വിവാഹം കഴിഞ്ഞ് പതിനൊന്ന് വർഷം കഴിഞ്ഞപ്പോഴാണ് സബീറിന് ഒന്നോടെ നിക്കാഹ് ചെയ്യണമെന്ന് ഒരു പൂതി മനസ്സിൽ കയറിയത്.
ഇപ്പോഴുള്ള ബീവി ആയിഷായുടെ മൊഞ്ചൽപ്പം കുറഞ്ഞോന്നൊരു തോന്നൽ.
ആയിഷാ, ഞമ്മളൊരു കാര്യം പറഞ്ഞാൽ അനക്ക് ബേജാറാവോ?
ഇല്ലാ ഇക്ക, പറഞ്ഞോളീ ങള്...!
മ്മടെ കോയേന്റെ മോൻ രണ്ട് കെട്ടി ബീവികളായി സുഖായി കഴിയണ്. അത് കണ്ടപ്പോൾ മ്മക്കും ഒരു പൂതി ഒന്നൂടെ സംബന്ധം ചെയ്താലോന്ന്. അന്റെ മനസ്സിൽ എന്താന്ന് അറിഞ്ഞാൽ കൊള്ളാം.
ഇക്കാ...ങള് കാര്യായിട്ടാ പറയണെ
അതെ ആയിഷ..മ്മടെ കുഞ്ഞിക്കാന്റെ മോൾ ഹസീനയെ നിക്കാഹ് ചെയ്ത് തരാന്ന് എറ്റിട്ടുണ്ട്. അഞ്ച് പെണ്മക്കളല്ലേ. കായ ഇല്ലാത്തോണ്ട് അവർക്കും സമ്മതാന്ന്.
ഇക്കാ...
ഞെട്ടി വിറങ്ങലിച്ച് പോയ ആയിഷ ഒന്നേ വിളിച്ചുള്ളു...എന്നെ ഇഷ്ടല്ലാതായോ ഇക്കാ?
ഇഷ്ടല്ലതാവേ...ഇല്ലെന്റെ ആയിഷ. അവർക്ക് കായ ഇല്ലാത്തോണ്ട് ഇതൊരു പുണ്യമല്ലേ.
എത്ര ലാഘവത്തോടെയാണ് ഇതൊക്കെ ഇക്ക പറയുന്നത്, എങ്ങനെ ഇങ്ങനൊക്കെ പറയാനും ചിന്തിക്കാനും സാധിക്കുന്നു. വേറെ പെൺകുട്ടിയെ നിക്കാഹ് കഴിക്കാൻ പൂതിയുള്ള മനസ്സിലാണോ എന്നോട് സ്നേഹം ???
ആയിഷയുടെ മനസ്സിൽ ചിന്തകൾ പെരുത്ത് കയറി
ഞെട്ടിത്തരിച്ചിരിക്കുന്ന ആയിഷക്ക് ലോകം കീഴ്മേൽ മറിയുന്ന പോലെ തോന്നി. ഖൽബിലൊരു ഇടിമിന്നലേറ്റ പോലെ. സ്വന്തം ബീവിയൊട് ഒന്നൂടെ കെട്ടിക്കോട്ടേന്ന് ചോദിക്കുന്ന ഭർത്താവ്.. ഏതോരു ഭാര്യയും ഒട്ടും കേൾക്കാനിഷ്ടപ്പെടാത്ത കാര്യം.
എന്തു പറയണം എന്നറിയാതെ ആയിഷ ആകെ അസ്വസ്ഥയായി.
ഇത്ര വർഷം ഒരുമിച്ച് കിടന്നിട്ടും ഒരേ വീട്ടിൽ ഒരേ മുറിയിൽ, ആയിഷ ഇയ്യെന്റെ ഖൽബാണ് മൊഞ്ചാണ് മുത്താണ് എന്നൊക്കെ പറഞ്ഞ ഇക്കയാണ് കുറച്ചീസം കഴിയുമ്പോൾ മറ്റൊരുത്തിയുടെ കൂടെ ഇതേ വീട്ടിൽ ഈ മുറിയിൽ കിടക്കാൻ പോണത് .
പടച്ചോനെ ഞാൻ ഇതെങ്ങനെ സഹിക്കും. ആയിഷയുടെ മനസ്സ് നീറാൻ തുടങ്ങി...
പടച്ചോനെ ഞാൻ ഇതെങ്ങനെ സഹിക്കും. ആയിഷയുടെ മനസ്സ് നീറാൻ തുടങ്ങി...
11 വർഷായി തന്റെ ഇക്കയില്ലാതെ ഒരു നിമിഷം ഉറങ്ങാൻ പറ്റാറിലാത്ത ആയിഷക്ക് ആദ്യാമായി ആ രാത്രി ആ മുറിയിൽ നിന്നിറങ്ങിയോടി കിഴുക്കാം തൂക്കായി നിൽക്കുന്ന പർവ്വതത്തിന്റെ മോളിൽ കേറി താഴേക്ക് ചാടാൻ തോന്നി.
കുറേ നേരം കരഞ്ഞ് കരഞ്ഞ് അവൾ തിരിഞ്ഞ് നോക്കിയപ്പോൾ ഇക്ക അതാ സുഖായി ഉറങ്ങണു. അവൾ മെല്ലെ വിളിച്ചു.
ഇക്കാ...
സബീർ അതൊന്നും കേൾക്കാതെ ഹസീനയെ നിക്കാഹ് ചെയ്യുന്ന മോഹത്തിൽ ഗാഡ നിദ്രയിലായിരുന്നു.
കുറച്ചീസം മുന്നേ വരെ ഞാനൊന്നങ്ങിയാൽ , എണീറ്റ്, എന്താ ആയിഷാന്ന് ചോദിക്കുമായിരുന്ന ഇക്കയാണ് ഞാൻ തേങ്ങി കരഞ്ഞിട്ടും വിളിച്ചിട്ടും ഒന്നു അറിയാത്തവനായി ഉറങ്ങുന്നത്"
വീണ്ടും അവൾ തിരിഞ്ഞ് കിടന്ന് തേങ്ങി തേങ്ങി കരഞ്ഞു.
പല പല ചിന്തകൾ അവളുടെ മനസ്സിലൂടെ കടന്ന് പോയി. പടച്ചോനെ എന്നെ പറ്റിക്കാനായി എന്റെ ഇക്ക പറഞ്ഞോരു തമാശയായിരിക്കണേ ഇത്. വെളുക്കുമ്പോൾ ഓടി വന്ന് അന്നെ പറ്റിച്ചേന്ന് പറഞ്ഞ് എന്നെ കെട്ടി പിടിച്ച് എനിക്ക് എന്റെ ആയിഷയല്ലാതെ വേറൊരു പെണ്ണു വേണ്ടേ എന്നു പറയണേ..
അങ്ങനെ ആയിഷ പ്രാർത്ഥിച്ചു... ആ പാവം മനസ്സിലെ പ്രാർത്ഥനാ വാക്കുകൾ അവൾക്ക് തെല്ലൊരു ആശ്വാസമേകി.
11 വർഷത്തിനിടയിൽ ഒട്ടും ഉറങ്ങാതെ ആദ്യാമായി കണ്ണീർ വാർത്ത രാത്രിയായിരുന്നു ആയിഷക്കത്.
പിറ്റേ ദിവസം രാവിലെ ആയിഷ എഴുന്നേറ്റ് പതിവ് പോലെ ഇക്കക്ക് വേണ്ടി കട്ടൻ ചായ തിളപ്പിച്ച് കിടക്കരികിൽ കൊണ്ടോയി വച്ചു.
മുറ്റമടിച്ചു , തലേന്ന് ബാക്കി വന്ന പാത്രങ്ങൾ കഴുകി. മാവെടുത്ത് ദോശയുണ്ടാക്കി. ഇക്കാക്ക് എറ്റവും ഇഷ്ടമുള്ള തേങ്ങാച്ചമ്മന്തി അരച്ചു. ചോറുണ്ടാക്കി.
അപ്പോഴേക്കും സബീർ എഴുന്നറ്റ് അടുക്കളയിലേക്ക് വന്നു.
പതിവ് ചിരിയും ആയിഷാന്നുള്ള വിളിയും അന്നുണ്ടായിരുന്നില്ല.
രാവിലെ വന്ന് തന്നെ കെട്ടിപ്പിടിച്ച് എന്റെ ആയിഷുനെ പറ്റിച്ചേ എന്നു പറയുമെന്ന് സ്വപ്നം കണ്ട ആയിഷ തകർന്ന് തരിപ്പണമായി.
ആയിഷയോട് ഒന്നും മിണ്ടാതെ കുളിച്ചൊരുങ്ങി, അവളുണ്ടാക്കി വച്ച ആഹാരം പോലും കഴിക്കാതെ സബീർ പുത്തേക്കെവിടെക്കോ ഇറങ്ങിപോയി
ആദ്യമായി തനിക്ക് കവിളിൽ ഉമ്മ തരാതെ പൊയ ദിവസം..
കുറച്ച് നേരം കഴിഞ്ഞപ്പോൾ സബീർ കയ്യിൽ കുറേ പലഹാരങ്ങളും പൊതികളുമായി വന്നു.
ആയിഷാ ...
എന്തോ ...വിളി കേട്ട് അവൾ ഓടി വന്നു
ആയിഷാ ഇന്ന് 11 മണിക്ക് കുറച്ച് ആളുകൾ വരും. നീ ചായ ഉണ്ടാക്കി ഈ പലഹാരങ്ങളൊക്കെ നിരത്തി വെക്കണം.
ആരാ ഇക്ക വരണത്?
അതൊക്കെ ഉണ്ട് , നീ ഇപ്പൊ ഞാൻ പറയണത് ചെയ്യ്
പാവം ആയിഷ , കഥയറിയാതെ തലകുലുക്കി കേട്ടു. അവൾ പലഹാരം എടുത്ത് വെയ്ക്കാനുള്ള പാത്രമൊക്കെ കഴുകി തുടച്ച് മേശപ്പുറത്ത് അടുക്കി വച്ചു. വീടും അകവുമൊക്കെ അടിച്ച് വാരി തുടച്ച് വൃത്തിയാക്കി. ആയിഷയും കുളിച്ചോരുങ്ങി ഒരുങ്ങി നിന്നു. ഭർത്താവിന്റെ അതിഥികളെ സ്വീകരിക്കാനായിട്ട്.
11 മണിയായപ്പോഴേക്കും അവർ വന്നു. വന്നവരെ കണ്ടു ആയിഷ ഞെട്ടി ഹസീനയുടെ വാപ്പ കുഞ്ഞിക്കയും കുറച്ച് ബന്ധുക്കളും.
സബീർ പോയി അവരെ ആനയിച്ച് കൊണ്ട് വന്നു. ആയിഷക്ക് ഒന്നും അങ്ങട് പിടി കിട്ടിയില്ല.
അവർ വന്നിരുന്ന് ഇക്കാടെ ഹസീനയുമായുള്ള നിക്കാഹിന്റെ കാര്യം സംസാരിക്കണ കേട്ടപ്പോഴാണ് , അവർ വന്നത് നിക്കാഹ് പറഞ്ഞുറപ്പിക്കാനാണെന്ന് ആയിഷക്ക് മനസ്സിലായത്.
വിണ്ടു കീറിയ മനസ്സിൽ പുകച്ചിൽ കൂടി കൂടി വരുന്ന പോലെ. അവൾ ഓടി അടുക്കളയിലേക്കു പോയി മുഖം പൊത്തി കരഞ്ഞു. ഹൃദയമിടിപ്പിന്റെ വേഗതയുടെ തിടുക്കം അത്രക്കധികമായി.
ആയിഷാ ....നീയെവിടെ എന്തെടുക്കുവാണ്, സൽക്കാരത്തിനു ചായ ഉണ്ടാക്ക് യ്യ് .
സ്വന്തം ഭർത്താവിന്റെ നിക്കാഹ് ഉറപ്പിക്കാനായി ആദ്യ ഭാര്യ തന്നെ ചായ ഉണ്ടാക്കി കൊടുക്കേണ്ടി വരുന്ന അവസ്ഥ. ലോകത്തെ മറ്റേതെങ്കിലും സ്ത്രീകൾ ഇങ്ങനെ അനുഭവിച്ചിട്ടുണ്ടാവുമോ ?
ആയിഷ ഏങ്ങലടിച്ച് കരയുമ്പോൾ ഓർത്തു.
ആയിഷ ഏങ്ങലടിച്ച് കരയുമ്പോൾ ഓർത്തു.
ടാപ്പ് തുറന്ന് മുഖം കഴുകി അവൾ ചായക്ക് വെള്ളം വെച്ചു, പാലൊഴിച്ച് ചായപ്പൊടിയിട്ട് നല്ല ചായ ഉണ്ടാക്കി മധുരമിട്ടിളക്കുമ്പോൾ അവളുടെ കണ്ണിൽ നിന്നും കുടു കുടാ കണ്ണ് നീരൊഴുകുന്നുണ്ടായിരുന്നു. അവൾ അറിയാതെ രണ്ടു തുള്ളി കണ്ണുനീർത്തുള്ളികൾ ചായയിലേക്കു വീണു.
ആയിഷയുടെ കണ്ണുനീർ വീണ ആദ്യത്തെ ചായ സൽക്കാരം.
മുഖം ഒന്നുടെ കഴുകി പകുതിയോളം ഷാളിട്ട് മൂടി ചായ കൊണ്ട് കൊടുത്തു പലഹാരങ്ങൾ നിരത്തി വച്ചു.
അപ്പോൾ അടുത്ത മാസം 12 നു നിക്കാഹ്, സമ്മതമല്ലേ? വന്നവരിൽ മൂത്ത കാർന്നോരു സബീറിനോട് ചോദിക്കുന്നുണ്ടായിരുന്നു
സബീർ എല്ലാം സമ്മതിക്കുന്നുമുണ്ടായിരുന്നു.
അപ്പോൾ അടുത്ത മാസം എന്റെ ഇക്ക വേറെയൊരുത്തിയുടെ കൂടെ പൊറുക്കാൻ പോകുന്നു . ആത്മ സംയമനം പാലിച്ച് ആയിഷ അടുക്കളയിലെ ചുമരിൽ ചാരി നിന്നു.
എങ്കിലും അവളുടെ മനസ്സിൽ സബീറിക്ക മാത്രമേ ഉണ്ടായിരുന്നുള്ളു . വേറൊരു പുരുഷനെ സ്വപ്നത്തിൽ പോലും അവൾ ആലോചിച്ചിട്ടില്ല. എങ്കിലും എന്റെ ഇക്കാക്ക് വേറൊരു പെണ്ണ് വേണമെന്ന് പറഞ്ഞപ്പോ സഹിക്കാൻ പറ്റണില്ല .
അന്ന് മുതൽ ആയിഷ ഹാളിൽ കിടക്കാൻ കിടക്കാൻ തുടങ്ങി. അല്ലെങ്കിലും വേറൊരു പെണ്ണിനെ സ്വപ്നം കണ്ടു കിടക്കുന്ന തന്റെ ഇക്കാക്ക് താൻ ഒരു അധികപറ്റല്ലേ.
അതൊന്നും സബീർ കണ്ടതായി നടിച്ചില്ല.
അവൾ പതിവ് പോലെ വീട്ടിൽ എല്ലാം ചെയ്യാൻ തുടങ്ങി. സബീറിന്റെ എല്ലാ വസ്ത്രങ്ങളും അലക്കി ഉണക്കി ഇസ്തരി ഇട്ടു വച്ചു. വീടും പരിസരവും ഒന്നുടെ വൃത്തിയാക്കി. ഒരു നിക്കാഹ് നടക്കാൻ പോണ വീടല്ലേ .
ആയിഷാ ..സബീർ വിളിച്ചു.
ഉം അവൾ ഒന്നു മൂളി
ഇയ്യ് എന്നാ എടുക്കുവാ ഇങ്ങട് വന്നേ
ആയിഷ മെല്ലെ അകത്തേക്ക് വന്നു
ഇയ്യ് നാളെ മുതൽ അപ്പുറത്തെ മുറിയിൽ കിടന്നോ. അതാണ് അന്റെ മുറി ഇനി മുതല്. ഹസീന വന്നാലും ഇയ്യ് എന്റെ ബീവി തന്നാട്ടോ .മ്മള് മറക്കൂല . ഓളുടെ ഒപ്പോം അന്റെ ഒപ്പോം നമ്മൾ കിടക്കും , അതോർത്തു ഇയ്യ് ബേജാറാവണ്ട.
ഒരു ഒരു പുരുഷനെ ഒരു സ്ത്രീ ഏറ്റവും വെറുക്കപ്പെടുന്ന വാക്കുകൾ .. ഇടക്ക് വന്ന് ശരീര സുഖം നൽകാമെന്നർത്ഥം
അവൾ ഒന്നും മിണ്ടിയില്ല.
അവൾ മുറിയിൽ കയറി തന്റെ വസ്ത്രവും മറ്റും എടുത്ത് അപ്പുറത്തെ മുറിയിൽ കൊണ്ടോയി വച്ചു. മുറിയാകെ വൃത്തിയാക്കി അവിടെ തന്റേതായതൊന്നും ഇല്ലന്നുറപ്പ് വരുത്തി പുറത്ത് വന്നു
ആദ്യരാത്രി മുതൽ ജീവിതത്തിന്റെ മധുരവും കൈപ്പുമൊക്കെ 11 വർഷം നുകർന്ന മുറി. തന്റെ സ്വപ്നങ്ങൾ നെയ്തെടുത്ത മുറി. സ്വപ്നങ്ങൾ പൂവണിഞ്ഞ മുറി . എത്ര കഴുകി തുടച്ചാലും തന്റെ ഗന്ധം ആമുറിയിൽ നിന്ന് പോകുമോ ?
പടിയിറക്കി പിന്ധം വച്ചപോലെ അവളാ മുറിയിൽ നിന്നിറങ്ങിയപ്പോൾ , മനസ്സ് വർഷങ്ങൾ പിന്നിലേക്ക് പോയി ഓരോ കാര്യങ്ങൾ ഓർക്കുകയായിരുന്നു.
നിക്കാഹിന്റെ ദിനങ്ങൾ അടുക്കും തോറും അവളുടെ മനസ്സിന്റെ ഭാരം കൂടി വന്നു.
അല്ലേലും ആയിഷക്ക് എന്ത് ചെയ്യാനാകും. പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നു അവൾ. സ്നേഹിക്കാൻ മാത്രം അറിയാവുന്നവൾ. ഓളുടെ മൊഞ്ചുള്ള മുഖം കണ്ടാണ് അവളെ പോലെ പാവപ്പെട്ടവനായ സബീർ നിക്കാഹ് കഴിച്ചത്.
പിന്നീട് സബീറും അയിഷയും കഠിനാദ്ധ്വാനം ചെയ്ത് ഉണ്ടാക്കിയ ഒരു ചെറുകിട അച്ചാർ കമ്പനി ഇന്ന് വളർന്ന് വലുതായി അവർ ലക്ഷാധിപതികളായിരിക്കുന്നു. ആയിഷയുടെ വിയർപ്പ് ചില്ലറയല്ല അതിനു വേണ്ടി ഒഴുകിയത്.
പണവും സൗഭാഗ്യങ്ങളുമൊക്കെ വന്നപ്പോൾ സബീറിന് ആയിഷയുടെ സൗന്ദര്യം പോരാനൊരു തോന്നൽ . അതാണീ നിക്കാഹിന്റെ കാരണം.
ഹസീനക്ക് വയസ്സ് 22 സബീറിന് വയസ്സ് 38. പതിനാറ് വയസ്സ് വ്യത്യാസമുള്ള പെൺകൊടി. സബീറിന്റെ പണവും പെരുമയും കണ്ടാണ് ഹസീനയുടെ വാപ്പ ഇതിനു സമ്മതിച്ചത്.
പാവം ആയിഷ , അവക്കെന്തു ചെയ്യാൻ പറ്റും. അങ്ങനത്തത്തൊരു സമൂഹത്തിലാണവൾ ജീവിക്കുന്നത്. ഒന്നും ചെയ്യാൻ പറ്റാതെ നീറി പുകഞ്ഞു സഹിക്കുക തന്നെ വിധി. ഇന്ന് പലരും അങ്ങനെ സഹിക്കുന്നൊരുണ്ടല്ലോ
എങ്കിലും ഒരു വേലക്കാരിയെപ്പോലെ ആയിഷ ഓടി നടന്നു പണികളൊക്കെ എടുത്ത് നിക്കാഹിനു വേണ്ടി വീടൊരുക്കി .
അവസാനം അവൾ ഏറ്റവും വേദനിച്ച ദിനം വന്നെത്തി. അവൾ കുളിച്ചൊരുങ്ങി , ഇക്ക വാങ്ങി കൊടുത്ത സാരി ഉടുത്ത് വീട്ടിലിരുന്നു. അത്യാവശ്യം കുറച്ച് ബന്ധുക്കളും കൂട്ടുകാരും മാത്രം പങ്കെടുത്ത നിക്കാഹ് കഴിഞ്ഞു.
സബീർ തന്റെ പുതു മണവാട്ടിയെയും കൊണ്ട് വീട്ടിൽ വന്നു. അപ്പോഴും അകത്തെ മുറിയിൽ മരവിച്ചിരിക്കുകയായിരുന്നവൾ.
അത്തറിന്റെ മണമുള്ള മറ്റൊരു മൊഞ്ചത്തി പുഞ്ചിരിച്ചു കൊണ്ട് ആ വീട്ടിൽ ആദ്യമായി കാല് കുത്തി.
അവളുടെ ഓരോ കാലടികളും തന്റെ നെഞ്ചത്തേക്കാണ് പതിക്കുന്നതെന്നു അവൾക്ക് തോന്നി പോയി.
നിക്കാഹൊക്കെ കഴിഞ്ഞ് ശേഷിച്ചവരും പോയപ്പോൾ സബീറും ഹസീനയും ആയിഷയും മാത്രം ബാക്കിയായി
ഹസീന അവളെ നോക്കി ഒന്നു പുഞ്ചിരിച്ചു. ആയിഷക്കതൊരു കൊലച്ചിരിയായി തോന്നി. എങ്കിലും അവൾ ഒന്ന് ചിരിക്കാൻ ശ്രമിച്ചു.
ആയിഷ തന്നെ അവർക്കു വേണ്ട അത്താഴം വിളമ്പി കൊടുത്തു. അവർ തിന്ന പാത്രം ആയിഷ തന്നെ കഴുകി വച്ചു.
സബീറും ഹസീനയും അവരുടെ ആദ്യ രാത്രി ആഘോഷിക്കുമ്പോൾ, ആയിഷ കരഞ്ഞില്ല ..
അവൾ മെല്ലെ റൂമിൽ വന്നു ..തലേ ദിവസം ഒരുക്കി വച്ചിരുന്ന തന്റെ ബാഗും തോളത്തിട്ട് അവിടെ നിന്നും ആ രാത്രി ഇറങ്ങി നടന്നു.
എങ്ങോട്ടേക്കെന്നില്ലാതെ ഒരു ലക്ഷ്യവുമില്ലാതെ അവൾ ഇരുട്ടിലൂടെ നടന്നു മറഞ്ഞു.
..................
ജിജോ പുത്തൻപുരയിൽ
..................
ജിജോ പുത്തൻപുരയിൽ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക