Slider

പാദസരം

0

ഗോപേട്ടന്റെ കാല്പാദം ആക്‌സിലേറ്ററിൽ അമരും തോറും വണ്ടിയുടെ സ്പീഡ് കാണിക്കുന്ന മീറ്ററിലെ സൂചി വലത്തോട്ട് കൂടുതൽ ചാഞ്ഞു കൊണ്ടിരുന്നു. മരുഭൂമിയെ വകഞ്ഞു മാറ്റി നെടും നീളത്തിൽ നീണ്ടു നിവർന്നു കിടക്കുന്ന ഈ ഹൈവേയിൽ കൂടി വണ്ടി ഓടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ പത്ത് കഴിഞ്ഞു. ആയിരത്തി ഒരുനൂറ്‌ കിലോമീറ്റെർ വിശ്രമമില്ലാതെ വണ്ടി ഓടിച്ചാലേ വൈകുന്നേരമെങ്കിലും റൂമിൽ തിരിച്ച് എത്തുകയുള്ളൂ.
വെള്ളിയാഴ്ച്ച അവധിയായതിനാൽ വ്യാഴാഴ്ച രാത്രിയോടെ നാട്ടുകാർ എല്ലാവരും റൂമിൽ ഒത്തു കൂടും. പിന്നെ വെള്ളിയാഴ്ച പുലരുന്നതു വരെ നാട്ടുവർത്തമാനവും, കളിയും ചിരിയും ബഹളവുമായിരിക്കും റൂമിൽ. അതു കൊണ്ടു തന്നെ ഇന്നത്തെ ദിവസം വല്ലാത്ത ദൃതിയാണ് റൂമിലെത്താൻ.
ആക്‌സിലറേറ്ററിൽ ആഞ്ഞു ചവിട്ടുമ്പോഴും ഒരു മണിക്കൂർ മുമ്പേ പോയ സലാമിന്റെ വണ്ടി തിരയുന്നുണ്ട് ഗോപേട്ടന്റെ കണ്ണുകൾ. എത്ര സ്പീഡിൽ വണ്ടി ഓടിച്ചിട്ടും അവന്റെ പൊടിപോലും കാണുന്നില്ലല്ലോ എന്ന് വ്യാകുലപ്പെടുന്നുമുണ്ട്. പക്ഷെ അടുത്ത പെട്രോൾ പമ്പിൽ വണ്ടി ഒതുക്കി നിർത്തി തനിക്കു വേണ്ടി അവൻ കാത്തു നിൽക്കും
എന്ന് ഗോപേട്ടനു നല്ല ഉറപ്പുണ്ടായിരുന്നു.
ഒരു വലിയ കുടുംബത്തിന്റെ ഭാരം പേറി വളരെ ചെറുപ്പത്തിൽ തന്നെ പ്രവാസം തുടങ്ങിയ സലാം ഏകദേശം ഇരുപത്തേഴു വർഷം പൂർത്തിയായിട്ടും നാട്ടിൽ പോയി ഒരു വിശ്രമ ജീവിതം നയിക്കാൻ പറ്റാത്തതിൽ നിരാശനാണ്.
നല്ല സമയത്ത് അദ്ധ്വാനിച്ചതെല്ലാം കുടുംബത്തിന് വേണ്ടി ചിലവഴിച്ചു. കാലങ്ങൾ കഴിഞ്ഞു. സ്വന്തം കുടുംബവും കുട്ടികളുമൊക്കെയായി അവരെ നോക്കേണ്ട സമയം ആയപ്പോൾ ആരോഗ്യം ക്ഷയിച്ചു. ഷുഗർ, പ്രഷർ തുടങ്ങിയ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടാനും തുടങ്ങി.
ഒരു ദിവസം ഏതോ ഒരു സാമൂഹിക സംഘടന നടത്തിയ മെഡിക്കൽ ക്യാമ്പിലാണ് രോഗ വിവരം അറിയുന്നത്. അന്ന് റൂമിൽ വന്നിരുന്നു ഒരുപാട് കരഞ്ഞു. പിന്നീടുള്ള മാസങ്ങളിൽ ഭാര്യ ആയിശു നാട്ടിൽ നിന്നും വരുന്നവരുടെ കയ്യിൽ മരുന്ന് പെട്ടികൾ കൊടുത്തയക്കുന്നതു ഒരു മാമൂലുപോലെ തുടർന്നു കൊണ്ടിരുന്നു.
ഹൈവേയിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്നത് ഒട്ടകങ്ങൾ റോഡ് മുറിച്ചു കടക്കുമ്പോഴാണ്. അതുകൊണ്ടു തന്നെ റോഡിനിരുവശവും ഇരുമ്പു വേലികൾ കെട്ടി വേർതിരിച്ചിട്ടുണ്ട്, ഒട്ടകങ്ങൾ മുറിച്ചു കടന്നുള്ള അപകടങ്ങൾ ഒഴിവാക്കാൻ. കൂടാതെ യാത്രക്കാർക്ക് അപകട സൂചന നൽകുന്ന ബോർഡുകൾ വണ്ടിയുടെ വെളിച്ചം തട്ടി തിളങ്ങുന്നതും വഴി നീളെ കാണാം.
ഈ ഹൈവേയിലൂടെയുള്ള ഓട്ടപ്പാച്ചിലിൽ എത്രയോ അപകടങ്ങൾ കാണുന്നു. കണ്ടാലും നമുക്ക് കാര്യമായി ഒന്നും ചെയ്യാനില്ലാത്തത് കൊണ്ടും, പിന്നെ ധൃതിപിടിച്ച പാച്ചിലായതുകൊണ്ടും ഇതൊന്നും ആരും ശ്രദ്ദിക്കാറില്ല.
-" ഗോപേട്ടാ നോമ്പിന് നമ്മൾ എല്ലാ പ്രാവശ്യവും അയക്കാറുള്ള ഈത്തപ്പഴം, ബദാം, പിസ്താ, ചോക്കലേറ്റ്, പിന്നെ വെള്ളം കലാക്കാനുള്ള ടാങ്ക് എല്ലാം വാങ്ങി വണ്ടിയിൽ വെച്ചിട്ടുണ്ട്. അത് റൂമിൽ എത്തിയതിനു ശേഷം കാർഗോ അയക്കണം..!!
-" പിന്നെ കുഞ്ഞോൾക്കുള്ള പാദസരവും വാങ്ങി പേഴ്സിൽ ഭദ്രമായി വെച്ചിട്ടുണ്ട്..
അത് പറഞ്ഞപ്പോൾ അവന്റെ കണ്ണുകൾ വല്ലാതെ തിളങ്ങിയിരുന്നു. കാരണം അവന്റെ മോൾ കുഞ്ഞോൾക്ക് കൊടുത്ത വാക്കായിരുന്നു. പത്താം ക്ലാസ്സിൽ മൊത്തം എ പ്ലസ് വാങ്ങിയാൽ പാദസരം വാങ്ങി തരാമെന്ന്.
ഇങ്ങനെ ഓരോന്ന് ചിന്തിച്ച് വണ്ടി ഓടിക്കുമ്പോഴും ഗോപേട്ടന്റെ കണ്ണുകൾ സലീമിനെ തിരയുന്നുണ്ടായിരുന്നു. വണ്ടി ഇപ്പോൾ നൂറ്റി എൺപതു സ്പീഡിൽ ബുള്ളറ്റ് ട്രെയിൻ കണക്കെ കുതിച്ചു പായുകയാണ്. രാത്രി പന്ത്രണ്ടു മണി കഴിഞ്ഞതു കൊണ്ട് റോഡിൽ വാഹനങ്ങൾ വളരെ കുറഞ്ഞിരിക്കുന്നു. പൊടിക്കാറ്റടിക്കാൻ തുടങ്ങിയതോടെ മുന്നോട്ടുള്ള കാഴ്ച മങ്ങാൻ തുടങ്ങിയപ്പോ വണ്ടിയുടെ സ്പീഡ് ഒന്ന് കുറച്ചു.
അപ്പോൾ..!!
അനന്തമായി നീണ്ടു കിടക്കുന്ന ഹൈവേയിൽ, അങ്ങു ദൂരെയായി ബീക്കൺ ലൈറ്റും, ഹസാർഡ് ലൈറ്റും ഘടിപ്പിച്ച പോലീസ് വാഹനവും, ആംബുലൻസും അടുത്തടുത്ത് തെളിഞ്ഞു വന്നു. ഒരു അപകടം നടന്നതിന്റെ സൂചന മണക്കുന്നുണ്ട്. വണ്ടിയുടെ വേഗത കുറച്ചു കൊണ്ട് വരുംതോറും കാക്കിയിട്ട പോലീസുകാരുടെ രൂപവും തെളിഞ്ഞു വന്നു.
ഗോപേട്ടൻ വണ്ടി പതുക്കെ സൈഡാക്കി, ഗ്ലാസ്സിനിടയിലൂടെ അലക്ഷ്യമായി നോക്കി.
ഒട്ടകവുമായുള്ള ഇടിയുടെ ആഘാതത്തിൽ, വണ്ടിയുടെ മുൻവശം പിറകിലോട്ട് വളഞ്ഞു ചേരട്ട ചുരുണ്ടതു പോലെ ആയിട്ടുണ്ട്. മുന്നിലെ ഗ്ലാസ്സ് പൊട്ടി ഒട്ടകത്തിന്റെ ഭീമാകാരമായ ശരീരം അതിനുമുകളിൽ അമർന്നിട്ടുണ്ട്. എൻജിന്റെ അടിഭാഗത്തു കൂടി ഓയിലിന്റെ കൂടെ രക്തം ധാര ധാരയായിട്ടു റോഡിലേക്ക് ഒഴുകുന്നുണ്ട്. ഇതിനുള്ളിൽ ഞെരിഞ്ഞമർന്ന ശരീരം പുറത്തേക്കെടുക്കാൻ വേണ്ട വഴികൾ തേടുകയാണ് പോലീസുകാർ. അതിൽ
ഒരു പോലീസുകാരൻ കയ്യിൽ ഒരു കമ്പിപ്പാരയുമായി വന്നു ചുരുണ്ടു കൂടിയ വാതിൽ വെട്ടിപ്പൊളിക്കാൻ തുടങ്ങി.
ഒരുപാട് നേരത്തെ പരിശ്രമത്തിനു ശേഷം വാതിൽ അടർന്നു പോന്നപ്പോൾ അതിന്റെ കൂടെ ചതഞ്ഞരഞ്ഞ ശരീരവും റോഡിലേക്ക് മറിഞ്ഞു. പക്ഷെ ഒരു കാല് ഗിയറിന്റെയും സീറ്റിന്റെയും ഇടയിൽ കുടുങ്ങി കിടന്നിരുന്നു. എല്ലാം കൂടെ പെറുക്കിയെടുത്ത് റോഡിന്റെ സൈഡിലേക്ക് എടുത്തു വെച്ചു. ആംബുലൻസിൽ നിന്നും ഇറങ്ങിവന്ന ഡോക്ടർ മൃത്യദേഹത്തിനടുത്തു വന്നു എന്തൊക്കയോ പരിശോധിച്ച് വെള്ളത്തുണി കൊണ്ട് മൂടാൻ ആംഗ്യം കാണിച്ചു. ശേഷം രണ്ടു പേർ സ്‌ട്രെച്ചറിൽ എടുത്തു വെച്ച് ആംബുലൻസിൽ കിടത്തി. ആംബുലൻസ് സ്റ്റാർട്ട് ചെയ്തു. ബീക്കൺ ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങി. ലൈറ്റുകൾ ഹെലികോപ്ടറിന്റെ പ്രൊപ്പല്ലർ പോലെ കറങ്ങി കൊണ്ടിരുന്നു. ആംബുലൻസ് അടുത്ത ആശുപത്രി ലക്‌ഷ്യം വെച്ച് നീങ്ങി. അകമ്പടിയായി പോലീസ് ജീപ്പും പിറകെ ശബ്ദമുണ്ടാക്കി പാഞ്ഞു.
വണ്ടിയിൽ നിന്നും ഇറങ്ങാത്തതു കൊണ്ട് ഒന്നും വ്യക്തമായി കണ്ടില്ല. അല്ലെങ്കിലും വ്യക്തമായി കാണാതിരുന്നത് ഒരു വിധത്തിൽ നന്നായി. കണ്ടിരുന്നെങ്കിൽ ഇവിടെത്തന്നെ തല കറങ്ങി വീണേനെ..ഗോപേട്ടൻ ഓർത്തു.
ഒരഞ്ചു കിലോമീറ്റർ ഓടിയപ്പോൾ പെട്രോൾ പമ്പ് കണ്ടു. ഉടനെ പമ്പിൽ വണ്ടി കേറ്റി ഗോപേട്ടൻ സലാമിനെ തിരഞ്ഞു. തൊട്ടപ്പുറത്തെ *ബാർണീസ് കോഫി * ഷോപ്പിന്റെ കൗണ്ടറിൽ ചാരി അവനതാ നിൽക്കുന്നു. വണ്ടി കുറച്ചപ്പുറത്തു മാറ്റി നിർത്തിയിട്ടുണ്ട്. ഗോപേട്ടനെ കണ്ടതും അവൻ ഒരു കോഫിക്ക് കൂടെ ഓർഡർ ചെയ്തു. അത് കുടിച്ചു നിൽക്കുമ്പോൾ അവന്റെ മുഖം അസാധാരണമായ ഒരു പ്രകാശം വലയം ചെയ്തിരുന്നു. ഒരു സ്വപ്നത്തിൽ നിന്നും ഉണർന്ന പോലെ അവന്റെ കണ്ണുകൾ തിളങ്ങിയിരുന്നു. ഒരു പ്രത്യേക സുഗന്ധം അവനെ വലയം ചെയ്തിരുന്നു.
-" വാ പോകാം ഗോപേട്ടാ..!!
അവന്റെ സംസാരം കേട്ട് ഗോപേട്ടൻ ചോദിച്ചു..
-" എങ്ങോട്ട്?
അവന്റെ വണ്ടിയിൽ നിന്നും നാട്ടിലേക്കയക്കാൻ വാങ്ങിയ സാധനങ്ങൾ എല്ലാം ഗോപേട്ടന്റെ വണ്ടിയിൽ എടുത്തുവെച്ചപ്പോൾ ചോദിച്ചു.
-" അപ്പൊ നിന്റെ വണ്ടി എടുക്കുന്നില്ലേ..?
- " ഇല്ല..നമുക്ക് നിങ്ങളെ വണ്ടിയിൽ പോവാം..!! മാത്രമല്ല നമ്മൾ ഇപ്പോൾ പോവുന്നതു ഒരു ഇരുനൂറ് കിലോമീറ്റർ ദൂരത്തുള്ള ഒരു ഹോസ്പിറ്റലിലേക്കാണ്..
മറുത്തെന്തെങ്കിലും പറയാനുള്ള ധൈര്യം ചോർന്ന് പോകുന്നത് പോലെ തോന്നി. അവൻ എന്റെ വണ്ടിയിൽ കയറിയ ഉടനെ തന്നെ ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു. അവൻ ഗോപേട്ടനെ നോക്കി ഒന്നു മന്ദഹസിച്ചു. ഗോപേട്ടന്റെ കാല് വീണ്ടും ആക്‌സിലേറ്ററിൽ അമർന്നു. വണ്ടി മുന്നോട്ടു കുതിച്ചു.
സലാം ഫോണെടുത്തു..അതിൽ ഓരോ നമ്പർ കുത്തുമ്പോഴും ഭാര്യ ആയിശുവിലേക്കുള്ള ദൂരം കുറഞ്ഞു വന്നു. ഫോൺ ബെല്ലടിക്കാൻ തുടങ്ങി. മറു തലക്കൽ നിന്നും ആയിശൂന്റെ ശബ്ദം ഒഴുകിയെത്തി..!!
ഇക്കാ..!!
-" എടീ ഇപ്രാവശ്യത്തെ നോമ്പിനുള്ള സാധനമൊക്കെ വാങ്ങീട്ടുണ്ട്. പിന്നെ കുഞ്ഞോൾക്കുള്ള പാദസരവും.. ഇതെല്ലം കൂടി ഞാൻ ഗോപേട്ടനെ ഏല്പിച്ചിട്ടുണ്ട്..
-" പിന്നെ നിനക്കെന്താ വേണ്ടത് മുത്തേ..?
ആ ചോദ്യം സ്ഥിരമായിട്ടു ചോദിക്കുമെങ്കിലും ആയിശുവിൽ നിന്നും മൗനമായിരിക്കും ഉത്തരം. ഇത്രയും കാലത്തെ വിരഹത്തിനു വിരാമമിടാൻ നിങ്ങളെന്റെ അടുത്തു വേണം എന്നാണ് ആ മൗനത്തിന്റെ അർഥം. അത് സലാമിനും നന്നായി അറിയാം. പിന്നെ കൂടുതലൊന്നും ചോദിക്കാനുള്ള ധൈര്യം അവനും കിട്ടാറില്ല.
-" ഞാനൊരു നീണ്ട യാത്ര പോവാണ്‌. കുറച്ച് ദിവസം എന്നെ കണ്ടില്ലെങ്കിലും വിഷമിക്കരുത്. ഞാൻ എപ്പോഴും നിങ്ങളുടെ കൂടെയുണ്ടാവും. ആയിശൂ കുട്ടികളെ നല്ലോണം നോക്കണം ട്ടോ..
മറുതലക്കൽ നിന്നും ഒരു തേങ്ങലിന്റെ അലയൊലി കാതിൽ വന്നു പതിച്ചപ്പോൾ സലാം ഫോൺ കട്ട് ചെയ്തു.
സലാം നിർദേശിച്ച പ്രകാരം ഗോപേട്ടന്റെ വാഹനം അടുത്തു കണ്ട ഹോസ്പിറ്റലിന്റെ കോമ്പൗണ്ടിലേക്കു പ്രവേശിച്ചു. അവിടെ നേരത്തെ കണ്ട ആംബുലൻസും പോലീസ് വണ്ടിയും കിടക്കുന്നുണ്ടായിരുന്നു. ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി പോലീസുകാരന്റെ അടുത്തേക്ക് ചെന്നു. അദ്ദേഹം എന്നെ ഒന്ന് സൂക്ഷിച്ചു നോക്കിയതിനു ശേഷം എന്റെ കൈപിടിച്ചു മോർച്ചറിയുടെ അടുത്തേക്ക് നടന്നു. നിര നിരയായി കിടത്തിയിരിക്കുന്ന മയ്യത്തുകൾക്കിടയിൽ നിന്നും ഒരു മയ്യത്തിന്റെ മുഖത്തെ തുണി പൊക്കി...
ആ മുഖം കണ്ട എന്റെ ശരീരം മോച്ചറിയിലെ കൊടും തണുപ്പിലും നിന്ന് വിയർക്കാൻ തുടങ്ങി. കണ്ണിൽ കൂരിരുട്ട് കേറുന്ന പോലെ. മുഖം ആകെ വിളറി വെളുത്തു. അലറി വിളിച്ചു കരയണമെന്നുണ്ട്. പക്ഷെ ഒച്ച പുറത്തു വരുന്നില്ല.
ഒരു നിമിഷം, സ്ഥലകാല ബോധം വന്ന ഞാൻ വണ്ടിയുടെ അടുത്തേക്ക് തിരിച്ചോടി, ഒരലർച്ചയോടെ..!!
അവിടെ ആരെയും കാണുന്നില്ല. വണ്ടിയുടെ അകത്തേക്ക് സലാം എടുത്തു വെച്ച സാധനങ്ങളൊന്നും അവിടെയില്ല. ഞാൻ വണ്ടിക്കു ചുറ്റും, ആ ആശുപത്രിയുടെ പരിസരം മുഴുവനും സലാമിനെ തിരഞ്ഞു. കണ്ടില്ല..
അതെ യാഥാർഥ്യത്തിലേക്ക് തിരിച്ചു വന്നേ പറ്റൂ. ആ മോർച്ചറിയിൽ കിടക്കുന്നതാണ് യാഥാർഥ്യം..
-" ആയിശൂ നിനക്കെന്താടി വേണ്ടത്?
-" കുഞ്ഞോൾക്കുള്ള പാദസരം ഗോപേട്ടൻ അയച്ചു തരും..!!
-" ഇപ്രാവശ്യത്തെ നോമ്പിന് ഒരു കുറവും വരാൻ പാടില്ല..എല്ലാം ഗോപേട്ടനെ ഏല്പിച്ചിട്ടുണ്ട്..!!
-" ആയിശൂ ഞാനൊരു നീണ്ട യാത്ര പോവുകയാണ്..!!
മോർച്ചറിയിൽ ഈ വാക്കുകൾ നിരന്തരം ബഹളം വെച്ചു.
---------------------------------------------------------------------
* മരുഭൂമിയിൽ ചത്തു കിടക്കുന്ന ഒട്ടകത്തിന്റെ അടിയിൽ ചതഞ്ഞു കിടക്കുന്ന ആ വാഹനത്തിന്റെ അടിയിൽ ഈത്തപ്പഴവും, ബദാമും, പിസ്തയും, ചിതറിക്കിടക്കുന്നത് പിറ്റേ ദിവസത്തെ പകൽ വെളിച്ചത്തിൽ വ്യക്തമായി കണ്ടു. അപ്പോഴും ആ പാദസരം മോർച്ചറിയിൽ കിടക്കുന്ന മയ്യത്തിന്റെ പേഴ്സിൽ കിടന്നു തിളങ്ങുന്നുണ്ടായിരുന്നു *
*************************
നാസർ പുതുശ്ശേരി
തിരുവാലി.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo