Slider

മോഹഭംഗങ്ങൾ : (The Broken Lust) ©

0

കഴിഞ്ഞ പ്രാവശ്യത്തെ വെക്കേഷൻ. ബോർഡിങ് പാസ്സ് കിട്ടിയിട്ട് നേരെ, ദോഹ എയർ പോർട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലേക്ക് നടന്നു. അങ്ങോളമിങ്ങോളം, വിവിധ ഭാവങ്ങളോടെ തിരക്ക് കൂട്ടി നീങ്ങുന്ന യാത്രക്കാർ. ഫൈനൽ കാളിന്റെ തീക്ഷ്ണതയുമായി ഓടിനടക്കുന്ന വിമാനക്കമ്പനി ജീവനക്കാർ. വിവിധതരം സുഗന്ധലേപനങ്ങളുടെ സമ്മിശ്രഗന്ധം അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നു. സൈഡ് സീറ്റിൽ കൂടെയിരിക്കാൻ പെൺരൂപമുള്ള ആരെയെങ്കിലും കിട്ടാനുള്ള സാധ്യതയുണ്ടോയെന്ന് (കിളവി ആയാലും കുഴപ്പമില്ല )ആകാംഷയോടെ നോക്കി നിൽക്കുന്ന
പുരുഷകേസരികൾ. എയർ പോർട്ടിനുള്ളിലൂടെ റോന്ത് ചുറ്റുന്ന, ബാറ്ററിയിൽ പ്രവർത്തിക്കുന്ന സെക്യൂരിറ്റി വാഹനങ്ങൾ.
'Qatar Duty Free'എന്നെഴുതിയിരിക്കുന്ന ബോർഡിനടിയിലൂടെ ഞാൻ ഡ്യൂട്ടി ഫ്രീ ഷോപ്പിനുള്ളിലേക്ക് നൂ ണ്ട് കയറി. വശ്യമനോഹരമായ മന്ദഹാസത്തോടെ, വടിവൊത്ത രൂപമുള്ളവരും, ഉഗ്രകുചാംഗനകളും, ഗംഭീര നിതംബിനികളുമായ സെയിൽസ് ഗേൾസ്‌ എന്നെ നോക്കി സ്വാഗതമരുളി. ഞാനതൊന്നും ശ്രദ്ധിച്ചില്ല. അല്ലെങ്കിൽ ശ്രദ്ധിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ. ആരോ തള്ളിക്കൊണ്ട് പോകുന്നതുപോലെ, ഒരു സ്വപ്‌നാടകനെപ്പോലെ, " Fine Liquors " എന്ന ബോർഡിന് മുൻപിൽ എത്തിപ്പെട്ട ഞാൻ സഡൻ ബ്രേക്കിട്ടത് പോലെ നിന്നു. ആകെ ആശയക്കുഴപ്പം. ഏത് വേണം. ജോണി വാക്കർ (പലതരം ), ഷിവാസ് റീഗൽ, പീറ്റർ സ്കോട്ട്, അങ്ങനെ രാജാക്കന്മാരുടെ നീണ്ട നിര. ഏതോ വിലകുറഞ്ഞ ഇനത്തിന് നേരെ വിരൽ ചൂണ്ടിക്കൊണ്ട് "സാർ.. ഒന്നെടുത്താൽ മൂന്ന് ഫ്രീ " എന്ന് പറഞ്ഞ സെയിൽസ് ഗേളിനെ ഞാൻ പുച്ഛത്തോടെ ഒന്ന് നോക്കി. അവൾ ഓടി രക്ഷപെട്ടു. ഞാൻ വാച്ചിലേക്കു നോക്കി. സമയം പോകുന്നു. രണ്ട് ജോണിച്ചേട്ടനുൾപ്പടെ നാലെണ്ണമെടുത്ത് ബാഗിലിടുമ്പോഴും ആ നീണ്ട ചെവികളും മനോഹര നയനങ്ങളുമായിരുന്നു മനസ്സിൽ. ആ നീണ്ട ചെവികൾ... ഒരിക്കലും മറക്കാനാവാത്തവ. വലിയ, മനോഹരമായ, വശ്യതയുള്ള തിളങ്ങുന്ന രണ്ട് കണ്ണുകൾ.. പണ്ട് മണിമലയിൽ വച്ചാണ് ആ കണ്ണുകൾ ആദ്യമായി കണ്ടത്, ആ ചെവിയിൽ ആദ്യമായി തലോടിയത്. കൂട്ടുകാരന്റെ വീട്ടിലെ പാർട്ടി ആയിരുന്നു അന്ന്. ആ തണുപ്പുള്ള ക്രിസ്മസ് രാത്രി. പച്ച ഏലക്കായും കൈതച്ചക്കയുമിട്ട് വാറ്റിയെടുത്ത നാടൻ ചാരായം സിരകളെ ത്രസിപ്പിച്ചപ്പോൾ, ഒരു കൂട്ട് വേണമെന്ന് തോന്നിയപ്പോൾ...... അവൾ കടന്നു വന്നു, നീണ്ട ചെവികളും വലിയ,വശ്യമായ കണ്ണുകളുമുള്ള ആ സുന്ദരി. രാത്രിയേറെ വൈകുവോളം അവളുമായി രമിച്ച്, പിന്നെയെപ്പൊഴോ തളർന്നുറങ്ങി. ആ രാത്രിയുടെ യൗവ്വനം ഇന്നും മനസിലുണ്ട്. രാവിലെ ഉണർന്നപ്പോൾ അവളെ കണ്ടില്ല. പിന്നീട് പലവട്ടം പലയിടങ്ങളിൽ അവളെ തിരഞ്ഞെങ്കിലും കണ്ടിട്ടില്ല. ഈ വെക്കേഷൻ അവളെ തിരഞ്ഞുള്ള ഒരു യാത്ര കൂടിയാണ്. എന്ത് പ്രശ്നമുണ്ടായാലും ശരി, ഇത്തവണ ഒരു പ്രാവശ്യം കൂടി എനിക്കവളെ വേണം. അതൊരു വാശിയാണ്, ഒരാണിന്റെ വാശി. ഞാൻ ബില്ല് പേ ചെയ്തിട്ട് ഇറങ്ങി നടന്നു. ഫ്ളൈറ്റിനുള്ളിലേക്ക് യാത്രക്കാർ കയറിത്തുടങ്ങിയിരുന്നു, ഞാനും അവരോടൊപ്പം ചേർന്നു.
"19 A" എന്ന സൈഡ് സീറ്റാണ് എനിക്ക് കിട്ടിയത്. ഹാൻഡ് ബാഗേജ് ഓവർ ഹെഡ് ക്യാബിനറ്റിൽ വച്ചിട്ട് ഞാൻ സീറ്റിലേക്കമർന്നു. എന്റെ തൊട്ടടുത്ത സീറ്റിൽ ഏകദേശം 38 വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീ വന്നിരുന്നു. ഞാൻ അവരെയൊന്നു നോക്കി. ഒരു പച്ചപ്പരിഷ്ക്കാരി. ലിപ്സ്റ്റിക് ഇട്ട ചുണ്ട് വക്രിച്ച് അവരെന്നെ നോക്കിയൊന്നു ചിരിച്ചിട്ട്, ഒരു കണ്ണടച്ച് കാണിച്ചു. ഞാൻ വെറുപ്പോടെ മുഖം തിരിച്ച് ഇരുന്നു. എയർ ഹോസ്റ്റസ് കൊണ്ടുവച്ച രണ്ടാമത്തെ പെഗ് കഴിക്കുമ്പോഴും മനസ്സിൽ ആ കണ്ണുകളായിരുന്നു. ആ വലിയ തിളങ്ങുന്ന കണ്ണുകൾ... നീണ്ട ചെവികൾ... അവൾ.
അടുത്തിരിക്കുന്ന സ്ത്രീ എന്തൊക്കെയോ ചോദിച്ചെങ്കിലും മറുപടി എന്റെ മൂളലുകൾ മാത്രമായിരുന്നു.
കൃത്യസമയത്ത് കൊച്ചിയിലെത്തി. ഫ്ളൈറ്റ് റൺവേയിൽ നിൽക്കുന്നതിന് മുൻപ് തന്നെ, ഞാൻ ധൃതിയിൽ, സീറ്റ്‌ ബെൽറ്റഴിച്ച് എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ എന്റെ ഷോൾഡർ, അറിയാതെ, സഹയാത്രികയുടെ കുചങ്ങളിൽ ശക്തിയായി ഇടിച്ചു. ഞാൻ "സോറി"പറഞ്ഞപ്പോൾ അവർ ചിരിച്ചുകൊണ്ട് വീണ്ടും ഒരു കണ്ണടച്ച് കാണിച്ചു. ഞാൻ മുഖം തിരിച്ചു കളഞ്ഞു.
എയർ പോർട്ടിന് വെളിയിലെത്തി, കാത്തുകിടന്നു കാറിലേക്ക് കയറി. ഡ്രൈവർ ലഗേജുകൾ ഡിക്കിയിൽ അടുക്കിവച്ചു. ഞാൻ ഹാൻഡ് ബാഗിൽ നിന്നും "ജോണിച്ചേട്ടനെ " എടുത്ത് പൊട്ടിച്ച്, രണ്ടെണ്ണം വീശി, വെറും വയറ്റിൽ. ഡ്രൈവർ വണ്ടി മുന്നോട്ട് പായിച്ചു. ഞാൻ വെറുതെ വെളിയിലേക്ക് നോക്കി വഴിയോരക്കാഴ്ചകൾ ആസ്വദിച്ചു. "കൊടകര " കഴിഞ്ഞപ്പോൾ പെട്ടെന്ന് കണ്ടു, വഴിയരികിൽ അവൾ... വലിയ കണ്ണുള്ള എന്റെ പ്രിയപ്പെട്ടവൾ..ഞാനിത്രയും നാൾ തേടി നടന്നവൾ... കൂടെ മറ്റുചിലരുമുണ്ട്. ഞാൻ ഡ്രൈവറോട് വണ്ടി നിർത്താനാവശ്യപ്പെട്ടു. അയാൾ വണ്ടി നിർത്തിയപ്പോൾ ഞാൻ പെട്ടെന്ന് ഡോർ തുറന്നു ചാടിയിറങ്ങി. 'ജോണിച്ചേട്ടന്റെ ' ലഹരി എങ്ങോ പോയ്മറഞ്ഞിരുന്നു. ഞാൻ അവളെ കടന്നുപിടിച്ചപ്പോൾ അവൾ കുതറി. കൂർത്ത നഖങ്ങൾ കൊണ്ട് എന്റെ മുഖവും കൈകളും മാന്തിപ്പൊളിച്ചു. ഡ്രൈവറുടെ എതിർപ്പ് വകവെക്കാതെ, ഞാനവളെ വണ്ടിക്കുള്ളിലേക്ക് തള്ളിയിട്ട് ഡോർ വലിച്ചടച്ചു.
യാത്രയിൽ ആരുമൊന്നും മിണ്ടിയില്ല. വീട്ടിലെത്തിയപ്പോൾ ലഗേജ് ഇറക്കുന്നതിന് മുൻപ് ഞാനവളെ വലിച്ചിറക്കി. ഭാര്യയുടെ വീർത്ത മുഖം ഗൗനിക്കാതെ, അവളെ പിടിച്ചുവലിച്ചു ഒരു മുറിയിലിട്ട് പൂട്ടി.
രാത്രിയിലെപ്പോഴോ ഉറക്കമുണർന്ന്, മുറ്റത്ത് നിൽക്കുന്ന 'കള്ള് പന'യുടെ ചുവട്ടിലേക്ക് നീട്ടി മുള്ളുമ്പോൾ, ഇരുട്ടിലേക്ക് ഓടിയൊളിക്കുന്ന നീണ്ട വാലുള്ള ഒരു കുറുക്കനെ കണ്ടു. "എന്താ ചെയ്ക... പന്നിയും കുറുക്കനും വീടിന്റെ മുറ്റത്ത് വരെ യഥേഷ്ടം വിഹരിക്കുന്നു.. പക്ഷെ തൊടാൻ പറ്റില്ല.. " ഞാൻ ആത്മഗതത്തോടെ വീണ്ടും കിടക്കയിലേക്ക് വീണു.
•••• •••••• •••••
" ഡാ.. ബിനുട്ടാ... നിനക്ക് ഭാഗ്യമില്ല.. ദേ കിടക്കുന്നു.. നിന്റെ ''നീണ്ട ചെവികളും മനോഹരമായ കണ്ണുകളും '' തെങ്ങിൻചോട്ടിൽ... നീ ഇന്നലെ കറിവയ്ക്കാൻ വാങ്ങിച്ചോണ്ട് വന്ന മുയലിനെ രാത്രിയിൽ കുറുക്കൻ പിടിച്ച് 'കണ്ണ്‌ വേറെ, ചെവി വേറെ 'യാക്കിയിട്ടിരിക്കുന്നു തെങ്ങിൻചോട്ടിൽ... " അമ്മായിയുടെ അലർച്ച കേട്ടാണ് ഞാൻ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്. ലുങ്കിയും വാരിചുറ്റികൊണ്ട് ഞാൻ തെങ്ങിൻചോട്ടിലേക്ക് ഓടി. അവിടെയതാ എന്റെ പ്രിയപ്പെട്ടവളുടെ ശരീരഭാഗങ്ങൾ ചിതറിക്കിടക്കുന്നു. ആ നീണ്ട ചെവികൾക്ക് എന്നോടെന്തോ പറയാൻ ബാക്കിയുള്ളതുപോലെ... കള്ളക്കുറുക്കൻ ചതിച്ചിരിക്കുന്നു. വഞ്ചകൻ...
•••••••••••••••••••••••••••••••••••••••••••••••••••••••••••••••
ബിനു കല്ലറക്കൽ ©
Warning : തുടർ മദ്യപാനം അരുത്. അത് നിങ്ങളെ അധഃപതിപ്പിക്കും.
© Copy Rights protected.All the rights reserved to the author and നല്ലെഴുത്ത് പേജ്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo