Slider

രാത്രി

0

രാത്രി ഒരു ഏഴേഴര മണിയായിട്ടുണ്ടാകും ...അടുക്കള ഭാഗത്തു നിന്നും എന്തൊക്കെയോ നല്ല മണം വരുന്നു ....... വായിച്ചുകൊണ്ടിരുന്ന ബോട്ടണി ടെക്സ്റ്റ് ബുക്കും പൂട്ടി വച്ച് ഞാൻ അടുക്കളയിൽ ചെന്നപ്പോൾ ഏഴാം ക്ലാസ്സുകാരൻ എന്റെ അനിയൻ , അടുക്കളയിലെ ബെഞ്ചിൽ ഇരുന്നു വെട്ടി വിഴുങ്ങുകയാണ്......" മുട്ടപ്പത്തിരി"....
"എന്റെ അമ്മെ ...ഇവൻ വൈകീട്ട് ചായ കുടിച്ചതല്ലേ ... 'അമ്മ ഇവനെ ഇങ്ങനെ തീറ്റി തീറ്റി ഭീമസേനൻറെ പോലെ ആയി ..ഇരിക്കണ കണ്ടില്ലേ വൈക്കോൽ തുറു...."
"കുഞ്ഞോളെ നീയും ഒരു പ്ലേറ്റ് എടുക്കെടി ... അത് പിന്നെ എന്റെ മോനിത്തിരി തടി ഉണ്ടെന്നും കരുതി ...അവനൊരു ആഗ്രഹം പറഞ്ഞാൽ ഉണ്ടാക്കിക്കൊടുക്കാണ്ടിരിക്കാൻ പറ്റോ ???"
"എനിക്കെങ്ങും വേണ്ട ...ഞാൻ ചോറ് തിന്നോളാം "
" അമ്മെ 'അമ്മ ഉണ്ടാക്കിയ ആ ഇഞ്ചംപുളി തീർന്നോ ????..ശ്ശൊ ...എന്തൊരു ടേസ്റ്റ് ആയിരുന്നു ...." അനിയൻ വായിൽ പത്തിരിയും കുത്തി നിറച്ചു അമ്മയെ സോപ്പിടുകയാണ് ..... 'അവനറിയാം അമ്മയെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന്....
പെട്ടെന്ന് നോക്കിയപ്പോൾ അടുപ്പിന്റെ വക്കത്തു അതാ നാലു മാങ്ങകൾ ..... ഞാൻ എടുത്തു നോക്കി ....നല്ല ചപ്പിക്കുടിയൻ മാങ്ങയാ....
"എടി പെണ്ണെ അതെടുക്കല്ലേ ...ഞാൻ മാമ്പഴ പുളിശ്ശേരി വക്കാൻ പോവാ ......നിന്റെ അച്ഛന് വല്യ ഇഷ്ടമാ ....അച്ഛമ്മയ്ക്കും ഇഷ്ടായിരുന്നു .... കഴിഞ്ഞ വിഷു ന് വിഷുക്കട്ട കൊണ്ട് കൊടുത്തപ്പോൾ ..പുളിശ്ശേരി എവിടെടി പെണ്ണെന്നു ചോദിച്ചപ്പോ എനിക്കാകെ വിഷമം ആയിപ്പോയി ...പിറ്റേന്ന് തന്നെ മാങ്ങേ മേടിച്ചു വെച്ച് കൊണ്ട് കൊടുത്തപ്പോൾ കാണണമായിരുന്നു അമ്മേടെ സന്തോഷം ........ എന്റെ പാചകം അത്രക്ക് ഇഷ്ടായിരുന്നെ .....പണ്ട് നമ്മൾ തറവാട്ടു വീട്ടിൽ ആയിരുന്നപ്പോ നിന്റെ അച്ഛൻ ചട്ടി വരെ വടിച്ചു നക്കുമായിരുന്നു പുളിശ്ശേരി വച്ചാൽ ...."
"അമ്മെ സ്വന്തം പാചകം പൊക്കിപ്പറയുന്നത് അത്ര ശെരിയല്ലട്ടോ" എന്നും പറഞ്ഞു ചിരിച്ചുകൊണ്ട് മുറിയിലേക്ക് നടക്കുമ്പോൾ എനിക്ക് പാവം തോന്നി ....നന്നായിട്ടു വക്കും 'അമ്മ ......അമ്മയുടെ സ്പെഷ്യലുകൾക്ക്‌ ക്ലാസ്സിൽ ആവശ്യക്കാർ ഏറെ ആണ് ....എങ്കിലും വേണ്ടത്ര അഭിനന്ദനം ഞങ്ങൾ കൊടുക്കാത്തതുകൊണ്ടാണോ ആവോ ....'അമ്മ ഇങ്ങനെ സ്വയം പൊക്കി പറയുന്നത് ....
വൈകുന്നേരം അച്ഛന് ചോറ് വിളമ്പുമ്പോ അമ്മേടെ മുഖം ഒന്ന് കാണണമായിരുന്നു .....സന്തോഷം കൊണ്ട് തുടുത്തിരുന്നു ............അച്ഛന്റെ പ്രിയപ്പെട്ട കറി അല്ലെ വിളമ്പുന്നത് ........... അച്ഛൻ കറി കൂട്ടി ചോറ് വായിൽ വച്ചതും കമൻറു കേൾക്കാൻ 'അമ്മ അങ്ങനെ റെഡി ആയി നിന്നു....
"ഡീ നിനക്ക് കിടക്ക ഒന്ന് വിരിച്ചിട്ടുടെ ??? അതിൽ മൊത്തം നിന്റെ ക്ലിപ്പുകൾ ആണല്ലോ ???"
അച്ഛന്റെ വായിൽ നിന്നും പ്രതീക്ഷിക്കാത്ത കമൻറു വീണിട്ടാണോ ആവൊ 'അമ്മ ഒന്ന് തരിച്ചു നിന്നു ....
"കിടക്കും മുൻപ് വിരിച്ചിടാൻ ഇരിക്കുവായിരുന്നു ..."
"നിനക്കെന്താ ഇതിനും വേണ്ടും പണി ??? ആകെ ചോറും കറിയും വക്കുന്നതോ??......രണ്ടു തുണി വാഷിംഗ് മെഷീനിൽ ഇടുന്നതോ???.... കാലത്തു തൊട്ടു വെറുതെ ഇരിപ്പല്ലേ ??"
'അമ്മ ആകെ വല്ലാണ്ടായി ...എനിക്ക് പാവം തോന്നി ...അച്ഛന്റെ വായിൽ നിന്നും രണ്ടു നല്ല വർത്തമാനം പ്രതീക്ഷിച്ചു നിന്ന 'അമ്മ ശശി ....
പിന്നീട് സംസാരം ഒന്നും ഉണ്ടായില്ല ....അച്ഛൻ വീണ്ടും വീണ്ടും കറി എടുത്തു കൂട്ടുന്നതും ചാറ് എടുത്തു കുടിക്കുന്നതും കണ്ടാലേ അറിയാം .....നല്ല രുചി ഉണ്ടെന്ന് .... പക്ഷെ മുഖത്ത് ആളെ കൊല്ലാനുള്ള ഭാവം ........
" കറി രുചി ആയില്ല ല്ലേ ഏട്ടാ ???...." അമ്മയുടെ അവസാനത്തെ അടവാണ് ... അച്ഛനെക്കൊണ്ട് എന്തേലും പറയിപ്പിക്കാൻ ....ശ്ശൊ ...പാവം ...പ്രാക്ക് തോന്നിപ്പോയി ...
"ഉം" ....എന്നൊരു മൂളലും മൂളി അച്ഛൻ എഴുന്നേറ്റു കൈ കഴുകാൻ പോയി ....... അച്ഛൻ ആയിപ്പോയി ....ഇല്ലെങ്കിൽ ഞാൻ രണ്ടു ഈർക്കിലി എടുത്തു തല്ലിക്കൊന്നെനെ ......
അച്ഛന്റെ പാത്രവും എടുത്തു അടുക്കളയിലേക്കു നടന്ന അമ്മയുടെ കണ്ണ് കലങ്ങുന്നുണ്ടോ ??? ....."ചെല്ലെടാ "........എന്ന് ഞാൻ അനിയനോട് കണ്ണുകൊണ്ടു ആംഗ്യം കാണിച്ചു .....അവനും കാര്യം വേഗം മനസ്സിലായി....
" അമ്മെ ഈ ഞായറാഴ്ച എനിക്ക് കരാട്ടെ ക്ലാസ്സിൽ പോകുമ്പോ ഉള്ളിവട വേണം ട്ടോ .....കഴിഞ്ഞ പ്രാവശ്യം ആ അപ്പു കൊണ്ട് വന്നിരുന്നു ......കൊള്ളൂലായിരുന്നു......ഞാൻ അപ്പോഴേ പറഞ്ഞു .....ഉള്ളി വട കഴിക്കണേൽ നീ എന്റെ വീട്ടിൽ വാ ....എന്റെ 'അമ്മ അടിപൊളി ആയി ഉണ്ടാക്കും ....." അവനെക്കൊണ്ട് ആവും വിധം അവൻ വായിട്ടടിക്കുന്നുണ്ടായിരുന്നു ......
എന്ത് പറഞ്ഞിട്ടും അമ്മയുടെ മുഖം തെളിയുന്നില്ല എന്ന് കണ്ടപ്പോൾ എനിക്ക് മനസ്സിലായി ............ചില അംഗീകാരങ്ങൾ അങ്ങനെ ആണ് ...........നമ്മൾ ആഗ്രഹിക്കുന്നവരിൽ നിന്നും തന്നെ കിട്ടിയില്ലെങ്കിൽ അത് വലിയ സങ്കടം തന്നെയാണ് ...

by: 
Silpa Siju
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo