Showing posts with label ശില്പസിജു. Show all posts
Showing posts with label ശില്പസിജു. Show all posts

മരണത്തിനുത്തരവാദി


അങ്ങേ തലയ്ക്കൽ ഫോൺ എടുത്തപ്പോൾ നെഞ്ചിലൊരു വിങ്ങൽ ......ഒരുപാടായി അവളുടെ ശബ്ദം കേട്ടിട്ട് ...." ഹലോ ചിത്ര ...ഇത് ഞാൻ ..... ജോൺ....." ഒരു നിമിഷത്തെ മൗനത്തിനു ശേഷം അവൾ അങ്ങേ തലയ്ക്കൽ കിടന്നു ചിലയ്ക്കാൻ തുടങ്ങി ............" എടാ ജോണേ ...നീയോ ?????? എവടന്നാടാ??? നീയിപ്പോ എന്തു ചെയ്യുകയാ????...... നമ്മുടെ പിള്ളേരെ ഒക്കെ കാണാറുണ്ടോ ???? സുബിനും സുമിതേം ജയലക്ഷ്മിയും ഒക്കെ എന്തെടുക്കാ ??? നിങ്ങൾ പിന്നെ കോളേജിലേക്കൊക്കെ പോകാറുണ്ടോ ???....."
ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിക്കഴിഞ്ഞപ്പോൾ അവൾ ഒന്നടങ്ങി ......വീണ്ടും ആ മൗനം പരന്നു...... " നിനക്ക് ഇടക്കൊക്കെ ഒന്നു വിളിച്ചൂടെ ?? ഞങ്ങൾ ഒക്കെ ജീവനോടെ ഉണ്ടോ എന്നെങ്കിലും അറിയാലോ ....." ഞാൻ ചോദിച്ചു ...
" ഓ പിന്നേ...... നിങ്ങളുടെ ഫോട്ടോ ഒക്കെ ഞാൻ ഫേസ്ബുക്കിൽ കാണാറുണ്ട് ... നീ ഒന്നും തല്ലിക്കൊന്നാലും ചാവൂല ......പിന്നെ സമയം കിട്ടണ്ടേ വിളിക്കാൻ ..."..
." എന്നാലും കല്യാണം കഴിഞ്ഞാൽ ഇങ്ങനെ മാറുമോ പെൺപിള്ളേർ ????......നഴ്സറിയിൽ തൊട്ടു ഒരുമിച്ചു പഠിച്ച കൂട്ടുകാരേം വേണ്ട ..നാട്ടുകാരേം വേണ്ട ..... "
അത്ര നേരം ഉണ്ടായിരുന്ന ആ ഒരു പ്രസരിപ്പ് അല്പം മങ്ങി ...." നിനക്കത് പറഞ്ഞാൽ മനസ്സിലാവില്ല ..... നീ കെട്ടുന്ന പെണ്ണിന്റെ കൂട്ടുകാർക്ക് നിന്റെ ഗതി വരാതെ ഇരിക്കട്ടെ ...."
എത്ര മങ്ങിയാലും നിന്റെ സംസാരത്തിലെ കുസൃതി കുറയുന്നില്ലല്ലോ പെണ്ണേ ..." ഞാൻ വിളിച്ചത് വേറൊന്നും കൊണ്ടല്ല ...നീ സുമിതേടെ കല്യാണത്തിന് വരുന്നില്ലേ ???"
"ഇല്ലടാ അന്നത്തെ ദിവസം ഒട്ടും പറ്റില്ല ..." അന്നത്തെ ദിവസം അവൾക്കു ചെയ്തു തീർക്കേണ്ട ജോലികളെ പറ്റിയും അതു കഴിഞ്ഞു അവൾക്കു കൂടേണ്ട കുടുംബ യോഗത്തിന്റെയും ഒക്കെ ഒരു നീണ്ട വിവരണം തന്നു അവൾ .....ആ ദിവസം തന്നെ കിട്ടിയുള്ളോ സുമിതക്ക് കല്യാണം വക്കാൻ എന്നൊരു പരാതിയും ...എനിക്കു മനസ്സിലാകില്ലേ ..ഈ പറഞ്ഞു കൂട്ടുന്ന നുണയൊക്കെ???? .....ആ വാക്കുകളിൽ തളം കെട്ടി നിൽക്കുന്ന നൊമ്പരത്തെ....??? അവളുടെ കല്യാണം കഴിഞ്ഞതിൽ പിന്നെ ഒരു ചടങ്ങിന് പോലും അവളെ പങ്കെടുത്തു കണ്ടിട്ടില്ലെന്ന് എനിക്കും അറിയാവുന്നതല്ലേ ...????
അല്പനേരം വീണ്ടും പരന്ന മൗനത്തെ ഭേദിച്ചുകൊണ്ട് ഞാൻ ചോദിച്ചു ..".സുഖല്ലേ നിനക്ക് ????"... അവൾ ഒരു നെടുവീർപ്പിട്ടു പറഞ്ഞു ..."അതേലോ... സുഖാണ്....."........." ആ പറച്ചിലിന് ഒരു സുഖം ഇല്ലല്ലോ ....."
അവൾ വീണ്ടും ചിലയ്ക്കാൻ തുടങ്ങി ......" എടാ നീ കേട്ടിട്ടില്ലേ ....ഈ പട പേടിച്ചു പന്തളത്തു ചെന്നപ്പോ അവിടെ പന്തം കൊളുത്തി പട എന്ന്.....ഏതാണ്ടത് പോലെയാ .....അച്ഛന്റെ കുടിയും അമ്മയെ ഇട്ടുള്ള തല്ലലും കണ്ടു കരഞ്ഞിരുന്ന രാത്രികളെ ഉള്ളു ജീവിതത്തിൽ .....കല്യാണം കഴിഞ്ഞപ്പോ ..ഇനി അതൊന്നും കാണണ്ടല്ലോ എന്നാലോചിച്ചു സമാധാനിച്ചു ഇരിക്കയായിരുന്നു ....അപ്പൊ നോക്കിയപ്പോ എന്റെ കെട്ട്യോനാ അതിലും മൂത്ത കുടിയൻ ...."
അതും പറഞ്ഞു അവൾ ചിരിക്കുമ്പോൾ ഞാൻ അന്തം വിട്ടു ...ചങ്കിൽ എവിടെയോ വല്ലാത്ത ഒരു വേദന ......."നിന്നെ ഉപദ്രവിക്കോ കുടിച്ചു കഴിഞ്ഞാൽ ....." ..ചോദിക്കുമ്പോൾ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു ....." ഇല്ലടാ ....അങ്ങനെ വല്യ ഉപദ്രവം ഒന്നും ഇല്ല ....ഇടയ്ക്ക് ഒരു രസത്തിനു കഴുത്തിൽ പിടിച്ചു ഞെക്കും ......വിടാൻ തോന്നുമ്പോ വിടും ...." അവൾ ഇതു തമാശ പറഞ്ഞതാണോ കാര്യമായിട്ട് പറഞ്ഞതാണോ എന്നറിയാതെ കുഴങ്ങി നിൽക്കുകയായിരുന്നു അപ്പോൾ ഞാൻ ... അല്ലെങ്കിലേ അവൾ അങ്ങനെയാ .... മലയിടിഞ്ഞു വന്നാലും ഒക്കെ ഒരു തമാശ ആയി പറയും ....അവൾ കാരണം ആരും വിഷമിക്കുന്നത് തീരെ ഇഷ്ടല്ലായിരുന്നു ....
"എടി നീ ഇതൊന്നും വീട്ടിൽ പറയാറില്ലേ ????.... " അവൾ പിന്നേം ചിരിച്ചു ..."ഏയ് ..എന്തിന്??? എന്തായാലും ഈ ജന്മം മുഴുവൻ ഇങ്ങനെ ജീവിക്കണം ...വീട്ടുകാരു പറയും .......ഇതാണ് ............ഇങ്ങനെയൊക്കെയാണ് ജീവിതം ....കുറെ ഒക്കെ അഡ്ജസ്റ് ചെയ്യണം ....അമ്മയൊക്കെ എന്തുമാത്രം സഹിച്ചു ......അതുപോലെ എങ്ങനെ എങ്കിലും ഒക്കെ ഒത്തും ഒപ്പിച്ചും പോണം എന്ന്...........ശെരിയല്ലേ....ഞാൻ ഒക്കെ കളഞ്ഞിട്ടു വീട്ടിൽ പോയാൽ ....കെട്ടിക്കാൻ ഇനിം ഉണ്ട് എനിക്ക് താഴെ രണ്ടു അനിയത്തിമാർ ......അവരെ കൂടെ ഞാൻ ആലോചിക്കണ്ടേ????......"
പറയാൻ എനിക്ക് മറുപടി ഉണ്ടായിരുന്നില്ല ....." നീ വിളിച്ചത് നന്നായി ..സുമിതനോട് പറ ട്ടോ ..എന്നോട് പിണങ്ങല്ലേ എന്ന് ...വേറെ ഒരു ദിവസം അവളെ കാണാൻ ഞാൻ വരും എന്ന് ....എന്നാ ഞാൻ വെക്കട്ടെ ടാ.... പശു ഉണ്ട് ....കറക്കാൻ നേരം ആയി ....."
ഫോൺ വച്ചതും എന്റെ കണ്ണിൽ നിന്നും രണ്ടു തുള്ളികൾ ഒലിച്ചിറങ്ങി ........ജാതി മതം അച്ഛൻ അമ്മ സഹോദരി ......ഇതൊക്കെ ഓർത്തു അവളോട് മനസ്സിലെ പ്രണയം പറയാതെ ഒളിച്ചു വച്ച പൊട്ട ബുദ്ധിയെ ഓർത്തു മനസു നൊന്തു ശപിക്കുകയായിരുന്നു ഞാൻ ...എന്നെ തന്നെ ..... അല്പ ദിവസത്തിനു ശേഷം ഒരു വാർത്ത അറിഞ്ഞു ...വീടിനു അടുത്തുള്ള കുളത്തിൽ മരിച്ച നിലയിൽ അവൾ ......... കാണാൻ പോയിരുന്നു ഞാൻ ......അവസാനമായി ......... എന്റെ മരണത്തിനു ഉത്തരവാദി നീ കൂടി ആണെന്ന് പറയാതെ പറയും പോൽ ഉണ്ടായിരുന്നു അവളുടെ മുഖം

By: SilpaSiju

കുട്ടികൾ എല്ലാം അറിയണം


ഞായറാഴ്ച ട്യൂഷൻ കഴിഞ്ഞു മോള് എത്താറുള്ള സമയം കഴിഞ്ഞു ..... അഞ്ചു മിനിട്ടു കൂടെ നോക്കിയിട്ടു കണ്ടിലെങ്കിൽ ഇറങ്ങാം എന്നുള്ള മനസ്സിൽ ഞാൻ ഷർട്ടും ഇട്ടു പൂമുഖത്തു ഉലാത്തുമ്പോൾ , അതാ അവളുടെ സൈക്കിളിന്റെ ബെല്ലടി ....
"എന്തേടി ലച്ചു ഇത്രേം വൈകിയേ???...." എന്ന് ചോദിച്ചിട്ടും ഒരു ഭാവ വ്യത്യാസവും ഇല്ലാ .....മുഖത്ത് കടന്നല് കുത്തിയ മട്ടും.....
ബാഗും കൊണ്ട് അകത്തേക്ക് പോയ ആൾ വലത്തേ കയ്യിൽ ചായഗ്ലാസ്സും ഇടത്തെ കയ്യിൽ ഞാൻ മേടിച്ചു വച്ചിരുന്ന ബീഫ് റോളും കൊണ്ട് പുറത്തേക്കു വന്നു ....
"അച്ഛാ ...ഇതെന്തിനാ മേടിച്ചേ??? " എന്നൊരു ചോദ്യവും
ഭഗവാനെ ഇവളിനി എന്റെ ഗോമാതാവിനെ ചോദ്യം ചെയ്യാൻ പോവാണോ എന്ന് ആലോചിച്ചു നിൽക്കുമ്പോൾ ഇടിവെട്ട് പോലെ ആയിരുന്നു ആ ചോദ്യം .....
"അച്ഛനിനി ബാങ്കിലും സൊസൈറ്റി ലും ഒക്കെ കൂടെ എത്ര ലക്ഷം കടം ഉണ്ട് ???"
ഞാൻ തെല്ലൊന്നു അമ്പരന്നു ....." എന്തെ മോളെ നിനക്കു ലോട്ടറി വല്ലോം അടിച്ചോ "എന്ന് ചോദിച്ചു ഒന്ന് ചിരിച്ചു.....( സത്യം പറഞ്ഞാൽ ഇളിച്ചു .)
"പറ അച്ഛാ ..... അച്ഛൻ ഈ വീട് പണിയാൻ പത്തു ലക്ഷം എടുത്തിട്ടുണ്ട് എന്ന് എനിക്ക് അറിയാം .........കുഞ്ഞമ്മായിയെ കല്യാണം കഴിപ്പിക്കാനും കടം എടുത്തിട്ടുണ്ട് എന്നറിയാം .... അച്ഛമ്മക്ക് ഓപ്പറേഷൻ വന്നപ്പോഴും എവിടെന്നൊക്കെയോ കടം വാങ്ങിയിട്ടുണ്ട് ല്ലേ .... ഇതൊക്കെ അടച്ചു തീരാറായോ അച്ഛാ ???"
ഓഹോ .... പഠിക്കാൻ മിടുക്കിയാണല്ലോ എന്നാലോചിച്ചാ നിന്നെ ട്യൂഷന് വിട്ടത് ...നീ പഠിച്ചു പഠിച്ചു വല്യ പണിക്കത്തി ആയല്ലോ ....ഞാൻ സ്വരം അൽപ്പം കടുപ്പിച്ചു ....
"ഡീ പെണ്ണെ ..നീ ചായ കുടിച്ചു പോയിരുന്നു പഠിച്ചേ ...വല്യ വല്യ കാര്യങ്ങൾ ഒന്നും അന്വേഷിക്കേണ്ട ....അച്ഛന് കടം ഉണ്ടാകും അത് അച്ഛൻ വീട്ടുകയും ചെയ്യും മക്കൾ ഈ വക കാര്യങ്ങൾ ഒന്നും ഇപ്പൊ അറിയണ്ട കേട്ടോ ...."
വൈക്കോൽ തുറു കേറ്റി വരുന്ന പാണ്ടി ലോറി പോലെ ഒരു ലോഡ് അലക്കിയ തുണിയും കൊണ്ട് അവളുടെ 'അമ്മ രംഗ പ്രവേശനം ചെയ്തു ...
"എന്താ ഇവിടെ അച്ഛനും മോളും കൂടെ ഒരു കിന്നാരം ...."
"ആ 'അമ്മ വന്നാ.... ഇങ്ങു വാ ... അമ്മക്ക് ഈ വെഡിങ് ആനിവേഴ്സറിക്ക് എന്താ വേണം എന്ന് പറയുന്നുണ്ടായിരുന്നേ..ഡയമണ്ട് മോതിരമോ ???...ലോക്കേറ്റോ????"
അവൾ അല്പം നാണിച്ച ചിരിയോടെ മൊഴിഞ്ഞു ...." ഈ മഞ്ജു വാരിയർടെ പരസ്യത്തിൽ കാണുന്നില്ലേ അയ്യായിരം രൂപേടെ ...."
"'അമ്മ എന്നാ അമ്മെ ഏതേലും കടേല് പോയിട്ട് ബഡ്ജറ്റിന് താഴെ ഉള്ള സാധനം എടുത്തിട്ടുള്ളത് ???...."
ആദ്യമായിട്ട് മോളുടെ വായിൽ നിന്നും ഇത്രേം നല്ല ഒരു കാര്യം വീണത് കേട്ട് ഞാൻ വീണ്ടും ഞെട്ടി ...ഇത്രയും ഒക്കെ ആയപ്പോഴേക്കും എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി ...
"ലച്ചു ഇങ്ങു വാ .... മോൾ ഇപ്പൊ ഇങ്ങനെ ഒക്കെ പറയാൻ എന്താ കാര്യം ??? അച്ഛനോട് പറ ..."
കുറച്ചു നേരം അവൾ മിണ്ടാണ്ട് നിന്നു.....
"അച്ഛാ ....ഷാനുന്റെ മമ്മയും ആത്മഹത്യ ചെയ്യാൻ നോക്കി ...സീരിയസ്സാ .... ഷാനുവിനെ ട്യൂഷൻ ക്ലാസ്സിൽ നിന്നു വിളിക്കാൻ അവന്റെ പാപ്പൻ വന്നിരുന്നു ...."
മോളുടെ കൂടെ ക്ലാസ്സിൽ പഠിക്കുന്നതാ ഷാനു ..... അത്യാവശ്യം ആഡംബരവും അടിച്ചു പൊളിയുമായി ജീവിച്ചിരുന്ന കുടുംബമാണവരുടേത് .....പെട്ടെന്നൊരു ദിവസം ഡേവിഡ് , അവന്റെ അപ്പൻ ആത്മഹത്യ ചെയ്തപ്പോഴാണ് അവർക്കുള്ള കടങ്ങളുടെയും ലോണുകളുടെയും ഞെട്ടിക്കുന്ന കഥ പുറം ലോകം അറിഞ്ഞത്..... താഴെ രണ്ടു പെൺകുഞ്ഞുങ്ങളെയും വച്ച് എന്ത് ചെയ്യണം എന്നറിയാതെ വിഷമിക്കുകയായിരുന്നു കുറച്ചു നാളുകളായി അവന്റെ 'അമ്മ
"അവന്റെ അപ്പൻ മരിക്കുന്നതിന് രണ്ടാഴ്ച മുൻപാ അവൻ ഒന്നര ലക്ഷത്തിന്റെ പുതിയ ബുള്ളെറ്റ് എടുത്തത്.... ഇത്രയും കടം പപ്പക്ക് ഉണ്ടെന്നു അറിഞ്ഞിരുന്നെങ്കിൽ ഇങ്ങനെ ഒന്നും ഞാൻ വേടിച്ചു തരാൻ പറയില്ലായിരുന്നു എന്ന് പറഞ്ഞു അവൻ ഇന്നലെ ഒത്തിരി കരഞ്ഞു .....അച്ഛാ ..എനിക്കെന്റെ പിറന്നാളിന് പുത്തൻ സ്വർണപാദസരം വേണം എന്ന് പറഞ്ഞപ്പോൾ ഞാൻ ഓർത്തിരുന്നില്ല എന്റെ അച്ഛനും കടം ഉണ്ടെന്ന് ..... ഞങ്ങളോട് കൂടെ പറഞ്ഞൂടെ അച്ഛന് ...എത്ര കടം ഉണ്ട് ... നമ്മൾ എങ്ങനെ ജീവിക്കണം .... ഒന്നും അറിയിക്കാതെ വച്ചിരുന്നിട്ടു എന്തിനാ ???"
എനിക്ക് തലയ്ക്കു വല്ലാത്തൊരു ഭാരം അനുഭവപ്പെട്ടു ....ശരിയാണ് ...ഒത്തിരി കടങ്ങൾ ഉണ്ട് ...എങ്ങനെ വീട്ടും എന്ന് ആലോചിക്കുമ്പോൾ ഒരു പ്രയാസം തോന്നാറുണ്ട് ..എങ്കിലും എല്ലാം നടക്കും ....അല്പം പ്രാരാബ്ദം ഇല്ലാതെന്തു ജീവിതം എന്ന് കരുതി മുന്നോട്ടു ചലിക്കുമ്പോഴും ഒരിടത്തു പോലും മക്കളുടെയും ഭാര്യയുടെയും ഇഷ്ടങ്ങൾ കണ്ടില്ലാ എന്ന് നടിച്ചിട്ടില്ല ....എന്റെ കഷ്ടപ്പാടുകൾ അവർ അറിയരുത് എന്നേ കരുതിയിട്ടുള്ളു .....
"അച്ഛാ ..... എനിക്ക് പുതിയ സൈക്കിൾ വേണമെന്ന് പറഞ്ഞില്ലേ ....എനിക്ക് അതും വേണ്ട ...."
ഇളയ മോൻ ആണ് ...... ഈശ്വരാ കുഞ്ഞുങ്ങൾ എല്ലാം ചേർന്ന് എന്നേ തോൽപ്പിക്കുകയാണോ ???.....ഭാര്യയെ നോക്കിയപ്പോൾ കണ്ണുകൾ നിറഞ്ഞു തുളുമ്പി അവളും നിൽക്കുന്നു ... അവൾക്കും ഉണ്ടാകാം ..ഒന്നും വേണ്ട എന്ന് ...കുഞ്ഞുങ്ങളുടെ മുൻപിൽ വേണ്ട എന്ന് പറയാനുള്ള ഈഗോ കൊണ്ട് അങ്ങനെ നിക്കുകയാണെന്ന് എനിക്ക് അറിയാം ...നമ്മൾ മുതിർന്നവർക്കല്ലേ ഈഗോ ഉള്ളു അല്ലെ ??
" മോള് വീണ്ടും കയ്യിൽ പിടിച്ചിട്ട് പറഞ്ഞു ...നമുക്കാദ്യം കടമൊക്കെ തീർക്കാം ...എന്നിട്ട് അടിച്ചു പൊളിക്കാം ..എന്താ ..."
മക്കളെ രണ്ടു പേരെയും ചേർത്ത് പിടിക്കുമ്പോൾ ഒത്തിരി അഭിമാനം തോന്നി ...... ഓരോരോ ആവശ്യങ്ങൾ ചോദിക്കുമ്പോൾ നമ്മുടെ കുട്ടിക്കാലത്തു പറമ്പു കിളച്ച കഥയും അടക്ക പൊളിച്ച കഥയും പാടം കൊയ്യാൻ പോയ കഥയും ഒക്കെ പറഞ്ഞു കുട്ടികളെ നമ്മൾ പുച്ഛിക്കാറുണ്ട്...... നിങ്ങൾക്കൊക്കെ വല്ലതും അറിയണോ ??? എന്ന് ...പക്ഷെ നമ്മുടെ യഥാർത്ഥ സാമ്പത്തിക സ്ഥിതി എന്താണെന്നും എങ്ങനെ ആണെന്നും അറിയാത്ത കുട്ടികളെ ഒന്നും പറഞ്ഞു മനസ്സിലാക്കാൻ മെനക്കെടാറില്ല ......
കുട്ടികൾ ഒന്നും അറിയേണ്ടാത്തവർ അല്ല ...അവർ അറിയണം ....എല്ലാം...

by: 
Silpa Siju

രാത്രി


രാത്രി ഒരു ഏഴേഴര മണിയായിട്ടുണ്ടാകും ...അടുക്കള ഭാഗത്തു നിന്നും എന്തൊക്കെയോ നല്ല മണം വരുന്നു ....... വായിച്ചുകൊണ്ടിരുന്ന ബോട്ടണി ടെക്സ്റ്റ് ബുക്കും പൂട്ടി വച്ച് ഞാൻ അടുക്കളയിൽ ചെന്നപ്പോൾ ഏഴാം ക്ലാസ്സുകാരൻ എന്റെ അനിയൻ , അടുക്കളയിലെ ബെഞ്ചിൽ ഇരുന്നു വെട്ടി വിഴുങ്ങുകയാണ്......" മുട്ടപ്പത്തിരി"....
"എന്റെ അമ്മെ ...ഇവൻ വൈകീട്ട് ചായ കുടിച്ചതല്ലേ ... 'അമ്മ ഇവനെ ഇങ്ങനെ തീറ്റി തീറ്റി ഭീമസേനൻറെ പോലെ ആയി ..ഇരിക്കണ കണ്ടില്ലേ വൈക്കോൽ തുറു...."
"കുഞ്ഞോളെ നീയും ഒരു പ്ലേറ്റ് എടുക്കെടി ... അത് പിന്നെ എന്റെ മോനിത്തിരി തടി ഉണ്ടെന്നും കരുതി ...അവനൊരു ആഗ്രഹം പറഞ്ഞാൽ ഉണ്ടാക്കിക്കൊടുക്കാണ്ടിരിക്കാൻ പറ്റോ ???"
"എനിക്കെങ്ങും വേണ്ട ...ഞാൻ ചോറ് തിന്നോളാം "
" അമ്മെ 'അമ്മ ഉണ്ടാക്കിയ ആ ഇഞ്ചംപുളി തീർന്നോ ????..ശ്ശൊ ...എന്തൊരു ടേസ്റ്റ് ആയിരുന്നു ...." അനിയൻ വായിൽ പത്തിരിയും കുത്തി നിറച്ചു അമ്മയെ സോപ്പിടുകയാണ് ..... 'അവനറിയാം അമ്മയെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന്....
പെട്ടെന്ന് നോക്കിയപ്പോൾ അടുപ്പിന്റെ വക്കത്തു അതാ നാലു മാങ്ങകൾ ..... ഞാൻ എടുത്തു നോക്കി ....നല്ല ചപ്പിക്കുടിയൻ മാങ്ങയാ....
"എടി പെണ്ണെ അതെടുക്കല്ലേ ...ഞാൻ മാമ്പഴ പുളിശ്ശേരി വക്കാൻ പോവാ ......നിന്റെ അച്ഛന് വല്യ ഇഷ്ടമാ ....അച്ഛമ്മയ്ക്കും ഇഷ്ടായിരുന്നു .... കഴിഞ്ഞ വിഷു ന് വിഷുക്കട്ട കൊണ്ട് കൊടുത്തപ്പോൾ ..പുളിശ്ശേരി എവിടെടി പെണ്ണെന്നു ചോദിച്ചപ്പോ എനിക്കാകെ വിഷമം ആയിപ്പോയി ...പിറ്റേന്ന് തന്നെ മാങ്ങേ മേടിച്ചു വെച്ച് കൊണ്ട് കൊടുത്തപ്പോൾ കാണണമായിരുന്നു അമ്മേടെ സന്തോഷം ........ എന്റെ പാചകം അത്രക്ക് ഇഷ്ടായിരുന്നെ .....പണ്ട് നമ്മൾ തറവാട്ടു വീട്ടിൽ ആയിരുന്നപ്പോ നിന്റെ അച്ഛൻ ചട്ടി വരെ വടിച്ചു നക്കുമായിരുന്നു പുളിശ്ശേരി വച്ചാൽ ...."
"അമ്മെ സ്വന്തം പാചകം പൊക്കിപ്പറയുന്നത് അത്ര ശെരിയല്ലട്ടോ" എന്നും പറഞ്ഞു ചിരിച്ചുകൊണ്ട് മുറിയിലേക്ക് നടക്കുമ്പോൾ എനിക്ക് പാവം തോന്നി ....നന്നായിട്ടു വക്കും 'അമ്മ ......അമ്മയുടെ സ്പെഷ്യലുകൾക്ക്‌ ക്ലാസ്സിൽ ആവശ്യക്കാർ ഏറെ ആണ് ....എങ്കിലും വേണ്ടത്ര അഭിനന്ദനം ഞങ്ങൾ കൊടുക്കാത്തതുകൊണ്ടാണോ ആവോ ....'അമ്മ ഇങ്ങനെ സ്വയം പൊക്കി പറയുന്നത് ....
വൈകുന്നേരം അച്ഛന് ചോറ് വിളമ്പുമ്പോ അമ്മേടെ മുഖം ഒന്ന് കാണണമായിരുന്നു .....സന്തോഷം കൊണ്ട് തുടുത്തിരുന്നു ............അച്ഛന്റെ പ്രിയപ്പെട്ട കറി അല്ലെ വിളമ്പുന്നത് ........... അച്ഛൻ കറി കൂട്ടി ചോറ് വായിൽ വച്ചതും കമൻറു കേൾക്കാൻ 'അമ്മ അങ്ങനെ റെഡി ആയി നിന്നു....
"ഡീ നിനക്ക് കിടക്ക ഒന്ന് വിരിച്ചിട്ടുടെ ??? അതിൽ മൊത്തം നിന്റെ ക്ലിപ്പുകൾ ആണല്ലോ ???"
അച്ഛന്റെ വായിൽ നിന്നും പ്രതീക്ഷിക്കാത്ത കമൻറു വീണിട്ടാണോ ആവൊ 'അമ്മ ഒന്ന് തരിച്ചു നിന്നു ....
"കിടക്കും മുൻപ് വിരിച്ചിടാൻ ഇരിക്കുവായിരുന്നു ..."
"നിനക്കെന്താ ഇതിനും വേണ്ടും പണി ??? ആകെ ചോറും കറിയും വക്കുന്നതോ??......രണ്ടു തുണി വാഷിംഗ് മെഷീനിൽ ഇടുന്നതോ???.... കാലത്തു തൊട്ടു വെറുതെ ഇരിപ്പല്ലേ ??"
'അമ്മ ആകെ വല്ലാണ്ടായി ...എനിക്ക് പാവം തോന്നി ...അച്ഛന്റെ വായിൽ നിന്നും രണ്ടു നല്ല വർത്തമാനം പ്രതീക്ഷിച്ചു നിന്ന 'അമ്മ ശശി ....
പിന്നീട് സംസാരം ഒന്നും ഉണ്ടായില്ല ....അച്ഛൻ വീണ്ടും വീണ്ടും കറി എടുത്തു കൂട്ടുന്നതും ചാറ് എടുത്തു കുടിക്കുന്നതും കണ്ടാലേ അറിയാം .....നല്ല രുചി ഉണ്ടെന്ന് .... പക്ഷെ മുഖത്ത് ആളെ കൊല്ലാനുള്ള ഭാവം ........
" കറി രുചി ആയില്ല ല്ലേ ഏട്ടാ ???...." അമ്മയുടെ അവസാനത്തെ അടവാണ് ... അച്ഛനെക്കൊണ്ട് എന്തേലും പറയിപ്പിക്കാൻ ....ശ്ശൊ ...പാവം ...പ്രാക്ക് തോന്നിപ്പോയി ...
"ഉം" ....എന്നൊരു മൂളലും മൂളി അച്ഛൻ എഴുന്നേറ്റു കൈ കഴുകാൻ പോയി ....... അച്ഛൻ ആയിപ്പോയി ....ഇല്ലെങ്കിൽ ഞാൻ രണ്ടു ഈർക്കിലി എടുത്തു തല്ലിക്കൊന്നെനെ ......
അച്ഛന്റെ പാത്രവും എടുത്തു അടുക്കളയിലേക്കു നടന്ന അമ്മയുടെ കണ്ണ് കലങ്ങുന്നുണ്ടോ ??? ....."ചെല്ലെടാ "........എന്ന് ഞാൻ അനിയനോട് കണ്ണുകൊണ്ടു ആംഗ്യം കാണിച്ചു .....അവനും കാര്യം വേഗം മനസ്സിലായി....
" അമ്മെ ഈ ഞായറാഴ്ച എനിക്ക് കരാട്ടെ ക്ലാസ്സിൽ പോകുമ്പോ ഉള്ളിവട വേണം ട്ടോ .....കഴിഞ്ഞ പ്രാവശ്യം ആ അപ്പു കൊണ്ട് വന്നിരുന്നു ......കൊള്ളൂലായിരുന്നു......ഞാൻ അപ്പോഴേ പറഞ്ഞു .....ഉള്ളി വട കഴിക്കണേൽ നീ എന്റെ വീട്ടിൽ വാ ....എന്റെ 'അമ്മ അടിപൊളി ആയി ഉണ്ടാക്കും ....." അവനെക്കൊണ്ട് ആവും വിധം അവൻ വായിട്ടടിക്കുന്നുണ്ടായിരുന്നു ......
എന്ത് പറഞ്ഞിട്ടും അമ്മയുടെ മുഖം തെളിയുന്നില്ല എന്ന് കണ്ടപ്പോൾ എനിക്ക് മനസ്സിലായി ............ചില അംഗീകാരങ്ങൾ അങ്ങനെ ആണ് ...........നമ്മൾ ആഗ്രഹിക്കുന്നവരിൽ നിന്നും തന്നെ കിട്ടിയില്ലെങ്കിൽ അത് വലിയ സങ്കടം തന്നെയാണ് ...

by: 
Silpa Siju

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo