Slider

നാരഞ്ഞ മിട്ടായി

0

"തുമ്പേ നീ ഇതു കണ്ടോ..
ഇന്നലെ എന്റെ പപ്പാ ഗൾഫിൽ ന്നു വന്നപ്പോ കൊണ്ട് വന്നെയാ!! ഇനി വീട്ടിലും ഇരിപ്പുണ്ട് കുറെ...
(ചായപ്പെൻസിലുകളും ഒരു കുഞ്ഞു പാവയും കാട്ടി കുറിഞ്ഞി ചിരിച്ചു)
"എന്റെ ചാച്ചനും അടുത്ത മാസം വരുവല്ലോ.. അപ്പൊ കളർ പെൻസിലും ചോക്കലേറ്റും പാവനേം ഒക്കെ കൊണ്ട് വരുവല്ലോ....!!!
പിന്നേ... ഇന്നാളിലും നീ ഇതു തന്നല്ലേ പറഞ്ഞെ.. നിന്റെ ചാച്ചൻ നിന്നെ പറ്റിക്കുവാ!!!
(തുമ്പയുടെ കുഞ്ഞു ചിരി മാഞ്ഞു)
സ്കൂൾ ബസിന്റെ ജാലകത്തിലൂടെ പുറത്തേക്കു നോക്കി തുമ്പ ആലോചിച്ചു...
ശെരിയാണ് ചാച്ചനും അമ്മുവും തുമ്പമോളെ പറ്റിക്കുവാ.. എത്ര നാളായി പറയുവാ നാളെ വരും മറ്റെന്നാൾ വരും എന്ന്!!
രാവിലെ 
എണിക്കുമ്പോ അമ്മു പറയും തുമ്പ ഉറങ്ങിയപ്പോ ചാച്ചൻ വിളിച്ചുന്നു.. ഉണർത്തുന്നെ ചാച്ചന് വിഷമമാ പോലും...ഒന്നു മിണ്ടിട്ടു കൂടിയില്ല തുമ്പ ചാച്ചനോട്!!!
ഇനി രണ്ടിലൊന്നറിയാതെ അമ്മുനോട് മിണ്ടില്ല...!!
(തുമ്പേ ബാഗെടുത്തോണ്ടു വാ വീടെത്തി)
പതിവു പോലെ അമ്മു നോക്കി നിൽപ്പുണ്ടവിടെ.. കുറിഞ്ഞിക്കു റ്റാറ്റയും കൊടുത്തു തിരിഞ്ഞപ്പോളെ അമ്മു ഓടി വന്നു.)
അച്ചോടാ... തുമ്പമോളിന്നു നേരത്തെയാണല്ലോ...
ഇതെന്താ മുഖത്തൊരു വെട്ടക്കുറവ്..
അമ്മു കുഞ്ഞിന് ഉണ്ണിയപ്പമുണ്ടാക്കി വെച്ചിട്ടുണ്ടല്ലോ...വാ..
'എനിക്കാരുടേം ഉണ്ണിയപ്പമൊന്നും വേണ്ട...'
തുമ്പമോള് ചൂടിലാണല്ലോ.. എന്താ കാര്യം അമ്മുനോട് പറ.. 
അമ്മു തുമ്പമോളെ പറ്റിക്കുവാ..!!
എത്ര നാളായി പറയുന്നു ചാച്ചൻ വരും വരും എന്ന്.. ഇനി ചാച്ചൻ വന്നിട്ടേ തുമ്പമോള് എന്തെലും കഴിക്കു!!!
(ഒരു നിമിഷം അമ്മു പതറിപ്പോയി.. അത് പുറത്തു കാണിക്കാതെ അവൾ തുമ്പയ്ക്കൊരു ഉമ്മ കൊടുത്തുകൊണ്ട് പറഞ്ഞു)
ചാച്ചൻ അടുത്ത മാസം വരുവല്ലോ....ഇത് സത്യമാണ് ഒരു മാറ്റോം ഇല്ല!!!
വേണ്ട... എന്നെ ആരും ഉമ്മ വെക്കേണ്ട...എല്ലാരുംകൂടി എന്നെ പറ്റിക്കുവാ...
(തുമ്പ അകത്തേക്കോടി)
അമ്മു പതിയെ ചാരുപടിയിൽ ഇരുന്നു...
ഓർമ്മകൾ അവളെ പിറകിലേക്ക് വിളിച്ചുകൊണ്ടു പോയി...എല്ലാരേയും വെറുപ്പിച്ചാണ് ഒരുമിച്ചു ജീവിതം തുടങ്ങിയത്..
പൊന്നു പോലെയാണ് നന്ദേട്ടൻ നോക്കിയതും...അന്ന് തുമ്പയ്ക്കു അഞ്ചു മാസം.. അവളുടെ വരവിനായി കാത്തിരിക്കുകയായിരുന്നു ഞാനും നന്ദേട്ടനും.. 
ഒരു രാത്രിയിൽ കാര്യം പറഞ്ഞിരിക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു..
നന്ദേട്ടാ എനിക്കിപ്പോ "നാരഞ്ഞമിട്ടായി"
വേണം...
ഹഹ.. ഈ രാത്രിലോ.!!
എന്റെ മോളൊരു മിട്ടായിക്കൊതിച്ചി ആണെന്ന് തോന്നുന്നല്ലോ മാഷെ...!!
ആഹാ.. മോളാണെന്നു നന്ദേട്ടങ്ങ് ഉറപ്പിച്ചോ??
പിന്നല്ലാതെ.. താൻ നോക്കിക്കോ...
ഞാനിപ്പോ വാങ്ങി വരാം.. 
അയ്യോ.. ഇനി ഇപ്പൊ രാത്രിൽ പോകണ്ട.. ഞാൻ ചുമ്മാ പറഞ്ഞതാ..
അപ്പുറത്തോട്ടു പോയാൽ പോരെ..മിട്ടായി കൊടുത്തില്ലേൽ എന്റെ മോള് പിണങ്ങിയാലോ!!!!
മാഷ് ചോറെടുത്തു വെക്ക് ഞാനിപ്പോ വരാം..
ഇനി പറഞ്ഞാലും കേൾക്കില്ല എന്നറിയാം
അതുകൊണ്ടു താൻ പിന്നെയൊന്നും പറഞ്ഞില്ല...
''പിന്നെ തന്റെ നന്ദേട്ടനെ താൻ കാണുന്നത് ഒരു തുണിക്കെട്ടായിട്ടാണ്.."
തനിക്കരികിലെത്താൻ ഒരു വിളിപ്പാടകലെ നിന്നാണ് ദൈവം നന്ദേട്ടനെ കൊണ്ടുപോയത്.
ആരോടും മിണ്ടാതെ ഏകാന്തമായി കുറെ നാളുകൾ... പിണങ്ങിയിരുന്നവരൊക്കെ അടുത്തു.. സമനില തെറ്റിപോകാറായ നാളുകൾ.. അപ്പോഴാണ് ദൈവം തുമ്പമോളെ തന്നത്!!
പുതിയൊരു ജന്മമായിരുന്നു തനിക്ക്‌... അവൾക്കു വേണ്ടി ഞാൻ ജീവിച്ചു തുടങ്ങി...
അവൾക്കിന്നുമറിയില്ല അവളുടെ ചാച്ചൻ ഒരിക്കലും വരില്ല എന്ന്... ചാച്ചനെ ചോദിച്ചു തുടങ്ങിയ നാളുകളിൽ 
ഓരോ തവണയും ഓരോ കള്ളങ്ങൾ പറഞ്ഞു താൻ പിടിച്ചു നിന്നു..അവൾ വളരുകയാണ്.. ഇനി എത്ര നാൾ തനിക്കവളെ 
പറ്റിക്കാനാകും.!!
വേണ്ട.. അവളൊന്നുമറിയണ്ട..നന്ദേട്ടൻ അവളുടെ മനസ്സിൽ ജീവിക്കട്ടെ...അകലെയെങ്കിലും അച്ഛന്റെ സുരക്ഷയിലാണ് താനെന്നു അവൾ വിശ്വസിച്ചോട്ടെ... അറിവാകുമ്പോൾ അവൾക്കു മനസിലായിക്കൊള്ളും എല്ലാം... 
തുമ്പമോളേ....... എവിടെയാ... 
വേണ്ടാ... എന്നെ ആരും വിളിക്കണ്ടാ..!!
അമ്മു അല്ലെ വിളിക്കുന്നെ... ഇന്ന് മോളുറങ്ങും മുൻപേ ചാച്ചൻ വിളിക്കും.. അപ്പൊ നേരിട്ട് ചോദിച്ചോ അമ്മു പറയുന്നേ കള്ളമാണോ ന്നു....
സത്യമാണോ... ഇന്ന് തുമ്പമോളോട് ചാച്ചൻ കാര്യം പറയുവോ.!!!!
സത്യം... അമ്മുന്റെ തുമ്പച്ചെടി വന്നു ഉണ്ണിയപ്പം കഴിക്ക്...
എന്നാ കഴിക്കാം...
(ഉണ്ണിയപ്പം കഴിക്കുന്നതിനിടയിൽ തുമ്പ ചോദിച്ചു)
ചാച്ചൻ വരുമ്പോ തുമ്പയ്ക്കു എന്തൊക്കെ കൊണ്ട് വരും അമ്മു...
പാവ... ചോക്കലേറ്റ് ... ഉടുപ്പ്.. ഒക്കെ കൊണ്ട് വരും...
"നാരഞ്ഞമിട്ടായി"കൊണ്ട് വരുവോ അമ്മു എനിക്കൊരുപാടിഷ്ടമാ അത്....??
നിറഞ്ഞു തുളുമ്പിയ കണ്ണുനീർ തുമ്പ കാണാതെ തുടച്ചു കൊണ്ട് അമ്മു പറഞ്ഞു..
വരും... തുമ്പമോൾക്കിഷ്ടമുള്ളതെല്ലാം കൊണ്ടു വരും...
.
.
.@വിച്ചു
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo