Slider

തണലാവുന്ന പെൺമരങ്ങൾ (ചെറുകഥ)

0

പത്തു വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ഇന്നാണ് എന്റെ പ്രിയ സുഹൃത്ത് സൈദ്ന്റെ വീടിന്റെ പടി ചവിട്ടുന്നത്. അകത്തേക്ക് കയറിയപ്പോൾ തന്നെ കഷായത്തിന്റെയും, കുഴമ്പിന്റെയും രൂക്ഷ ഗന്ധം മൂക്കിലേക്ക് തുളച്ചു കയറി. സൈദ് കിടക്കുന്ന കട്ടിലിന് അരികുപറ്റി ഇരിക്കുമ്പോൾ അവൻ ഒരു വല്ലാത്ത സന്തോഷത്തോടെ എന്നെ തന്നെ ഇമവെട്ടാതെ നോക്കിയിരുന്നു.
സമയം രാവിലെ പത്തു മണിയായതു കൊണ്ട് സൈദിന്റെ മോള് സഫിയ, അവളുടെ ജോലിയെല്ലാം പെട്ടെന്ന് തീർത്തതിനു ശേഷം ഒരു കെട്ട് മാക്സി എടുത്ത് തലയിൽ വെച്ച് വീട്‌ വീടാന്തരം കേറിയിറങ്ങിയുള്ള കച്ചവടത്തിന് അവൾ പുറപ്പെട്ടു.
-" സഫിയ മോളാണ് എന്റെയും ആയിശൂന്റെയും എല്ലാ കാര്യങ്ങളും നോക്കുന്നത്..
-" അപ്പൊ സഫ്‌വാനോ ? ഞാൻ ചോദിച്ചു.
-" അവൻ കുടുംബവുമായി ബാംഗ്ളൂരാ..ജോലിത്തിരക്ക് കാരണം വരാറൊന്നുമില്ല..
അതു പറയുമ്പോൾ സെയ്ദിന്റെ മുഖത്ത് ഒരു വല്ലായ്‌മ മുഴച്ചു നിന്നു.
-" സഫിയ മോൾ രാവിലെ അഞ്ചുമണിക്ക് അടുക്കളയിൽ തുടങ്ങുന്ന അവളുടെ ജോലി ഒമ്പതരയോടെയാണ് അവസാനിക്കുന്നത്, എന്നെ ബാത്‌റൂമിൽ എടുത്തു കൊണ്ടു പോയി പ്രഭാത കൃത്യങ്ങളൊക്കെ ചെയ്യിപ്പിച്ച് , ഒരു കൊച്ചു കുട്ടിയെപ്പോലെ കുളിപ്പിച്ച്, ബെഡ്ഷീറ്റും മറ്റും വൃത്തിയാക്കി, നല്ല വൃത്തിയുള്ള കുപ്പായമൊക്കെ അണിയിച്ച് അവളിറങ്ങും ജോലിക്ക്.
സൈദ് ഇത് പറയുമ്പോൾ അവന്റെ മുഖത്തു പ്രകടമായ സന്തോഷം കണ്ടപ്പോൾ ഓർമ്മകൾ ഒരുപാട് പിറകിലേക്ക് ഓടിക്കൊണ്ടിരുന്നു..
നിലമ്പൂരിൽ നിന്നും ഗൂഡല്ലൂർ ചുരം കയറി കേരളാ അതിർത്തി വരെയുള്ള മൈൽകുറ്റികളിൽ കിലോമീറ്റർ ദൂരം എഴുതുന്ന കരാറ് എടുത്ത സമയം. പൊരിവെയിലത്തു ഓരോ മൈൽകറ്റിയുടെയും അരികിൽ ഇരുന്ന് വിയർത്തു കുളിച്ച് അവൻ ഏഴുതികൊണ്ടിരിക്കുമ്പോൾ, പൊതുവെ മടിയനും, മറ്റുള്ളവരുടെ മുമ്പിൽ പെട്ടെന്നു സിമ്പതി പിടിച്ചു പറ്റുന്ന രീതിൽ മെലിഞ്ഞ ശരീരവുമുള്ള ഞാൻ ഒരു ജോലിയും ചെയ്യാതെ തണലിൽ ഇരുന്നു സമയം കളയുമ്പോൾ സൈദ് ഒരു ദയനീയ നോട്ടം നോക്കും.
-" ഗോപാലാ ഒരു കണ്ണീച്ചോരയും ഇല്ലാതെ ഇങ്ങനെ ഇരിക്കാതെ ഒന്ന് വന്നു സഹായിച്ചൂടെ അനക്ക് ?
സാധാരണ "ഗോപാ" എന്ന് വിളിക്കുന്ന സൈദ് "ഗോപാലാ " എന്ന് നീട്ടി വിളിച്ചാൽ അപ്പൊ ഉറപ്പിക്കാം സൈദിന്റെ എല്ലാ ക്ഷമയും കെട്ടിരിക്കുന്നു എന്ന്..!!
അന്തരീക്ഷം അത്ര പന്തിയല്ല എന്ന് തോന്നിയ ഞാൻ സൈദിന്റെ കയ്യിൽ നിന്നും ബ്രഷ് വാങ്ങി.
സൈദ് വരണ്ടുണങ്ങിയ തൊണ്ടയിലേക്കു വെള്ളം ഒഴിച്ച് തന്റെ റേഡിയേറ്റർ തണുപ്പിച്ച്
തണലിൽ ഇരുന്നു.
ബ്രഷ് കറുത്ത പെയ്ന്റിൽ മുക്കി ഞാൻ എഴുതാൻ തുടങ്ങി. അപ്പോഴാണ് പൊ ള്ളാച്ചിയിൽ നിന്നും നാടുകാണി വഴി കന്നുകാലികളെ എടക്കര കാലി ചന്തക്കു കൊണ്ടുവരുന്ന ആൾക്കാരുടെ ശ്രദ്ധയിൽ, മെലിഞ്ഞുണങ്ങിയ ഞാൻ മൈൽകുറ്റിയുടെ മുമ്പിൽ അഭ്യാസം കാണിക്കുന്നത് കാണുന്നത്.
അത് കണ്ടു നിന്ന ഒരാൾ ഉടനെ സ്വരമുയർത്തി സെയ്ദിനോടായി ഒരു ചോദ്യം ..!!!
-" ഇത്രേം തണ്ടും തടിയും ള്ള ജ്ജ് ആ നീച്ചു നിക്കാൻ ജീവല്ലാത്തോനെ കൊണ്ട് പണി എടുപ്പിച്ച് ആ തണലത്ത് ഇങ്ങനെ ഇരിക്കാൻ നാണല്ലേ ന്റെ ചെങ്ങായ്‌ അനക്ക്..?!!
അതിരൂക്ഷമായി നോക്കി അദ്ദേഹം അത് പറയുമ്പോൾ, അതുവരെ ജോലി ചെയ്തു തളർന്ന സെയ്ദിന്, ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ച അവസ്ഥപോലെ ആയി.
സൈദ് എന്നെ ഒന്ന് നോക്കി. ആ നോട്ടത്തിൽ നിന്നും ശ്രദ്ധ തിരിക്കാൻ ഞാൻ വേഗം അടുത്ത വിഷയത്തിലേക്ക് കടന്നു.
-" അല്ല സൈദേ സഫ്‌വാനെ പഠിപ്പിക്കാൻ ഉള്ള കടവും കള്ളീം വാങ്ങുന്നുണ്ടല്ലോ നീ. എന്നാൽ സഫിയ മോൾ അതുപോലെ നിന്റെ കുട്ടിയല്ലേ..? അവളുടെ കാര്യത്തിൽ നിനക്കെന്താ ഇത്ര ശുഷ്‌കാന്തി ഇല്ലാത്തത്..?
എന്റെ ചോദ്യം കേട്ട സൈദ് ഒരു വലിയ കൗശലക്കാരന്റെ ഭാവത്തിൽ പറയാൻ തുടങ്ങി.
-" എടാ ഗോപാ..പെൺകുട്ടികളെ പഠിപ്പിച്ചിട്ട് എന്ത് കിട്ടാനാ. അവരെ കെട്ടിച്ചു വിട്ടാൽ, നമ്മള് ലക്ഷങ്ങൾ ചിലവഴിച്ച് പഠിപ്പിച്ചതൊക്കെ വെള്ളത്തിലാവൂലെ..അവർ അന്യ തറവാട്ടിൽ പോകേണ്ടവരല്ലേ? അതുകൊണ്ട് ഒരു പതിനെട്ട് വയസ്സായാൽ സുരക്ഷിതമായ ഏതെങ്കിലും കയ്യിൽ അവരെ ഏൽപ്പിച്ച് ആ ബാധ്യത അങ്ങ് തീർക്കുക..അത്രന്നെ..!!
* വയസ്സാൻ കാലത്ത് ഒരു മൂലയ്ക്ക് തളർന്ന് കിടക്കുമ്പോൾ നിന്റെയൊക്കെ ചന്തി കഴുകിത്തരാൻ * ഈ പറയുന്ന പെൺകുട്ടികളെ ഉണ്ടാവൂ എന്ന് പറയാൻ നാവിൽ വന്നെങ്കിലും, വന്ന വാക്കു തിരിച്ചു മടക്കി നാവിൽ തന്നെ തിരിച്ചുവെച്ചു.
സൈദ് പിന്നെയും വാചാലനാവുകയാണ്.
-" ആൺ കുട്ടികളുടെ കാര്യത്തിൽ നമുക്ക് ഗ്യാരണ്ടി ഉണ്ട്. അവരുടെ വിദ്യാഭ്യാസത്തിന് എത്ര മുടക്കിയാലും അത് നമുക്ക് തിരിച്ചു പിടിക്കാലോ. അത് കൊണ്ടല്ലേ വീട് പണയം വെച്ചും, വിദ്യാഭ്യാസ വായ്പസംഘടിപ്പിച്ചും സഫ്‌വാനെ എം.ബി.ബി.എസ്സിന് ചേർത്തത്!!
ഓരോ ദിവസവും ഇത്തരത്തിലുള്ള ചർച്ചകൾ നടക്കുന്നതിനിടയിൽ സഫിയ മോളെ പെട്ടെന്ന് കല്യാണം കഴിച്ചുവിട്ടു. സഫ്‌വാന്റെ വിദ്യാഭ്യാസത്തിനു തടസ്സം വരാതിരിക്കാൻ കൂടി ആയിരുന്നു ആ തീരുമാനം പെട്ടെന്ന് എടുത്തത്.
സഫ്‌വാൻ പഠനാവശ്യാർത്ഥം ബാംഗ്ളൂരിലേക്കും പോയി.
ദിവസങ്ങളും മാസങ്ങളും കടന്നു പോയി. ഒരു ദിവസം പുഴക്ക് കുറുകെയുള്ള പാലത്തിന്റെ അടിയിൽ പെയിൻറ് കൊണ്ട് മാർക്ക് ചെയ്യുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ഞാനും സൈദുവും.
പാലത്തിന്റെ കൈവരിയിൽ നിന്നും കയർ അരയിൽ കെട്ടി, തൂങ്ങി കിടന്ന് അതിസാഹസികമായി സൈദ് ആ ജോലി ചെയ്യുമ്പോൾ ഞാൻ പാലത്തിന്റെ മുകളിൽ
നിന്നുകൊണ്ട് പുഴയുടെ സൗന്ദര്യം ആസ്വദിച്ചു നിൽക്കുകയാണ്. സൈദ് വളരെ ഉച്ചത്തിൽ പാടുന്ന പാട്ടിന്റെ ഈണം മുകളിലോട്ടു ഒഴുകി വരുന്നുണ്ട്..അത് ഇങ്ങിനെയായിരുന്നു..
"തങ്ക ഭസ്മ കുറിയിട്ട തമ്പുരാട്ടി നിന്റെ
തിങ്കളാഴ്ച നൊയമ്പിന്ന് മുടക്കും ഞാാാാ
ഞാഞാഞാഞാഞാഞാഞാഞാൻ..!!!
അവസാനത്തെ വരിയിലെ * ഞാൻ * എന്ന വാക്ക് ഒരു വല്ലാത്ത ഭീതിയുളവാക്കുന്ന ശബ്ദത്തോടെ നീണ്ടു പോയപ്പോൾ ഓടിച്ചെന്നു നോക്കി.
അപ്പോഴാണ് കയറു പൊട്ടി, വിമാനത്തിൽ
നിന്നും പാരച്യൂട്ട് വഴി ഭൂമിയിലേക്ക് പതിക്കും പോലെ സെയ്ദ് താഴേ പുഴയിലേക്ക് പതിക്കുന്നത് കണ്ടത്.
അന്നത്തെ ആ വീഴ്ചയിൽ തളർന്ന ശരീരമാണ് ഇന്നീ കട്ടിലിൽ കിടക്കുന്നത്.
കണക്ക് കൂട്ടലുകൾ എല്ലാം തകിടം മറിയുകയായിരുന്നു.
സഫ്‌വാൻ എം.ബി.ബി.എസ് കഴിഞ്ഞതോടെ കൂടെ പഠിച്ച സഹപാഠിയെ തന്നെ വിവാഹം കഴിച്ച് ബാംഗലൂരിൽ സ്ഥിരതാമസമാക്കി.
വർഷത്തിൽ * ഫാതേർസ്‌ ഡേ * ക്ക് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്യാനുള്ള സെൽഫി എടുക്കാൻ മാത്രമായി ഉപ്പാന്റെ അടുത്തേക്കുള്ള അവന്റെ വരവ്..!!
സഫിയ മോളുടെ വിവാഹ ജീവിതം കൂടുതൽ കാലം നിലനിന്നില്ല. അവൾ എല്ലാം കെട്ടിപ്പെറുക്കി സ്വന്തം വീട്ടിലേക്ക് തന്നെ തിരിച്ചു പോന്നു.
പക്ഷെ സഫ്‌വാന് കൊടുത്ത വിദ്യാഭ്യാസം അന്ന് സഫിയയ്ക്ക് കൊടുക്കാതിരുന്നത് ഒരു തരത്തിൽ അനുഗ്രഹമായി തോന്നിയ നിമിഷങ്ങൾ..!! ഒരാളുടെ ജീവിതം നശിക്കുമ്പോൾ അത് മറ്റുള്ളവർക്ക് വളമാകുന്നു. അതുകൊണ്ട് തന്നെ ജീവിക്കാനുള്ള കൊതി മൂലം പലപ്പോഴും മനുഷ്യൻ സ്വാർത്ഥനാവുന്നു. അതിന്റെ ഒരു പ്രതിഫലനമായിരിക്കാം സഫിയയ്ക്കു തുടരെ വരുന്ന പുനരാലോചനകൾ സ്വന്തം ഉപ്പാക്ക് തന്നെ മുടക്കേണ്ടി വന്നത്.
ആലോചിക്കുമ്പോൾ വിചിത്രമായി തോന്നി. മനുഷ്യാവസ്ഥകൾ പലവിധം. നിർവചിക്കാൻ പറ്റാത്ത വിധം സങ്കീർണമായി അത് പിണഞ്ഞു കിടക്കുന്നു.
കഴിഞ്ഞ പത്തു വർഷം നീ എവിടെയായിരുന്നു എന്ന ചോദ്യത്തെ ഞാൻ ഭയപ്പെടുന്നു എന്റെ ചങ്ങാതീ. ഞാൻ തിരിച്ചു പോവുകയാണ്. എന്റെ മക്കൾ എനിക്ക് വേണ്ടി ഒരുക്കി വെച്ച ആ കൂട്ടിലേക്ക്‌. എന്നെ പോലെ വാർദ്ധഖ്യം ബാധിച്ചവരെ കൊണ്ട് തള്ളുന്ന സ്ഥലം. അവിടെ എല്ലാവരും ഒരുപോലെ. ജാതിയില്ല, മതമില്ല..എല്ലാവരുടേയും ദുഖത്തിന് ഉപേക്ഷിക്കപ്പെട്ടവന്റെ രോദനത്തിന്റെ മുഖം മാത്രം .
ഇന്ന് എനിക്ക് ഒരു ദിവസത്തെ പരോളായിരുന്നു. അത് തീരുകയാണ്. നിനക്കുള്ളത് പോലെ ഒരു മകൾ എനിക്കില്ലാതെ പോയെല്ലോ എന്നാണ് എന്റെ ഇന്നത്തെ ദുഃഖം.
* വയസ്സാൻ കാലത്ത് ഒരു മൂലയ്ക്ക് തളർന്ന് കിടക്കുമ്പോൾ നിന്റെയൊക്കെ ചന്തി...*
ആ വാക്കുകൾ മുഴുമിക്കാൻ കഴിയാതെ തൊണ്ടയിൽ കുടുങ്ങി കിടന്നു , തിരിച്ചു നടക്കുമ്പോൾ മക്കൾ ഒരുക്കി തന്ന ആ കാരാഗ്രഹം മാത്രമായിരുന്നു മനസ്സിൽ..!!
----------------------------
നാസർ പുതുശ്ശേരി
തിരുവാലി.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo