ്യാത്ത തെറ്റിന്റെ
പാപഭാരവും പേറി..
സത്യം പറഞാൽ ഒരു മനുഷ്യായുസ്സിൽ ചെയ്തു തീർക്കാൻ കഴിയുന്ന ഒരുപാടു കാര്യങ്ങളുണ്ടായിട്ടും സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്നവരാണ്‌
മഹാപാപികൾ..
ജനന സമയം മോശമായിക്കോട്ടെ..
നക്ഷത്രങ്ങൾ മുഖം തിരിച്ചോട്ടെ..
അതിനൊക്കെ അപ്പുറം ജീവിതത്തിൽ കുറച്ചെങ്കിലും നൻമ സൂക്ഷിക്കുന്നുണ്ടെങ്കിൽ അവരല്ലേ ശരിക്കും പുണ്യ ജന്മങ്ങൾ.

By
Rayan Sami

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo