Slider

ആ മൊബൈല്‍ ഫോണ്‍

0

ക്ലാ ക്ലാ ക്ലീ ക്ലീ ക്ലൂ ക്ലൂ.. സുരേഷ് തിരിഞ്ഞ് നോക്കി, അതാ മുറ്റത്തൊരു മൈന.
പെട്ടെന്നെന്തോ തട്ടിമറിയുന്ന ശബ്ദം., മൈന പറന്ന് പോയി. അവള്‍ ഞെട്ടിയുണര്‍ന്നു. മുറ്റത്ത് മൈനയും ഇല്ല, സുരേഷും ഇല്ല. ഞാനിപ്പോള്‍ രണ്ടാം ക്ലാസ്സില്‍ മലയാളം പഠിപ്പിക്കുന്ന സരസ്വതി ടീച്ചറുടെ ക്ലാസ്സിലുമല്ല., ശബ്ദം കേട്ടത് അകത്തെ മുറികളിലെവിടെയൊ നിന്നുമാണു..
പഴയ അലമാരയുടെ വലിപ്പ് തുറന്ന് അകത്തുള്ളതെല്ലാം വാരി വലിച്ച് പുറത്തിടുകയാണു രണ്ടര വയസ്സുകാരി നന്ദന. രാവിലെ, മോഹന്‍ ഓഫീസിലും, രണ്ടാക്ലാസ്സുകാരി വൃന്ദ സ്കൂളിലും പോയി മറ്റ് ജോലികളും തീര്‍ത്തു ഇവളോടൊപ്പം ഒരല്പം കിടന്നതാണു. ആ മയക്കത്തിലാണു രണ്ടാം ക്ലാസ്സിലെ സരസ്വതി ടീച്ചറുടെ ക്ലാസ്സിലെത്തിയത്.
ഓരോന്ന് പെറുക്കി അടുക്കുമ്പോഴാണു, നിലത്ത് വീണു പലകഷണങ്ങളായി കിടക്കുന്ന ആ പഴയ മൊബൈല്‍ ഫോണ്‍ കണ്ണില്‍ പെട്ടത്. മറ്റുള്ളതൊക്കെയും ഉപേക്ഷിച്ച്, ആ ഫോണിന്റെ ഭാഗങ്ങള്‍ ആവേശത്തോടെ പെറുക്കിയെടുത്ത്, ഇളകി പോയ ഭാഗങ്ങളെ പഴയത് പോലെ ഒരു റബ്ബര്‍ ബാന്‍‌ഡ് ഇട്ട് ചേര്‍ത്ത് വച്ചു, അതിലേക്ക് നോക്കുമ്പോള്‍ അവള്‍ക്ക് തോന്നി ആ ഫോണ്‍ ഒന്നു കണ്‍ ചിമ്മിയത് പോലെ, നൊമ്പരങ്ങള്‍ മറക്കുന്ന പോലെ ഒരു വിളറിയ ചിരി ചിരിച്ചുവോ? വല്ലാത്തൊരു ചൂട്, കൈവെള്ള ചുട്ടു പൊള്ളുന്ന പനി ചൂട്. അവളത് ബെഡിലേക്കിട്ടു.
പനിച്ച് വിറച്ച് കിടക്കുകയാണു ഒന്നര വയസ്സുള്ള വൃന്ദ, നെറ്റിയിലും കഴുത്തിലും നനഞ്ഞ തുണികൊണ്ട് തുടച്ച് ചൂടകറ്റുന്നതിനിടയില്‍, ആ ഒറ്റമുറി വീടിന്റെ വാതില്‍ തുറന്ന് ഇടക്കിടെ പുറത്തേക്ക് നോക്കുന്നുണ്ട്, മോഹന്റെ നിഴല്‍ ആ ഇരുട്ടില്‍ തെളിയുന്നതും പ്രതീക്ഷിച്ച്. ഇരുട്ടിനു കനം വയ്ക്കുന്നതിനൊപ്പം വൃന്ദയുട ദേഹത്തെ ചൂടും കൂടുന്നു, മനസ്സിലെ ആധിയും. മകളെ മടിയില്‍ കിടത്തി ചുട്ടു പൊള്ളുന്ന നെറ്റിയില്‍ അമര്‍ത്തി ചും‌ബിക്കുമ്പോള്‍ നിയന്ത്രണം വിട്ട് കരഞ്ഞ് പോയി. അടര്‍‌ന്ന് വീണ കണ്ണുനീര്‍ തുള്ളികളെ മകളുടെ കവിളില്‍ നിന്നും തുടച്ച് മാറ്റി അവളെ മാറോട് ചേര്‍ത്തത് ഒരു തേങ്ങലോടെ ആയിരുന്നു.
കാവുശ്ശേരി കുടുംബത്തിലെ ഇളയപുത്രന്റെ കൈപിടിച്ച് കയറുവാനുള്ള യോഗ്യതകളൊന്നും പ്രത്യക്ഷത്തിലുണ്ടായിരുന്നില്ല, അത് കൊണ്ട് തന്നെ നിലവിളക്കൊ ആരതിയോ സാക്ഷിയായതുമില്ല- പകരം പുറം തിരിഞ്ഞു നിന്ന മനുഷ്യരൂപങ്ങള്‍. അച്ചാരം മേടിച്ച് അച്ചി വിട്ടില്‍ കഴിയുന്നതിന്റെ വിധേയത്വമാകാം, ആ വീട്ടിലെ പുരുഷ ശബ്ദങ്ങള്‍, ഒരു കൂര്‍‌ത്ത നോട്ടത്തിലൊ ശക്തമായ ഒരു മുരടനക്കത്തിലോ നേര്‍ത്തില്ലാതാകുമായിരുന്നു. ശക്തമായ വിലക്കുകളും പ്രകടമായ നിഷേധവുമൊക്കെ ശക്തമായ ആ കരങ്ങള്‍ക്കുള്ളില്‍ അമരുമ്പോള്‍ ഒന്നുമല്ലാതാകുമായിരുന്നു. നെഞ്ചില്‍ എരിയുന്ന നെരിപ്പോട്, വിരിഞ്ഞ മാറില്‍ മുഖമമര്‍ത്തി തേങ്ങുമ്പോള്‍ കെട്ടുപോയിരുന്നു. പ്രണയത്തിന്റെ തീവ്ര വികാരത്തേക്കാള്‍ വിശ്വാസത്തിന്റെ കരുതലിന്റെ കരുത്തായിരുന്നു എല്ലാം സഹിക്കാന്‍ ഒരു പരിധിവരെ കഴിഞ്ഞത്. കഴിക്കാനൊരിടവും അതിനൊരു പാത്രവും അടുക്കളക്കും പുറത്ത് കല്പിച്ചു തന്നപ്പോള്‍ വാവിട്ട് നിലവിളിച്ചു പോയി. പിടിച്ചു കയറ്റിയ കൈകളീല്‍ തൂങ്ങി പടികളിറങ്ങുമ്പോള്‍ വൃന്ദയുടേ തുടിപ്പുകള്‍ ഉദരത്തില്‍ അറിയുന്നുണ്ടായിരുന്നു. ഒന്നുമില്ലായ്മയില്‍ നിന്നൊരു തുടക്കം. ഉറച്ച ലക്ഷ്യവും കഠിനാധ്വാനവും മാത്രമായിരുന്നു മോഹന്റെ കൈമുതല്‍. നിറ വയറില്‍ അരപ്പട്ടിണിയുടെ ആലസ്യങ്ങളകറ്റാന്‍ ആ നെഞ്ചിലെ ചൂടു മാത്രം മതിയാരുന്നു.
ഒറ്റമുറി വാടക വിട്ടിലെ കുറവുകളെ മോഹന്‍ വളരെ വേഗമൊരു ശീലമാക്കിമാറ്റി. ജിവിതം കെട്ടിപ്പടുക്കാനുള്ള പാച്ചിലിനിടയില്‍ ദീര്‍ഘ യാത്രകള്‍ പതിവായി. പല രാത്രികളിലും ഒറ്റക്കായിരുന്നു. അങ്ങനൊരു രാത്രിയിലായിരുന്നു വൃന്ദയുടെ പനി. പാതിരാത്രിയില്‍ മകളേയും ചേര്‍ത്ത് പിടിച്ച് മൂന്ന് കിലോമീറ്ററോളം ആശുപത്രിയിലേക്ക് ഒറ്റക്കോടാന്‍ മനസ്സിനു കിട്ടിയ ധൈര്യവും കാലുകളുടെ കരുത്തും പിന്നീടൊരിക്കലും ലഭ്യമായിട്ടില്ല- അല്ലെങ്കില്‍ സമാനമായൊരവസ്ഥ ഉണ്ടായിട്ടില്ല- സാഹചര്യങ്ങള്‍ പകരുന്ന കരുത്ത്. ആശുപത്രിയില്‍ നിന്നും മോഹനെ വിവരമറിച്ച്, അയാളെത്തിയപ്പോള്‍ നേരം പുലര്‍ന്നിരുന്നു.
ഡിസ്ചാര്‍ജ്ജ് ബില്‍ മോഹന്റെ കൈകളിലിരുന്നു വിറച്ചു. ഒക്കെയും നുള്ളിപ്പെറുക്കിയിട്ടും തികയുന്നില്ല. മുക്ക് പണ്ടം കൊണ്ട് പണിഞ്ഞ മാലയില്‍ കോര്‍‌ത്ത താലിയില്‍ പിടിമുറുക്കിയ അവളുടെ കൈകള്‍ അയാള്‍ പിടിച്ചകറ്റി അവന്‍ പുറത്തിറങ്ങി.
അഞ്ഞൂറു രൂപായില്‍ കൂടുതല്‍ ആ മൊബൈലിനു തരാനാകില്ലാന്നു ഷോപ്പുടമ തറപ്പിച്ചു പറഞ്ഞപ്പോള്‍ മോഹന്റെ മുന്നില്‍ വഴികളോ സമയമോ അവശേഷിച്ചിരുന്നില്ല. ചിലരുടെ ഔദാര്യങ്ങള്‍ക്ക് വേണ്ടീ അഭിമാനം മാറ്റി വയ്ക്കേണ്ടി വരും. അങ്ങനൊരവസ്ഥയില്‍ മോഹന്‍ തന്റെ അവസ്ഥ അയാളെ അറിയിച്ചു- ഒരു നൂറു രൂപാ കൂടുതലുണ്ടാക്കാന്‍.
നന്മയുടേ ഉറവകള്‍ വറ്റാത്ത ഒരാളേ കൂടി മോഹന്‍ തിരിച്ചറിഞ്ഞു. സെക്കന്‍ഡ് ഹാന്‍‌ഡ് ഫോണുകള്‍ കച്ചവടം നടത്തുന്ന അയാള്‍ ഒരുറപ്പ് മോഹനു നല്കി. ഒരു മാസത്തിനുള്ളില്‍, പണം നല്‍കി ഫോണ്‍ തിരിച്ചെടുക്കാം. മോഹന്റെ ജോലിക്ക് ഫോണ്‍ അനിവാര്യമായത് കൊണ്ട്, റബ്ബര്‍ ബാന്‍‌ഡ് ഇട്ട് കെട്ടിയ ഒരു പഴയ ഫോണും അയാള്‍ തല്‍ക്കാലത്തേക്ക് നല്‍കി.
ഷോപ്പുടമയുടെ വ്യവസ്ഥ പാലിക്കാന്‍ മോഹന് കഴിഞ്ഞില്ല. പക്ഷെ കാല ചക്രം തിരിയുമ്പോള്‍ താഴെയുള്ളവര്‍ മുകളിലും മുകളിലുള്ളവര്‍ താഴെയുമൊക്കെ എത്തുന്നത് പ്രകൃതി നിയമം.
നന്ദന ഓടി വന്നു മടിയില്‍ കയറിയപ്പോള്‍ അവളെ ചിന്തകള്‍ വിട്ടകന്നു. ആ പഴയ ഫോണ്‍ കയ്യിലെടുത്ത്, ഇല്ല, ഇപ്പോള്‍ ചൂടില്ല.
അവളുടെ ഫോണ്‍ കാള്‍ മോഹന്‍ റിജക്റ്റ് ചെയ്തു. പകരം വാറ്റ്സപ്പ് മെസേജ് വന്നു - മീറ്റിങ്ങിലാണു, പിന്നെ വിളിക്കാം. അവളത് കാര്യമാക്കിയില്ല , മറുപടി കൊടുത്തു - എനിക്കാ നെഞ്ചില്‍ ചുരുണ്ടു കൂടണം ഇപ്പോള്‍. അവനത് വായിച്ച് ഒന്നു ഊറി ചിരിച്ചു, പിന്നെ ഉറക്കെ പറഞ്ഞു - മീറ്റിങ്ങ് ക്യാന്‍‌സല്‍ഡ്, ഐ ഹാവ് ആന്‍ അര്‍ജന്റ് അപ്പോയിന്മെന്റ്.
(അശോക് വാമദേവന്‍)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo