Slider

ആദ്യരാത്രി..

0

ആദ്യരാത്രി..
...........................
വീട്ടുകാര് എല്ലാം ഉറങ്ങിക്കാണുമോ?.. എന്തോ ഇന്ന് വീട്ടിൽ പോകാൻ ഒരു മടി. ഇന്ന് എന്റെ ആദ്യ രാത്രിയാണ്.. സമയം പത്തര മണി കഴിഞ്ഞിരിക്കുന്നു..
ഡാ ജാബിറെ..നിനക്ക് വീട്ടിൽ മുളയാൻ ആയില്ലെടാ... പഴയ പോലെയല്ല.. ഇന്ന് മുതൽ നിന്നെ കാത്ത് പെണ്ണ് വീട്ടിലുണ്ട് പോടാ. ചെർക്കാ...
മാധവേട്ടനാണ്. ചായക്കടയും അടച്ച് പോവുകയാണ്.. ഞാൻ ദയനീയമായി കൂട്ടുകാരെ നോക്കി...
നിക്കെടാ .. കുറച്ച് നേരം കൂടി കഴിയട്ടെ... ഷഫീഖ് ആണ്..
അവൻ ഇനി പൊക്കോട്ടെ ഡാ... സമയം എത്രയായി... മ്മടെ ചങ്ക് വിനുവിന്റെ പറച്ചിലിനൊപ്പം എന്നെ പിടിച്ച് എണീപ്പിച്ച് തള്ളി നടത്തുകയും ചെയ്തു..
വീട്ടിലേക്കുള്ള വഴിയിലെ വരമ്പിലൂടെ നടക്കുമ്പോഴും എന്തോ ഒരു വിമ്മിഷ്ടം. എന്നും 12 മണി കഴിഞ്ഞാലും വീടണയാത്തവനാണ്. ഇനിയിപ്പോൾ അങ്ങനെയൊന്നും പറ്റില്ലല്ലോ.. ഈ കല്യാണം വല്ലാത്തൊരു സംഭവം തന്നെ. ഇന്നലെ മരു പോള കണ്ണടച്ചിട്ടില്ല.. രാത്രി 12 മണി കഴിഞ്ഞപ്പോഴാണ് മണിയറ ഒരുക്കൽ ഒക്കെ കഴിഞ്ഞ് ചെങ്ങാതിമാർ പിരിഞ്ഞത്...
ബിരിയാണി വെക്കാൻ വന്ന പണ്ടാരി സൈനുക്കയാണ് പറഞ്ഞത്. പോയി ഉറങ്ങിക്കൊ കണ്ണിന്റെ പുളി കളഞ്ഞോ.. അല്ലെങ്കിൽ നിക്കാഹിന്റെ സമയത്ത് നീ ഉറക്കം തൂങ്ങും എന്ന് പറച്ചിലും. അയാളുടെ ഒരു വളിഞ്ഞ ചിരിയും.. കല്യാണ പന്തലിൽ ഉണ്ടായിരുന്ന മുഴുവൻ കാരണവന്മാരുടെയും മുഖങ്ങളിൽ ആ ചിരി പടർന്നു.
വീടിനുള്ളിലാണെങ്കിൽ നിറയെ പെൺപടകൾ.. എവിടെ ഉറങ്ങും. മൈലാഞ്ചി ഇടലും പത്തിരി ചുടലും ഒക്കെയായി ബഹളമയം.... ആകെയുള്ള രണ്ട് മുറികളും ബന്ധു ജനങ്ങൾ കയ്യടക്കിയിരിക്കുന്നു.. പിന്നെയുള്ളത് മണിയറ റൂം .. അതിൽ ചെന്ന് നോക്കിയപ്പോഴാണ് രണ്ട് മൂന്ന് കുട്ടിപ്പട്ടാളങ്ങൾ തലങ്ങും വിലങ്ങും കിടക്കുന്നു.. പെങ്ങന്മാരുടെ കുട്ടികൾ ആണ്.. നേരത്തെ കരയുന്നത് കണ്ടിരുന്നു ഇവിടെ കിടക്കണം എന്ന് പറഞ്ഞ്. അവരെ സൈഡിലേക്ക് വലിച്ചിട്ട് അവിടെ തന്നെ കിടന്നു.. അവരുടെ ചവിട്ടും കുത്തും കാരണം ഉറങ്ങാനും പറ്റിയില്ല...
ഓരോന്ന് ആലോചിച്ച് വീടെത്തി..
അടുക്കള വാതിൽ വഴിയാണ് കയറിയത്...
ഞാനന്നെ ഈ തള്ളക്കയില് കൊണ്ട് ഒന്ന് അങ്ങട്ട് തന്നാലുണ്ടല്ലോ.. നേരം പാതിര ആയാലും റോഡിൽ കുത്തിയിരിക്കൽ ഇന്നി നടക്കൂല.. അന്യ പുരയിൽ നിന്ന് വന്ന ഒരു പെണ്ണ് ഉണ്ട് ഇവിടെ....
ഉമ്മയാണ്.. പാത്രം കഴുകിക്കൊണ്ടിരിക്കുകയാണ്... (എന്നും 12 മണിക്ക് വരുന്ന ഞാൻ ഇന്ന് നേരത്തെ വന്നാൽ ഇങ്ങക്കെന്തെങ്കിലും തോന്നുമോ എന്ന് വിചാരിച്ചിട്ടാ വരാതിരുന്നത് എന്ന് പറയണം എന്നുണ്ട്... പക്ഷെ സന്ദർഭം ശരിയല്ല... കയ്യിൽ തള്ളിക്കയിലും ഉണ്ട്.. )..
ഇത്ര നേരം അന്നെ കാത്ത് നിന്നു... അവസാനം ഞാനാണ് പറഞ്ഞത് അവളോട് പോയി കിടന്നോ ളാന്....
അതും പറഞ്ഞ് ഉമ്മ ചോറ് വിളമ്പി... അവിടെ തന്നെ ഇരുന്ന് കുറച്ച് പേരിന് കഴിച്ചു എന്ന് വരുത്തി എണീറ്റു... പുറത്ത് പോയി കുളിയൊക്കെ കഴിഞ്ഞ് വന്നു... ബാക്കിയൊക്കെ ഉറങ്ങിയത് നന്നായി.. അല്ലെങ്കിൽ ഓരോന്നിന്റെ മുഖത്തെ ആ വളിഞ്ഞ ചിരി കണ്ടാൽ കലിപ്പ് കയറും... നേരത്തെ നാല് മണിക്ക് വെറുതെ ഒന്ന് വന്നതാ .... സത്യത്തിൽ അവളെ ഒന്ന് കാണാൻ തന്നെ ആയിരുന്നു... പക്ഷെ എങ്ങനെ ... അവൾക്കും ചുറ്റും പെൺപടകൾ വട്ടം കൂടിയിരിക്കുന്നു.. ഇത് എത്ര പവൻ ആണ്... ഇത് നല്ല ചൊർക്ക് ഉണ്ട് എന്ന് പറഞ്ഞ് സ്വർണ്ണം കാണാൻ വന്നവർ..
എന്റെ പരുങ്ങൽ കണ്ട് ആയിഷാത്തയാണ് പറഞ്ഞത്.
എന്താ ജാബിറെ. നേരം അങ്ങ് ഇരുട്ടാകുന്നില്ലേ... ആ കോഴികളെ ഒക്കെ പിടിച്ച് കൂട്ടിലാക്ക്... എന്നിട്ട് മുപ്പത്തിയാരുടെ ഒരു ചിരിയും... അപ്പോൾ തന്നെ സ്ഥലം വിട്ടു അവിടെ നിന്ന്...
കുളിയെല്ലാം കഴിഞ്ഞ് മണിയറ വാതിൽ മെല്ലെ തുറന്നു... ഉറക്കം വന്നിട്ടാണെങ്കിൽ കണ്ണുകൾ വന്ന് വീഴുന്നു..
പടച്ചോനെ ഈ പെണ്ണ് ഇത് എവിടെ പോയി... ഇവിടേക്ക് പറഞ്ഞയച്ചു എന്നാണല്ലോ ഉമ്മ പറഞ്ഞത്.. പാലിന്റെ ഗ്ലാസ് നിലത്തിരിക്കുന്നുണ്ട്.. ആകെ ബേജാറായി ഉമ്മയെ വിളിക്കാൻ നിൽക്കുമ്പോഴാണ് അലമാരക്ക് പുറകിൽ രണ്ട് കാലുകൾ.... പഹയത്തി ഇവിടെ ഒളിച്ച് നിൽക്കുവാ... പിടിച്ച് കട്ടിലിൽ ഇരുത്തി... ആകെപ്പാടെ ഒരു വിറയൽ.. എന്താ ചോദിക്കുകക്കുക. എന്നൊന്നും ഒരു പിടിയും ഇല്ലാ..
നിങ്ങടെ വീട്ടിൽ ആരാ ബിരിയാണി വെച്ചത്..
അപ്രതീക്ഷിതമായ എന്റെ ചോദ്യം കേട്ട് അവളും ഒന്നും ഞെട്ടി. അപ്പോൾ മനസ്സിൽ വന്നത് അതായിരുന്നു. അവൾ ഒന്നും മിണ്ടാതെ പകച്ച് തല താഴ്ത്തി ഇരുന്നു..
...........................................................................
നനവുള്ള എന്തോ നെറ്റിയിൽ തട്ടിയപ്പോഴാണ് ഓർമ്മകളിൽ നിന്ന് ഞെട്ടിയുണർന്നത്.
അവൾ അടുക്കളയിൽ നിന്നും പാത്രം കഴുകൽ എല്ലാം കഴിഞ്ഞ് വന്നിരിക്കുകയാണ്. നനവുള്ള കൈകൾ കൊണ്ട് നെറ്റിയിൽ ഇങ്ങനെ തടവുകയാണ്.
നിങ്ങൾ നമ്മുടെ ആദ്യത്തെ ആദ്യരാത്രി പോലെ ഇന്നും ഉറങ്ങാനാ പ്ലാൻ മനുഷ്യാ... (അന്ന് ആ ബിരിയാണി വെച്ചത് ആരാന്ന് ചോദിച്ചത് മാത്രമേ എനിക്ക് ഓർമ്മയുള്ളൂ.. പിന്നെ ഒന്നും ഓർമ്മയില്ല.. ഉറക്കം എന്നെ കീഴ്പെടുത്തുകയായിരുന്നു.)...
ഇന്ന് ഞങ്ങളുടെ ഇരുപത്തിയഞ്ചാം വിവാഹ വാർഷികമാണ്. ഇണങ്ങിയും പിണങ്ങിയും കലഹിച്ചും കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷങ്ങൾ.. രണ്ട് പെൺമക്കളുടെയും വിവാഹം കഴിഞ്ഞിരിക്കുന്നു.
ഇപ്പോഴും എല്ലാ വിവാഹ വാർഷികത്തിനും ഓർമ്മകളുടെ, ആദ്യരാത്രിയുടെ പുനരാവിഷ്കാരമാണ്. മണിയറ അണിയിച്ച് ഒരുക്കിയിരിക്കുന്നു ചെറിയ തോതിൽ.
അവൾ അലമാരയിൽ ഒരു പഴയ പെട്ടിയിൽ ഭദ്രമായി സൂക്ഷിച്ച് വെച്ച കല്യാണ സാരി പുറത്തെടുത്തു. അന്ന് ഉണ്ടായിരുന്ന തട്ടവും മേക്കപ്പ് സാധനങ്ങളും.. ഇനി അതിലോട്ട് നോക്കി അങ്ങനെ ഇരിക്കും. നിവർത്തി ഭംഗി നോക്കും.. അവസാനം പുറത്ത് ചുറ്റി കണ്ണാടിയിൽ അങ്ങനെ നോക്കി ഓർമ്മകൾ അയവിറക്കി നേരം പുലരുവോളം വാതോരാതെ സംസാരിച്ച്...
അവളെ പിടിച്ച് അടുത്ത് കട്ടിലിൽ ഇരുത്തിയ നേരത്ത് തന്നെ റൂമിലെ വെളിച്ചം പണിമുടക്കി. കരണ്ട് പോയി എന്ന് തോന്നുന്നു. ജനൽ തുറന്ന് നോക്കി. അടുത്ത വീട്ടിലും ഇല്ല.( നമ്മടെ വീട്ടിൽ കരണ്ട് പോയാൽ ഉടനെ നമ്മൾ അടുത്ത വീട്ടിലേക്ക് ഒന്ന് നോക്കും. ഒന്നൂല്ലാ... അവിടെയും ഇല്ലെങ്കിൽ ഒരു സമാധാനമാണ്.)..
പുറത്ത് ചെറിയ ഇടിയും മിന്നലും.. ഒരു മഴക്ക് കൊള് ഉണ്ട് എന്ന് തോന്നുന്നു..
എന്നാ പിന്നെ..... ഞങ്ങൾ അങ്ങോട്ട്.....
.....................................................................................
കാലം എത്ര കഴിഞ്ഞാലും വിവാഹം കഴിഞ്ഞ അന്നത്തെ ആ ഓർമ്മകൾ മനസ്സിൽ സൂക്ഷിക്കാൻ കഴിഞ്ഞാൽ, എത്ര വയസ്സായാലും പരസ്പരം പ്രണയിക്കാൻ കഴിഞ്ഞാൽ ദാമ്പത്യ ജീവിതതത്തിൽ ഇതിൽപരം മറ്റെന്ത് ഭാഗ്യം...
മൻസൂർ...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo