നേരം വെളുത്ത് അഞ്ചു മണിക്ക് പെണ്ണുങ്ങൾ എണിക്കണമെന്നും, ആണുങ്ങൾക്ക് 10 വരെ കിടന്നുറങ്ങാമെന്നും, പെൺകുട്ടി എണീച്ചില്ലെങ്കിൽ വീടിന്റെ ഐശ്വര്യം പോകുമെന്നുമൊക്കെയാണ് നാട്ടിലെ നടപ്പും പറച്ചിലുമൊക്കെ.
ഒരു ദിവസം എണീക്കാനിത്തിരി വൈകിയാൽ മുത്തശ്ശിടെ വക.
"കുട്ട്യോളൊന്നും എണീറ്റില്ലേ. എത്ര നേരാ കിടക്കണേ. ഉച്ച വരെ പെങ്കുട്ട്യോള് കിടക്കെ, അത് പാടില്ല്യ, വീടിന്റെ ഐശ്വര്യം പോകാൻ വേറൊന്നും വേണ്ടാ"
അങ്ങനെയതുമിതുമൊക്കെ, കൂട്ടത്തിൽ കുറച്ച് പഴം പുരാണവും കൂട്ടി മുത്തശ്ശി കല പിലാ പറയാൻ തുടങ്ങും.
ഇന്നും അതിനു സാധ്യതയുണ്ട്.
ഇന്നും അതിനു സാധ്യതയുണ്ട്.
ശെടാ, ഞങ്ങൾ പെങ്കുട്ട്യോള് ഒരു ദിവസമെങ്കിലും അൽപ്പനേരം കൂടുതലുറങ്ങീന്ന്ച്ച പോണതൊക്കെ അങ്ങ് പോട്ടെന്ന് വെക്കും, അത്രന്നെ.
ശ്രീപ്രിയ പിറു പിറുത്തു കൊണ്ട് വീണ്ടും ചുരുണ്ടു കൂടി കിടന്നു.
തിങ്കൾ മുതൽ ശനി വരെ ജോലിക്കു പോകണമെന്നുള്ളതുകൊണ്ടും കുട്ടികൾക്കും കെട്ട്യോനും അവർ ഇറങ്ങുന്നതിനു മുന്നേ ആഹാരം ഉണ്ടാക്കേണ്ടത് കൊണ്ടും, ഷീണമുണ്ടെങ്കിലും മനസ്സില്ലാ മനസ്സോടെ കിടക്കപ്പായിൽ നിന്നെഴുന്നേൽക്കുമ്പോൾ കെട്ട്യോനും മക്കളും മൂടി പുതച്ച് സുഖായി കിടക്കുവായിരിക്കും.
അത് കാണുമ്പൊൾ അസൂയയും, അടുക്കളയിൽ സഹായിക്കാത്ത കെട്ട്യോനോട് ദേഷ്യവും, നീരസവും തോന്നുമെങ്കിലും, പാവല്ലെന്നു വിചാരിച്ച് ഒന്നും പറയാറില്ല.
എന്നെങ്കിലുമൊരു ദിവസം ഷീണം കൊണ്ടെഴുന്നേൽക്കാൻ വൈകിയാൽ, ആ കൃത്യ സമയത്തായിരിക്കും ഏതെങ്കിലും നാട്ടുകാരുടെയോ ബന്ധുക്കളുടെയോ എന്നുന്നെള്ളിപ്പ്.
അവരാരെങ്കിലും ശ്രീപ്രിയ എവിടെന്നു ചോദിക്കുമ്പോൾ, ഇത് വരെ എണീറ്റിട്ടില്ല ഉറങ്ങുവാന്ന് പറയാൻ മുത്തശ്ശിക്ക് നാണക്കേടാണത്രെ. അത് മാത്രമല്ല അങ്ങനെ പറഞ്ഞാൽ , ഉച്ച വരെ കിടക്കണ പെങ്കുട്ട്യോളുകൾക്ക് അച്ചടക്കമില്ലെന്ന് നാട്ടുകാർ പറയുമത്രെ . അത് ഈ തറവാടിന് മോശാത്രേ.
നാട്ടുകാർക്ക് വേണ്ടിയാണല്ലോ നമ്മുടെ പല നടപ്പും കിടപ്പും, ചെയ്തികളും, ആചാരങ്ങളുമൊക്കെ. അവർ എന്ത് ചിന്തിക്കുമെന്നോർത്ത് ആകുലപ്പെടുന്നവർ. എന്ന് മാറുമോ ആവോ ഇത്തരം ചിന്തകൾ
അങ്ങനൊക്കെ ശ്രീപ്രിയ ആലോചിച്ചു കിടക്കുമ്പോഴാണ് മുത്തശ്ശിയുടെ വിളി.
"മോളെ ശ്രീക്കുട്ടിയേ നേരം ആറ് മണിയായി നീ എണീക്കണില്ലേ".....
ശ്ശേ ഇതൊരു ശല്യമായല്ലോ, ഈ മുത്തശ്ശിടെ ഒരു കാര്യം. എന്ത് വന്നാലും സാരല്ല്യ, അവൾ വിളിച്ചു പറഞ്ഞു ..
"ഇന്ന് എനിക്ക് പോവണ്ടാ മുത്തശ്ശിയെ, ഞായറാഴ്ച്ച അല്ലെ. ഇത്തിരി നേരം കൂടി കിടക്കട്ടെ"
അത് പറഞ്ഞവൾ പുതപ്പ് വലിച്ച് മൂടി വീണ്ടും കിടന്നു.
ആഹാ എന്തൊരു സുഖം ഈ കിടപ്പിന് . ഈ സുഖമല്ലേ ആണുങ്ങൾ അനുഭവിക്കുന്നത്. അമ്പട കള്ളന്മാരെ, എന്ന് മനസ്സിൽ പറഞ്ഞിട്ട് തൊട്ടടുത്ത് കിടക്കുന്ന കെട്ട്യോനെ നോക്കി ഒന്ന് മന്ദഹസിച്ചു. എന്തൊരു ഉറക്കം, ഇതൊന്നും അറിയണ്ടല്ലോ ഇങ്ങേർക്ക്. ഹാ
പഴയ കാലത്തെ പെണ്ണുങ്ങളൊക്കെ എങ്ങനെ സഹിച്ച് ജീവിച്ചോ ആവോ, സമ്മതിക്കണം അവരെ.
അപ്പുറത്തെ വീട്ടിലെ ആലീസും , ഷൈനിയുമൊക്കെ അവധി ദിവസങ്ങളിൽ 10 മണിക്കാ എഴുന്നേൽക്കുന്നത്. അവർക്ക് ഈ ഐശ്വര്യം നോട്ടവുമില്ല ഒരു മണ്ണാങ്കട്ടയുമില്ല. എന്നിട്ടോ അവരുടെ വീട്ടിൽ ഐശ്വര്യത്തിനൊരു കുറവുമില്ല.
ഇവിടെയോ, ആളുകൾ വന്നാൽ മുൻ വശത്തേക്ക് വരാൻ പാടില്ല , നില്ക്കാൻ പാടില്ല , ആണുങ്ങൾ സംസാരിക്കുന്നിടത്ത് വന്നു സംസാരിക്കാൻ പാടില്ല. അഭിപ്രായം പറയാൻ പാടില്ല. ഉറക്കെ ചിരിക്കാൻ പാടില്ല , ഉറക്കെ പാട്ട് പാടാൻ പാടില്ല,
മാസമുറ വന്നാൽ അഞ്ച് ദിവസത്തെ അടുക്കള ഭ്രഷ്ട്, അമ്പലത്തിൽ പോവാൻപറ്റില്ല, വീട്ടിൽ ആരെയും തൊടാൻ പാടില്ല. (അല്ലടാ ഉവ്വേ, ഈ ആൺ പിള്ളേർക്ക് സ്വപ്ന സ്ഖലനം ഉണ്ടായാൽ അത് അശുദ്ധിയല്ലേ? എന്തേ സ്ത്രീകൾക്ക് മാത്രം ഈ ഒരു നിയമം)
ഓ പിന്നെ ഓഫീസിൽ വരുന്ന, ഡയാനയും, ലില്ലിച്ചേച്ചിയുമൊക്കെ വർഷങ്ങളായി ആരോഗ്യത്തോടെ ജീവിക്കുന്നു, പള്ളിയിൽ പോകുന്നു പ്രാർത്ഥിക്കുന്നു . മറ്റു പെണ്ണുങ്ങളും ജീവിക്കുന്നു. ഒരാളും അശുദ്ധിയെക്കുറിച്ച് പറഞ്ഞ് കേട്ടിട്ടില്ല.
ഏതു മാസമുറ വന്നാലും അതൊന്നും കാര്യമാക്കാതെ ചിക്കനും ബീഫും മീനും വെട്ടി നുറുക്കി കറി വെച്ച് കപ്പ പുഴുങ്ങി അവരും വീട്ടുകാരും ഒരുമിച്ചിരുന്നു തിന്നും. ആർക്കും അശുദ്ധിയാൽ ഒരു പ്രശ്‍നവും വന്നിട്ടില്ല.
ഏതു മാസമുറ വന്നാലും അതൊന്നും കാര്യമാക്കാതെ ചിക്കനും ബീഫും മീനും വെട്ടി നുറുക്കി കറി വെച്ച് കപ്പ പുഴുങ്ങി അവരും വീട്ടുകാരും ഒരുമിച്ചിരുന്നു തിന്നും. ആർക്കും അശുദ്ധിയാൽ ഒരു പ്രശ്‍നവും വന്നിട്ടില്ല.
ആചാരങ്ങളൊക്കെ കൃത്യം നോക്കുന്ന ചില ഏമാന്മാർക്കോ, കാമം തീർക്കാൻ മാസമുറയോ, രക്തമോ പ്രശ്നമല്ല. ഇതിനൊക്കെ അശുദ്ധി ഇല്ലേ ഇല്ല.
ശ്രീക്കുട്ടിയുടെ മുഖം ദേഷ്യം കൊണ്ട് ചുമന്നു തുടുത്തു .
അല്ലേലും പെൺകുട്ടികൾക്കാണല്ലോ നിയങ്ങളും ആചാരങ്ങളും കൂടുതൽ ബാധകം .
ഹോ മടുത്തു.
ഒരു ദിവസം ദൈവത്തെ കണ്ടാൽ ചോദിക്കണം , സ്ത്രീകൾ അങ്ങേക്ക് അശുദ്ധിയായിരുന്നോ എന്ന്, എന്തേ സ്ത്രീകൾക്ക് മാത്രം ഇങ്ങനത്തെ ആചാരങ്ങൾ കൽപ്പിച്ചതെന്ന്.
ചുരിദാറിട്ട് സ്ത്രീകൾ പ്രാർത്ഥിച്ചാൽ കേൾക്കില്ലാന്നു അങ്ങയുടെ വലം കൈകളോട് അങ്ങ് മൊഴിഞ്ഞിട്ടുണ്ടായിരുന്നോന്നും , അങ്ങയുടെ ഇഷ്ടപ്രകാരമാണോ അങ്ങയുടെ സൃഷ്ടികളായ ഞങ്ങളെ രണ്ടാം കുടിക്കാരെപ്പോലെ കണക്കാക്കിയതെന്നും ദൈവത്തോട് ചോദിക്കണം.
ദൈവം ഇന്നത്തെ ആൾ ദൈവങ്ങളെ ചാട്ടവാറെടുത്ത് അടിക്കുന്നത് എന്റെ കണ്ണുകൾ കൊണ്ട് കാണണം.
ശ്രീപ്രിയയുടെ ഉറക്കം പല പല ചിന്തകളാൽ മുറിഞ്ഞു. ചില കാര്യങ്ങളൊക്കെ നിസ്സാരമെന്നു തോന്നുമെങ്കിലും, പലയിടത്തും പെണ്ണുങ്ങൾക്ക് ആചാരങ്ങൾ കൊണ്ട് വല്ലാത്ത അവഗണനയാ ഇതല്ലെങ്കിൽ മറ്റൊരു തരത്തിൽ അത് പലരും പറയുന്നില്ലെന്നേയുള്ളു.
എന്തായാലും അവളെഴുന്നേറ്റു അടുക്കളയിലേക്കു പോയി. അല്ല കുളി മുറിയിലേക്ക് കുളിക്കാതെ അടുക്കളയിൽ കേറിയാൽ അശുദ്ധിയല്ലേ, ലോകം അവസാനിച്ചാലോ. അല്ല മനുഷ്യ ദൈവങ്ങൾ കോപിച്ചാലോ?
..............................
ജിജോ പുത്തൻപുരയിൽ
..............................
ജിജോ പുത്തൻപുരയിൽ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക