വർഷങ്ങളായുള്ള അന്വേഷണത്തിലാണ് ഞാൻ ... ഒരാളെ തേടി ........ പലതും കുത്തി കുറിക്കാൻ തുടങ്ങിയ കാലം മുതലേ ഉള്ളതാണ് ഈ അന്വേഷണം .. എന്റെ കാലാഭിരുചികൾക്കു പ്രോചോദനമായി മാറിയ ആ മാഷിനെ ഒരിക്കലെങ്കിലും കാണാൻ വേണ്ടി തുടരുകയാണ് അന്വേഷണം .
മാഷിന്റെ ആ അദ്ധ്യാപന ശൈലിയോട് എന്നും ആരാധനയായിരുന്നു . കഥ പറയും പോലെയായിരുന്നു അദ്ദേഹത്തിന്റെ ശിക്ഷണം . നാല് ചുമരുകൾക്കപ്പുറം പ്രകൃതിയിലേക്കിറങ്ങി ചെന്ന് പാട്ടും നൃത്തവുമെല്ലാം ചെയ്തും കുട്ടികളെ കൊണ്ട് ചെയ്യിക്കുകയും അഭിനയിപ്പിക്കുകയും ചെയ്താണ് മാഷ് ഞങ്ങളുടെ മനസ്സിലേക്ക് ഇരമ്പി കയറിയത് .
ഒരിക്കൽ ഒരു പദ്യം പഠിപ്പിക്കുന്ന അവസരത്തിൽ കണ്ണനായി എന്നെ മടിയിലിരുത്തി മാമൂട്ടി പാടി അഭിനയിച്ചതൊക്കെ ഇന്നും മനസ്സിലുണ്ട് . പാഠ പുസ്തകത്തിന് പുറത്തെ ചില കവിതകളും കഥകളും ഞങ്ങൾക്ക് പകർന്നു തരികയും ചെയ്തിരുന്നു അദ്ദേഹം .
വർഷങ്ങൾ ഒരു പാട് അകന്നു പോയി . മാഷും ആ വിദ്യാലയത്തിൽ നിന്നും മാറി പോയി . പിന്നീട് ഒരുപാട് അന്വേഷിച്ചു മാഷിനെ കുറിച്ചറിയാൻ . ഒരിക്കൽ ഒരു സുഹൃത്ത് പറഞ്ഞു മാഷിനെ കണ്ടുവെന്നും , അദ്ദേഹമിപ്പോൾ അറിയപ്പെടുന്ന ഒരു സഹ്ത്യകാരൻ ആണെന്നും . അവരുടെ സ്കൂളിലെ സമ്മാന ദാന ചടങ്ങിൽ പങ്കെടുക്കാൻ വന്നതായിരുന്നു മാഷ് . പിന്നീടൊരു അറിവുമില്ല .
വായനയിൽ താല്പര്യം ഉണ്ടായിരുന്നത് കൊണ്ടും , പഴയ ഓർമകളുടെ ഭാണ്ഡം ചുമക്കുന്നത് കൊണ്ടും വീണ്ടും മാഷിനെ കണ്ടെത്താൻ മനസ്സ് തുടിച്ചു അന്വേഷണം തുടർന്നു . പക്ഷെ എവിടെയും മാഷിനെ കണ്ടെത്താൻ കഴിഞ്ഞില്ല . സോഷ്യൽ മീഡിയയുടെ വരവോടെ അവിടെയും ശ്രമിച്ചു . പലരോടും അന്വേഷിച്ചു . അതിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത് അവരും എന്നെ പോലെ മാഷിനെ അന്വേഷിക്കുകയാണെന്നാണ് .
അങ്ങനെയിരിക്കെ ഒരു ദിവസം ഒരു അധ്യാപക ദിനത്തിൽ ഒരു സുഹൃത്തിന്റെ മുഖ പുസ്തകത്തിലെ കുറിപ്പ് വായിക്കാനിടയായി ... ആ അധ്യാപക ദിനത്തിൽ ഞാൻ അന്വേഷിക്കുന്ന അതേ മാഷിനെ കുറിച്ച് ഓർകുന്നുവെന്നും , അന്വേഷിക്കുന്നുവെന്നും .... കൂടെ മാഷിന്റെ മുഴുവൻ പേരും , നാടുമെല്ലാം എഴുതിയിട്ടുണ്ട് .
വീണ്ടും ഞാൻ മുഖ പുസ്തകത്തിൽ പരതി . ഇതിനകം എഴുത്തുകാരായ മാഷിന്റെ അതെ പേരുള്ള പലരും എന്റെ അന്വേഷണത്തിന്റെ ഫലമായി എന്റെ സൗഹൃദ സംഘത്തിൽ വന്നിരുന്നു . പക്ഷെ അവരിലാരിലും മാഷിന്റെ മുഖം ഞാൻ കണ്ടില്ല . പക്ഷെ ഇത്തവണ .......... എന്റെ പ്രാർത്ഥന പോലെ ... ഞാൻ അന്വേഷിച്ച ആളിനെ തന്നെ ലഭിച്ചു .
അതെ മാഷിനെ തന്നെ .. ഓര്മയിലുള്ള അതേ മുഖം ... മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു .. ഉടനെ തന്നെ മാഷിന് മെസ്സേജ് ചെയ്ത് ഞാൻ കാത്തിരുന്നു .. പക്ഷെ കാത്തിരിപ്പ് വൈകുന്നേരം വരെ നീണ്ടതോടെ എന്റെ ക്ഷമ നശിച്ചു . ഒരിക്കൽ കൂടി മാഷിന്റെ പ്രൊഫൈൽ ഞാൻ പരശോധിക്കവേ മറ്റൊരു മുഖം ഞാൻ മാഷിന്റെ സൗഹൃദ ലിസ്റ്റിൽ കണ്ടു . എന്റെ ഒരു സുഹൃത്ത് .. രണ്ടു വർഷങ്ങളായുള്ള സൗഹൃദമാണ് അവനുമായി .. അവന്റെ ഫോട്ടോകൾ ഞാൻ പരിശോധിക്കവേ അവനും മാഷും ചേർന്നുള്ള ഒരു ഫോട്ടോ കണ്ണിൽ ഉടക്കി ..
സങ്കടവും സന്തോഷവും ഇടകലർന്ന അവസ്ഥയിലായിരുന്നു ഞാൻ . അവനുമായി സൗഹൃദം ഉണ്ടായിട്ടും , വര്ഷങ്ങളായി ഞാൻ അന്വേഷിച്ചു നടക്കുന്ന മാഷ് അവന്റെ അച്ഛനാണെന്നറിഞ്ഞത് എന്നെ ഞെട്ടിച്ചു കളഞ്ഞു . ഇത്ര അടുത്തുണ്ടായിട്ടും അറിഞ്ഞില്ലല്ലോ ..... ഉടനെ തന്നെ ആ കൂട്ടുകാരന് ഞാൻ മെസ്സേജ് ചെയ്‌തു .. മാഷിന്റെ മകനാണോ എന്നുറപ്പ് വരുത്തിയ ശേഷം ഞാൻ അന്വേഷിക്കുന്ന ആൾ ആണ് നിന്റെ അച്ഛനെന്നു പറഞ്ഞു മാഷിന്റെ ഫോൺ നമ്പർ വാങ്ങി ..
ഇരുപത് വർഷത്തിന് ശേഷം ഞാൻ മാഷിനെ വിളിക്കുകയാണ് . അന്നത്തെ നരുന്ത് പയ്യനല്ല ഞാൻ .. ഭാഷയിലും രൂപത്തിലുമെല്ലാം ആ വ്യത്യാസം കാണും .. ഫോൺ റിങ് ചെയുന്നുണ്ട് .. മാഷിന്റെ സ്വരം കേൾക്കാനായി ഞാൻ കാതുകൾ കൂർപ്പിച്ചു വെച്ചു.. മറു തലക്കൽ മാഷിന്റെ ശബ്ദം ......................
'' മാഷേ ... മാഷ് പണ്ട് പഠിപ്പിച്ചിരുന്ന സ്കൂളിലെ ഒരു പൂർവ്വ കാല വിദ്യാർത്ഥിയാണ് ഞാൻ .... മാഷിന്റെ ക്ലാസ്സിലായിരുന്നു പഠിച്ചിരുന്നത് .. ഒരു പാട് കാലം ഞാൻ അന്വേഷിക്കുകയായിരുന്നു മാഷിനെ .... ''
സംസാരം ഏതാണ്ട് അരമണിക്കൂർ നേരം നീണ്ടു പോയി .. മാഷ് പഠിപ്പിച്ചു തന്ന കോഴി എന്ന കവിത എന്റെ ഓർമയിൽ നിന്നും ഞാൻ പങ്ക് വെച്ചപ്പോൾ പലപ്പോഴും മാഷിന്റെ സ്വരമിടറി ...
ഫോൺ സംഭാഷണം അവസാനിച്ചപ്പോൾ ഞാനൊരു വിസ്മയ ലോകത്ത് പാറി നടക്കുന്ന ഒരു പൂമ്പാറ്റയെ പോലെ തോന്നി ... തുള്ളി ചാടി നടക്കുന്ന എന്നെ കണ്ടു കൂട്ടുകാർ ചോദിച്ചു എന്ത് പറ്റി ?.. വട്ടായോ ?....
അതേ എനിക്ക് വട്ടു തന്നെയാ ... എന്റെ ഓർമകളിലെ ചില്ലു കൂട്ടിൽ ഞാൻ സൂക്ഷിച്ചു വെച്ച ഒരു നിധിയുടെ സ്വരം കേൾക്കാൻ കഴിഞ്ഞു ... ആ സമയം ലോകത്തെ ഏറ്റവും സന്തുഷ്ടനായ മനുഷ്യൻ ഞാൻ ആണെന്ന് വരെ തോന്നി ...
ഇതിനകം മാഷ് തന്ന മാഷിന്റെ വാട്സാപ്പ് നമ്പർ നാട്ടിലെ പല ഗ്രൂപ്പുകളിലേക്കും ഞാൻ പങ്കു വെച്ചിരുന്നു .. പലരും ആ സന്തോഷം എന്നോടും പങ്കു വെക്കുകയും ചെയ്‌തു ..ഇടക്കെന്തോ തിരക്കിൽ പെട്ട ഞാൻ തിരിച്ചു വന്നു നോക്കുമ്പോൾ മാഷിന്റെ മെസ്സേജുകളുടെ കൂമ്പാരം ..
'''മോനെ ... എനിക്ക് കരച്ചിൽ വരുന്നു .. എന്നെ ഇത്ര മാത്രം സ്നേഹിക്കുന്നവരാണ് നിങ്ങൾ എന്ന് ഞാൻ അറിഞ്ഞില്ലല്ലോ .... നിന്റെ പദ്യ പാരായണം കേട്ട് എനിക്ക് നിന്നോട് പ്രണയം തോന്നുന്നു ...... എനിക്കുറങ്ങാനാകുന്നില്ല ... നീ ഒന്ന് കൂടി വിളിക്കു മോനെ ''
ഒരു സാഹിത്യകാരന്റെ വാക്കുകൾ പലപ്പോഴും അങ്ങനെ ആണല്ലോ .. ഞാൻ ഉടൻ തന്നെ മാഷിന് വിളിച്ചു .. സമയം പാതി രാത്രി കഴിഞ്ഞിരിക്കുന്നു .... മറു തലക്കൽ മാഷിന്റെ സ്വരം ഉയർന്നു ....
'' മോനെ ... എന്താടാ കുട്ടാ .. ഞാൻ എന്താ നിന്റെ സ്നേഹം അറിയാതെ പോയത് ... നീ എന്നെ അന്വേഷിച്ചു കണ്ടെത്താൻ മാത്രം എന്താണ് കുട്ടാ നിനക്ക് ഞാൻ സമ്മാനിച്ചത് .. എനിക്കിപ്പോഴും നീ ആ നാലാം ക്ലാസ്സിലെ കുഞ്ഞാണ് ..... മാഷിന് വയ്യാണ്ടെ ഇരിക്കണ സമയത്ത് മോൻ എന്നെ കാണാൻ വരാണ് .. അവിടെ എങ്ങും ആരുമില്ല .. കതകടച്ചു മോൻ എന്റെ പാട്ടുകൾ പാടി എന്റെ നെഞ്ചിൽ തല ചായ്ച്ചുറങ്ങാണ് .. ഞാൻ താഴെയും നീ ....... ''
ഹോ .. എന്താണിത് ഞാൻ മാഷിന്റെ വാക്കുകൾ മുഴുവനും കേൾക്കാൻ നിൽക്കാതെ ഫോൺ കട്ട് ചെയ്‌തു .. എത്രമാത്രം മോശം വാക്കുകൾ ആണ് മാഷെന്നോട് ഇപ്പോൾ പറഞ്ഞിരിക്കുന്നത് ...
മരവിച്ചു പോയി ഞാൻ .. എന്റെ മനസ്സിലെ ചില്ലു കൂടാരം ഉടഞ്ഞു പോയി ... അതിനകത്തു പ്രതിഷ്ഠിച്ച വിഗ്രഹം വീണുടഞ്ഞു വെറും കളിമണ്ണായി മാറുന്നത് കണ്ടു .. അന്ധമായി ആരാധിച്ചത് ഈ കളിമൺ രൂപത്തെയാണോ ?... എനിക്കെന്നോട് തന്നെ വെറുപ്പ് തോന്നി .... അത് വരെ ഏറ്റവും സന്തുഷ്ഠനെന്നു കരുതിയ എന്റെ സന്തോഷത്തിനു അല്പായുസ്സ് മാത്രമായിരുന്നുവന്നു ഞാൻ മനസ്സിലാക്കി
വീണ്ടും മാഷിന്റെ മെസ്സേജ് വന്നു കൊണ്ടിരിക്കുന്നു ... അത് നോക്കുവാൻ തന്നെ അറപ്പു തോന്നുന്നു .. ഒരിക്കലും ഉൾകൊള്ളാൻ കഴിയാത്ത ഒരു വാക്കാണ് ഞാൻ കേട്ടത് .. ഇനിയുമൊരുപക്ഷേ അങ്ങനെ എങ്കിൽ ജീവിതം തന്നെ മടുത്തു പോകുമെന്ന ഭയം എന്റെ ഉള്ളിലുണ്ട് ....
മദ്യ ലഹരിയിൽ മറ്റൊരു ചർച്ചക്കിടെ വന്ന ഫോൺ ആയത് കൊണ്ട് സംഭവിച്ചു പോയ അബദ്ധമാണെന്ന് മാഷിന്റെ മാപ്പപേക്ഷ സ്‌ക്രീനിൽ തെളിഞ്ഞു ......
'' ഹും '' .. മറുപടി ഒരു മൂളലിൽ മാത്രമൊതുക്കി നിദ്രയെ ക്ഷണിച്ചു വരുത്തി ഞാൻ കണ്ണുകൾ അടച്ചു ...
പിറ്റേന്ന് ഫോൺ തുറക്കുമ്പോൾ ഒരു പാട് മെസ്സേജുകൾ ഫോണിൽ കിടപ്പുണ്ട് .. ഞാൻ കൈമാറിയ മാഷിന്റെ വാട്സ്ആപ് നമ്പർ വെച്ച് പലരും മാഷിനെ ബന്ധപ്പെടുകയും തുടർന്നു മാഷും കുട്ടികളും എന്ന ഗ്രൂപ്പ് ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട് .. പലരും മാഷിനോട് അവിടെ സംവദിക്കുകയാണ് . തലേന്ന് നടന്ന സംഭവത്തിന്റെ നടുക്കുന്ന ഓർമ്മകൾ ഉള്ളത് കൊണ്ട് മാഷുമായി സ്വകാര്യ സംഭാഷണം നടത്താതിരിക്കാൻ ഞാൻ ഗ്രൂപ്പുമായി സഹകരിച്ചു ....
ദിവസങ്ങൾ കഴിഞ്ഞു .. ഗ്രൂപ്പിലെ സജീവ സാന്നിധ്യങ്ങൾ പലരും പിന്നീട് ആ വഴി വരാതായി .. അങ്ങനെയിരിക്കെ ഒരു ദിവസം ഒരു കൂട്ടുകാരൻ അയച്ച മെസ്സേജ് വായിച്ചു .. അവനോടും എന്നോട് പെരുമാറിയത് പോലെ , അതേ വാക്കുകൾ മാഷ് ആവർത്തിച്ചുവെന്നു പറഞ്ഞു .. ഗ്രൂപ്പിൽ നിന്നും ഒഴിവാക്കി തരണമെന്നായിരുന്നു അവന്റെ അപേക്ഷ .. തുടർന്നു നടത്തിയ അന്വേഷണത്തിൽ മറ്റു ചിലരോടും ഇതേ വാക്കുകൾ മാഷ് ആവർത്തിച്ചതായി അറിഞ്ഞു ..
എല്ലാവരും എന്നെ തന്നെ പഴിക്കുകയാണ് ... '' എവിടെ നിന്നാണ് , എന്തിനാണ് മാഷിനെ തേടി പിടിച്ചു കൊണ്ട് വന്നത് ... വല്ല കാര്യവുമുണ്ടായിരുന്നോ '' കുത്തു വാക്കുകൾ ബാധ്യതയായി മാറിയപ്പോൾ ഒരു കുറിപ്പിട്ടു ഞാൻ ഗ്രൂപ്പ് അടച്ചു പൂട്ടുന്നതായി പ്രഖ്യാപിച്ചു ...
'' ഗ്രൂപ്പിൽ വൈറസ് ഉണ്ട് .. ബാധയേൽക്കാതിരിക്കാൻ എത്രയും പെട്ടെന്ന് എല്ലാവരും ഗ്രൂപ്പ് വിട്ടു പുറത്തു പോകുക .. ജാഗരൂഗരാകുക '''
ഈ സന്ദേശത്തിൽ വൈറസ് എന്നുദ്ദേശിച്ചത് മാഷിനെ ആണെന്ന് മാഷിന് മനസ്സിലായതിനെ തുടർന്നു മറ്റൊരു മാപ്പപേക്ഷ കൂടി എന്നെ തേടി വന്നു ...
'' അബദ്ധം സംഭവിച്ചതാണ് ... കുടുംബം തകർക്കരുത് ''
'' ഒരിക്കൽ സംഭവിക്കുന്നത് അബദ്ധം .. വീണ്ടും വീണ്ടും സംഭവിക്കുന്നതിനെ അങ്ങനെ വിശേഷിപ്പിക്കാമോ മാഷെ ?... മാഷ് പണ്ട് പഠിപ്പിച്ചു തന്ന വാക്കുകളാണ് ഇത് ആലോചിച്ചു നോക്കൂ ...... ''
അബദ്ധമല്ല .. പലർക്കും അനുഭവങ്ങൾ ഉണ്ട് .. സ്കൂൾ കാലത്തും ഇത്തരം പീഡനങ്ങൾ അനുഭവിച്ചവർ ഉണ്ടെന്നു ഞാൻ അന്വേഷിച്ചറിഞ്ഞു .. ഒരു പക്ഷേ അന്നെന്നെ മടിയിലിരുത്തി കണ്ണനായി മാമൂട്ടുമ്പോൾ അയാളുടെ കണ്ണുകളിൽ കംസന്റെ ഭാവമായിരിക്കണം .....
ഞാൻ തേടി പിടിച്ചു കൊണ്ട് വന്ന ബാധ്യതയെ തത്കാലം അവസാനിപ്പിച്ചുവെന്ന സന്തോഷത്തിൽ നിൽകുമ്പോൾ ഫോൺ അലമുറയിട്ടു കരയുന്നു ... ഹൈ സ്കൂളിൽ കൂടെ പഠിച്ച ജിതേഷാണ് ....
'' ഡാ .. നീ പറഞ്ഞ പഴയ വിൻസെന്റ് മാഷിനെ കുറിച്ചുള്ള വിവരം കിട്ടി '' ജിതേഷിന് അമിതാവേശം .
'' വേണ്ടെടാ .. എനിക്കറിയണ്ട .. അവർക്കൊക്കെ മനസ്സിൽ ദൈവികമായ ഒരു സ്ഥാനം ഉണ്ട് .. അതങ്ങനെ തന്നെ ഇരിക്കട്ടെ .... അടുത്തറിഞ്ഞാൽ ഒരു പക്ഷെ ...... ''

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക