Slider

ചില യാത്രാനുഭവങ്ങൾ

0
ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത എന്റെ, "ചില യാത്രഅനുഭവങ്ങൾ " എന്ന അനുഭവകഥ ടീം നല്ലെഴുത്ത്വായനക്കാർക്കുവേണ്ടി പോസ്റ്റ് ചെയുന്നു
"ചില യാത്രാനുഭവങ്ങൾ "
മനസ്സ്, ഒരു യാത്ര ആഗ്രഹിച്ചിരുന്നു. അതിനാലാണ് പോയ സ്ഥലങ്ങളിലേക്ക് തന്നെയാണ് യാത്ര എന്നറിഞ്ഞിട്ടും പോകാൻ തീരുമാനിച്ചത്. ഒരുപകൽ മുഴുവൻ ഓടിനടന്നു ചെയ്തുതീർക്കേണ്ട ജോലികളിൽ പലതും ഏതാനും മണിക്കൂറുകൾക്കുള്ളിൽ ചെയ്യ്തുതീർക്കേണ്ടിയിരുന്നതിനാൽ ഉറങ്ങാൻ കിട്ടിയസമയം തീരെ കുറവ്. ഉറക്കച്ചടവോടെ ബസ്റ്റോപ്പിൽ എത്തുമ്പോൾ യാത്രക്കാരിൽ ഏറെപ്പേരും വന്നുകഴിഞ്ഞിരുന്നു. ബസ്സിന്റെ പടവുകൾ കയറുമ്പോൾ തന്നെ കാല്‌പണിമുടക്കുന്നതറിഞ്ഞു. V. S. R. A. യുടെ തനതു കലാപരിപാടികളോടെ ഒരുയാത്ര ആരംഭിക്കുകയായി.
കോട്ടൂരും, സഫാരി പാർക്കും സമ്മാനിച്ചത് നിരാശമാത്രം. കോട്ടൂരിലെ ആനകൾക്കും സർക്കസിലെ ആനകൾക്കും തമ്മിൽ ഒരുവ്യത്യാസവും തോന്നിയില്ല. രണ്ടും യജമാനൻമാരുടെ ആജ്ഞക്കനുസ്സരിച്ച്‌ പ്രവർത്തിക്കുന്നവർ. സ്വതന്ത്രരായ ആനകളെയാണ് ഞാൻ കാണാനാഗ്രഹിച്ചത്‌.
മുതലകളെ, ഉള്ളിലൊളിപ്പിച്ച്‌ ഒരു കള്ളിയെപ്പോലെ ഒഴുകുന്ന നെയ്യാറിന്റെ തീരത്തുകൂടെ സിംഹത്തെ തേടി ഒരുയാത്ര. വനത്തിനുള്ളിൽ, സിംഹത്തെ തേടിയകണ്ണുകൾക്കു തൊട്ടുമുന്നിൽ, ആരോ കൊണ്ടുവച്ച പ്രതിമപോലെ ഒരു സിംഹം. നിരാശയോടെ, മുന്നിലെത്തിയ യാത്രക്കാർക്കൊപ്പമെത്താൻ വേദനിക്കുന്ന കാലുമായി മുടന്തി മുടന്തി ഒരുമടക്കം.
യാത്രയുടെ രണ്ടാംഘട്ടം. യാത്രയ്ക്ക് പതിവ്. V. S. R. A. യാത്രയുടെ പൊലിമ ഉണ്ടായിരുന്നില്ല യാത്രക്കാരെയും അലസ്യം ബാധിച്ചപോലെ. യാത്രക്കാരൊരുത്തരായി സിംഹത്തെകണ്ട കാഴ്ച വിവരിക്കുകയാണ്. മൈക്കിലൂടെ എന്റെ പേര് അടുത്ത ഊഴം എന്നിക്ക്‌ . സംസാരിക്കാൻ തീരെ സമർത്ഥ അല്ലാത്തതിനാലും, രാവിലെ ഞാനെന്റെ പാട്ടുപാടുമ്പോൾ V. S. R. A. യിലെ എക്സിക്യൂട്ടീവ് അംഗങ്ങളിൽ ചിലർ, എന്റെ പാട്ടിനേക്കാൾ ഉച്ചത്തിൽ ഒച്ചയുണ്ടാക്കിയത് വേദനിപ്പിച്ചതിനാലും, ഒന്നുംപറയാനില്ലാന്ന് ആംഗ്യം കാട്ടി പുറംകാഴ്ചകളിലേക്ക്.
യാത്രക്രമത്തിൽ മാറ്റം വരുത്തി, ശുചീന്ദ്രത്തിലെത്തുമ്പോൾ അമ്പലം തുറന്നിട്ടേ ഉണ്ടായിരുന്നുള്ളു. അതിനാൽത്തന്നെ തിരക്ക് തീരെ കുറവ്. ഞങ്ങളിൽ ചിലർമാത്രം അമ്പലത്തിനകത്തേക്. സാധാരണ ഒരമ്പലത്തിനുള്ളിലെ പ്രതീതിയായിരുന്നില്ല അതിനുള്ളിൽ. ഓരോരോ വഴിപാടുകളുടെ ഗുണഫലങ്ങളെ കുറിച്ചുപറഞ്ഞു അതുചെയ്യാൻ ഞങ്ങളെ പ്രേരിപ്പിച്ചുകൊണ്ടിരുന്ന ആമുഖങ്ങൾ വഴിയോര കച്ചവടക്കാരെ ഓർമപ്പെടുത്തി. അവരുടെ പ്രലോഭനങ്ങളിൽ പെടാതെ പുറത്തുകടക്കാനായതിൽ ആശ്വാസം തോന്നി.
കന്യാകുമാരിയിൽ എത്തുമ്പോൾ അസ്തമയം തുടങ്ങാൻ അധികസമയം ഉണ്ടായിരുന്നില്ല. വല്ലാത്ത തിരക്ക്. അനുസരണയുള്ള ആട്ടിൻകുട്ടികളെപ്പോലെ യാത്രക്കാർ ഓരോരുത്തരായി ബസിനുളിൽ നിന്നുമിറങ്ങി തിരക്കിൽ ലയിച്ചു. അവർക്കൊപ്പം കുറച്ചുദൂരം.
എല്ലാവരും ഒരേകാഴ്ച തേടി വന്നവരല്ല,പലർക്കും കാണേണ്ടത് പലകാഴ്ചകളാണ് ഈ കന്യാകുമാരിയിൽ എനിക്ക് കാണേണ്ടത് കടലാണ്. ആൾകൂട്ടത്തിൽ തിക്കിത്തിരക്കി നിന്ന് കാണേണ്ട ഒന്നല്ല കടൽ. അതിനാൽ യാത്ര ഒറ്റയ്ക്കുമതി ആളൊഴിഞ്ഞ ഇടംനോക്കി തിരിഞ്ഞു നടക്കുമ്പോൾ അസ്തമയം തുടങ്ങാറായിരുന്നു. കടലിനഭിമുഖമായി സിമന്റ് ബെഞ്ചിൽ കടൽകണ്ടിരിക്കുമ്പോൾ, തിരക്കിൽ കാഴ്ച കാണാൻ ഒറ്റക്കുവിട്ട മകന് വഴിതെറ്റുമോ എന്ന വേവലാതി. പല തരക്കാരായ ആൾകാർക്കൊപ്പം വഴിതെറ്റാതെ സഞ്ചരിച്ഛ് സ്വന്തം വഴി അവൻ തന്നെ കണ്ടെത്തട്ടെ. വഴി പറഞ്ഞുകൊടുക്കാൻ എന്നും അമ്മയുണ്ടാവില്ല. ഏറെക്കുറെ നുണഞ്ഞു തീരാറായ ഐസ് ക്രീമുമായി അസ്തമയം കണ്ടിരിക്കുമ്പോൾ മനസ്സ് മന്ത്രിച്ചു ഇതുപോലെ... ഒരിക്കൽ... നീയും...
കന്യാകുമാരിയിൽ ഞാൻ കാണാനാഗ്രഹിക്കുന്ന മറ്റൊന്ന് കൂടിയുണ്ട്, കരയിൽനിന്നും കടലിലേക്ക് അല്പം തള്ളി നിൽക്കുന്ന ചെറിയൊരു പാറക്കൂട്ടം.
അതിന്മേലിരുന്നാണ് ഞാൻ ആദ്യമായ് അസ്തമയം കണ്ടത്. അരികിൽ അമ്മ, തൊട്ടുതാഴെ അച്ഛൻ, ചുറ്റും അലറിയടുക്കുന്ന കടൽ, അങ്ങുദൂരെ, മെല്ലെ, കടലിൽ മുങ്ങിത്താഴുന്ന സൂര്യൻ. അന്ന് ആ പാറമേൽ ഇരുത്തി, പറയാതെ അച്ഛൻ എനിക്ക് പറഞ്ഞുതന്നത് ജീവിതമെന്ന പാഠം ആയിരുന്നുവോ ? അന്ന് കടൽകാണാനിരുന്ന ആൾ കൂട്ടത്തിനിടയിൽ ചുമന്ന ഫ്രോക്കിട്ട മെലിഞ്ഞ ഒരു പെൺകുട്ടിയുണ്ടായിരുന്നു. എനിക്കറിയാത്ത ഭാഷയിൽ അസ്തമയ സൂര്യനെ ചൂണ്ടി അവളുടെ അമ്മയോട് അവൾ എന്തക്കയോ ചോദിച്ചുകൊണ്ടേയിരുന്നു. ഇപ്പോൾ അവൾ എവിടെയാകും ? ലോകത്തിന്റെ ഏതോ ഒരുകോണിൽ ഭാര്യയും അമ്മയും ഒക്കെയായി അവളുണ്ടാകാം. പിന്നീടെപ്പൊഴെങ്കിലും അസ്തമയം കാണാൻ അവൾ ഇവിടേക്ക് വന്നിട്ടുണ്ടാകുമോ ?
ഇവിടെ എത്തുമ്പോളൊക്കെ മനസ്സിൽ തെളിയുന്ന മറ്റൊരുമുഖം കൂടിയുണ്ട്. തന്നെ കൂട്ടാതെ യാത്ര പോകുന്നതിനു സങ്കടത്തോടെ അമ്മയോട് പരിഭവം പറഞ്ഞുകൊണ്ടേയിരുന്ന ഒരു ഏട്ടന്റെ മുഖം. എന്തുകൊണ്ടാകാം അന്നത്തെ യാത്രയ്ക്ക് അച്ഛൻ എന്നെ മാത്രം തിരഞ്ഞെടുത്തത്. ഒരുപക്ഷെ അച്‌ചന്റെ അന്നത്തെ യാത്ര ബജറ്റ് ഒരാളെക്കൂടി ഉൾകൊള്ളാൻ കഴിയാത്തവണ്ണം ചെറുതായിരുന്നിരിക്കാം.
അസ്തമയം കണ്ട്‌ മടങ്ങുന്നവരുടെ തിരക്കിൽ, തീരത്തിന് വീർപ്പു മുട്ടുന്നതുപോലെ. ഒരുയാത്ര അവസാനിക്കുകയാണ്. ഇനിമടക്കയാത്ര, വീണ്ടും ജീവിതത്തിന്റെ തിരക്കുകളിലേക്ക്. ബാല്യത്തിന്റെ സുന്ദരമായ ഒരു ഓർമ്മച്ചിത്രം പാറമേൽ വച്ചാണ് മടങ്ങി പോകുന്നത്.
അതിനാൽത്തന്നെ വീണ്ടും വീണ്ടും എനിക്ക് ഇവിടേക്കു വന്നേപറ്റൂ.
Snehaletha Saraswathiamma
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo