Slider

ഒരു നേർത്ത ചാറ്റൽ മഴ പോലെ

0

അന്ന് ഒരു ദിവസം ഭാര്യക്ക് ഫോൺ ചെയ്തപ്പോഴാണ് അവൾ മടിച്ച് മടിച്ച് ചോദിച്ചത്. ,,ഞാൻ ടൈലറിംഗ് പഠിക്കാൻ പോകട്ടെ ,, എന്ന്.. ചെറിയ ഒരു പരിഹാസത്തോടെയായിരുന്നു എന്റെ മറുപടി. ഓ പിന്നെ നീ തയ്യൽപണി എടുത്തിട്ട് വേണമല്ലോ നമുക്ക് ജീവിക്കാൻ.. അന്നത്തെ എന്റെ യാഥാസ്ഥിക മനസ്സും ജീവിത നിലവാരവും അതിന് സമ്മതിക്കാൻ ഒരുക്കമായിരുന്നില്ല.. പ്രവാസിയായ എനിക്ക് കുഴപ്പമില്ലാത്ത ജോലിയും ശമ്പളവുമൊക്കെ ഉണ്ടായിരുന്നു.
പക്ഷെ അവൾ ആഗ്രഹം വിടാൻ ഒരുക്കമല്ലായിരുന്നു. മാസങ്ങൾക്ക് ശേഷം വിവാഹ വാർഷികത്തിന് സമ്മാനമായി അവൾ തയ്യൽ മെഷീൻ തന്നെ വാങ്ങിപ്പിച്ചു എന്നെ കൊണ്ട്.അടുത്ത വീട്ടിലെ ചേച്ചിയുടെ അടുത്ത് പോയി ആണ് അവൾ ടൈലറിംഗ് പഠിച്ചതും..
ഇന്ന് അവളുടെ ആ ഒറ്റ ആഗ്രഹത്തിന്റെ പേരിലാണ് ഞങ്ങൾ ജീവിക്കുന്നത്..
എത്ര പെട്ടെന്നാണ് എന്റെ ജീവിതം ആകെ തകിടം മറിഞ്ഞത്. ഒരു വാഹനപകടത്തിൽ പെട്ട് എന്റെ രണ്ട് കാലുകളും... അധ്വാനിച്ച് കുടുംബ പോറ്റാം എന്ന ആത്മവിശ്വാസം കൂടിയാണ് അന്ന് ആശുപത്രിയിൽ മുട്ടിന് താഴെ മുറിച്ച് മാറ്റപ്പെട്ടത്.. വല്ലാത്ത ഒരു അവസ്ഥ..
,,എന്താ ഇങ്ങനെ ആലോചിക്കുന്നത് കണ്ണ് നനഞ്ഞുക്കുണല്ലോ കരയാണോ,, അവളുടെ ചോദ്യമാണ് ചിന്തയിൽ നിന്നുണർത്തിയത്...
നനവുള്ള അവളുടെ ഇരുകൈകൾ കൊണ്ട് എന്നെ വട്ടം പിടിച്ച് നെറ്റിതടത്തിൽ ചുംബനം കൊണ്ട് മൂടി.. കനലെരിയുന്ന എന്റെ മനസ്സ് ഒന്ന് തണുത്തു വോ.. വരണ്ട് വിണ്ടുകീറിയ മരുഭൂമിയിൽ പെരുമഴ പെയ്തിറങ്ങിയ പ്രതീതി....
,,എന്തിനാ ഇങ്ങനെ വിഷമിക്കുന്നത് എപ്പോഴും എന്തായാലും എനിക്ക് നിങ്ങളെ എപ്പോഴും കാണുകയെങ്കിലും ചെയ്യാമല്ലോ ... ഞാൻ ഇപ്പോൾ വരാം ട്ടൊ കുറച്ച് പണി കൂടിയുണ്ട്...
പാവം.. നിന്ന് തിരിയാൻ നേരമില്ല പാവത്തിന്...
എത്ര പെട്ടെന്നൊയിരുന്നു അവളുടെ അതിജീവനം.. നാട്ടിൻ പുറത്തുകാരിയായ എന്റെ ഭാഷയിൽ ഒരു മണ്ടിപ്പെണ്ണ്.. അപകടത്തിൽ പെട്ട് ഇരുകാലുകളും നഷ്ടപ്പെട്ട് വെറും കയ്യോടെ മടങ്ങിയെത്തിയ എന്റെ മുന്നിൽ തുടർ ജീവിതം വലിയ ഒരു ചോദ്യചിഹ്നമായിരുന്നു.. ജീവൻ എങ്ങനെയെങ്കിലും അവസാനിപ്പിക്കണമെന്ന് തോന്നിയ ദിവസങ്ങൾ...ആദ്യം അവളും ഒന്നു പകച്ചു നിന്നു.. പിന്നെ അവൾ ഉയിർത്തെഴുന്നേൽക്കുകയായിരുന്നു.. പണ്ട് വാങ്ങിയ ആ തയ്യൽ മെഷീനിൽ നിന്നായിരുന്നു തുടക്കം.. ഇന്ന് കുഴപ്പമില്ലാത്ത രീതിയിൽ നടക്കുന്ന രണ്ട് ലേഡീസ് ടൈലർ ഷോപ്പുകളുണ്ട്.. അവളുടെ കീഴിൽ പത്തോളം സ്ത്രീകൾ ജോലിയെടുക്കുന്നു... എനിക്ക് ഇന്നും ഉൾക്കൊള്ളാനാകുന്നില്ല ഞങ്ങളുടെ ഈ അതിജീവനം...
അതിജീവനം പ്രകൃതിയുടെ സ്വഭാവിക സ്വഭാവങ്ങളിൽ പെട്ടതാണല്ലോ.. സർവ്വനാശങ്ങളിലും പിടിച്ച് നിന്ന് അനുകൂല സാഹചര്യങ്ങളിൽ മുളച്ചുപൊന്തുന്ന ചില വിത്തുകൾ പോലെ..
പല കഥകളിലും പറഞ്ഞ് കേൾക്കുന്നു... പ്രവാസി ഭാര്യമാരുടെ വഞ്ചനയുടെയും സ്വഭാവദൂഷ്യങ്ങളുടെയുമൊക്കെ കഥ.. ജോലി നഷ്ടപ്പെട്ട് തിരികെ വരുന്ന ഭർത്താവിനെ തള്ളിപ്പറയുന്ന, ഭർത്താവ് അയച്ചു കൊടുക്കുന്ന പണമെല്ലാം ധൂർത്തടിക്കുന്ന, സ്വന്തം സുഖം തേടി പോകുന്ന പല കഥകളും... പതിനായിരത്തിൽ ഒന്നാ രണ്ടോ പേരുണ്ടാകുമായിരിക്കും അത്തരക്കാർ....
ഇവളും ഒരു പ്രവാസിയുടെ ഭാര്യ ആയിരുന്നല്ലോ.. ജീവിതമാകുന്ന ഈ ഓട്ടത്തിൽ കാലിടറി വീണ എന്നെ പിടിച്ചു എഴുന്നേൽപ്പിച്ച് കൈപിടിച്ച് എന്നെ കൂടെ നടത്തിയ മഹിളാമണിമുത്ത് രത്നം...
എന്നിൽ പ്രതീക്ഷയുടെ പുതുനാമ്പുകൾ വിരിയിപ്പിച്ച ഒരു നേർത്ത ചാറ്റൽ മഴ പോലെ...
പ്രതീക്ഷകളാണല്ലോ ജീവിതം...
അടുത്ത ആഴ്ച ടൗണിൽ ഞങ്ങളുടെ ഒരു ചെറിയ ടെക്സ്റ്റയിൽ ഷോപ്പ് തുറക്കും.. അതിന്റെ പരക്കംപാച്ചിലിലാണവൾ...
ഇപ്പോൾ ഇനിയും ഒരുപാടു കാലം ജീവിക്കണമെന്ന് ഒരു തോന്നൽ..ഏത് വിഷമഘട്ടത്തിലും കൂടെ നിൽക്കുന്ന ഒരു ഭാര്യയുണ്ടാകുക എന്നതും ഒരു പുണ്യമാണ്.. മനസ്സ് വിഷമിക്കുമ്പോൾ അവളുടെ ഒരു തലോടൽ, ഉള്ളു തുറന്ന് കൊണ്ടു ഒരു പുഞ്ചിരി.. അതൊക്കെ മതി ഒരു ഭർത്താവിന്...
എന്നാലും ഇപ്പോഴും അവൾക്ക് സാധിച്ചു കൊടുക്കാൻ കഴിയാത്ത ചില ഓർമ്മകൾ... അൽപം പൈങ്കിളിയാണ്... ചില നേരത്ത് ഇവളുടെ സ്വഭാവം കുഞ്ഞുകുട്ടികളെ പോലെയാണ്.. ചില നേരങ്ങളിൽ മുതിർന്നവരുടെയും... എനിക്ക് ഈ ജീവിതത്തിൽ പൂർണ്ണമായും ഇവളെ പൂർണമായും മനസ്സിലാക്കാൻ കഴിയുമോ.. കഴിഞ്ഞ തവണ ലീവിനു വന്നപ്പോഴാണ് സംഭവം... ഒരു ദിവസം രാത്രിയിലാണ് അവൾ അത് പറഞ്ഞത്.. ,നിങ്ങൾ എന്നെ തോളിലേറ്റി മുറ്റത്തിലൂടെ നടക്കുമോ.. എല്ലാവരും ഉറങ്ങിയിട്ട് മതി,, നിനക്ക് വട്ടാണെന്ന് പറഞ്ഞ് ഒരു പൊട്ടിച്ചിരിയായിരുന്നു എന്റെ മറുപടി. അന്ന് എന്നെ സംബന്ധിച്ചിടത്തോളം അത് ഒരു നിസാര കാര്യമായിരുന്നു.. പക്ഷെ ഇന്ന്?........
മൻസൂർ...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo