Slider

ഫ്രണ്ട് ലിസ്റ്റ്

0

ഫ്രണ്ട് ലിസ്റ്റ്
* * * * * * *
എൽ പി സ്കൂളിൽ നിന്നും ജയിച്ച് പുതിയ സ്കൂളിൽ അഞ്ചാം ക്ലാസിൽ ചേർന്നപ്പോഴാണ് ഞാനവനെ ആദ്യമായിട്ട് കാണുന്നത്.ഒരേ ബെഞ്ചിൽ എന്റടുത്തായിരുന്നു അവ നിരുന്നിരുന്നത്. ക്ലാസിൽ ഏറ്റവും നന്നായി പഠിക്കുന്നവൻ. കാണാൻ അതിസുന്ദരൻ.എല്ലാവർക്കും അവനോട് ബഹുമാനമായിരുന്നു.
പഠിത്തത്തിൽ പിന്നിലായിരുന്ന എന്നെ പലപ്പോഴും ടീച്ചേഴ്സിന്റെ അടിയിൽ നിന്നും രക്ഷിച്ചത് അവനായിരുന്നു. ഉത്തരങ്ങൾ പതിയെ പറഞ്ഞു തന്നും പുസ്തകത്താളുകളിലെഴുതിത്തന്നും അവനെന്നെ കൂടെ നിർത്തി. അവന്റെ അച്ചൻ നഗരത്തിലെ അറിയപ്പെടുന്ന പീഡിയാട്രീഷ്യൻ ആയിരുന്നു.എന്നും വലിയ സംഖ്യകൾ പോക്കറ്റ് മണിയായി കൊണ്ടുവന്നിരുന്ന അവൻ ഇന്റർവെല്ലിന് പുറത്ത് പോകുമ്പോൾ എന്റെ കൈപിടിച്ച് കൊണ്ടു പോകും. ഐസ്,നാരങ്ങാ മിഠായി, കടലമിഠായി അങ്ങനെ അവൻ വാങ്ങുന്നതെന്തും അവനെനിക്കും വാങ്ങിത്തന്നു. ഒരു മിഠായി വാങ്ങാനുള്ള കാശുപോലും എന്നെ കൈയിലില്ലയെന്നത് അവനറിയാമായിരുന്നിരിക്കും. പൊതുവെ അന്തർമുഖനായ എനിക്ക് അവന്റെ സ്നേഹം വലിയൊരു നിധി തന്നെയായിരുന്നു.
പഠനം ഉയർന്ന ക്ലാസുകളിലേക്ക് മാറിക്കൊണ്ടിരുന്നപ്പോഴും അവൻ എന്നെ പിടിച്ച് അവനോടൊപ്പമിരുത്തുമായിരുന്നു.. അവൻ എന്നോട് കാണിക്കുന്ന സ്നേഹം കണ്ടിട്ട് സഹപാഠികൾക്ക് പലർക്കും എന്നോട് അസൂയയായിരുന്നു എന്നെനിക്കറിയാം. ക്ലാസിൽ ഒന്നുറക്കെ സംസാരിക്കാൻ പോലും ധൈര്യമില്ലാത്ത എന്റെ ധൈര്യം മുഴുവൻ അവനായിരുന്നു.എന്റെ പല ആവശ്യങ്ങൾക്കു വേണ്ടിയും ശബ്ദമുയർത്തിയിരുന്നത് അവനായിരുന്നു.. പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട് എന്തിനാണിവൻ എന്നോടിത്ര സ്നേഹം കാണിക്കുന്നതെന്ന്..
വെക്കേഷനുകളിൽ എനിക്ക് അവനെക്കാണാത്തതിലുള്ള വിഷമം കുറച്ചൊന്നുമായിരുന്നില്ല. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് പിരിയുമ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുകളുമായാണ് ഞാനവനോട് യാത്ര പറഞ്ഞ് സ്കൂളിന്റെ കുന്നിറങ്ങിയത്.
പിന്നെ ഞാനവനെ കണ്ടിട്ടേയില്ല.. കൂടെ പഠിച്ച പലരെയും പലയിടങ്ങളിലും വെച്ചു കാണുമ്പോഴെല്ലാം ഞാനവരോട് എന്റെ പ്രിയ സുഹൃത്തിനെക്കുറിച്ച് ചോദിക്കുമായിരുന്നു.
അവൻ അഛന്റെ പാത പിന്തുടർന്ന് മംഗലാപുരത്ത് എം.ബി.ബി.എസിന് പഠിക്കുയാണെന്ന വിവരം അങ്ങിനെയാണ് ഞാനറിഞ്ഞത്. വർഷങ്ങൾ പിന്നെയും കടന്നു പോയി..
ഒരു ദിവസം കൂടെപ്പഠിച്ച ഒരു സുഹൃത്തിനെ കണ്ടപ്പോൾ അവൻ എന്നോട് പറഞ്ഞു..
" നിന്റെ ചങ്ങായി ഇവിടെ ഗവൺമെന്റ് ഹോസ്പിറ്റലിൽ ചാർജെടുത്തിട്ടുണ്ടല്ലോ... നീയറിഞ്ഞോ.. ?പോയി കണ്ടിരുന്നോ അവനെ...?"
എനിക്കെന്തെന്നില്ലാത്ത സന്തോഷം തോന്നി. വർഷങ്ങൾക്ക് ശേഷം എനിക്കെന്റ കൂട്ടുകാരനെ കാണാനുള്ള അവസരം വന്നിരിക്കുന്നു. ഒരു നിമിഷം ഞാനൊന്നു ചിന്തിച്ചു.സ്കൂളിൽ നിന്നും ഞങ്ങൾ പിരിഞ്ഞിട്ട് ഇരുപത് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. വേണമെങ്കിൽ ഒരാൾക്ക് മറ്റൊരാളെ മറക്കാൻ ആ സമയം ധാരാളം. ഞാനവനെ ഓർക്കുന്നതു പോലെ അവനെന്നെ ഓർക്കുന്നില്ലെങ്കിലോ..സ്ക്കൂൾ ജീവിതത്തിനിടയിൽ കൈയിൽ അഞ്ചു പൈസയില്ലാതിരുന്ന ഒരുത്തന് ഐസും നാരങ്ങ മിഠായിയും വാങ്ങിക്കൊടുത്തിരുന്ന വെറുമൊരു നേർത്ത ഓർമ്മ മാത്രമേ അവന്റെ മനസിലുള്ളുവെങ്കിലോ..
അങ്ങനെ ഞാൻ തീരുമാനിച്ചു അവനെ ഒരിക്കലും കാണാതാരിക്കാൻ. കുട്ടികൾക്കെന്തെങ്കിലും അസുഖം വന്ന് ഹോസ്പിറ്റലിൽ കാണിക്കേണ്ടി വരുമ്പോൾ ഞാൻ ഭാര്യയെ പറഞ്ഞയക്കുകയായിരുന്നു പിന്നീട്, അറിയാതെ പോലും അവന്റെ മുന്നിൽ പെട്ടു പോകാതിരിക്കാൻ..
എങ്കിലും എന്റെ മനസിൽ നിന്ന് അവന്റെ മുഖം മായുന്നില്ല.. മറക്കാൻ ശ്രമിക്കുന്തോറും ഓർമ്മകൾക്ക് തെളിച്ചമേറുകയാണ്.
അങ്ങിനെയാണ് രണ്ട് കിലോമീറ്റർ അകലെ ജോലി ചെയ്യുന്ന അവനെ ഞാൻ ഫേസ് ബുക്കിൽ തിരയാൻ തുടങ്ങിയത്.പെട്ടെന്ന് തന്നെ അവന്റെ പ്രൊഫൈൽ ഞാൻ കണ്ടെത്തി. ഉടനെത്തന്നെ ഞാനൊരു ഫ്രണ്ട് റിക്വസ്റ്റും അയച്ചു. എന്റെ പേജിൽ നിന്നും മൊബൈൽ നമ്പർ തപ്പിയെടുത്ത് ഉടൻ തന്നെ അവനെന്നെ വിളിക്കുമെന്നനിക്കുറപ്പുണ്ടായിരുന്നു. ആ വിളിക്ക് വേണ്ടി ഞാൻ കുറെ നേരം കാത്തിരുന്നു.വൈകുന്നേരമായിട്ടും ഒന്നും കാണാതായപ്പോൾ അവനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയാനായി ഞാൻ വീണ്ടും അവന്റെ പ്രൊഫൈൽ തിരഞ്ഞു.അപ്പോഴാണ് ഞാൻ മനസ്സാക്കിയത് അവനെന്നെ ബ്ലോക്കാക്കിയിരിക്കുകയാണെന്ന സത്യം...
ഞാനൊരു മണ്ടൻ... വലിയ വലിയ ഉദ്യോഗങ്ങളിലിരിക്കുന്നവർ ഉൾക്കൊള്ളുന്ന അവൻഫ്രണ്ട് ലിസ്റ്റിൽ വെറുതെ നടക്കുന്ന എനിക്കെങ്ങനെ ഇടം കിട്ടാനായെന്ന് ഞാൻ ചിന്തിക്കേണ്ടിയിരുന്നു. സൗഹൃദത്തിന് ഒരർത്ഥം മാത്രം കണ്ടത് എന്റെ മാത്രം തെറ്റല്ലേ... ഫെയ്സ് ബുക്ക് ഫ്രണ്ട്സ് എന്നതിന്റെ അർത്ഥം അവനെനിക്ക് മനസിലാക്കിത്തന്നു. അവൻ പകർന്നു തന്ന അറിവനുസരിച്ച് ഞാനിന്നെന്റെ ഫ്രണ്ട്സുകളെയെല്ലാം ലിസ്റ്റിൽ നിന്നൊഴിവാക്കിയിരിക്കുകയാണ്. എനിക്കേറ്റവുമിഷ്ടപ്പെട്ടവർക്ക് ഞാനെന്റെ മനസ്സിൽ ഇടം കൊടുത്തിരിക്കുകയാണ്. അതിൽ ഏറ്റവും മുന്നിൽ അവൻ തന്നെയാണ് കെട്ടോ. ഒന്നുമില്ലാത്ത സമയത്തും എന്റെ തോളിൽ കൈയിട്ടു നടന്ന് എനിക്ക് ഐസും നാരങ്ങാ മിഠായിയും വാങ്ങിത്തന്നിരുന്ന എന്റെയാ പ്രിയപ്പെട്ടവൻ...
__________________________
എം.പി.സക്കീർ ഹുസൈൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo