Slider

നന്മ മരം

0

എരിയുന്നു തമിഴകം കദനത്തിന്നാലയി-
ലമരുന്നൊരായിരം കരളിൻ കിതപ്പുകൾ.
ഒരായുസ്സിന്നറുതിക്കുമേലെ വിങ്ങുന്നെത്ര
ജന്മങ്ങൾ, തിളയ്ക്കുന്നു കണ്ഠങ്ങൾ.
ഹൃദയത്തിൻ പൊരുളിലമർന്നൊരാ സംസ്കൃ_
തി,യഴലു കനപ്പിച്ചൊഴുക്കുന്നിതെമ്പാടും.
ഇനിവരും വാസന്തതീരങ്ങളിൽ പൂക്കുന്നഴകി
നെയേകുവാനാരുണ്ട,നാഥരാണീ മക്കൾ .
അമ്മ, യശ്വവേഗങ്ങളിലന്തരാളങ്ങളിൽ
അസ്വസ്ഥത മാറ്റി സ്വസ്തി പകർന്നവൾ
ഉരുകും വെയിൽ, തിരകോതും നിലങ്ങളി-
ലെന്നുമുരിയ കുടിനീരുമന്നവുമേകിയോൾ.
പെൺപിറന്നവരസ്തിത്വം നേടുവാ 'നമ്മ'
തൻ ബ്രാൻഡിലൂടുള്ളിൽ വസിക്കുവോൾ
ഉ.യിരുകളൊരു കോടിയഗ്നിയിൽ നേദിക്കാ-
മൊരു മാത്രയമ്മയെ തിരികെത്തന്നീടുക.
അഴലുകൾ പൊട്ടി യക്ഷികൾ കവിയു-
ന്നു, തടയുവാനില്ലണക്കെട്ടുകളെങ്ങുമേ..
ഉള്ളു കത്തിപ്പിടിച്ചലറും വരികൾ തന്നഗ്ര -
ത്തിൽ ഫലിതത്തിന്നൂഞ്ഞാലു കെട്ടല്ലേ..
ഉയിരിൽ തമിഴ് പൂത്തു വിളയുന്നിടങ്ങളിൽ
പ്രണമിക്കുമിനി വരും ജന്മങ്ങളൊക്കെയും
നേരുന്നിതാത്മശാന്തിക്കായി മഹാനിധേ
നിൻപേരു ചേർത്തെത്ര പേരുകളിനി വരും.
ഓർമ്മിക്കുവാനൊരു പേരെന്തിനെങ്ങൾക്ക്?
നിന്നിൽ നിന്നല്ലോ തുടങ്ങുന്നിതോർമ്മകൾ.

By: Devamanohar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo