"നിനക്ക് ഒരു സംഭവം കാണണോ. ഇതൊന്നു നോക്കിക്കേ, ഇവര് തമ്മിൽ എന്ത് ചേർച്ചയാ ഉള്ളത്???"
.
മൊബൈലിലെ ഫേസ്‌ബുക്കിൽ കണ്ട ഒരു കല്യാണ ഫോട്ടോ അരികിലിരുന്ന രാജീവിന് കാണിച്ചു കൊണ്ട് അയാൾ തുടർന്നു.
.
"പെണ്ണ് നല്ല കറുകറെ കറുത്ത് കാണാൻ ഒരു ഭംഗിയും ഇല്ല. ചെക്കനാണെ ഒരു സിനിമാ നടനെ പോലെയും"
.
"ഇവര് പ്രേമിച്ചു കെട്ടിയതാന്നല്ലേ ഇതിൽ പറയുന്നേ ?"
.
"ആഹ്. അതാണ് ഏറ്റവും രസം. പ്രേമിച്ചു കെട്ടിയതാണ് പോലും. ഇവളെയൊക്കെ എങ്ങനെയാ പ്രേമിക്കുക?
പ്രേമം എന്നൊക്കെ പറഞ്ഞാൽ എന്റേം അനിതേടേം ഒക്കെയായിരുന്നു പ്രേമം. ഞങ്ങൾ ഒരുമിച്ച് നിന്നാൽ made for each other എന്നല്ലാതെ വേറൊന്നും ഒരാളും പറയില്ലായിരുന്നു. എന്തിനു, ഞങ്ങളുടെ കല്യാണ ഫോട്ടോ നോക്കി നീ പോലും പറഞ്ഞിട്ടില്ലേ.. "
.
"അതൊക്കെ ശെരിയാ. പക്ഷെ പ്രേമത്തിന് കണ്ണും മൂക്കും ഇല്ലാന്നല്ലേ പറയാറ്. ഇവർക്ക് പരസ്പരം ഇഷ്ടായിക്കാണും."
.
"എടാ ഇത് പ്രേമോം മണ്ണാങ്കട്ടയും ഒന്നുമല്ല. പെണ്ണിന്റെ അച്ഛന് നല്ല പൂത്ത കാശു കാണും. കാശിൽ പൊതിഞ്ഞ് കൊടുത്താൽ കരിക്കട്ടയെയും കൽക്കണ്ടം എന്ന് പറയുന്നവരുടെ നാടാ നമ്മുടേത്. കാശു കണ്ടപ്പോ പിന്നെ ചെക്കൻ പെണ്ണിനെ നോക്കി കാണത്തില്ല."
.
"ചുമ്മാ അടിച്ചു വിടാതെ ഡേയ്.. ഇത് അങ്ങനൊന്നുമല്ല ന്നാ എനിക്ക് തോന്നുന്നേ.
നിന്റെ സ്വഭാവത്തിന് ഒരു മാറ്റോം ഇല്ലല്ലോ. പഠിക്കണ കാലത്തേത് പോലെ തന്നെ "
.
"ഉവ്വുവ്വ് .."
.
"അല്ല ചോദിയ്ക്കാൻ വിട്ടു. നീയെന്താ കോഴിക്കോട്ടെക്??"
.
"ഓഹ്. അതോ. എനിയ്ക്കൊന്നു വക്കീലിനെ കാണണം. കോടതിയിൽ നാളെ ഒരു കേസ് ഉണ്ട്."
.
"എന്ത് പറ്റി?? സ്വത്ത് തർക്കം വല്ലതുമാണോ?"
.
"ഏയ്.. സ്വത്ത് തർക്കമല്ല.. വേറൊരു തർക്കം. ഞാനും അനിതയും തമ്മിൽ. രണ്ടാൾക്കും ഇനി ചേർന്ന് പോകാൻ കഴിയില്ല എന്ന് മനസ്സിലായി.
അതുകൊണ്ട് ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു!
.
.
ആഹ്.. സ്റ്റോപ്പ് എത്താറായല്ലോ. ഞാൻ ഇറങ്ങട്ടെ."
.
അയാളോട് എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നെങ്കിലും ഒന്നും പറയാൻ കഴിയാതെ രാജീവ് അയാൾ ഇറങ്ങുന്നതും നോക്കിയിരുന്നു.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക