Slider

അവൻ

0
അവൻ ഞങ്ങളുടെ പ്രിയ കൂട്ടുകാരനായിരുന്നു. എല്ലാ ദിവസവും അവന്റെ ശബ്ദത്തിലൂടെയുള്ള ഈശ്വര പ്രാർത്ഥനയോടെ ആയിരുന്നു ഞങ്ങളുടെ B.ed കോളേജിന്റെ ഒരു ദിവസം ആരംഭിച്ചിരുന്നത്.
"തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ നാവെനിക്കെന്തിനു നാഥാ.. " 
ടീച്ചേഴ്സിനും അവൻ നല്ല കുട്ടിയായിരുന്നു. കോളേജിലെ എല്ലാ പ്രവർത്തനങ്ങളിലും അവൻ ഊർജസ്വലനായി മുന്നിൽ തന്നെ ഉണ്ടാകും. ചിരിച്ച മുഖത്തോടെയല്ലാതെ ഞങ്ങൾ അവനെ കണ്ടിട്ടില്ല. സുഹൃത്തുക്കളുടെ ഇടയിൽ പാട്ടും തമാശകളും ഒക്കെയായി എപ്പോഴും അവനുണ്ടാകും. എല്ലാവരുടെയും നല്ല കൂട്ടുകാരൻ.... 
അവൻ ഒരു കുട്ടിയുമായി അടുപ്പത്തിലാണെന്ന് ഒരു കഥ കേട്ടു. എങ്കിലും ആരും വിശ്വസിച്ചില്ല. അവനു ആ കുട്ടിയുമായി പ്രത്യേകിച്ച് ഒരടുപ്പമുള്ളതായി ആർക്കും തോന്നിയിട്ടില്ല. അങ്ങനെ ഒരു സാഹചര്യത്തിൽ ഞങ്ങൾ അവനെ കണ്ടിട്ടില്ല. അങ്ങനെ കോഴ്സ് കഴിഞ്ഞു പരീക്ഷ, വിടപറയൽ എല്ലാം കഴിഞ്ഞു. ഞങ്ങൾക്ക് കുറച്ചുപേർക്കെങ്കിലും തിരിച്ചു നാട്ടിൽ പോകുന്നതിന്റെ സന്തോഷമുണ്ടായിരുന്നു, വേദനയും.. 
അങ്ങനെ റിസൾട്ട് കാത്തിരിക്കുന്ന ദിവസങ്ങളിൽ ഒന്നിൽ ഒരു സഹപാഠിയുടെ ഫോൺ. 'നീ അറിഞ്ഞോ അവൻ ആത്മഹത്യ ചെയ്തു,പത്രത്തിലൊക്കെ ഉണ്ട്'. ഞാൻ പെട്ടെന്ന് പത്രം നോക്കി ശരിയാണ്. 'യുവാവ് വിഷം കഴിച് ആത്മഹത്യ ചെയ്‌തു', ഫോട്ടോയും.. ഞാൻ തരിച്ചു ഇരുന്നു പോയി. കാരണമെന്തെന്ന് ഞാൻ തിരക്കി. അപ്പോഴാണ് അറിയുന്നത് ഞങ്ങൾ കേട്ട കഥ സത്യമായിരുന്നു, അവർ തമ്മിൽ ഇഷ്ടത്തിലായിരുന്നു, അടുത്ത സുഹൃത്തുക്കൾക്ക് പോലും അറിയില്ലായിരുന്നു. അവൻ ചെന്ന് വിളിക്കുമെന്നും അവൾ കൂടെ ഇറങ്ങി ചെല്ലുമെന്നുമെല്ലാം അവർ തീരുമാനിച്ചിരുന്നു. ഇറങ്ങി ചെല്ലാൻ കഴിഞ്ഞില്ലെങ്കിൽ രണ്ടുപേരും വിഷം കഴിക്കണമെന്നും, അങ്ങിനെ രണ്ടുപേരും കൈയ്യിൽ വിഷവും കരുതിയിരുന്നത്രെ. അങ്ങനെ അവൻ അവളെ വിളിച്ചിറക്കി കൊണ്ടുപോകാൻ അവളുടെ വീട്ടിലെത്തി. വിവരങ്ങൾ എങ്ങിനെയോ അറിഞ്ഞ വീട്ടുകാർ അവളെ ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു.വിളിച്ചിട്ട് അവൾ ഇറങ്ങി വരാത്തതിനാൽ അവൻ കൈയ്യിൽ കരുതിയിരുന്ന വിഷം കഴിച്ചു. അവൻ പിടഞ്ഞു വീഴുന്നത് കണ്ടപ്പോൾ എല്ലാവരും കരുതി അവൻ വെറുതെ അഭിനയിക്കുകയാണെന്ന്.. എന്നാൽ അപ്പോഴവൻ ജീവനു വേണ്ടി പിടയുകയായിരുന്നു എന്ന് പതിയെ എല്ലാവർക്കും മനസിലായി. ആശുപത്രി യിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എല്ലാം കഴിഞ്ഞിരുന്നു. 
അവൻ എന്തിന് ഇങ്ങിനെ ചെയ്തു എന്ന് ഞാൻ എപ്പോഴും ഓർക്കും. ഒരു പക്ഷെ സിനിമയിലെ പോലെ മരിക്കുന്നതിന് മുമ്പ് ആരെങ്കിലും ആശുപത്രിയിൽ എത്തിക്കുമെന്നും കഥകളെല്ലാം അറിഞ്ഞു എല്ലാവരും എല്ലാം സമ്മതിക്കുമെന്നും അങ്ങനെ എല്ലാം നന്നായി അവസാനിക്കുമെന്നും ഒക്കെ അവൻ ചിന്തിച്ചിരുന്നോ.., ?അറിയില്ല. സുഹൃത്തുക്കൾക്കെങ്കിലും അറിയാമായിരുന്നെങ്കിൽ ഒരു പക്ഷെ അവന് ഈ ഗതി വരില്ലായിരുന്നു. നൊന്തു പ്രസവിച്ച അമ്മയെ,നോക്കി വളർത്തിയ അച്ഛനെ,കൈ പിടിച്ചു കൂടെ നടന്ന ഒരേ ഒരു അനുജത്തിയെ ഒന്നും നീ ഓർത്തില്ല, അവർക്ക് ഇനി ഒരു താങ്ങായി ആരുമില്ലെന്ന് നീ ഒരു നിമിഷം ചിന്തിച്ചില്ലല്ലോ.... 23വയസ് വരെ നിന്നെ വളർത്തിയ നീ സ്നേഹിച്ച അതിലേറെ നിന്നെ സ്നേഹിച്ച നിന്റെ മാതാപിതാക്കൾ ക്കും ഒത്തിരി മേലെയോ നിനക്ക് വെറും പത്തു മാസത്തെ പരിചയം മാത്രമുള്ള നിന്റെ കാമുകി... വേണ്ടായിരുന്നു.... അവർക്ക് നീ മാത്രമേ ഉള്ളൂ എന്ന് നീ മറന്നോ...... നീ ഇല്ലാതായതോടെ കൂടെ ഇല്ലാതായത് മറ്റു മൂന്നു പാവം ജന്മങ്ങൾ കൂടിയാണ്.ആ 'അമ്മ പിന്നെ എഴുന്നേറ്റിട്ടുണ്ടാകുമോ... ?
എങ്കിലും ഞങ്ങൾ സുഹൃത്തുക്കൾക്ക് നീ ഇന്നും പ്രിയ കൂട്ടുകാരൻ. 
റിസൾട്ട് വന്നു മാർക്‌ ലിസ്റ്റ് വാങ്ങാൻ വീണ്ടും കോളേജിൽ പോയപ്പോൾ ഞാൻ ഓർത്തു ഇതിനിടയിൽ നിന്റെ മാർക്ക് ലിസ്റ്റും ഉണ്ടാകും. ഉയർന്ന മാർക്കോടെ തന്നെ... അതിനായി നീ എത്ര കഷ്ടപ്പെട്ടു.. എന്നാൽ ഇന്നതിന് വെറും ഒരു പേപ്പറിന്റെ വിലപോലും ഇല്ലാതെ ആക്കി കളഞ്ഞില്ലേ നീ... തിരിച്ചിറങ്ങുമ്പോൾ ഹാളിൽ നിന്നും നിന്റെ സ്വരത്തിൽ ഈശ്വരപ്രാർത്ഥന എന്റെ ചെവിയിൽ അലയടിക്കുന്ന പോലെ തോന്നി...
"തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ നവെനിക്കെന്തിനു നാഥാ..... "
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo