അങ്ങേ തലയ്ക്കൽ ഫോൺ എടുത്തപ്പോൾ നെഞ്ചിലൊരു വിങ്ങൽ ......ഒരുപാടായി അവളുടെ ശബ്ദം കേട്ടിട്ട് ...." ഹലോ ചിത്ര ...ഇത് ഞാൻ ..... ജോൺ....." ഒരു നിമിഷത്തെ മൗനത്തിനു ശേഷം അവൾ അങ്ങേ തലയ്ക്കൽ കിടന്നു ചിലയ്ക്കാൻ തുടങ്ങി ............" എടാ ജോണേ ...നീയോ ?????? എവടന്നാടാ??? നീയിപ്പോ എന്തു ചെയ്യുകയാ????...... നമ്മുടെ പിള്ളേരെ ഒക്കെ കാണാറുണ്ടോ ???? സുബിനും സുമിതേം ജയലക്ഷ്മിയും ഒക്കെ എന്തെടുക്കാ ??? നിങ്ങൾ പിന്നെ കോളേജിലേക്കൊക്കെ പോകാറുണ്ടോ ???....."
ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിക്കഴിഞ്ഞപ്പോൾ അവൾ ഒന്നടങ്ങി ......വീണ്ടും ആ മൗനം പരന്നു...... " നിനക്ക് ഇടക്കൊക്കെ ഒന്നു വിളിച്ചൂടെ ?? ഞങ്ങൾ ഒക്കെ ജീവനോടെ ഉണ്ടോ എന്നെങ്കിലും അറിയാലോ ....." ഞാൻ ചോദിച്ചു ...
" ഓ പിന്നേ...... നിങ്ങളുടെ ഫോട്ടോ ഒക്കെ ഞാൻ ഫേസ്ബുക്കിൽ കാണാറുണ്ട് ... നീ ഒന്നും തല്ലിക്കൊന്നാലും ചാവൂല ......പിന്നെ സമയം കിട്ടണ്ടേ വിളിക്കാൻ ..."..
." എന്നാലും കല്യാണം കഴിഞ്ഞാൽ ഇങ്ങനെ മാറുമോ പെൺപിള്ളേർ ????......നഴ്സറിയിൽ തൊട്ടു ഒരുമിച്ചു പഠിച്ച കൂട്ടുകാരേം വേണ്ട ..നാട്ടുകാരേം വേണ്ട ..... "
അത്ര നേരം ഉണ്ടായിരുന്ന ആ ഒരു പ്രസരിപ്പ് അല്പം മങ്ങി ...." നിനക്കത് പറഞ്ഞാൽ മനസ്സിലാവില്ല ..... നീ കെട്ടുന്ന പെണ്ണിന്റെ കൂട്ടുകാർക്ക് നിന്റെ ഗതി വരാതെ ഇരിക്കട്ടെ ...."
എത്ര മങ്ങിയാലും നിന്റെ സംസാരത്തിലെ കുസൃതി കുറയുന്നില്ലല്ലോ പെണ്ണേ ..." ഞാൻ വിളിച്ചത് വേറൊന്നും കൊണ്ടല്ല ...നീ സുമിതേടെ കല്യാണത്തിന് വരുന്നില്ലേ ???"
"ഇല്ലടാ അന്നത്തെ ദിവസം ഒട്ടും പറ്റില്ല ..." അന്നത്തെ ദിവസം അവൾക്കു ചെയ്തു തീർക്കേണ്ട ജോലികളെ പറ്റിയും അതു കഴിഞ്ഞു അവൾക്കു കൂടേണ്ട കുടുംബ യോഗത്തിന്റെയും ഒക്കെ ഒരു നീണ്ട വിവരണം തന്നു അവൾ .....ആ ദിവസം തന്നെ കിട്ടിയുള്ളോ സുമിതക്ക് കല്യാണം വക്കാൻ എന്നൊരു പരാതിയും ...എനിക്കു മനസ്സിലാകില്ലേ ..ഈ പറഞ്ഞു കൂട്ടുന്ന നുണയൊക്കെ???? .....ആ വാക്കുകളിൽ തളം കെട്ടി നിൽക്കുന്ന നൊമ്പരത്തെ....??? അവളുടെ കല്യാണം കഴിഞ്ഞതിൽ പിന്നെ ഒരു ചടങ്ങിന് പോലും അവളെ പങ്കെടുത്തു കണ്ടിട്ടില്ലെന്ന് എനിക്കും അറിയാവുന്നതല്ലേ ...????
അല്പനേരം വീണ്ടും പരന്ന മൗനത്തെ ഭേദിച്ചുകൊണ്ട് ഞാൻ ചോദിച്ചു ..".സുഖല്ലേ നിനക്ക് ????"... അവൾ ഒരു നെടുവീർപ്പിട്ടു പറഞ്ഞു ..."അതേലോ... സുഖാണ്....."........." ആ പറച്ചിലിന് ഒരു സുഖം ഇല്ലല്ലോ ....."
അവൾ വീണ്ടും ചിലയ്ക്കാൻ തുടങ്ങി ......" എടാ നീ കേട്ടിട്ടില്ലേ ....ഈ പട പേടിച്ചു പന്തളത്തു ചെന്നപ്പോ അവിടെ പന്തം കൊളുത്തി പട എന്ന്.....ഏതാണ്ടത് പോലെയാ .....അച്ഛന്റെ കുടിയും അമ്മയെ ഇട്ടുള്ള തല്ലലും കണ്ടു കരഞ്ഞിരുന്ന രാത്രികളെ ഉള്ളു ജീവിതത്തിൽ .....കല്യാണം കഴിഞ്ഞപ്പോ ..ഇനി അതൊന്നും കാണണ്ടല്ലോ എന്നാലോചിച്ചു സമാധാനിച്ചു ഇരിക്കയായിരുന്നു ....അപ്പൊ നോക്കിയപ്പോ എന്റെ കെട്ട്യോനാ അതിലും മൂത്ത കുടിയൻ ...."
അതും പറഞ്ഞു അവൾ ചിരിക്കുമ്പോൾ ഞാൻ അന്തം വിട്ടു ...ചങ്കിൽ എവിടെയോ വല്ലാത്ത ഒരു വേദന ......."നിന്നെ ഉപദ്രവിക്കോ കുടിച്ചു കഴിഞ്ഞാൽ ....." ..ചോദിക്കുമ്പോൾ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു ....." ഇല്ലടാ ....അങ്ങനെ വല്യ ഉപദ്രവം ഒന്നും ഇല്ല ....ഇടയ്ക്ക് ഒരു രസത്തിനു കഴുത്തിൽ പിടിച്ചു ഞെക്കും ......വിടാൻ തോന്നുമ്പോ വിടും ...." അവൾ ഇതു തമാശ പറഞ്ഞതാണോ കാര്യമായിട്ട് പറഞ്ഞതാണോ എന്നറിയാതെ കുഴങ്ങി നിൽക്കുകയായിരുന്നു അപ്പോൾ ഞാൻ ... അല്ലെങ്കിലേ അവൾ അങ്ങനെയാ .... മലയിടിഞ്ഞു വന്നാലും ഒക്കെ ഒരു തമാശ ആയി പറയും ....അവൾ കാരണം ആരും വിഷമിക്കുന്നത് തീരെ ഇഷ്ടല്ലായിരുന്നു ....
"എടി നീ ഇതൊന്നും വീട്ടിൽ പറയാറില്ലേ ????.... " അവൾ പിന്നേം ചിരിച്ചു ..."ഏയ് ..എന്തിന്??? എന്തായാലും ഈ ജന്മം മുഴുവൻ ഇങ്ങനെ ജീവിക്കണം ...വീട്ടുകാരു പറയും .......ഇതാണ് ............ഇങ്ങനെയൊക്കെയാണ് ജീവിതം ....കുറെ ഒക്കെ അഡ്ജസ്റ് ചെയ്യണം ....അമ്മയൊക്കെ എന്തുമാത്രം സഹിച്ചു ......അതുപോലെ എങ്ങനെ എങ്കിലും ഒക്കെ ഒത്തും ഒപ്പിച്ചും പോണം എന്ന്...........ശെരിയല്ലേ....ഞാൻ ഒക്കെ കളഞ്ഞിട്ടു വീട്ടിൽ പോയാൽ ....കെട്ടിക്കാൻ ഇനിം ഉണ്ട് എനിക്ക് താഴെ രണ്ടു അനിയത്തിമാർ ......അവരെ കൂടെ ഞാൻ ആലോചിക്കണ്ടേ????......"
പറയാൻ എനിക്ക് മറുപടി ഉണ്ടായിരുന്നില്ല ....." നീ വിളിച്ചത് നന്നായി ..സുമിതനോട് പറ ട്ടോ ..എന്നോട് പിണങ്ങല്ലേ എന്ന് ...വേറെ ഒരു ദിവസം അവളെ കാണാൻ ഞാൻ വരും എന്ന് ....എന്നാ ഞാൻ വെക്കട്ടെ ടാ.... പശു ഉണ്ട് ....കറക്കാൻ നേരം ആയി ....."
ഫോൺ വച്ചതും എന്റെ കണ്ണിൽ നിന്നും രണ്ടു തുള്ളികൾ ഒലിച്ചിറങ്ങി ........ജാതി മതം അച്ഛൻ അമ്മ സഹോദരി ......ഇതൊക്കെ ഓർത്തു അവളോട് മനസ്സിലെ പ്രണയം പറയാതെ ഒളിച്ചു വച്ച പൊട്ട ബുദ്ധിയെ ഓർത്തു മനസു നൊന്തു ശപിക്കുകയായിരുന്നു ഞാൻ ...എന്നെ തന്നെ ..... അല്പ ദിവസത്തിനു ശേഷം ഒരു വാർത്ത അറിഞ്ഞു ...വീടിനു അടുത്തുള്ള കുളത്തിൽ മരിച്ച നിലയിൽ അവൾ ......... കാണാൻ പോയിരുന്നു ഞാൻ ......അവസാനമായി ......... എന്റെ മരണത്തിനു ഉത്തരവാദി നീ കൂടി ആണെന്ന് പറയാതെ പറയും പോൽ ഉണ്ടായിരുന്നു അവളുടെ മുഖം
By: SilpaSiju
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക