Slider

ആയിഷയുടെ തിരിച്ചു വരവ്

0

(വായനക്കാരുടെ അഭ്യർത്ഥന മാനിച്ച് ആയിഷയുടെ ബാക്കി ജീവിതം ഞാൻ നിങ്ങൾക്കായി സമർപ്പിക്കുന്നു)
.....അവിടെ നിന്ന് ഇറങ്ങി നടന്ന ആയിഷക്ക് ഇരുട്ടിനെ അല്പം ഭയമുള്ളതു പോലെ തോന്നി
ഇരുട്ടിന്റെ വിരിമാറിൽ തനിക്കിനി പിടക്കുന്ന ഹൃദയവും ഒരു പിടി ഓർമ്മകളും മാത്രം കൂട്ട്,. ഇത് പോലൊരു രാത്രിയിലായിരുന്നു 11 വർഷം മുന്നേ സബീറിക്ക എന്നെ ആദ്യമായി ചുംബിച്ചത്‌.
ഇന്ന് അതുപോലത്തെ കുളിരുള്ള രാവിൽ, എന്റേത് മാത്രമെന്ന് നിനച്ച അയ്യാൾ വേറൊരു പെണ്ണിനെ പുണർന്നു കിടക്കുന്നു. ഞാൻ ഈ തെരുവിലും. വേണമെങ്കിൽ അയ്യാളുടെ വെപ്പാട്ടിയെ പോലെ കഴിയാം.
ഇല്ല എന്റെ സ്ത്രീത്വം അതിനനുവദിക്കില്ല.
ഒരു പുരുഷന്റെ കാമം തീർക്കാൻ മാത്രമുള്ള ഒരുപകരണമായി ആയിഷ നിൽക്കില്ല. ആയിഷ എന്ന ഞാൻ മാത്രമല്ല വിവേകമുള ഒരു സ്ത്രീയും നിൽക്കില്ല.
അതുകൊണ്ട് തന്നെയാണ് ഞാൻ ഇറങ്ങി പോന്നത്
ഇല്ല എനിക്കിനി അതൊന്നും ഓർക്കേണ്ട.
സബീറിക്ക പെണ്ണ് കെട്ടാൻ പോകുന്നെന്ന് കേട്ടപ്പോൾ തന്നെ വാപ്പയും സഹോദരനും തിരിച്ചു വരാൻ പറഞ്ഞതാണ്. ഞാൻ മനപ്പൂർവ്വംപോകാതെ നിന്നതാണ് . അതെ, ഈ രാത്രി എനിക്ക് പ്രധാനമായിരുന്നു.
നവ ദമ്പതികളെ ഒരു നോക്ക് കണ്ടിട്ട് ഇറങ്ങാമെന്നു കരുതി.
നാട്ടു വെളിച്ചം ഉണ്ടെങ്കിലും കണ്ണിൽ ഉരുണ്ടു കൂടിയ നനവ് ആയിഷയുടെ കാഴ്ച്ചക്ക് മങ്ങലേൽപ്പിച്ചു. വാപ്പ മേടിച്ച് കൊടുത്ത ആഭരണങ്ങളും വസ്ത്രങ്ങളുമല്ലാതെ വേറെ ഒന്നും എടുത്തിട്ടില്ല.
അധികം വീടുകളില്ലാത്ത ആ പഞ്ചായത്ത് വഴിയിലൂടെ അവൾ നടന്നു.
അപ്പോൾ രാത്രി 11 ആയിരുന്നു. അകലെ നിന്ന് ഒരു വാഹനത്തിന്റെ വെട്ടം അടുത്ത് വരുന്നു. ഒരു ഭയം ഉള്ളിൽ ഇരമ്പുന്നുവോ...! ആദ്യമായാണ് രാത്രിയിൽ തനിച്ചു പോകുന്നത്. ആ കലിങ്കിന്റെ മറവിൽ ഒളിച്ചിരുന്നാലോ.
വേണ്ട ആയിഷ, നീ ഇനി ഒളിച്ചിരിക്കരുത്.
ആരോ മനസ്സിൽ പറയുന്ന പോലെ ! നീ ആയിഷ ആണ് അടിമ അല്ല. ഭയമെന്ന മെഴുകിനെ ഉരുക്കിക്കിക്കളയൂ . നീതിയിൽ കടഞ്ഞെടുത്ത ധൈര്യം സംഭരിക്കൂ. നിന്റെ വാക്കുകൾ അസ്ത്രമാകട്ടെ. നിനക്കു കഴിവുണ്ട് ആരോഗ്യമുണ്ട്, നീ ധൈര്യമായി നടക്കൂ ആയിഷാ.
ഏതോ ഒരു അദൃശ്യ ശക്തി പടച്ചട്ടയണിഞ്ഞ രാഞ്ജിയെ പോലെ വിളിച്ചു പറയുന്നു. ഒരു ആളല്ല കുറേ ശബ്ദങ്ങൾ , ഒരു ജനാരവം പോലെ മുഴങ്ങി കേൾക്കുന്നു.
ആയിഷ നീ പട വാളെടുക്കു.
ആയിഷ,നിനക്കു കഴിവുണ്ട്, നിനക്കു പട പൊരുതാൻ പറ്റും. ഞങ്ങളുണ്ട് കൂടെ .
ഞങ്ങളുണ്ട് കൂടെ ഒരായിരം ജനങ്ങൾ ഒരുമിച്ചു പറയുന്ന പോലെ.
(ഈ ജനാരവം നമ്മളുടേതാണ്, എന്റേതാണ് നിന്റേതാണ്. ഞാനും നീയും ഉണ്ടെങ്കിൽ ആയിഷമാർ ശബ്ദം ഉയർത്തും. അതെ അവർ ഉയർത്തണം)
കലുങ്കിന്റെ മറവിൽ ഒളിക്കാൻ നിന്ന ആയിഷ തലയിൽ ഇട്ടിരുന്ന ഷാൾ എടുത്ത് അരയിൽ കെട്ടി. അവൾ മുഖമുയർത്തി നടക്കാൻ തുടങ്ങി.
അപ്പോഴേക്കും ആ വെളിച്ചം അടുത്തെത്തി. അതൊരു കാറായിരുന്നു. രാത്രിയിൽ ഒറ്റക്ക് നടന്ന് പോകുന്ന അവളെ കണ്ടു ആ കാർ നിർത്തി.
എങ്കിലും അവൾ മുഖമുയർത്തി തന്നെ നടന്നു.
(ഞാനും നീയും അവൾക്കൊപ്പമുണ്ടല്ലോ പിന്നെ എന്തിനവൾ തല താഴ്ത്തണം)
ആ കാറിൽ നിന്നും രണ്ടു പേർ ഇറങ്ങി.
ഏയ്... ചേച്ചിയെ എങ്ങോട്ടാ, പോരുന്നോ കൂടെ. അതിലൊരുത്തൻ വിളിച്ചു ചോദിച്ചു.
ആയിഷ ഏകദേശം 30 സെക്കൻഡവിടെ നിന്നു. പിന്നെ എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ , ഒന്നുകിൽ ഞാൻ അക്രമിക്കപെടും അല്ലെങ്കിൽ വിജയം വരിച്ച് വരും എന്ന് മനസ്സിൽ വിചാരിച്ച് കൊണ്ട് ഉണ്ണിയാർച്ചയെ പോലെ അവൾ ചടുല വേഗത്തിൽ അവർക്കരികിലേക്ക് നടന്നു.
പോരുന്നൊന്നോ, എങ്ങോട്ട് ? ആയിഷ ഉശിരുള്ള സ്ത്രീയെപ്പോലെ ചോദിച്ചു.
അത് അത്..ചോദിച്ചവർ പരുങ്ങി.
ചോദിച്ചത് കേട്ടില്ലേടാ എങ്ങോട്ടാണെന്ന്? ആയിഷ ശബ്ദം കനമാക്കി ഉറച്ച സ്വരത്തിൽ ആക്രോശിച്ചു .
അവളുടെ ആ ആക്രോശിക്കലിൽ അവിടാകെ പ്രകമ്പനം കൊണ്ടപോലെ.
ചേച്ചിയെ രാത്രിയിൽ ഒറ്റക്ക് കണ്ടപ്പോൾ വിചാരിച്ചു ..
എന്ത് വിചാരിച്ചു?
മറ്റേ കേസ് ആണെന്ന്.
അത് ശരി, നീയൊക്കെ അമ്മയുടെ മുലപ്പാല് കുടിച്ചിട്ടുണ്ടോ?
അവർ ഒന്നും മിണ്ടുന്നില്ല ? ചോദിച്ചത് കേട്ടില്ലേ കുടിച്ചിട്ടുണ്ടോന്ന്?
ഉവ്വ്.. ചുണ്ടുകൾ വിറച്ച് ആ ആരോഗ്യമുള്ള ചെറുപ്പക്കാർ മറുപടി പറഞ്ഞു
എങ്കിൽ പോയി അമ്മയോട് ചോദിക്കു അമ്മയുടെ മുല നീ നുണഞ്ഞ് കുടിക്കുമ്പോൾ അമ്മക്ക് മനസ്സിൽ കാമമായിരുന്നോ അതോ വാത്സല്യമായിരുന്നോന്ന്. കാമമായിരുന്നെന്ന് പറയുവാണേൽ നീ വാ നിനക്കു ഞാൻ നടു റോട്ടിൽ.കിടന്നു തരാം.
സ്ത്രീ ആരാ അവളുടെ മനസ്സെന്താന്ന് അറിയാത്ത മണ്ണുണ്ണികൾ. കടന്നു പോകിനെടാ.
ചേച്ചി ക്ഷമിക്കണം, ഞങ്ങളോട് മാപ്പാക്കണം. ഞങ്ങൾ എന്ത് സഹായമാണ് ചെയ്യേണ്ടത്.
ഇപ്പൊഴാടാ നീയൊക്കെ ഒരു ആണായത്. രാത്രിയിൽ ഒറ്റക്ക് കാണുന്ന സ്ത്രീകളോട് കൂടെ പോരുന്നോ എന്നല്ല, എന്ത് സഹായമാണ് ചെയ്യേണ്ടത് എന്നാ ചോദിക്കേണ്ടത് . ഇനി മേലിൽ മര്യാദക്ക് ജീവിച്ചോളണം.
എനിക്ക് സഹായമൊന്നും വേണ്ട, ഞാൻ പൊക്കോളാം
അവർ കാറിൽ കേറി പെട്ടെന്ന് സ്ഥലം വിട്ടു
ശക്തയായ ആയിഷക്ക് മുന്നിൽ അവർ മുട്ട് മടക്കി , അല്ല അവളുടെ സ്ത്രീത്വ വാക്കുകൾക്ക് മുന്നിൽ വിറങ്ങലിച്ച് പോയി. സ്ത്രീ, മനസ്സ് തുറന്ന് അലറിയാൽ ഏതു കാട്ടാളനായ കൊലകൊമ്പനും മുട്ട് മടക്കും.
ആയിഷക്ക് തല കറങ്ങുന്ന പോലെ തോന്നി. ഞാൻ..ഞാൻ തന്നെയാണോ ഇതൊക്കെ പറഞ്ഞത്. ഏതോ ഒരു സ്വപ്ന ലോകത്തെന്ന പോലെ അവൾ കുറച്ചു നേരം അവിടെ നിന്നു.
ആയിഷക്ക് വീണ്ടും അവളുടെ കൂടെ പതിനായിരം പേർ ചുറ്റും നടക്കുന്ന പോലെ തോന്നി.
ആയിഷ വേഗത്തിൽ നടന്നു. എന്തോ ഒരു ആത്മ വിശ്വാസം കൈവന്ന പോലെ.
അവൾ നടന്നു നടന്നു ഹൈവേയിൽ എത്തി. ഇനിയും 5 കിലോമീറ്റർ നടക്കണം. അവൾ തളരാതെ നടന്നു. വഴിയിൽ കണ്ട മുനിസിപ്പാലിറ്റിയുടെ പൈപ്പിൽ നിന്നും കുറച്ചു വെള്ളം കുടിച്ചു.
ബസ്സ് സ്റ്റാൻഡിൽ എത്തി അവൾ സ്വന്തം വീട്ടിലേക്ക് അതിരാവിലത്തെ ബസിൽ തിരിച്ചു.
വീട്ടിലെത്തി കാര്യങ്ങളൊക്കെ പറഞ്ഞു.
ഇനി എന്റെ നീതിക്കുള്ള പടയോട്ടം ആരംഭിക്കുകയാണ്. അത് വരെ എനിക്ക് വിശ്രമമില്ല, എനിക്കുറക്കമില്ല. എന്റെ നീതി, എന്റെ സ്ത്രീത്വം അതാർക്കും അടിയറ വെക്കാനുള്ളതല്ല. സ്നേഹിക്കുന്നവന് ചങ്ക് പറിച്ച് കൊടുത്തവളാണ് ആയിഷ. ഇന്നലെ വരെയുള്ള ആയിഷ അല്ല ഇനി.
വിവാഹം എന്താണെന്നും ഉടമ്പടി എന്താണെന്നും അയ്യാൾ മനസ്സിലാക്കണം.
"ഹസീന വന്നാലും ഇയ്യ്‌ എന്റെ ബീവി തന്നാട്ടോ, മ്മള് മറക്കൂല. ഓളുടെ ഒപ്പോം അന്റെ ഒപ്പോം നമ്മൾ കിടക്കും , അതോർത്തു ഇയ്യ്‌ ബേജാറാവണ്ട"
ശ്ശേ, അയ്യാളുടെ ആ വാക്കിന്റെ നാറ്റം പുഴുവരിക്കുന്ന ചീഞ്ഞ ശവശരീരത്തിന് പോലുമുണ്ടാവില്ല. അവളാ വാക്കുകളോർത്ത് കാർക്കിച്ച് തുപ്പി.
ആയിഷ ചിലതൊക്കെ മനസ്സിൽ കണക്ക് കൂട്ടി.
അന്ന് തന്നെ ആയിഷ ഒറ്റക്ക് അടുത്തുള്ളൊരു വക്കീലിനെ കണ്ടു കാര്യങ്ങളൊക്കെ ധരിപ്പിച്ചു.
ആയിഷയുടെ വാക്കുകൾ കേട്ടപ്പോൾ തന്നെ വക്കീൽ ജയശങ്കർ അവളെ സഹായിക്കാമെന്നേറ്റു.
ആയിഷയിൽ നിന്നും ആവശ്യത്തിന് വിവരങ്ങൾ ശേഖരിച്ചതിനു ശേഷം. സബീറുമായുള്ള വിവാഹ ബന്ധം നിയമപരമായി വേർപ്പെടുത്താനുള്ള നോട്ടീസ് ഔദ്യോദികമായി തന്നെ സബീറിനയച്ചു.
വിവാഹ മോചന നോട്ടീസ് കണ്ട സബീർ മൊഞ്ചുള്ള ഹസീനയെ നോക്കി പുഞ്ചിരിച്ചു. അവൾ പോയാലെന്ത്, എന്റെ ഖൽബില് എന്റെ ഹസീന ഉണ്ടല്ലോ എന്ന് മധുര സ്വരത്തിൽ പറഞ്ഞവളെ നോക്കി.
സബീറിന്റെ ആ വാക്ക് കേട്ട ഹസീന മനോഹരമായി ഒന്ന് പുഞ്ചിരിച്ചു. അപ്പോൾ അവളുടെ മനസ്സിലും ഒരു പുഞ്ചിരി വിടർന്നിരുന്നു. സബീർ അറിയാത്ത ആ പുഞ്ചിരിയിൽ എന്തോ അപായ സൂചന വിടർന്നുവോ ..!
വിവാഹ മോചന കത്തിൽ ഒപ്പിട്ട സബീർ ഒട്ടും കൂസലില്ലാതെ അത് തിരിച്ചയച്ചു.
വക്കീൽ കേസ് കോടതിയിൽ ഫയൽ ചെയ്തു.
വക്കീലിന്റെ സ്വാധീനതയിൽ കേസ് പെട്ടെന്ന് പരിഗണിക്കുകയും അവസാന വിധിക്ക് വേണ്ടി സബീറും ഹസീനയും ആയിഷയും കോടതിയിൽ ഹാജരായി.
ആയിഷ പ്രസവിക്കില്ലന്നും ഒരു കുഞ്ഞിനെ കൊടുക്കുവാൻ കഴിയാത്തവളാണെന്നും അത് കൊണ്ട് തനിക്കൊരു തലമുറ ആവശ്യമാണെന്നും തോന്നിയത് കൊണ്ടാണ് ആയിഷയെ ഒഴിവാക്കി ഹസീനയെ വിവാഹം കഴിക്കാനുള്ള കാരണമെന്നു സബീർ കോടതിയെ ബോധിപ്പിച്ചത്.
ഔദോദികമായുള്ള എല്ലാ നിയമ നടപടികൾക്കു ശേഷം. കോടതിയുടെ അവസാന വിധി ഉത്തരവ് ജഡ്ജി വായിച്ചു.
********************************
ആയിഷ സബീർ വിവാഹ മോചന കേസും സബീറിന്റെ ആദ്യ ഭാര്യ ആയിഷക്കുള്ള ജീവനാംശ നഷ്ടപരിഹാര വാദവും കോടതി വ്യക്തമായി മനസ്സിലാക്കിയതിന്റെ വെളിച്ചത്തിലും തുടർന്നുള്ള പ്രതി ഭാഗ വാദ പൊരുളിന്റെ സത്യാവസ്ഥ കണ്ടെത്തലിലും കോടതി താഴെ പറയുന്ന അവസാന വിധിയിൽ എത്തിയിരിക്കുന്നു.
11 വർഷത്തോളം ആയിഷയും സബീറും തമ്മിലുള്ള വിവാഹ ജീവിതത്തിൽ ആയിഷയുടെ ഭാഗത്ത് നിന്നും ഒരു തരത്തിലുള്ള അവിശ്വസ്തതയോ മറ്റു ദുർനടപ്പുകളോ ഉണ്ടായിട്ടില്ല എന്നതിനാലും...
......വിദഗ്ധമായ വൈദ്യ പരിശോധനയിൽ ആയിഷക്ക് അമ്മയാകാനുള്ള പൂർണ്ണ ആരോഗ്യവും അണ്ഡോൽപ്പാദനവും നടക്കുന്നുണ്ടെന്നും, സബീറിന്റെ ബീജത്തിൽ കൗണ്ട് വളരെ കുറവും, ഇനി ഒരിക്കലും ഒരു കുഞ്ഞിന് ജന്മം കൊടുക്കുവാനുള്ള ആരോഗ്യ അപര്യാപ്തത കണ്ടതിനാലും...
....കെട്ടിച്ചമച്ച വൈദ്യപരിശോധന ഫലം സമർപ്പിച്ച് കോടതിയെ കബളിപ്പിച്ചതിനാലും. സബീറിന് 1വർഷത്തെ ജയിൽ ജീവിതവും 1 ലക്ഷം രൂപ പിഴയും ഈ കോടതി കൽപ്പിക്കുന്നു.
അത് മാത്രമല്ല , ആയിഷയും സബീറും കൂടി സ്ഥാപിച്ച അച്ചാർ കമ്പനിയുടെ പകുതി ഉടമസ്ഥാവകാശവും , കഴിഞ്ഞ അഞ്ചു മാസം മുതൽ ഇന്ന് വരെയുള്ള ലാഭത്തിന്റെ പകുതി തുകയും ആയിഷക്ക് കൊടുക്കണമെന്ന് ഈ കോടതി ഉത്തരവിടുന്നു.
ഉടമസ്ഥാവകാശം ആയിഷക്ക് താൽപര്യമില്ലെങ്കിൽ കമ്പനി ഓഹരി തുക കണക്കിലെടുത്ത് അതിനാനുപാതികമായുള്ള തുക ഒരുമിച്ച് കോടതിയിൽ 5 മാസത്തിനകം അടക്കണമെന്നും ഈ കോടതി ഉത്തരവിടുന്നു.
അതുമാത്രമല്ല ആയിഷയെ വിവാഹം ചെയ്തതിനു ശേഷം സ്വരുക്കൂട്ടിയ എല്ലാ വസ്തുക്കളുടെയും , പണത്തിന്റെയും നേർ പകുതിയും, വസ്തുവകകൾ ആയിഷക്ക് താൽപര്യമില്ലെങ്കിൽ അതിനു തുല്ല്യമായ തുക കോടതി മുഖേന ആയിഷക്ക് 5 മാസത്തിനകം കൊടുത്ത് കോടതി വിധിയോട് നീതി പുലർത്തേണ്ടതാണെന്നും ഉത്തരവിടുന്നു.
അല്ലാത്ത പക്ഷം കോടതി തന്നെ നേരിട്ട് ഇടപെട്ടു സബീറിന്റെ എല്ലാ സ്വത്തുക്കളും കണ്ടു കെട്ടി നീതി നടപ്പിലാക്കും എന്നും ഉത്തരവിടുന്നു.
കോടതി വിധിയിൽ ആയിഷ സന്തോഷം കൊണ്ട് പുളകിതയായി. സബീറിന്റെയും ഹസീനയുടെയും മനസ്സ് തളരുകയും ചെയ്തു.
കോടതി വിധിക്കു ശേഷം സബീറിനെ ജയിലിടക്കുകയും , ഹസീന സ്വന്തം വീട്ടിലേക്കു പോവുകയും ചെയ്തു. ഒരു വർഷം ജയിലിൽ കിടന്ന സബീറിനെ ഒന്ന് കാണണോ സംസാരിക്കാനോ ഹസീന പോയിരുന്നില്ല. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ സബീർ നേരെ പോയത് ഹസീനയുടെ അടുത്തേക്കായിരുന്നു.
സബീറിനെ കണ്ടതും, ഹസീനയുടെ വാപ്പ പുറത്തിറങ്ങി , ഒരു ഷണ്ഡൻറെ ഒപ്പം എന്റെ മോളെ ജീവിക്കാനനുവദിക്കില്ലെന്നും, അത് തന്നെയാണ് ഹസീനയുടെ തീരുമാനമെന്നും അറിയിച്ചു.
ഹസീന പുറത്തിറങ്ങി വന്ന് ഇനി മേലിൽ ഇങ്ങോട്ടു വരരുതെന്ന് പറഞ്ഞു സബീറിനെ ആട്ടി പുറത്താക്കി. അത് മാത്രമല്ല, ഒരു കുഞ്ഞിനെ തരാൻ കഴിവില്ലാത്ത സബീർ പറഞ്ഞു പറ്റിച്ചെന്നും പറഞ്ഞു ഹസീന കോടതിയിൽ കേസ് കൊടുക്കുകയും,
സബീറിന്റെ ശേഷിക്കുന്ന സ്വത്തിൽ നിന്ന് നേർ പകുതി ഹസീനക്ക് കൊടുക്കണമെന്ന് വിധിയുണ്ടാവുകയും. സബീർ ഉണ്ടാക്കിയ എല്ലാതും തകർന്നു തരിപ്പണമാവുകയും ചെയ്തു.
അച്ചാർ കമ്പനി പകുതി ഉടമസ്ഥാവകാശത്തിൽ നടത്തിക്കൊണ്ടു പോകാൻ സബീറിന് താല്പര്യമില്ലാത്തതിനാൽ കമ്പനിയുടെ പകുതി ഓഹരി തുക ആയിഷ സബീറിന് കൊടുത്ത് കമ്പനി പൂർണ്ണമായും സ്വന്തം പേരിലാക്കുകയും. കോടതി നിർദേശിച്ച തുക മുഴുവൻ അവനിൽ നിന്നും കൈപ്പറ്റുകയും ചെയ്തു.
ആയിഷ ഇന്ന് വലിയ ആ അച്ചാർ കമ്പനിയുടെ മാനേജിങ് ഡയറക്ടറും, ശക്തരായ സ്ത്രീകളിൽ ഒരുവളുമാണ്. പിന്നീട് അവൾ നല്ലൊരു ആണത്തമുള്ളവനെ വിവാഹം കഴിക്കുകയും രണ്ടു മക്കളുടെ അമ്മയായി ജീവിക്കുകയും ചെയ്യുന്നു.
സബീർ , പൊന്മുട്ടയിടുന്ന താറാവിനെ കൊന്ന് , ഇന്ന് ഒന്നുമില്ലാത്തവനായി കൂലി പണി ചെയ്തു എവിടെയോ കഴിയുന്നുണ്ടെന്ന് ആയിഷ പിന്നെയെപ്പോഴോ അറിഞ്ഞു. അവൾക്കൊരു കുറ്റ ബോധവും തോന്നിയില്ല.
കാരണം. അർഹിക്കുന്നവർക്ക് അത് തന്നെ കിട്ടും
ഹസീനയുടെ സബീറുമായുള്ള വിവാഹ ഉദ്ദേശ്യം സബീറിനെ കെട്ടിയതിനു ശേഷം ആയിഷയെ പുറത്താക്കി അവന്റെ സ്വത്തുക്കൾ മുഴുവൻ കൈക്കലാക്കി സ്ഥലവിടാനുള്ളതാണെന്ന് പിന്നീട് മനസ്സിലാകുകയും,
എന്നാൽ ആയിഷയുടെ കോടതി ഇടപെടലുകൾ മൂലം ആ പദ്ധതി തകർന്നു തരിപ്പണമാവുകയും, സബീറിന്റെ ബാക്കി വന്ന സ്വത്തിന്റെ പകുതിയിൽ മാത്രം സംതൃപ്തിപ്പെടേണ്ടി വരുകയും ചെയ്തു.
എങ്കിലും നഷ്ടം എന്നും സബീറിന് തന്നെ. സ്നേഹം കോടതി വാദത്തിലൂടെ വാങ്ങാൻ പറ്റിയില്ലെങ്കിലും , ഭൗതീക നീതി ഏതൊരു സ്ത്രീയും വാങ്ങിയിരിക്കണം.
അതാണ് ആയിഷ ചെയ്തത്
ആയിഷ...അവളാണ് സ്ത്രീ അവളെ ഞാൻ ബഹുമാനിക്കുന്നു.
.......................
ജിജോ പുത്തൻപുരയിൽ
(രണ്ടാമതൊരു ഭാഗം എഴുതണമെന്നു കരുതിയതല്ല. എങ്കിലും നിങ്ങൾ തന്ന പ്രോത്സാഹനം അതിനു വഴി തെളിച്ചു. ആയിഷയുടെ ആദ്യ ജീവിതം ഈ ലിങ്കിൽ ഉണ്ട് ( വായിക്കാത്തവർക്കായി )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo