അച്ഛാ...... ഒന്നെണീറ്റെ.... എനിക്ക് കോളേജിൽ പോകാൻ സമയമായി.... എന്നെയൊന്നു കൊണ്ടുവിടൂ..... മൂത്തമകൾ അനുവിന്റെ ശബ്ദം കേട്ടാണ് അയാൾ ചിന്തയിൽ നിന്നും ഉണർന്നത്.... ചുവരിലെ ക്ലോക്കിലേക്കു നോക്കുമ്പോൾ ഒൻപതുമണി.... പോകേണ്ട സമയം കഴിഞ്ഞെല്ലോ.... അയാൾ പെട്ടെന്നെണീറ്റു റെഡിയായി കാറിനടുത്തേക്ക് നടന്നു.... മോളപ്പോഴേക്കും മുൻസീറ്റിൽ കയറി സ്ഥാനം പിടിച്ചിരുന്നു.... ഡ്രൈവിംഗ് സീറ്റിലേക്കിരുന്നു സീറ്റുബെൽട് ഇട്ട് വണ്ടിയെടുത്തു... വഴിനീളെ മോളെന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു.... മറുപടി തലകുലുക്കലുകളിലും മൂളലുകളിലും ഒതുക്കി... അയാൾ വല്ലാതെ അസ്വസ്ഥനായിരുന്നു... മനസ്സിന് താങ്ങാനാവാത്ത ഒരു രഹസ്യം സൂക്ഷിക്കുന്നതിന്റെ സംഘർഷം അയാളുടെ മുഖത്ത് കാണാമായിരുന്നു....
കോളേജിനുമുന്നിലെ ബസ്‌സ്റ്റോപ് എത്തിയപ്പോൾ അറിയാതെ അയാളുടെ കണ്ണുകൾ ആൾക്കൂട്ടത്തിലേക്കു നീണ്ടു.... പതിവായി അവളെ കാണാറുള്ള ബസ്‌സ്റ്റോപ്... ഇല്ലാ... അവളവിടെ ഇല്ലാ,,,, ഇനിയൊരിക്കലും അവളെ ഈ ബസ്റ്റോപ്പിൽ കാണാനാവില്ലെന്നു അയാൾ ഞെട്ടലോടെ ഓർത്തു...
അതേ.... അവളിന്നീ ലോകത്തു ജീവിച്ചിരിപ്പില്ല..... ഇന്നലെയാണ് താനവളുടെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തത് .... താനാണവളെ ആ മരണത്തിലേക്ക് യാത്രയാക്കിയത്.... അറിഞ്ഞുകൊണ്ടുതന്നെ..... പുറംലോകമറിഞ്ഞാൽ താനിന്നൊരു കൊലപാതകിയാണ് .... വലിയൊരു രഹസ്യവും ഉള്ളിൽ പേറിക്കൊണ്ടാണ് തന്റെയിപ്പോഴത്തെ നടപ്പ്..... എങ്കിലും അയാൾക്കൊട്ടും കുറ്റബോധം തോന്നിയില്ല... അവളെ മരിക്കാനനുവദിച്ചതു വഴി വേദനയുടെ ലോകത്തുനിന്ന് രക്ഷപ്പെടുത്തുകയായിരുന്നു താനെന്നു അയാളുറച്ചു വിശ്വസിക്കുന്നു....
വർഷങ്ങൾക്കു മുൻപേ അയാൾ അവളെ കാണുന്നത് ഗ്രാമപ്രദേശത്തെ ഒരു പഞ്ചായത്ത് ഓഫീസിൽ വെച്ചാണ്. അയാളവിടുത്തെ സീനിയർ ക്ലർക്കായിരുന്നു.... എന്തോ ഓഫീസ് ആവശ്യത്തിനായി എത്തിയ അവൾ ഒറ്റനോട്ടത്തിൽ തന്നെ അയാളുടെ മനസ്സിൽ സ്ഥാനം പിടിച്ചു.... പാറിപ്പറന്ന മുടിയും അലച്ചിലിന്റെ ക്ഷീണഭാവമുള്ള മുഖവുമായി അവൾ അയാൾക്കുമുന്നിലെത്തി ആവശ്യമറിയിച്ചു... അവളാവശ്യപെട്ട സെർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കുവാൻ രണ്ടുദിവസ്സത്തെ സമയം വേണ്ടിയിരുന്നു... രണ്ടുപ്രവർത്തി ദിവസത്തിനു ശേഷം വീണ്ടും വരുവാൻ പറഞ്ഞു അവളെ തിരിച്ചയക്കുമ്പോൾ അയാൾ അറിഞ്ഞിരുന്നില്ല, ഈ മുഖം, ഈ വ്യക്തിത്വം തന്റെ ജീവിതത്തിലെ എല്ലാമായി തീരുന്ന ഒരുകാലം വരുമെന്ന്.... പറഞ്ഞത് പ്രകാരം രണ്ടുദിവസം കഴിഞ്ഞു അവളാവശ്യപെട്ട സർട്ടിഫിക്കറ്റ് ഒപ്പിട്ടു നൽകി അവളെ യാത്രയാക്കി... പിന്നീടങ്ങോട്ട് ഒരുവർഷകാലം അവളെ അയാൾ കണ്ടതേയില്ല.... ഇടക്കെപ്പോഴോ ആ മുഖം അയാളുടെ മനസ്സിലേക്ക് ഓടിയെത്തുമായിരുന്നു.... ജീവിതത്തിന്റെ തിരക്കുകൾക്കിടയിലേക്കു എപ്പോഴോ ആ മുഖവും അലിഞ്ഞുചേർന്നു....
ഏതാണ്ടൊരു വർഷത്തിനുശേഷം ഒരു ഉച്ചസമയത്താണ് അയാളുടെ ഫോണിലേക്കു അവളുടെ വിളിവന്നത്.... "ഹലോ..... അനന്തൻ സർ അല്ലേ ???എന്ന ചോദ്യത്തോടെ.... പെട്ടെന്ന് ശബ്ദം മനസിലായില്ലെങ്കിലും അവളുടെ ഓർമപ്പെടുത്തലുകളിൽ നിന്ന് അയാളവളെ ഓർത്തെടുത്തു... വീണ്ടും എന്തോ ഓഫീസ് ആവശ്യത്തിനായിരുന്നു ആ വിളി.... അന്ന് അയാൾ അവളുടെ നമ്പർ ഫോണിൽ സേവ് ചെയ്തു വെച്ചു..... പിറ്റേദിവസം വൈകുന്നേരം വീണ്ടും അവളുടെ നമ്പർ ഫോണിൽ കണ്ടപ്പോൾ അല്പമൊരു തിടുക്കത്തോടെയാണ് ഫോണെടുത്തത്.... കാത്തിരുന്നതെന്തോ തേടിവന്നത് പോലെ.... അവളാവശ്യപെട്ട ആ കാര്യവും തന്റെ അധികാരപരിധിയിൽ വരുന്നതായതുകൊണ്ടു യാതൊരു മടിയും കൂടാതെ ചെയ്തുകൊടുത്തു.... ഇടയിലെപ്പോഴോ അവളുടെ ക്ഷമാപണവും അയാൾ കേട്ടു.... "ഞാൻ ജോലിക്കു പോകുന്നത് കൊണ്ടാണ്‌ട്ടോ സാറെ....ഇല്ലേൽ ഞാനിങ്ങനെ വിളിച്ചു ബുദ്ധിമുട്ടിക്കില്ലായിരുന്നു "എന്നാണവൾ പറഞ്ഞത്.... അയാളതിന് മറുപടിയൊന്നും പറഞ്ഞില്ല.... പക്ഷേ അന്നുമുതൽ ആ മുഖവും കാര്യങ്ങൾ കൃത്യമായി ചെയ്തുതീർക്കാനുള്ള അവളുടെ ചടുലമായ പെരുമാറ്റങ്ങളുമൊക്കെ അയാളുടെ സ്മൃതിമണ്ഡലത്തിലെ വിരുന്നുകാരായി തുടങ്ങി.... വെറുതെയെങ്കിലും ആ മുഖമൊന്ന് അടുത്ത് കാണാൻ അയാൾ ആഗ്രഹിച്ചിരുന്നു.... താൻ വിവാഹിതനും രണ്ടു പെൺകുട്ടികളുടെ അച്ഛനുമാണെന്നുള്ള കാര്യമൊക്കെ അവളുടെ മുഖം മനസ്സിൽ തെളിയുമ്പോൾ അയാൾ മറന്നുപോകുമായിരുന്നു.......
ഒരുദിവസം സന്ധ്യക്ക് വാട്ട്സ്ആപ്പ് മെസ്സേജുകൾ നോക്കികൊണ്ടിരിക്കുന്നനിടയിൽ യാദൃശ്ചികമായാണ് അവളുടെ നമ്പർ അയാളുടെ ശ്രദ്ധയിൽ പെട്ടത്.... വെറുതെ ഒരു രസത്തിന് ഏതോ ഒരു മലയാളഗാനം അവളുടെ നമ്പറിലേക്കു സെൻറ് ചെയ്തു.... കുറെ നേരത്തേക്ക് റിപ്ലൈ ഒന്നും ഉണ്ടായില്ല.... ചെയ്തത് അബദ്ധമായോ എന്നായി പിന്നീടുള്ള ചിന്ത... ആ ശങ്ക മനസ്സിൽ വെച്ചുകൊണ്ടാണ് അന്ന് വീട്ടിലേക്ക് പോയത്.... അത്താഴം കഴിഞ്ഞു വെറുതെ ഫേസ്ബുക്കിൽ പരതിക്കൊണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്നാണ് thankyou മാഷേ.... എന്ന അവളുടെ മെസ്സേജ് വന്നത്.... അന്ന് പതിവില്ലാതെ വാട്ട്സാപ്പിൽ അവരൊരുപാട് സംസാരിച്ചു..... സംസാരിക്കുന്തോറും അയാൾക്ക് തോന്നി, ഇങ്ങനൊരാളായിരുന്നില്ലേ തന്റെ ജീവിതപങ്കാളിയായി വരേണ്ടിയിരുന്നത്,, ഇതുപോലായിരുന്നില്ലേ തന്റെയുള്ളിലെ സ്ത്രീസങ്കല്പം..... അയാൾ വീണ്ടും വീണ്ടും ചിന്തിക്കാൻ തുടങ്ങി..... എവിടൊക്കെയോ ഇഷ്ടപെട്ടുപോകുന്ന അവളുടെ വ്യക്തിത്വം, അമ്മയുടേതുപോലുള്ള അന്വേഷണങ്ങൾ, എന്തിലും വസ്തുനിഷ്ടമായുള്ള ഇടപെടലുകൾ, സംഗീതത്തിനോടും സാഹിത്യത്തിനോടുമുള്ള അവളുടെ കമ്പം.... കാര്യങ്ങൾ ചർച്ചചെയ്യുന്നതിലുള്ള അവളുടെ അവളുടെ മിടുക്ക്.... മനോഹരമായ സംസാരശൈലി.... അങ്ങനെ അവളിൽഇഷ്ടപെടാത്തതായി ഒന്നുമുണ്ടായിരുന്നില്ല അയാളുടെ നോട്ടത്തിൽ....
ഒരിക്കൽ പതിവ് വാട്സ്ആപ് സംഭാഷണത്തിനിടെ അയാൾ അവളോട് ചോദിച്ചു,,, "ഞാൻ നിന്നെ പ്രണയിച്ചോട്ടെ"എന്ന്..... ഒരാളെ പ്രണയിക്കുന്നതിനു അവരുടെ അനുവാദം ചോദിക്കേണ്ട കാര്യമുണ്ടോ മാഷേ...... എന്നായിരുന്നു മറുപടിക്കു പകരമുള്ള അവളുടെ ചോദ്യം. പ്രണയമെന്തെന്നു അയാൾ അറിഞ്ഞ നാളുകളായിരുന്നു പിന്നീട് അവരുടെ ജീവിതത്തിൽ..... മാഷേ എന്നുള്ള അവളുടെ വിളി ക്രമേണ അനന്തേട്ടാ എന്നായി മാറി.... ആ വിളിയിൽ അയാൾ എല്ലാം മറന്നിരിക്കുമായിരുന്നു..... സ്വന്തമാക്കാനായില്ലെങ്കിലും വന്നുചേർന്ന ഈ സൗഭാഗ്യത്തെ ഒരിക്കലും വിട്ടുകളയില്ലെന്നു തന്നെ അയാൾ മനസ്സിലുറപ്പിച്ചു.....സ്വന്തം ജീവിതത്തിൽ നഷ്‌ടമായ പ്രണയം അയാൾ അവളിലൂടെ തിരിച്ചുപിടിച്ചു..... ഒരിക്കലും അവളൊന്നും അയാളോട്I ആവശ്യപെട്ടിട്ടില്ലായിരുന്നു..... ജോലികഴിഞ്ഞു വരുമ്പോl ഒന്നിച്ചുള്ള യാത്രയിലും പരസ്പരം കാണുമ്പോഴുള്ള ഹൃദ്യമായ പെരുമാറ്റത്തിലും അവരുടെ പ്രണയമൊതുങ്ങി.....
ഏതാനും വർഷങ്ങൾ കഴിഞ്ഞു... അയാൾ ട്രാൻസ്ഫർ ആയി വേറെയിടത്തേക്കു മാറി.. പണ്ടത്തെപോലുള്ള കാണലുകൾ നടക്കാതായി.... എങ്കിലും എന്നും വിളിക്കുമായിരുന്നു.... സംസാരത്തിനിടയിലെപ്പോഴോ അസ്വസ്ഥമാക്കുന്ന അവളുടെ ശബ്ദം കേട്ടു അയാൾ ചോദിച്ചു, നിനക്കെന്തു പറ്റിയെന്ന് ????ഒന്നുമില്ലെന്ന് പറഞ്ഞു ഒഴിഞ്ഞുമാറുമായിരുന്നു അവൾ..... പക്ഷേ അതയാളെ വല്ലാതെ വിഷമിപ്പിച്ചിരുന്നു..... മാസങ്ങൾക്കുശേഷം ഒരുദിവസം അയാളവളോട് പറഞ്ഞു, ഇന്ന് നമുക്കൊരിടം വരെ പോകണം, നീ എന്റെ കൂടെ വരണം എന്ന്. അവളും അതാഗ്രഹിച്ചിരുന്ന പോലെ പെട്ടെന്ന് സമ്മതം മൂളി. അങ്ങനെ ഒരുപാടു നാളുകൾക്കു ശേഷമുള്ള അവരുടെ ഒന്നിച്ചുള്ള യാത്ര...... അതവസാനിച്ചതു ഒരു കടൽത്തീരത്തായിരുന്നു..... അവളെന്നും അവനോടു ചേർന്നുനടക്കാൻ ആഗ്രഹിക്കുമായിരുന്ന ഒരിടം.... കടൽ തീരത്തെ പഞ്ചാര മണലിലൂടെ അവന്റെ വിരലുകൾ കോർത്തുപിടിച്ചു അവരൊന്നിച്ചു നടന്നു.... അസ്തമയ സൂര്യനെ നോക്കി നിന്നിരുന്ന അവളുടെ മുഖത്തിനന്നു പതിവിലേറെ സൗന്ദര്യം തോന്നിയവന്.... കടൽക്കരയിലെ കരിങ്കൽ കെട്ടുകളിൽ ചെന്നിരുന്ന അവൾ അവനെയും കൂടെവിളിച്ചിരുത്തി.... കുട്ടികളെപ്പോലെ ഒരുപാടു പൊട്ടിചിരിച്ചുകൊണ്ടു അവൾ വിശേഷങ്ങൾ പങ്കുവെച്ചു... ആയിടെ ഒരു മാഗസിനിൽ പ്രസിദ്ധീകരിച്ച തന്റെയൊരു കഥയെ പറ്റി അവൾ വാതോരാതെ സംസാരിച്ചു. അപ്പോഴൊക്കെ അയാളവളെ ആശ്ചര്യത്തോടെ നോക്കുകയായിരുന്നു.... അവളുടെ വിടർന്ന കണ്ണുകളിൽ വായിച്ചു തീരാനാവാത്ത പ്രേമകാവ്യം ഒളിപ്പിച്ചുവെച്ചതു പോലെ..... ഇവൾക്കടുത്തേക്കു വരുമ്പോഴാണ് താൻ ജീവിച്ചിരിക്കുന്നു എന്നത് സത്യമാണെന്നു തിരിച്ചറിയുന്നത് തന്നെ എന്നയാളോർത്തു.... അത്രമേൽ അവൾ അയാളിൽ സ്ഥാനം പിടിച്ചിരുന്നു.....
നേരം ഇരുട്ടി തുടങ്ങി, ഇനി നമുക്ക് പോകാമെന്നു പറഞ്ഞു അയാളെണീറ്റു.... അവൾക്കെണീക്കാനായി തന്റെ കരങ്ങൾ അവളുടെ നേരെ നീട്ടികൊണ്ടു അയാൾ നിന്നു.... ആ കൈകളിൽ പിടിച്ചു അവിടെനിന്നു എണീക്കുവാൻ അവൾ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടെന്നു അയാൾ മനസ്സിലാക്കി..... "എന്തുപറ്റി നിനക്ക്, നീ വല്ലാതെ വേദനയനുഭവിക്കുന്ന പോലെ തോന്നുന്നെല്ലോ..... എന്താ കാര്യം ???അയാൾ ചോദിച്ചു... ഒന്നുമില്ലെന്ന പതിവ് മറുപടിയിൽ അവൾ ആ വിഷയം അവസാനിപ്പിച്ചു....
പിന്നീട് കുറെ മാസങ്ങൾ അവർ നേരിൽ കാണുകയുണ്ടായില്ല..... വിളിക്കുമ്പോൾ ചിലപ്പോഴൊക്കെ അവൾ ഫോണെടുക്കാറില്ലായിരുന്നു..... എടുത്താൽ തന്നെ അയാളുടെ ചോദ്യങ്ങൾക്കു മറുപടിയായി ദേഷ്യപെടുക പതിവായി.... എന്താണ് കാരണമെന്നു എത്ര ആലോചിച്ചിട്ടും അയാൾക്ക് മനസിലാക്കാനായില്ല....... ഒരിക്കൽ വിളിച്ചപ്പോൾ അവൾ അയാളോട് പറഞ്ഞു, എനിക്കൊന്നു കാണണമെന്ന്...... എവിടെവെച്ചു കാണുമെന്ന അയാളുടെ ചോദ്യത്തിന് വീട്ടിലേക്ക് വരൂ എന്നായിരുന്നു അവളുടെ മറുപടി.... പിറ്റേന്ന് തന്നെ അവളെകാണാനായി അവൾ പറഞ്ഞത് പ്രകാരം ആ വീട്ടിലേക്കയാൾ ചെന്നു.... കോളിംഗ്‌ബെല്ലിൽ വിരലമർത്തി പുറത്തു കാത്തുനില്കുമ്പോൾ ചിരിച്ചുകൊണ്ട് വരുന്ന അവളുടെ മുഖമായിരുന്നു അയാളുടെ മനസ്സിൽ..... എന്നാൽ വാതിൽ തുറന്നു മുന്നിലേക്ക് വന്നത് ഏതോ ഒരു സ്ത്രീയായിരുന്നു..... അകത്തേക്ക് വരൂ എന്ന അവരുടെ ക്ഷണം സ്വീകരിച്ചു പുറകെ നടക്കുമ്പോൾ മനസ്സ് വല്ലാതെ ആകുലപ്പെടുന്നുണ്ടായിരുന്നു...... സ്വീകരണമുറിയോടു ചേർന്ന കിടപ്പുമുറിയിലേക്കാണ് അവരായാളെ കൂട്ടിക്കൊണ്ടുപോയത്..... കിടക്കയിൽ കിടക്കുന്ന അവളുടെ രൂപത്തിലേക്ക് അയാൾ ഒന്നേ നോക്കിയുള്ളൂ..... ക്ഷീണിച്ചു അവശയായ മുഖം, ഒട്ടിയ കവിളുകൾ, ഒതുക്കിയിടാത്ത മുടിയിഴകൾ, കൈകാലുകൾ അനക്കാനാവാത്ത വിധം നീരുവന്ന് ചീർത്തിരിക്കുന്നു..... അയാളെ കണ്ടു അവൾ വളരെ പണിപ്പെട്ടു ചിരിച്ചു, അതോടൊപ്പം മനോഹരമായ ആ മിഴികൾ നിറഞ്ഞൊഴുകി..... അനന്തേട്ടാ... എന്ന വിളി ഒരു ഗദ്ഗദത്തിൽ മുങ്ങിപ്പോയി..... സങ്കടത്തോടെ മുഖം ചലിപ്പിച്ചു അടുത്തേക്ക് വരാൻ ആംഗ്യം കാട്ടി.... അയാൾ സ്വപ്നത്തിലെന്നവണ്ണം അവൾക്കരികിലേക്കു ചെന്നു..... പരസ്പരം ഒന്നും മിണ്ടാനാകാതെ അവളുടെ മുന്നിൽ അയാൾ തലകുനിച്ചു നിന്നു.....
എന്താണുണ്ടായതെന്നു അവിടെ കണ്ട ആ സ്ത്രീയോട് തിരക്കുമ്പോഴും അവിശ്വസനീയമായ എന്തോ ഒന്ന് സംഭവിച്ചത് പോലായിരുന്നു അയാളുടെ മുഖഭാവം..... അവർ പറയുന്നത് കേട്ടു അയാൾ സ്തംഭിച്ചു നിന്നു..... ഇടക്കിടെയുള്ള പനിയും ശരീരവേദനയും അവളുടെ പതിവുരോഗങ്ങളായിരുന്നു.....അവളതൊന്നും കാര്യമാക്കിയിരുന്നില്ല...... വേദന സഹിക്കാതാകുമ്പോൾ പെയിൻ കില്ലർ കഴിച്ചു ആശ്വാസം കണ്ടെത്തുമായിരുന്നു..... ഒടുവിലെപ്പോഴോ ഗുളികകളോട് ശരീരം പ്രതികരിക്കാതായി... അങ്ങിനെയാണ് ഹോസ്പിറ്റലിൽ പോയത്... പല ടെസ്റ്റുകളും നടത്തി...അതിലൊന്നും ഒരു കുഴപ്പവുമില്ലായിരുന്നു. ... വേദനക്ക് ശമനമില്ലാതായപ്പോൾ വിശദമായ പരിശോധനക്ക് പ്രശസ്തമായ മറ്റൊരു ഹോസ്പിറ്റലിലേക്ക് അയച്ചു. അവിടെചെയ്ത ടെസ്റ്റുകളിൽ നിന്നും ബോൺ കാൻസർ എന്നരോഗം അവളിൽ സ്ഥിരീകരിച്ചു.... ഒന്നും ചെയ്യാനാകാത്തവിധം രോഗം അവളുടെ അസ്ഥികളെ കീഴടക്കികളഞ്ഞിരുന്നു ... ചികിത്സക്ക് ഫലമുണ്ടാകില്ലെന്നു മനസ്സിലാക്കിയ അവൾതന്നെയാണ് വീട്ടിൽപോകാൻ നിർബന്ധം പിടിച്ചത്..... അങ്ങിനെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് അവൾ അയാളെ വിളിച്ചത്....... അയാളോടൊപ്പമിരിക്കുമ്പോൾ മാത്രമാണ് അവൾ സന്തോഷിച്ചിരുന്നത്.... മരിക്കുംവരെ ആ സന്തോഷം മാത്രം മതിയെന്നും അവൾ വാശിപിടിച്ചു..... അങ്ങിനെ അയാൾ അവിടെ എന്നും വരാൻതുടങ്ങി..... ഓഫീസ് വിട്ടാൽ നേരെ അവളുടെ അടുത്തേക്കെത്തും.... അവൾക്കിഷ്ടപെട്ട കാര്യങ്ങൾ ചർച്ചചെയ്തും അവളുടെ പ്രിയപ്പെട്ട പാട്ടുകൾ ഒന്നിച്ചിരുന്നു കേട്ടും കുറേയധികനേരം അവളോടൊപ്പമിരുന്നു.... വേദനകൊണ്ടു പുളയുന്ന അവളെ ഡോക്ടർ നിർദ്ദേശിച്ച സെഡ്‌ഡേഷൻ നൽകി ഉറക്കികിടത്തിയിട്ടേ അയാൾ അവിടംവിട്ടു പോകുമായിരുന്നുള്ളു.... ആഴ്ചകളോളം അവളുടെ വേദന കണ്ടു അയാൾ മനസ്സ് നൊന്തു കരഞ്ഞിരുന്നു..... അങ്ങിനെയാണ് അയാൾ ക്രൂരമയായതെങ്കിലും ചില തീരുമാനത്തിലെത്തിയത്... അസഹ്യമായ ഈ വേദനയിൽ നിന്നും അവളെ രക്ഷപെടുത്താൻ വേറൊരു വഴിയുമില്ലെന്നു അയാൾ മനസ്സിലാക്കി.....
പതിവുപോലെ ഓഫീസിൽ നിന്നും അവൾക്കരികിലെത്തിയ അയാൾ മുൻപെങ്ങുമുണ്ടാകാത്ത വിധം മദ്യപിച്ചിരുന്നു...... കയ്യിൽ അവളൊരിക്കൽ തന്നോടാവശ്യപെട്ടിരുന്ന ചെറി റെഡ് കളറിലുള്ള പട്ടുസാരിയുടെ കവറും ഒപ്പം കുറച്ചു മുല്ലപ്പൂമാലയും.... കൂടാതെ അവൾക്കേറെ ഇഷ്ടമുള്ള വാനില ഫ്ലേവറിലുള്ള ഐസ്ക്രീമും കരുതിയിരുന്നു..... സംസാരിച്ചു കൊണ്ടിരിക്കുമ്പോഴൊക്കെ വേദനകടിച്ചമർത്താൻ അവൾ പാടുപെടുന്നത് അയാൾ അറിയുന്നുണ്ടായിരുന്നു...... എങ്കിലും അത് കണ്ടില്ലെന്നു നടിച്ചു മുഖത്ത് സന്തോഷം വരുത്തി അയാൾ അവളോടൊപ്പമിരുന്നു...... കൊണ്ടുവന്ന സാരിയും മുല്ലപ്പൂ മാലയും അവളെകാണിച്ചു ചിരിച്ചുകൊണ്ട് ചോദിച്ചു, നിനക്കിതു ഉടുപ്പിച്ചു തരട്ടെ എന്ന്..... അയാൾ പ്രതീക്ഷിച്ചിരുന്ന പോലെ തന്നെ സമ്മതത്തോടെ അവൾ തലയാട്ടി..... സഹായത്തിനുണ്ടായിരുന്ന ആ സ്ത്രീയെക്കൂടി വിളിച്ചു അവളെ ഭംഗിയായി ആ സാരിയുടുപ്പിച്ചു..... മുടിയൊക്കെ ചീകിയൊതുക്കി കെട്ടിവെച്ചു.... കൊണ്ടുവന്ന മുല്ലപ്പൂ മാല മുടിയിൽ ചൂടിച്ചു.... നെറ്റിത്തടത്തിൽ അവളുടെ ഇഷ്ടങ്ങളിലൊന്നായിരുന്ന കറുത്തനിറത്തിലുള്ള വട്ടപ്പൊട്ടു കൂടി കുത്തി ഒരുക്കികിടത്തി.... കൂടെയുണ്ടായിരുന്ന ആ സ്ത്രീയോട് പൊയ്ക്കൊള്ളാൻ പറഞ്ഞു.... ഇപ്പോൾ മുറിയിൽ അയാളും അവളും മാത്രം..... കിടക്കയിൽ നവവധുവിനെ പോലെ ഒരുങ്ങികൊണ്ടു അവളും അവളെ തന്നെ നോക്കികൊണ്ട് അയാളും.... ഒരുപാടു സംസാരിച്ചുകൊണ്ടു അയാളവൾക്കു ആഹാരം വാരിക്കൊടുത്തതിനുശേഷം മരുന്ന് കൊടുത്തു.... കൊണ്ടുവന്ന ഐസ്ക്രീം കപ്പു തുറന്നുവെച്ചു.... പതിവായി കൊടുക്കാറുള്ള സെഡേഷൻ ടാബ്ലറ്റ്സ് ഒന്നടങ്കം ഒരുപേപ്പറിലിട്ടു പൊടിച്ചെടുത്തു.... എല്ലാം കണ്ടുകൊണ്ടു അവൾ അയാളെ നോക്കികൊണ്ട് കിടക്കുകയായിരുന്നു .. എന്തിനെന്നോ ഏതിനെന്നോ ചോദിക്കാതെ ..... പൊടിച്ചെടുത്ത ഗുളിക ഐസ്‌ക്രീമിൽ ചേർത്തിളക്കി അയാൾ അവളുടെ അടുത്തേക്ക് വന്നു.... അവളോട് ചേർന്ന് അയാൾ ആ കട്ടിലിലേക്കിരുന്നു..... സ്പൂണിൽ ഐസ്ക്രീം കോരിയെടുത്തു അവൾക്ക് നീട്ടുമ്പോൾ അയാളുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നില്ല.... പ്രേമപൂർവം അയാളത് അവളുടെ വായിലേക്ക് കൊടുത്തു.... സന്തോഷത്തോടെ സ്നേഹത്തോടെ അവളതു മുഴുവനും നുണഞ്ഞിറക്കി..... പതിയടഞ്ഞു തുടങ്ങിയ അവളുടെ മിഴികളിൽ ഉമ്മ വെച്ചു അയാൾ പടിയിറങ്ങി..... തന്റെ പ്രണയിനിയെ വേദനയുടെ കരങ്ങളിൽ പിടഞ്ഞു തീരാൻ അനുവദിക്കാതെ.........
ഗൗരികല്യാണി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക