Slider

ഒരു തേപ്പ് കഥ

1

സമര്‍പ്പണം; ഇതുവരെ തേച്ചിട്ടു പോയവര്‍ക്ക്, ഇനി തേക്കാനിരിക്കുന്നവര്‍ക്ക്, തേപ്പിന് ഇരയായി കരഞ്ഞിരിക്കുന്ന പാവങ്ങള്‍ക്ക്...
ഒരു ഞായറാഴ്ചയുടെ ആലസ്യവുമായി മൊബെെലും കെെയിലെടുത്ത് ഉമ്മറത്ത് വെറുതേയിരിക്കുകയായിരുന്നു അവള്‍..
അപ്പോളാണ് അപ്പുറത്ത് ഗൃഹ പ്രവേശനത്തിന് ഒരുങ്ങുന്ന പുതിയ വീടിന്‍റെ പുറം ചുമരു തേക്കുന്ന ശശി മേസ്ത്രിയില്‍ കണ്ണുകള്‍ ഉടക്കിയത്..
എത്ര ഭംഗിയായിട്ടാണ് മേസ്ത്രി തേക്കുന്നത്..
ആ നിമിഷം , അതിലും ഭംഗിയായി തന്നെ തേച്ചിട്ടു പോയവനെ അവളോര്‍ത്തു..
മൂന്നു വര്‍ഷം ജീവനു തുല്യം സ്നേഹിച്ചിട്ട് ഒടുക്കം മറ്റൊരുത്തിയെ കിട്ടിയപ്പോള്‍ തന്നെ കളഞ്ഞിട്ടു പോയ മഹാനായ തന്‍റെ കാമുകനെ...
''കോളേജില്‍ വെച്ചു ഒത്തിരി ഫ്രീക്കന്‍മാരു മിനക്കെട്ടിട്ടും വീഴാത്ത താനാ അവന്‍റെ മുന്‍പില്‍ വീണത്..
വീണതല്ലല്ലോ വീഴ്ത്തിയതല്ലേ?''
അവള്‍ ഓര്‍മ്മകളിലേക്ക് ഊളിയിട്ടു..
''എത്ര കാലം അവന്‍ പുറകെ നടന്നു..
ബസ് സ്റ്റോപ്പില്‍, ഉത്സവ പറമ്പില്‍ , കല്യാണ വീടുകളില്‍ ... എവിടെ പോയാലും അവന്‍ പിന്നാലെയുണ്ടാകും.. ഇഷ്ടമല്ല എന്നു ആയിരം വട്ടം പറഞ്ഞിട്ടും അവന്‍ പിന്‍മാറിയില്ല.''
''ഞാന്‍ സ്നേഹിച്ചു പോയി..ഇനി മറക്കാന്‍ വയ്യ..''
അതായിരുന്നു അവന്‍റെ മറുപടി..
ഒരു ദിവസം കൂട്ടുകാരിയുടെ കല്യാണത്തിനു പോയിട്ട് തിരിച്ചു വരുമ്പോള്‍ വെെകി.. ബസിറങ്ങിയപ്പോള്‍ വഴിയില്‍ ഇരുട്ട് വീണു തുടങ്ങിയിരുന്നു.. അമ്മയോട് വിളിച്ചു പറഞ്ഞിരുന്നു ബസ് സ്റ്റോപ്പിലേക്ക് ആരെയെങ്കിലും അയക്കാന്‍..
''ആരേയും കാണുന്നില്ലല്ലോ എന്‍റെ കൃഷ്ണാ..''
ഇഷ്ട ദേവനെ മനം നൊന്ത് വിളിച്ചു പോയി അവള്‍..
അപ്പോളാണ് തന്നെ ത്തന്നെ നോക്കി നില്‍ക്കുന്ന അവനെ കണ്ടത്..
''എന്താ, ഇത്ര വെെകിയത്.. എത്ര നേരമായി ഞാന്‍ കാത്തു നില്‍ക്കുന്നു. രാവിലെ പോകുന്നത് കണ്ടു..എന്നിട്ടു ഇത്ര നേരമായിട്ടും എത്താത്തത് കൊണ്ടു ടെന്‍ഷന്‍ അടിച്ചു നില്‍ക്കുകയായിരുന്നു..''
അവന്‍ അടുത്തേക്ക് വന്നു പറഞ്ഞു..
''സ്വന്തം അമ്മയ്ക്ക് പോലുമില്ലാത്ത ടെന്‍ഷനാണല്ലോ ഇവനു തന്‍റെ കാര്യത്തില്‍.. അപ്പോ ശരിക്കും സ്നേഹമുണ്ട്. ''
അവള്‍ മനസ്സില്‍ കണക്കുകൂട്ടി..
''ഒറ്റയ്ക്ക് പോവണ്ട വീടുവരെ ഞാന്‍ കൂടെ വരാം''..
അവന്‍റെ ശബ്ദമാണ് ചിന്തകളില്‍ നിന്ന് ഉണര്‍ത്തിയത്..
അന്ന് അവന്‍ വീടുവരെ കൂടെ വന്നു..
മാത്രമല്ല തന്‍റെ മനസ്സിലേക്കും കയറി വന്നു..
അന്നു മുതല്‍ മൂന്നു വര്‍ഷക്കാലം താനവനെ ഒരുപാട് സ്നേഹിച്ചു.. വേലയും കൂലിയുമില്ലാതെ തെണ്ടിത്തിരിഞ്ഞു നടന്നവനെ എങ്ങനെയൊക്കെ സഹായിച്ചു..
എെസ്ക്രീം പാര്‍ലറില്‍ പോയാല്‍ ബില്ല് താന്‍ കൊടുക്കും.. ഇന്‍റര്‍വ്യൂനു പോകുമ്പോള്‍ യാത്രാപ്പടി, എന്തിനേറെ,, അവന്‍റെ മൊബെെലു പോലും റീചാര്‍ജ്ജു ചെയ്തു കൊടുത്തിരുന്നു..
ആ അവനാണ് തന്നെ തേച്ചിട്ടു മറ്റൊരുത്തിയുടെ പിന്നാലെ പോയത്..
അവള്‍ നെടുവീര്‍പ്പിട്ടു..
എന്തോ കേസിന്‍റെ ആവശ്യത്തിനായി വക്കീലാപ്പീസു കേറിയിറങ്ങിയപ്പോള്‍ പരിചയപ്പെട്ട ഒരു ജൂനിയര്‍ വക്കീല്‍ ആണത്രേ പുതിയ കക്ഷി..
'കൂട്ടുകാരി വന്നു പറഞ്ഞപ്പോള്‍ താന്‍ വിശ്വസിച്ചില്ല..
പക്ഷേ അവനു വന്ന മാറ്റങ്ങള്‍ കണ്ടപ്പോള്‍ വിശ്വസിക്കാതിരിക്കാന്‍ പറ്റില്ലെന്നായി.. അവന്‍റെ വിളികള്‍ കുറഞ്ഞു.. അങ്ങോട്ടു വിളിച്ചാല്‍ ഫോണ്‍ വെക്കാന്‍ തിരക്ക്.. പിന്നെ എപ്പോളും ലെെന്‍ ബിസി..
തനിക്കും അപകടം മണത്തു തുടങ്ങി..
പിന്നീട് ഒരു ദിവസം ടൗണിലെ കൂള്‍ബാറില്‍ വെച്ചു നേരില്‍ കാണുകയും ചെയ്തു.. അവനേയും അവന്‍റെ പ്രേമഭാജനത്തെയും..
ജീന്‍സും ടോപ്പുമിട്ട് മുടി ലെയര്‍ കട്ടടിച്ചൊരു ഫ്രീക്കത്തി..
അവനും തന്നെ കണ്ടു.. പക്ഷേ ആലുവാ മണപ്പുറത്തു വെച്ച് കണ്ട പരിചയം പോലും ഭാവിച്ചില്ല..
ഒന്നും മിണ്ടാതെ അവിടുന്ന് ഇറങ്ങി പോരുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടൊയിരുന്നു.'.
സഹിക്കാന്‍ പറ്റിയില്ല കുറേ നാളത്തേക്ക്. ഒത്തിരി കരഞ്ഞു..
ഇഷ്ടദേവനോടു പോലും പിണങ്ങി..
''അതെങ്ങിനെയാ പതിനാറായിരത്തി എട്ടുപേരെ വളച്ച കക്ഷിയല്ലേ,, കള്ളക്കാമുകന്‍മാരുടെ പക്ഷത്തല്ലേ നില്‍ക്കൂ.''.എന്നൊക്കെ വഴക്ക് പറഞ്ഞു..
കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ കരച്ചിലും പിഴിച്ചിലും നിര്‍ത്തി..
കളഞ്ഞിട്ടു പോയവന്‍ പോയി തുലയട്ടെ എന്നും വിചാരിച്ചു ജീവിതം മുന്നോട്ടേക്ക് ഉരുട്ടി നീക്കി..
'ഇപ്പോള്‍ അവന്‍ വല്യ പത്രാസിലാ... ഒരു ജോലിയും കിട്ടി..
ഏതോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍.ബെെക്കില്‍ കത്തിച്ചു പോകുന്നത് കാണാം.. തന്നെ കാണുമ്പോള്‍ സ്പീഡ് ഇത്തിരി കൂടും..'
''ഹും... നടക്കട്ടെ.''..
അവള്‍ ദീര്‍ഘശ്വാസമെടുത്തു..
അപ്പോളാണ് മൊബെെല്‍ റിംഗ് ചെയ്തത്..
കൂട്ടുകാരിയാണ്.. അവനെ പറ്റി പറയാനാവും.. അവനെയും പുതിയ കാമുകിയേയും എവിടെ വെച്ച് കണ്ടാലും അത് വിളിച്ചു പറയലാണല്ലോ അവളുടെ ഹോബി..
ഒട്ടും താല്പര്യമില്ലാതെ അവള്‍ ഫോണെടുത്തു..
'' ഹലോ''..
''ഡീ, നിനക്കൊരു സന്തോഷ വാര്‍ത്തയുണ്ട്''..
''എന്താ അവന്‍റെ കല്യാണം കഴിഞ്ഞോ''?
അവള്‍ വെറുതേ ചോദിച്ചു..
''കഴിഞ്ഞു.. അവന്‍റെയല്ല, ലവളുടെ,, പുതിയ കാമുകിയുടെ''..
''ങേ,''
''അതേടീ, അവള്‍ ഇന്നലെ വേറെ ഒരുത്തന്‍റെ കൂടെ ഒളിച്ചോടി''..
കൂട്ടുകാരിയുടെ വാക്കുകള്‍ കാതില്‍ തേന്‍മഴയായി പെയ്യുന്നതു പോലെ അവള്‍ക്ക് തോന്നി..
സന്തോഷം കൊണ്ട് ഇരിക്കപ്പൊറുതിയില്ല.. വീടിനു ചുറ്റും ഓടിയാലോ എന്നുവരെ അവള്‍ ചിന്തിച്ചു..
''ഭഗവാനേ,, ഭക്തവത്സലാ.. അവിടുന്ന് എന്‍റെ മനസ്സു കണ്ടല്ലോ,, എനിക്ക് ഒരു പിണക്കവുമില്ല,, എത്രയും വേഗം ഗുരുവായൂര്‍ വന്ന് കണ്ടോളാമേ''
അവള്‍ കൃഷ്ണന്‍റെ ചിത്രമുള്ള കലണ്ടര്‍ നോക്കി കെെകള്‍ കൂപ്പി..
പിറ്റേ ദിവസം രാവിലെ അവള്‍ ബസ് സ്റ്റോപ്പിലേക്ക് നടക്കുകയായിരുന്നൂ..
ദൂരേ നിന്നേ കണ്ടു സ്റ്റോപ്പിനരികില്‍ ബെെക്കില്‍ ചാരി നില്‍ക്കുന്ന അവനെ..
''തന്നെ കാത്തു നില്‍ക്കുകയായിരിക്കും..
പുതിയവള്‍ തേച്ചിട്ടു പോയല്ലോ..''
അവള്‍ തീര്‍ച്ചയാക്കി..
അവളെ കണ്ടതും അവന്‍ അടുത്തേക്ക് വന്ന് സംസാരിക്കാന്‍ ശ്രമിച്ചു..
അപ്പോള്‍ അവള്‍ തൊട്ടടുത്തുള്ള കടയുടെ കൗണ്ടറില്‍ ഒട്ടിച്ച പേപ്പറിലേക്ക് കെെ ചൂണ്ടി..
അവന്‍ ആ പേപ്പറിലെഴുതിയത് വായിച്ചു..
''പഴയ അഞ്ഞൂറ്, ആയിരം രൂപാ നോട്ടുകള്‍ സ്വീകരിക്കുന്നതല്ല''.
ഇഞ്ചി കടിച്ച കുരങ്ങനെ പോലെ അവനവിടെ നില്‍ക്കവേ, സ്റ്റോപ്പില്‍ എത്തിയ ബസില്‍ കയറി അവള്‍ പോയി..
അജിന സന്തോഷ്
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo