കതിരവൻ പാതിമറഞ്ഞൊരാനേരത്തി -
ജ്ജീവിതക്കടൽക്കരെ ഞാനിരുന്നു
പടിഞ്ഞാറുനിന്നെത്തിയ ദുർബലരശ്മി-
കളെന്നിലുണർത്തിയിജ്ജീവിതസ്മരണകൾ
കിതപ്പുകളേറുന്നീജീവിതസായാഹ്‌നെ
പോക്കുവെയിലിന്നീണ്ടയിരുൾനിഴലുകൾ
രക്തവും കണ്ണീരും പറ്റിപ്പിടിച്ചൊരെൻ
മേലാസകലവുമശുദ്ധമാമോർമ്മകൾ
പെറ്റതാംതായുടെ കണ്ണീർ തുടക്കാനെനി -
ക്കായില്ലെങ്കിലും പോറ്റതാം തായ്മാരെനി -
ക്കുണ്ടനേകരുമെന്നാലുമിന്നുഞാനേകനീ -
ത്തീരത്ത്, കാമിനികളേറെക്കടന്നുവന്നെങ്കിലും
ചേതനയിലല്പ്പവും പ്രണയമില്ല, കപടഭാവ -
പ്പ്രണയസല്ലാപങ്ങൾ കണ്ടുമറന്നതെത്രയീ
ജീവിതേ,രക്തബന്ധങ്ങളുമാപ്രിയതോഴരു-
മെല്ലാരും കണ്ടും കാണാതെയും പോയിരുന്നോർ
ദൂരെയായ്ക്കേൾക്കുന്നാക്കുഞ്ഞു നിലവിളി -
യാത്മാവിലേകുന്നു കൊടിയവിഷാദങ്ങൾ
ഇനിയുമൊരുപാട് ദൂരമുണ്ടോടുവാനൊരു -
സൂര്യോദയംകൂടെയാത്മാവിലുദിക്കുമോ -
യതോ തീരുകയാണോയെന്നായുസ്സിന്നീളവും.
ആരുംവരാത്തൊരീ സായാഹ്‌നക്കടൽക്കരെ
കൂട്ടായെനിക്കുണ്ടീപ്പോക്കുവെയിൽ നാളങ്ങൾ..
~~~~~~~~~~~~~~~~~~~~~~~
ബിനു കല്ലറക്കൽ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക