Slider

കഞ്ഞിഅമ്മ

0

നീണ്ട പ്രവാസ ജീവിതത്തിൽ നിന്നും മടക്കയാത്ര അനിവാര്യം.കടന്നു വന്ന വഴികളിൽ
കടമ്പകളേറെ ആയിരുന്നു.
സ്വന്തമെന്നു പറയുവാൻ ആ ഓർമ്മകൾ മാത്രമാണിന്ന് കൂടെയുള്ളത്. അമ്മയുടെ മരണശേഷം പഠനം അവസാനിപ്പിച്ചു.
എവിടെയൊക്കയോ അലഞ്ഞു തിരിഞ്ഞു. കടൽ കടന്നു....തിരിച്ചു മടങ്ങിപ്പോകുന്നതിനെ കുറിച്ച്
ഇതുവരെയും ആലോചിച്ചിട്ടുണ്ടായിരുന്നില്ല.
ഇപ്പോൾ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു ഒരു
മടക്കയാത്രക്കായി .കടന്നു വന്ന വഴിയിൽ എന്തൊക്കെയോ ബാക്കി വെച്ചത് പൂർത്തീകരിക്കാനുണ്ടെന്ന തോന്നൽ......
'അമ്മ ഉറങ്ങുന്ന മണ്ണിൽ തൊട്ടു
വണങ്ങി പുതിയ വീട്ടിലേക്ക്
കാലെടുത്തു വയ്ക്കുമ്പോൾ അമ്മയുടെ സാന്നിദ്ധ്യം ഞാൻ തിരിച്ചറിയുന്നു. വാതിൽ പടിയിൽ 'അമ്മയുണ്ട്, അമ്മയുടെ ഓർമ്മകളുണ്ട്....
ഓലമേഞ്ഞ നാല് തൂണുള്ള
ഓലപ്പുരയായിരുന്നു എന്റെ വീട്.
കൂട്ടിന് വിശപ്പും, മണ്ണെണ്ണ തീർന്ന
കരിവിളക്കിന്റെ തിരിപോലെ അമ്മയും...
ഓർമ്മവച്ചനാൾ മുതല്ക്കെ അമ്മയ്ക്കെന്നും ദീനമായിരുന്നു. പലദിവസങ്ങളിലും പച്ചവെള്ളവും ഉമിനീരുമായിരുന്നു വിശപ്പിനെ ശമിപ്പിച്ചിരുന്നത്....
ഒട്ടിയവയറുമായി ട്രൗസറിൽ പിടിമുറുക്കി
പാഠശാലയുടെപടികൾ കയറിയിരുന്നത്
ഉച്ചകഞ്ഞി പ്രതീക്ഷിച്ചായിരുന്നു.കിട്ടിയ കഞ്ഞിയിലെ പങ്ക്‌ ചോറ്റുപാത്രത്തിൽ മാറ്റിവെയ്ക്കും.വിശപ്പുമായി കിടക്കയിൽ കഴിയുന്ന അമ്മയ്ക്കുവേണ്ടി. ഓരോ സ്പൂണിൽ കഞ്ഞി അമ്മയുടെവായിലേയ്ക്ക് ഒഴിച്ചുകൊടുക്കുമ്പോഴും ആ കണ്ണുകൾ
നിറഞ്ഞൊഴുകിയിരുന്നു.....
എപ്പോഴാണെന്നറിയില്ല കഞ്ഞിഅമ്മ
എന്നെ ശ്രദ്ധിച്ചു തുടങ്ങിയത്.പാതി വിശപ്പ് ശമിപ്പിച്ചു ബാക്കിയുള്ള കഞ്ഞിയോടെ
ചോറ്റുപാത്രം അടച്ചുവയ്ക്കുന്നത് കണ്ടിട്ടുണ്ടാകും. സ്കൂള് വിട്ടുപോകുമ്പോൾ കഞ്ഞിപ്പുരയിൽ വന്നിട്ടുപോകുവാൻ പറഞ്ഞത് ഇന്നും ഓർക്കുന്നു. ചോറ്റു പാത്രം നിറയെ കഞ്ഞിയൊഴിച്ചു തന്നു.
സന്തോഷത്തോടെ ആയിരുന്നു സ്കൂൾ പടികളിറങ്ങിയതും,.അമ്മയ്ക്കു
കൊടുക്കാനുള്ള കഞ്ഞിയുമായി വീട്ടിലേയ്ക്കു ഓടിയത് .
"ഉച്ചക്ക് തരുന്ന കഞ്ഞി മുഴുവനും കുടിക്കണം കേട്ടോ. വലിയ ചെറുക്കാനാവണ്ടെ.
പോകുമ്പോൾ ബാക്കിയുള്ള കഞ്ഞികൂടി കൊണ്ട് പൊയ്ക്കോളു മോനെ."
വരും കാലത്ത് ഓർത്ത് വയ്ക്കുവാൻ ഈ ചിത്രങ്ങൾ തന്നെ ധാരാളമായിരുന്നു‌.
ഹൃദയത്തെ സ്പർശിച്ച സ്നേഹവും.
രണ്ടുവയറുകളെ വിശപ്പിൽ നിന്നും ജീവിതത്തിലേയ്ക്കു കൂട്ടിക്കൊണ്ടു പോയിരുന്നതും ആ കൈകളായിരുന്നു....
ഒരിക്കൽ കൂടി കടന്നുപോയ വഴികളിലൂടെ സഞ്ചരിക്കണം.
സ്കൂളിൽ കഞ്ഞിഅമ്മയെ അന്വേഷിച്ചു.
അവിടെനിന്നും പിരിഞ്ഞു പോയിരുന്നു എന്നായിരുന്നു സ്കൂളിൽ നിന്നും കിട്ടിയ മറുപടി. മൂന്നുപേരോളമുണ്ട് ഇപ്പോൾ ആഹാരം പാകം ചെയ്യാൻ. അന്ന്കഞ്ഞിഅമ്മ എത്രകുട്ടികൾക്കുള്ള ഭക്ഷണമാണ് ഒറ്റയ്ക്ക് അദ്ധ്വാനിച്ചുണ്ടാക്കിയത്. കഞ്ഞിയമ്മയുടെ സഹായി ഞാനായിരുന്നു. ക്ലാസ്സിൽ കയറുന്നതിനേക്കാളും എനിക്കിഷ്ടം കഞ്ഞിപ്പുരയിൽ കയറുന്നതായിരുന്നു.
കഞ്ഞിയമ്മയുടെ വീട് അന്വേഷിച്ചു കണ്ടെത്തി. വീടിനു മുന്നിൽ വാഹനം ചെല്ലില്ല.ഇടവഴിയിലൂടെ കുറച്ചു സമയം നടന്നുവേണം വീട്ടിലെത്തുവാൻ. ഓട് മേഞ്ഞ ഒരുകൊച്ചു വീട്. വീടിന്റെ സൈഡൊക്കെ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു....
വീടിന്റെ വാതിക്കൽ ചെന്ന് ഉച്ചത്തിൽ വിളിച്ചു ചോദിച്ചു...
"ആളുണ്ടോ?." വാതിൽ തുറന്നു കിടക്കുന്നുണ്ടായിരുന്നു.
ആരോ പുറത്തേയ്ക്കിറങ്ങി വരുന്നുണ്ട്‌.
"ആരാ? എവിടെനിന്നാ." എന്നോടാണ് ചോദ്യം.
"ഇവിടത്തെ അമ്മയുണ്ടോ?."
"ഉണ്ട് വിളിക്കാം. അമ്മേ, അമ്മയെ കാണാൻ ആരോ വന്നു നില്‌ക്കുന്നു".'അമ്മ പതുക്കെ പുറത്തേയ്ക്കിറങ്ങി വന്നു. കുറച്ചു നേരം അമ്മയുടെ മുഖം തന്നെ നോക്കിനിന്നു.
ഒരുപാട് ക്ഷീണിച്ചിരിക്കുന്നു.മുടിയെല്ലാം നരച്ചു.ഒരുപാട് വർഷമായില്ലേ കണ്ടിട്ട്.
"ആരാ,മനസ്സിലായില്ല."
"കഞ്ഞി അമ്മയ്‌ക്ക്‌ എന്നെ മനസ്സിലായില്ലെ?."
"അയ്യോ ഇല്ല മോനെ."അമ്മയുടെ
നിഷ്‌കളങ്കമായ മറുപടിയാണ് ഞാൻ കേട്ടത്.'
ആ ശബ്ദവും മോനെ വിളിയും അതുപോലെ തന്നെ. അമ്മ എന്റെ മുഖത്തേയ്ക്കു തന്നെ നോക്കിനിന്നു. അമ്മയുടെ കൈകൾ എന്റെ കൈയോട് ചേർത്തു മുറുകെപ്പിടിച്ചു.
"ഈ കൈകളിൽ നിന്നും ഒരുപാട് കഞ്ഞി ഞാൻ കുടിച്ചിട്ടുണ്ട് അമ്മേ ."
വാക്കുകൾ മുഴവനായി പുറത്തു വരുന്നില്ല.
"ഞാനാണ് അമ്മേ ഉണ്ണി." എന്റെ അമ്മയുടെ പേരുകൂടി പറഞ്ഞപ്പോൾ കഞ്ഞി അമ്മയ്‌ക്ക് മനസ്സിലായി.
" മോനെ ഉണ്ണി...എത്രനാളായി മോനെ കണ്ടിട്ട്.
അമ്മയുടെ മരണത്തിനാണ് അവസാനമായി മോനെ കാണുന്നത്.പിന്നെ ഒരുപാട് പേരോട് അന്വേഷിച്ചു ആർക്കും മോനെ കുറിച്ച് ഒരു വിവരവുംഉണ്ടായിരുന്നില്ല. അവസാന
മായി ഒന്നു കാണാൻ പറ്റുമെന്ന് കരുതിയതല്ല.
വന്നുവല്ലോ ഈ അമ്മയെ കാണാൻ."
"സ്വന്തമെന്നു പറയുവാൻ ആരുമില്ലാത്ത ഈ
നാട്ടിൽതിരിച്ചുവരണമെന്നു ചിന്തിച്ചിരുന്നില്ല
.'ബാല്യകാല ഓർമ്മകളിൽ മനസ്സിൽ പതിഞ്ഞ സ്നേഹ മുഖങ്ങളാണ് എന്നെ ഇവിടെ എത്തിച്ചത്. അമ്മയെ അന്വേഷിച്ചു സ്കൂളിൽ പോയിരുന്നു. അവിടെനിന്നുമാണ് വീടിന്റെ അഡ്രസ്സ് കിട്ടിയത്."
"ഇപ്പോൾ ഒരുപാട് നാളായി സ്കൂളിൽ നിന്നും പടിയിറങ്ങിയിട്ടു. മനസ്സ് എത്തുന്നയിടത്ത് ശരീരം‌ എത്താതായി.
ജോലി അവസാനിപ്പിക്കുകയേ
നിവർത്തിയുള്ളായിരുന്നു മോനെ. വർഷം ഒരുപാടായില്ലെ."പറഞ്ഞു തീരും മുൻപേ 'അമ്മ പൊട്ടിക്കരയാൻ തുടങ്ങിയിരുന്നു.
"എന്താ അമ്മേ കരയുന്നത്.'അമ്മ കരയരുത്. എന്നോട് പറയു."
"ഇവിടത്തെ ആള് മരിച്ചിട്ട് എട്ട് വർഷത്തോളം ആയി.സ്കൂളിൽ നിന്നും കിട്ടുന്ന ചെറിയ വരുമാനംകൊണ്ടാണ് ഇതുവരെയും കഴിഞിരുന്നത്. ഒരുമോളുടെ കല്യാണം എല്ലാ നല്ലമനസ്സുകളും കൂടി ചേർന്നു നടത്തി തന്നു. ഇനിയൊരു മോളുകൂടി ഉണ്ട്.മുന്നോട്ട് എങ്ങനെയെന്ന് ചിന്തിച്ചിട്ട് എത്തുംപിടിയും കിട്ടുന്നില്ല.വിളിക്കാത്ത ദൈവങ്ങളില്ല.
സ്കൂളിൽ നിന്നു പിരിയുമ്പോൾ വർഷങ്ങളുടെ സേവനത്തിനുള്ള അംഗീകാരമായി കിട്ടിയത് ഒരു കോടിമുണ്ടും
കൈയിലെ തഴമ്പും മാത്രമാണ്.ആരോടാണ്‌ എന്റെ സങ്കടം പറയുക.അറിയില്ല മോനെ".
"ഇനി 'അമ്മയുടെ കണ്ണുകൾ നിറയരുത്.
വർഷങ്ങൾക്കു മുൻപ് 'അമ്മ എന്റെ ചോറ്റുപാത്രത്തിലേക്ക് പകർന്നു
തന്നത് വിശപ്പമാറ്റുവാനുള്ള കഞ്ഞിമാത്രമായിരുന്നില്ല. നന്മയുള്ള മനസ്സ് കൂടിയായിരുന്നു. ഇപ്പോൾ ഞാൻ തനിച്ചല്ല മുന്നോട്ടുള്ള ജീവിത്തിൽ അമ്മയും എന്നോടൊപ്പം ഉണ്ടാകും.'അമ്മ ധൈര്യമായിരിക്കുക."
അമ്മയോട് യാത്രപറഞ്ഞിറങ്ങുമ്പോൾ മനസ്സുപറഞ്ഞു ചെയ്‌തു തീർക്കാൻ ഒരുപാട് കാര്യങ്ങൾ മുന്നിലുണ്ട്. വന്ന വഴിയിലൂടെ സഞ്ചരിക്കണം.ഞാൻ തനിച്ചല്ല ഒരുപാട് അമ്മമാർ ചുറ്റിലുമുണ്ട്.......‌
(എല്ലാ സ്കൂളിലെയും കഞ്ഞി വയ്ക്കുന്ന അമ്മമാർക്ക് വേണ്ടിയും ഞാനീ എന്റെ ചെറിയ രചന സമർപ്പിക്കുന്നു.
വർഷങ്ങളോളം തുച്ഛമായ വേതനത്തിൽ കഞ്ഞിപ്പുരയിൽ അദ്ധ്വാനിക്കുന്ന '
അമ്മമാരെ നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ?.
അറിയുവാൻ നമ്മൾ ബാധ്യസ്ഥരല്ലെ?.
*മെച്ചപ്പെട്ട വേതനം അവർക്കു നല്‌കുക,
*പിരിഞ്ഞുപോകുമ്പോൾ പെൻഷൻ തുക
ഏർപ്പെടുത്തുക.
സർക്കാരിന്റെ കണ്ണുകൾ തുറക്കട്ടെയെന്ന്
ആഗ്രഹിച്ചു കൊണ്ട് ഞാൻ നിർത്തുന്നു...
നന്ദി...
#ശരൺ..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo