Slider

ഡിസംബറിലെ ഒരു രാത്രി (കഥ)

0

ഈ കഥ നിങ്ങളാരും വിശ്വസിക്കില്ലെന്ന് എനിക്കുറപ്പാണ്. കാരണം വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും എനിക്കിത് വിശ്വസിക്കാന്‍ കഴിയുന്നില്ല. എന്നുവച്ച് പറയാതിരിക്കാനും വയ്യാ.....
2004 ഡിസംബര്‍ മാസം.
ബോംബേയില്‍ നിന്നും ലീവിന് നാട്ടില്‍ വന്ന സമയം. അന്ന് രാത്രി അങ്ങാടിയില്‍ എന്‍റെ ബോംബേ കഥകള്‍ കേള്‍ക്കാന്‍ കൂടുതല്‍ ചങ്ങാതിമാര്‍ ഉണ്ടായിരുന്നു. പത്തരയോടെ കഥ പുരോഗമിച്ച് രണ്ടാം പകുതിയിലേക്ക് കടന്നു. കള്ളില്‍ നിന്നും പെണ്ണിലേക്ക്, കണ്‍ട്രി ബാറില്‍നിന്നും ചൗധരിയുടെ സ്റ്റാര്‍ ഹോട്ടലിന്‍റെ ഏഴാംനിലയിലേക്ക്.....
താര......!
അ നക്ഷത്രസുന്ദരിയെ അമിത് മേത്ത പറഞ്ഞുതന്നപോലെ ഞാന്‍ വിവരിച്ചുകൊടുത്തു. ആറടിപൊക്കം, ഇടതൂര്‍ന്ന ചെമ്പന്‍മുടി, ചിരിക്കുമ്പോള്‍ 'ലൗ' ചിഹ്നം വരയ്ക്കുന്ന ചുണ്ടുകള്‍, പിന്നെ........ പൊക്കിള്‍ ചുഴിയ്ക്ക് അകത്തും പുറത്തുമായുള്ള ആ ചുവന്ന മറുക്....... വര്‍ണ്ണനക്കിടയില്‍ എന്‍റെ കണ്ണുകള്‍ വാച്ചിലേക്കൊന്നു പാളി. ഇരുട്ടില്‍ പ്രകാശിക്കുന്ന ചെറിയ സൂചിയും വലിയ സൂചിയും പന്ത്രണ്ടിലാണ്.
അര്‍ദ്ധരാത്രി.....!
അവരെല്ലാം പരിസരവാസികളാണ്. എന്‍റെ വീട് ‌ഉങ്ങുംതറ ഭാഗത്താണ്. അങ്ങാടിയില്‍നിന്നും കുറച്ച് നടക്കണം.
'' എടാ സൂക്ഷിച്ചുപോ... വഴിയത്ര ശരിയല്ല, പലരും പലതും കണ്ടതാ.......''
സൗഹൃതമലരുകളുടെ യാത്ര പറച്ചില്‍, നടവഴിയില്‍ കുപ്പിച്ചില്ല് വിതറിയപോലെ ആയി. എനിക്കും അറിയാം ആ വഴി ഇത്തിരി പിശകാണെന്ന്, അത് ഓര്‍മ്മപ്പെടുത്തേണ്ട കാര്യമുണ്ടോ? എന്തുചെയ്യാന്‍..... വീടെത്താന്‍ വേറെ വഴിയൊന്നുമില്ല. ബോംബേവാലയായ ഞാന്‍ മറുനാട് കാണാത്ത അവരെ കൂട്ടുവിളിച്ചാല്‍,അതു നാണക്കേടാണ്.
ഞാന്‍ മുന്നോട്ട് നടന്നു. ഉങ്ങുംതറയെത്താന്‍ രണ്ടു പ്രധാന കടമ്പകള്‍ കടക്കണം. മയ്യത്തുംകര പള്ളിയുടെ ഖബറിസ്ഥാനാണ് ആദ്യത്തേത്. പിന്നെ കണ്ണമ്മ തൂങ്ങിച്ചത്ത ഇടവഴിയും.
മുപ്പത് വര്‍ഷം പഴക്കമുള്ള ഖബറില്‍നിന്നും രോമാവൃതമായ ഒരുകൈ ഉയര്‍ന്നുവന്ന്, പുല്ല് ചെത്തിക്കൊണ്ടിരുന്ന അലവിക്കുട്ടിയുടെ പൊള്ളക്ക് പിടിച്ചിട്ട് അധികനാളായില്ല. മോട്ടറോള ഫോണിന്‍റെ മങ്ങിയ വെളിച്ചത്തില്‍ നേര്‍ച്ചപ്പെട്ടിയില്‍ അഞ്ചുരൂപയിട്ട് പ്രാര്‍ത്ഥിച്ചു.
''മയ്യത്തുംകര കാര്‍ണോരേ..... രക്ഷിക്കണേ.....''
ഇലയില്ലാത്ത മരത്തില്‍ന്നിന്ന് ഒരു മൂങ്ങയുടെ ചിറകടികേട്ടു. രാത്രിക്ക് ഇത്ര ഭീകരമായ ഒരു മുഖമുണ്ടെന്ന് ഞാനറിയുന്നത് അന്നാണ്. ഖബറിസ്ഥാനും എന്നോടൊപ്പം സഞ്ചരിക്കുകയാണോ? എത്ര നടന്നിട്ടും തീരുന്നില്ല! ഞാന്‍ ഓടാന്‍ തുടങ്ങി.........
ഹാവൂ, കനാലെത്തി. പാലത്തിനു മുകളില്‍ ആരോ ഇരിക്കുന്നത് ദൂരെന്നിന്നും കണ്ടു. ആ പാലം കടന്നുവേണം എനിക്കു പോകാന്‍. നെഞ്ചിടിപ്പോടെ നടന്നുചെന്നു... തലയിലെ വട്ടക്കെട്ടും കൊമ്പന്‍മീശയും കണ്ടപ്പോള്‍ എനിക്ക് സമാധാനമായി. അത് മണികണ്ഠേട്ടനാണ്. നാട്ടിലെ ഏറ്റവും വലിയ ധൈര്യശാലി. മണ്ടിച്ചെന്ന് ഒരു മുത്തം കൊടുക്കാന്‍ തോന്നി. പക്ഷേ കൊടുത്തില്ല, മൂപ്പര് തെറ്റിദ്ധരിച്ചാലോ....?
അയാളുടെ കഴുത്ത് വെള്ളത്തുണികൊണ്ട് ചുറ്റിക്കെട്ടിയിരിക്കുന്നു....! അതില്‍ നിന്നും ചോരപൊടിയുന്നത് മൊബൈല്‍ വെളിച്ചത്തില്‍ ഞാന്‍ കണ്ടു.
''കഴുത്തിന് എന്തുപറ്റി ?''
നാലുതവണ ചോദിച്ചിട്ടാണ് ഉത്തരം കിട്ടിയത്.
''ഓ...... അത് ശേഖരനൊന്ന് തോണ്ടീതാ......''
ഇരുള്‍മൂടിയ ഇടവഴിയിലേക്ക് ഇറങ്ങിനടന്നു. തപ്പിത്തടയുന്നുണ്ടെങ്കിലും മണികണ്ഠേട്ടന്‍റെ തണലില്‍ ഞാന്‍ നെഞ്ചുവിരിച്ചുതന്നെ നടന്നു. കണ്ണമ്മ തൂങ്ങിയ കാഞ്ഞിരമരവും നത്തുകള്‍ പുളയ്ക്കുന്ന ശബ്ദവും എന്നെ തെല്ലും ഭയപ്പെടുത്തിയില്ല. കാരാട്ടിലെ തൊടിയില്‍ നിന്നും വഴിയിലേക്ക് ഉന്തിനില്‍ക്കുന്ന കരിമ്പനയില്‍ മണികണ്ഠേട്ടന്‍ വിരലുമടക്കി ഒന്ന് മുട്ടി.
ഇരുമ്പ് കൂടംവച്ച് ഇടിച്ചപോലെ വലിയൊരു ശബ്ദം! കൈകൊണ്ട് മുട്ടിയാല്‍ ഇത്ര ശബ്ദിക്കുമോ.....? ചിലപ്പോള്‍ എന്‍റെ തോന്നലായിരിക്കും. അയാള്‍ അടുത്ത വളവില്‍ നിന്നും പിന്നിലേക്ക് വലിഞ്ഞു. ഞാന്‍ മുന്നിലും അയാള്‍ പിന്നിലുമായി നടത്തം തുടര്‍ന്നു. മാധവിയമ്മയുടെ വളപ്പിലെ ഇൗറന്‍പനയില്‍നിന്നും ഒരുകുല എന്‍റെ മുന്നിലേക്ക് പതിച്ചു. ഞാന്‍ ഞെട്ടലോടെ പിന്നോട്ടാഞ്ഞപ്പോള്‍ , ഒന്നും സംഭവിക്കാത്തമട്ടില്‍ അയാള്‍ നടന്നുവരുന്നു......!
എന്‍റെ വീടെത്താറായി......
''മണികണ്ഠേട്ടാ...... നാളെ ഒന്ന് കാണണം. കുമാരിടെ കയ്യീന്ന് ഒാരോ ഗ്ലാസ് പറങ്കിമാങ്ങ വാറ്റ്, എന്തുപറയുന്നൂ.......?''
മറുപടി കിട്ടാഞ്ഞ് തിരിഞ്ഞു നോക്കുമ്പോള്‍ ആളെ കാണാനില്ല....! എവിടെപ്പോയി...?
പണ്ടേ ഒടിവിദ്യക്കാരനാണല്ലോ... എന്നാലും ഒന്ന് പറഞ്ഞുപോയ്ക്കൂടെ ചെങ്ങായീ........
ഉള്ളില്‍ കാലൊച്ചകേട്ടപ്പോള്‍ വാതിലില്‍ മുട്ട് നിര്‍ത്തി. അമ്മായിടെ മകള്‍ ഉഷയാണ് വാതില്‍ തുറന്നുതന്നത്.
''ഈ സമയത്ത് ഒറ്റക്കാണോ വന്നത്?''
തണുപ്പകറ്റാന്‍ കൈകള്‍ കൂട്ടിക്കെട്ടിക്കൊണ്ട് അവള്‍ ചോദിച്ചു.
''ഏയ് അല്ല, മണികണ്ഠേട്ടനും ഉണ്ടാര്‍ന്നു......''
''ഏത് മണികണ്ഠേട്ടന്‍???"
''ആന പാപ്പാന്‍''
അതുകേട്ടപ്പോള്‍ അവള്‍ ആശ്ചര്യപ്പെട്ടു.
''ഏട്ടന്‍ എന്തായീ പറയണേ...... അയാള് മരിച്ചിട്ട് മാസങ്ങളായി....!!''
ഞാന്‍ ഞെട്ടലോടെ ചെയറിലിരുന്നു. മുഖം വലിഞ്ഞുമുറുകുന്നപോലെ...
''എങ്ങനെ....???
''കാരാട്ടിലെ തൊടീന്ന് ആന കുത്തിക്കൊന്നതാ.......''
അവള്‍ തന്ന ഒരു കുടുക്ക വെള്ളം കുടിച്ചിട്ടും എന്‍റെ ദാഹം മാറിയില്ല. എന്നോട് കിടക്കാന്‍ പറഞ്ഞ് അവള്‍ ഉറക്കച്ചടവോടെ തട്ടിന്‍പുറത്തേക്ക് കോണിപ്പടികള്‍ കയറി. ഉഷയുടെ കൊലുസിന്‍റെ ശബ്ദം ചിലമ്പൊലിയായി എന്‍റെ കാതില്‍ മുഴങ്ങിക്കൊണ്ടിരുന്നു.
______________________________________
രമേഷ് പാറപ്പുറത്ത്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo