Slider

നിലാവഴികള്‍

0

നിയോണ്‍ബള്‍ബുകളുടെ മഞ്ഞവെളിച്ചത്തിനു പിന്നില്‍ നിലാവ് ഒളിച്ചു കാത്തിരുന്നു. സന്ധ്യ മയങ്ങിയതും രാത്രിയായതുമറിയാതെ, സൂര്യനുറങ്ങിയതും ചന്ദ്രനുണര്‍ന്നതുമറിയാതെ.സെന്‍സര്‍ ഘടിപ്പിച്ച വഴിവിളക്കുകളാണെങ്കില്‍ ഇരുളും വെളിച്ചവും തീരെ മായാതെ കാക്കാന്‍ നിയോഗപ്പെട്ടവയും. അവയുടെ കറുപ്പും വെളുപ്പും കളങ്ങളില്‍ നിലാവിന്റെ നീലവെളിച്ചത്തിന് ഇടമില്ലായിരുന്നു. അര്‍ദ്ധചാലകപ്രസരണങ്ങളുടെ തെളിഞ്ഞപ്രകാശത്തില്‍ നിഴലുകളുമായി കണ്ണുപൊത്തിയ്ക്കാനാവാതെ നിലാവ് തരിച്ചുനിന്നു. കാതടപ്പിയ്ക്കുന്ന ഡെസിബെല്‍ ഡിസ്ക്കോസംഗീതവീചികളില്‍ തട്ടി സാന്ദ്രമായ ഗന്ധര്‍വ്വസംഗീതം അലകളില്ലാതെയകന്നു. ഉഷ്ണവായുവിലെ വിഷപ്പുകയേറ്റ് പൂമൊട്ടുകള്‍ വിടരാതെ കൂമ്പിയടഞ്ഞു. ചീറിപ്പാഞ്ഞുവന്ന് ടയറുരഞ്ഞ് സഡന്‍ബ്രേക്കിട്ട സ്പോര്‍ട്സ് കാറിന്റെ കണ്ണഞ്ചിപ്പിയ്ക്കുന്ന ഹെഡ് ലൈറ്റിനു മുന്നില്‍ വീണുടയാതെ നിലാവ് വിളറി മാറിനിന്നു. പൊള്ളലേറ്റു വിങ്ങുന്ന മണല്‍ത്തരികള്‍ നൊന്തുവിളിച്ചു.. പോകല്ലെ, ഒരല്പം കുളിരെങ്കിലും ഇനിയെവിടെ? നിലാവ് തിരിഞ്ഞുനിന്നു. ആകാശത്ത് തെളിഞ്ഞുവന്ന ചന്ദ്രക്കലയുമായി മിഴിചേര്‍ത്ത് മന്ത്രിച്ചു.. ഇനിഞാന്‍ എവിടെ... എന്ത്? ചന്ദ്രബിംബം നിര്‍വ്വികാരമായി മൊഴിഞ്ഞു.. ഞാനെന്തു പറയാന്‍.. പൗര്‍ണ്ണമിയടുക്കുമ്പോള്‍ വിടര്‍ന്ന് വെട്ടം പൊഴിയ്ക്കാന്‍ എനിയ്ക്കിപ്പോള്‍ മടിയാണ്. കൂരിരുട്ടിന്റെ മറവില്‍ നടക്കുന്ന ക്രൂരതയ്ക്കും അസന്മാര്‍ഗകൃത്യങ്ങള്‍ക്കും എന്തിന് ദൃക് സാക്ഷിയാവണം! വഴിമാറിനടക്കുന്നതാണ് ബുദ്ധി.. നിലാവൊന്ന് പരുങ്ങി,.. എങ്ങോട്ട്? കാറ്റിലൂടെയൊരു മാറ്റൊലിയുയര്‍ന്നു.. നേരും നന്മയുമുള്ള ഹൃദയങ്ങളില്‍ പോയി രാപ്പാര്‍ക്കുൂ.. നോവുകളില്‍ കാണാസ്പര്‍ശമായി സാന്ത്വനമേകുക..കണ്ണീരുണങ്ങാത്ത നനവുകളെ ഊതിയുണക്കുക. നിലാവൂറിച്ചിരിച്ചു കൊണ്ട് മെല്ലെയൊന്ന് തിരിഞ്ഞുനോക്കി. ഒരല്പം ആര്‍ദ്രവര്‍ണ്ണം പകര്‍ന്നു നല്കാന്‍ ഒരു കൈക്കുമ്പിള്‍ പോലും കാണാതെ മെല്ലെ നടന്നകന്നു. അകലങ്ങളിലെ അറിയാവഴികളിലൂടെ.. രാധാസുകുമാരന്‍
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo