Slider

ഞരമ്പാജി..... ( ചെറുകഥ)

0

ഞരമ്പാജി..... ( ചെറുകഥ)
വിശാലമായ മുറ്റത്തെ ടൈൽസ് പാകിയ മിനുസമുള്ള പ്രതലത്തിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ് അബൂബക്കർ ഹാജി.ഒരു സമാധാനവുമില്ലാത്ത നടത്തം.ഇടയ്ക്കൊന്നു റോഡിലേക്കിറങ്ങും.പിന്നൊന്ന് വീടിന് അകത്തേക്ക് കയറും. വീണ്ടും മുറ്റത്തേക്കിറങ്ങും.
അബൂബക്കർ ഹാജിക്ക് അറുപത്തഞ്ച് വയസ്സായി. പ്രവാസ ജീവിതം മതിയാക്കിയിട്ട് ആഴ്ചകളെ ആയുള്ളു. ഗൾഫിലെ ബിസിനസ്സ് സാമ്രാജ്യങ്ങൾ മക്കളെ ഏൽപിച്ചു. ഇനി അങ്ങോട്ട് നോക്കേണ്ടതില്ല. ഇനി മക്കൾ തനിക്കൊന്നും തന്നില്ലെങ്കിലും കുഴപ്പമൊന്നുമില്ല. ഒരു പാട് കോടികൾ താനായി ഉണ്ടാക്കി വച്ചിട്ടുണ്ട്. എന്നാലും ഹാജി മക്കളോട് ഒരു നിബന്ധന വച്ചിട്ടുണ്ട്.ഒരു നിശ്ചിത സംഖ്യമാസം മാസം തനിക്ക് തന്നുകൊണ്ടിരിക്കണം
ഇപ്പോൾ ഹാജി പരവശനാകാൻ കാരണം അതൊന്നുമല്ല. ഹാജിയുടെ ഭാര്യ മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞു.ഈ അവസാന കാലത്ത് ഹാജി യാരെ നോക്കാൻ ഒരാള് വേണം. അതായത് ഒന്നുകൂടി കെട്ടണമെന്ന്. ഭാര്യ മരിച്ച ഉടനെ വിവാഹ ആലോചനകൾക്ക് ഹാജിയാർ ശ്രമം തുടങ്ങിയെങ്കിലും മക്കളുടെ ശക്തമായ എതിർപ്പു കാരണം തൽക്കാലം മാറ്റിവച്ചു.
ബാപ്പയെ നോക്കാൻ നിങ്ങൾ ജോലി ഒക്കെ ഒഴിവാക്കി നാട്ടിൽ വന്നു നിൽക്കുമോ എന്ന ഹാജിയാരുടെ അഭ്യുദയകാംക്ഷികളുടെ ചോദ്യത്തിന് മക്കൾ പറഞ്ഞ മറുപടി"ബാപ്പ പെണ്ണ് കെട്ടിയാൽ അതിൽ കുട്ടികളുണ്ടാകും.അപ്പോൾ അവരോടായിരിക്കും ബാപ്പാന്റെ സ്നേഹം മുഴുവൻ ഉണ്ടാവുക.അതിനാൽ സ്വത്ത് മുഴുവൻ അവരുടെ പേരിൽ ആക്കാൻ സാദ്ധ്യതയുണ്ട്'". ഇതായിരുന്നു ഹാജിയാരുടെ മക്കളുടെ വാദം. അങ്ങിനെയാണ് ഗൾഫിലെ ഓരോ സ്ഥാപനങ്ങളും മക്കളെ ഏൽപിച്ചത്.അതിനു ശേഷമാണ് ഹാജിയുടെ കല്യാണത്തിന് മക്കൾ സമ്മതിച്ചത്.
കല്യാണം കഴിക്കാൻ തയ്യാറെടുത്തു കൊണ്ടിരിക്കുമ്പോഴാണ് ഹാജി ആയിശുവിനെ ഓർത്തത്. ഹാജിയുടെ ഏറ്റവും അടുത്ത അയൽവാസിയായിരുന്ന മജീദിന്റെ ഭാര്യ. ഹാജിയാർക്ക് ആയിശു വലിയൊരു അഭിലാഷമായിരുന്നു. വലിയൊരു ജന്മിയായിരുന്ന ഹാജിയാരുടെ പിതാവ് കമ്മു ഹാജിയുടെ പണിക്കാരനായിരുന്നു അൽബിക്കുട്ടി.അൽബിക്കുട്ടിയുടെ മകനാണ് മജീദ്.കമ്മുഹാജിയുടെ പറമ്പിന്റെ മൂലയിലായിരുന്നു ഒരു കുടിൽ കെട്ടി അൽബിക്കുട്ടിയും കുടുംബവും താമസിച്ചിരുന്നത്.ഭൂപരിഷ്കരണ നിയമം വന്നപ്പോൾ കുടികിടപ്പാവകാശം കിട്ടുമായിരുന്നെങ്കിലും ദിവസവും ജോലി ചെയ്യുന്ന ആളുടെ അതൃപ്തിക്ക് പാത്രമാവാതിരിക്കാൻ അൽബിക്കുട്ടി ശ്രമിച്ചു. എന്നാൽ അൽബിക്കുട്ടിക്ക് അത്യാർത്ഥിക്കാരനായ കമ്മു ഹാജി സ്ഥലം നൽകിയതുമില്ല.
അങ്ങിനെ കമ്മു ഹാജി മരണപ്പെടുകയും സ്വത്തുക്കളെല്ലാം മക്കൾ ഓഹരി വച്ചെടുക്കുകയും ചെയ്തു. അൽബിക്കുട്ടിയുടെ കുടിൽ ഉണ്ടായിരുന്ന അഞ്ച് സെന്റ് സ്ഥലം അൽ ബിക്കുട്ടിക്ക് മക്കൾ ദാനമായി നൽകി.അതിനടുത്തുള്ള സ്ഥലമെല്ലാം അബുബക്കർ ഹാജിക്കായിരുന്നു കിട്ടിയത്. അതു കൊണ്ട് അബൂബക്കർ ഹാജിയുടെ പേരിൽത്തന്നെയാണ് ആ സ്ഥലവും റജിസ്റ്റർ ചെയ്തത്. അൽബിക്കുട്ടി താമസിച്ചിരുന്ന സ്ഥലം കണ്ണായ ഒരു സ്ഥലമായിരുന്നു.കാലത്തിന്റെ ഗതി വിഗതികളിൽ കൃഷിസ്ഥലങ്ങളോട് ചേർന്ന ഭൂമിക്ക് മൂല്യം കുറയുകയും റോഡിനോട് ചേർന്ന സ്ഥലങ്ങൾക്ക് മൂല്യം കൂടുകയും ചെയ്തു. അൽബിക്കുട്ടിയുടെ അഞ്ച് സെന്റ് ഭൂമി റോഡിനോട് ചേർന്ന സ്ഥലമായിരുന്നു.
അതു കൊണ്ട് തന്നെ ആ സ്ഥലം കൈക്കലാക്കാൻ അബൂബക്കർ ഹാജി തക്കം പാർത്തു നടന്നു.
അതിനിടയിലാണ് അൽ ബിക്കുട്ടിയുടെ മകനായ മജീദിന്റെ കല്യാണം നടന്നത്.
ആ സമയം അബൂബക്കർ ഹാജി ഗൾഫിലായിരുന്നു. ഗൾഫിൽ നിന്ന് ലീവിന് വന്ന അബൂബക്കർ ഹാജി മജിദിന്റെ ഭാര്യയെ കണ്ട് ആകെ പരവശനായി.മജീദിന്റെ ഭാര്യ ആയിശുവിനെ ഒരു ദിവസത്തേക്കെങ്കിലും സ്വന്തമാക്കണമെന്ന് അബൂബക്കർ ഹാജി അതിയായി ആഗ്രഹിച്ചു.അൻപത് പിന്നിട്ട ഹാജി ചെറുപ്പക്കാരിയായ ആയിശു വിനോട് തന്റെ ആഗ്രഹം ഉണർത്തിക്കാൻ മാർഗമില്ലാതെ കുഴങ്ങി.
വർഷങ്ങൾ ഒരു പാട് കടന്ന് പോയി. ഹാജിയുടെ മക്കളെല്ലാം വളർന്നു. ആയിശുവിന് നാലോളം കുട്ടികളുമുണ്ടായി. ഇതിനിടയിലാണ് മജീദ് മരത്തിൽ നിന്ന് വിണ് കിടപ്പിലായത്.ഈ അവസരം നന്നായി ഉപയോഗിക്കാൻ തന്നെ ഹാജി തീരുമാനിച്ചു.
ഹാജി ആയിശുവിനെ സമീപിച്ച് പണത്തിന് എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ സമീപിക്കണമെന്ന് ആവശ്യപ്പെട്ടു.
ആയിശുവിന്റെ വരുമാനം നിലച്ചതോടെ നിത്യച്ചിലവിന് ഹാജിയാരുടെ വീട്ടിൽ പണിക്ക് പോവാൻ തീരുമാനിച്ചു.
ഹാജിയാരുടെ വീട്ടിൽ പണിക്ക് പോയ ആയിശു ഹാജിയാരുടെ ഇംഗിതം വേറെയാണെന്ന് മനസ്സിലാക്കി അവിടെ നിന് തടിയൂരി. ഇത് ഹാജിയെ പ്രകോപിതനാക്കി. ഇംഗിതത്തിന് വഴങ്ങിയില്ലെങ്കിൽ നിനക്ക് ബുദ്ധിമുട്ടാകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. എന്നിട്ടും വഴങ്ങാതിരുന്ന ആയിശുവിനെ വളർന്നു വരുന്ന മകളുടെ കാര്യം പറഞ്ഞും ഭീഷണിപ്പെടുത്തി.
എന്നിട്ടും വഴങ്ങാതിരുന്ന ആയിശുവിനോട് അബൂബക്കർ ഹാജി അഞ്ച് സെന്റ് ഭൂമിയിൽ നിന്ന് ഇറങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടു. ഭൂമി ഹാജിയാരുടെ പേരിലായിരുന്നു രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ ഈ വിവരം കമ്മു ഹാജിയുടെ മറ്റു മക്കളോട് ആയിശു പറയുകയും അവർ അതിനൊരു പരിഹാരം കാണുകയും ചെയ്തു. അങ്ങിനെ റോഡ് സൈഡിലെ അഞ്ച് സെന്റ് പുരയിടത്തിൽ നിന്ന് തോട്ടത്തിലെ പഴയ തറവാട് നിന്നിരുന്ന സ്ഥലത്ത് അഞ്ച് സെന്റ് നൽകി.അങ്ങിനെ ആ അദ്ധ്യായം അവിടെ അവസാനിച്ചുവെങ്കിലും ആയിശുവിനോടുള്ള ഹാജിയാരുടെ താൽപര്യം ഒട്ടും അടങ്ങിയിരുന്നില്ല. അങ്ങിനെ സ്ഥലം രജിസ്റ്റർ ചെയ്ത് കിട്ടിയതോടെ അത് വിറ്റ് ദൂരെയെങ്ങോ ആയിശുവും കുടുംബവും താമസമാക്കി.
ഇതിനിടയിൽ കിടപ്പിലായ മജീദ് മരണപ്പെട്ടിരുന്നു.
അതു കൊണ്ട് തന്നെ പഴയതെല്ലാം മറന്ന് ആയിശു താനുമായുള്ള കല്യാണത്തിന് സമ്മതിക്കുമെന്നും, സമ്മതിക്കാൻ വേണ്ടി ബാക്കിയുള്ള സ്വത്തിന്റെ പകുതി സ്ഥലമെങ്കിലും ആയിശുവിന്റെ പേരിൽ എഴുതിക്കൊടുക്കാനും ഹാജിയാർ പ്ലാനിട്ടു.ഇതിനിടയിലാണ് ആയിശുവിന്റെ മകളുടെ കല്യാണം കഴിഞ്ഞത്. അയൽപക്കത്തൊക്കെ കല്യാണം പറഞ്ഞെങ്കിലും ഹാജിയുടെ വീട്ടിൽ മാത്രം പറഞ്ഞില്ല. അതിനാൽ ഹാജിക്ക് കല്യാണത്തിൽ പങ്കെടുക്കാനും കഴിഞ്ഞില്ല. അങ്ങിനെയാണ് ഒരാളെ ആയിശുവിന്റെ വിവരങ്ങളറിയാൻ പറഞ്ഞയച്ചത്.വിവരങ്ങളറിഞ്ഞതിന്റെ ശേഷമാവണം തന്റെ ആഗ്രഹം ആയിശുവിനെ അറിയിക്കാൻ.വിവരങ്ങളറിയാനുള്ള ഹാജിയാരുടെ നിൽപാണ് തുടക്കത്തിൽ നിങ്ങൾ കണ്ടത്.
വിവരങ്ങളറിയാൻ പോയ ആൾ കുറച്ചു വൈകിയാണെങ്കിലും എത്തിക്കഴിഞ്ഞു. അകത്ത് കയറിയിരിക്കുന്നതിന് മുന്നേഹാജിയാർ വിവരങ്ങൾ തിരക്കി.
" നടക്കൂല ഹാജി യാരെ നടക്കൂല. ഓള്പ്പൊ ബല്യ മൊയലാളിച്ചിയാ.. ഇങ്ങളെക്കാട്ടിംബല്യപെരേണ്ഓള് കേറ്റീക്ക്ണത്."
അയാൾ പറഞ്ഞു നിർത്തി.
"എങ്ങനേടാ ഓള് പൈസ ണ്ടാക്കിയത് "..
" ഇങ്ങളെ പഴേ തറവാട് പൊരന്റെ അവ്ടെല്ലെ ഓള് കൊറച്ച് കാലം താമസിച്ചെ... അവ്ടെ കക്കൂസിന് കുഴികുത്തുമ്പൊ വലിയൊരു വട്ട ചെമ്പ് കിട്ടിയത്രെ... അതില് നെറെ നിധിണ്ടാർന്നത്രെ..".....
അത് കേട്ടപ്പോ തന്നെ ഹാജിയാരുടെ പകുതി സ്ഥലകാലബോധം നഷ്ടപ്പെട്ടിരുന്നു.
പിന്നെ ഇങ്ങളെപ്പോലെ കണ്ണി ച്ചോര ഇല്ലാത്ത ഒരു ദുഷ്ടന്റൊപ്പം ജീവിക്കാൻ ആയിശൂന് ഒട്ടും താൽപര്യല്യത്രെ. പിന്നെ ഇങ്ങക്ക് ആയിശു ഒരു പേരും ഇട്ടിട്ടുണ്ട്.. ഞരമ്പനാജി...
അതുകൂടി കേട്ടതോടെ ഹാജിയുടെ സ്ഥലകാലബോധം മുഴുവൻ പോയി.. കാരണം ഹാജിയാർക്ക് പെണ്ണിനോടും പണത്തിനോടും എന്നും ഒരു പോലെ ആർത്തിയായിരുന്നു.
' ,,,,,,,,,,,,,,,,,,,,
ഇപ്പഴും നിങ്ങൾക്ക് നോക്കിയാൽ കാണാ.. മുറ്റത്തിട്ട കസേരയിൽ ആയിശുവിനെയും കാത്ത് റോഡിലേക്ക് നോക്കിയിരിക്കുന്ന ഞരമ്പാജിയെ..
ഞരമ്പാജിക്ക് വട്ടായ വിവരം അറിയാത്തത് ഹാജിക്ക് മാത്രാണെന്ന് നാട്ടുകാർക്കൊക്കെ അറിയാമത്രെ.
ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo