Slider

പ്രേമ ലേഖനം

0
"അപ്പോയ്ൻമെൻറ് ലെറ്റർ ഉടൻ അയക്കുമെന്നാ അവർ പറഞ്ഞത് ,ഇന്റർവ്യൂ ചെയ്തവർക്കെല്ലാം എന്നെ ഒരുപാട് ഇഷ്ടമായി ...ഞാൻ നല്ല സ്മാർട് ആണെന്നാ അവര് പറഞ്ഞെ ".
ശ്രീക്കുട്ടിയുടെ കൂട്ടുകാരികൾക്കു അവളുടെ പൊങ്ങച്ചം പറച്ചിൽ അത്ര സുഖിച്ചില്ല . [ അല്ലെങ്കിലും അത് അങ്ങനെ ആണല്ലോ ] തള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് തള്ളാൻ തുടങ്ങി എന്നവർ മനസ്സിൽ പറയുകയും ചെയ്തു . എങ്ങനെ പറയാതിരിക്കും , ഇത് തന്നെയും പിന്നയും പറയാൻ തുടങ്ങിയിട്ടു കുറെ നാളായി .
"അവിടെ ജോലി കിട്ടിക്കഴിഞ്ഞാൽ പിന്നെ PSC എഴുതി മരിക്കേണ്ട കാര്യമില്ല ,ഗവണ്മെന്റ് ജോബിനെക്കാളും സാലറിയും ആനുകൂല്യങ്ങളുമല്ലേ " ശ്രീക്കുട്ടി വിടാൻ തയ്യാറല്ലായിരുന്നു .
" അതെ , നല്ല കമ്പിനിയൊക്കെ തന്നെയാണ് പക്ഷെ അത് പോലെ തന്നെ ഭയങ്കര സ്ട്രിക്റ്റുമാണ് ,ഇന്നാള് അവിടെ ജോലി ചെയ്തിരുന്ന എന്റെ ഒരു ഫ്രണ്ടിനെ അര മണിക്കൂർ ലേറ്റ് ആയതിനു പിരിച്ചു വിട്ടു ".ശ്രീക്കുട്ടിയുടെ കൂട്ടുകാരി രാജി അവൾക്കിട്ടു കൊട്ടുകൊടുക്കാൻ അത് അങ്ങ് കാച്ചിയേച്ചു .
"അത് അങ്ങനെ തന്നെയാണ് , വലിയ വലിയ കമ്പിനികൾ അങ്ങിനെയാണ് .നമ്മൾ കൃത്യ നിഷ്ഠ പാലിച്ചാൽ പോരെ ,ഞാൻ പണ്ട് പണ്ട് മുതലേ അതിൽ കണിശക്കാരിയാണ് .പഞ്ചുവാലിറ്റിയെ തൊട്ടു കളിച്ചപ്പോൾ ശ്രീകുട്ടിക്കു ചെറിയ അരിശം വന്നു .
"എടീ ,നമ്മൾ ഹോസ്റ്റലിൽ നിന്നും ഇറങ്ങിയപ്പോൾ മുതൽ ഒരുത്തൻ നമ്മളെ പിന്തുടരുന്നുണ്ട് .ഞാൻ കുറേനേരമായി ശ്രദ്ധിക്കുവാ ", മറ്റൊരു കൂട്ടുകാരി ആയ ജയയാണ് ആ മഹാ സംഭവം കണ്ടുപിടിച്ചത് .
അവർ പതിയെ തിരിഞ്ഞു നോക്കി ,ശരിയാണ് ഒരുത്തൻ സൈക്കിളും തള്ളി തങ്ങളുടെ പിറകെ തന്നെയുണ്ട് . "നമുക്ക് ഇവിടെ നിക്കാം ,അവൻ വരട്ടെ ...എന്താണ് അവന്റെ അസുഖം എന്നറിയാമല്ലോ ? ഇത് പോലെ കുറെ അവന്മാർ എന്റെ പിറകെ വന്നിട്ടുണ്ട് ,ഞാൻ എല്ലാവന്മാർക്കും കണക്കിന് കൊടുത്തിട്ടുള്ളതാ " . [ദേ ! പിന്നെയും ശ്രീക്കുട്ടി തള്ളു തുടങ്ങി ]
സിംഹ കൂട്ടിലേക്ക്‌ കയറുന്ന മാൻപേടയെ പോലെ അവൻ ആ പെൺപുലികളുടെ അടുത്തേക്ക് വിറയാർന്ന കാലുകളുമായി സൈക്കളുമുന്തി ചെന്നു . " ശ്രീകുട്ടയെന്നല്ലേ പേര് " അവൻ പതറിയ ശബ്ദത്തോടെ ശ്രീകുട്ടിയോടു ചോദിച്ചു .
"അതെ , എന്താ കാര്യം " അവൾ ധിക്കാരം നിറഞ്ഞ വാക്കുകളോടെ തിരിച്ചു ചോദിച്ചു .അവൻ ഒന്നും മിണ്ടാതെ അവന്റെ കയ്യിലിരുന്ന കത്ത് അവളുടെ നേരെ നീട്ടി .
എഴുത്തു നീട്ടിയപ്പോൾ അവന്റെ കൈകൾ വിറയ്ക്കുന്നതു അവൾ കണ്ടു , എന്നാൽ അവനെ ഒന്ന് കുടഞ്ഞേക്കാമെന്നു തന്നെ അവൾ കരുതി . " എന്താ തന്റെ പേര് " അവൾ ആദ്യ ചോദ്യമെറിഞ്ഞു . " എന്റെ പേര് ശശി " , അത് അവൻ പറഞ്ഞു തീർന്നതും അവളും കൂട്ടുകാരികളും പൊട്ടിച്ചിരിച്ചു പോയി . [ എല്ലാവരും കൂടി ശശി എന്ന പേര് അങ്ങനാക്കി എടുത്തിരിക്കുവല്ലേ , പിന്നെ എങ്ങനെ ചിരിക്കാതിരിക്കും ]
"തനിക്കു ജോലീം കൂലീം എന്തെങ്കിലും ഉണ്ടോ ? ". ശ്രീക്കുട്ടി ചോദ്യം ചെയ്യൽ പുനരാരംഭിച്ചു . " ഉവ്വ് , പക്ഷേ സ്ഥിരമായിട്ടില്ലാ , ഞാൻ ജോലിയിൽ കയറിയാതെ ഉള്ളു , ഉടനെ സ്ഥിരമാക്കും എന്നാ പറഞ്ഞത് ". നിഷ്കളങ്കമായി അവൻ അതിനു മറുപടി നൽകി .
" ജോലി സ്ഥിരമായി കഴിഞ്ഞു ഈ പണിക്കു ഇറങ്ങുന്നതല്ലേ നല്ലതു , ഒരു കാര്യം ചെയ്യൂ ... ഇന്ന് പോയിട്ട് നാളെ വാ , നാളെ വാങ്ങാം കത്ത് " .അവൾ പുച്ഛത്തോട് കൂടെ ശശിയോട് പറഞ്ഞു .അവൻ സൈക്കളും തള്ളി കൊണ്ടു തിരിഞ്ഞു നടന്നു .
പിറ്റേ ദിവസം അവർ ഹോസ്റ്റലിൽ നിന്നുമിറങ്ങുമ്പോൾ ശശിയും , ശശിയുടെ സൈക്കിളും അവളെയും പ്രതീക്ഷിച്ചു അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു . അവനെ അന്നും പിറകെ കുറെ നടത്തിയതിനു ശേഷം തിരിഞ്ഞു നിന്നു ശ്രീക്കുട്ടി അവനോടു പറഞ്ഞു , " ഇന്ന് കത്ത് വാങ്ങാൻ നല്ല ദിവസമല്ല , അത് കൊണ്ടു പോയിട്ട് നാളെ വാ ". ശശി അന്നും സൈക്കിളുമായി തിരിഞ്ഞു നടന്നു .
ഇത് അങ്ങനെ രണ്ടാഴ്ചയോളം തുടർന്നു . ശ്രീകുട്ടിക്കു ഒരു കുലുക്കവുമില്ലെങ്കിലും കൂടെ ഉണ്ടായിരുന്ന കൂട്ടുകാരികളുടെ മനസ്സ് ശരിക്കും കുലുങ്ങാൻ തുടങ്ങയിരുന്നു .
" എടീ , എന്തിനാ ആ പാവത്തിനെ ഇങ്ങനെ ഇട്ടു വട്ടം ചുറ്റിക്കുന്നത് , അയാളും ഒരു മനുഷ്യ ജീവി അല്ലേ ? ഒന്നെങ്കിൽ നീ അയാളുടെ കയ്യിൽ നിന്നും എഴുത്തു വാങ്ങിയിട്ട് ഇഷ്ടമാണെന്നു പറയുക , അല്ലെങ്കിൽ ഇഷ്ടം അല്ലെന്നു പറഞ്ഞു ഒഴിവാക്കുക , ഒരാളെ കളിയാക്കുന്നതിനും ഒരു പരിധി ഇല്ലേ ? ".
ഒട്ടുമുക്കാൽ പ്രേമങ്ങൾക്കു പിന്നിലും ഇത് പോലുള്ള കൂട്ടുകാരെന്റെയോ , കൂട്ടുകാരിയുടെയോ വാക്കുകൾ കാണും , അത് കൊണ്ടു തന്നെ ആ വാക്കുകൾ ശ്രീക്കുട്ടിയുടെ മനസ്സും ശരിക്കൊന്നു കുലുക്കി . " ശരിയാണ് താൻ വലിയൊരു ദ്രോഹമാണ് അയാളോട് ചെയ്യുന്നത് , അയാളുടെ നിഷ്കളങ്കതയെ ഇങ്ങനെ ചൂഷണം ചെയ്തത് മോശമായി പോയി ......."
ഓർത്തിരിക്കുംതോറും ശശിയുടെ നിഷ്കളങ്കമായ മുഖം ശ്രീക്കുട്ടിയുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങിക്കൊണ്ടേയിരുന്നു .." കാണാൻ കുഴപ്പമില്ല , ഒരു കൊച്ചു സുന്ദരൻ തന്നെയാണ് , ആകെയുള്ള കുഴപ്പം ആള് വെറുമൊരു പാവത്താനാണ് എന്നതാണ് ; അത് സാരമില്ല അങ്ങനെ ഉള്ളവരെ കല്യാണം കഴിക്കുന്നതാണ് നല്ലതു , ഒന്നുമില്ലെങ്കിലും പറയുന്നത് കേട്ടു അടങ്ങി നിൽക്കുമല്ലോ ! ".
ശ്രീകുട്ടിക്ക് അന്ന് ഉറക്കം നഷ്ടമായി , അവൾ സ്വർണ നൂലുകൾ കോർത്ത് മനസ്സിൽ ഒരു സ്വപ്ന സൗധം പണിയുകയായിരുന്നു .എന്തായാലും നാളെ കത്ത് വാങ്ങി , അവനോടു ഇഷ്ടമാണെന്നു പറയാൻ തന്നെ അവൾ തീരുമാനിച്ചു .
പിറ്റേ ദിവസം അവൾ വളരെ ആകാംഷയോടെ കൂട്ടുകാരികളുമായി ഹോസ്റ്റലിന്റെ ഗേറ്റിനു അടുത്തേക്ക് ചെന്നു . അതാ , പതിവ് തെറ്റിക്കാതെ ശശിയും , സൈക്കളും അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു .
അവൾ അന്നനടവെച്ചു പതിയെ ശശിയുടെ അടുത്തു ചെന്നു ചെറിയൊരു നാണത്തോടെ പറഞ്ഞു , " ആ കത്ത് ഇങ്ങു തന്നേക്കു ". ശശി ഒടുവിൽ അങ്ങിനെ കത്ത് ശ്രീകുട്ടിക്ക് കൈമാറി .." ദേ , ഇവിടെ ഒരു ഒപ്പിട്ടേക്കു ", ശശി ഒരു പേപ്പർ അവളുടെ നേരെ നീട്ടി . ഇതെന്താ പ്രേമ ലേഖനം വാങ്ങുന്നതിനും ഒപ്പിട്ടു കൊടുക്കണമോ .....അവളുടെ മനസ്സിൽ ചിരിപൊട്ടി .
എങ്കിലും ചെറിയ ഒരു സംശയത്തോടു കൂടെ അവൾ ശശിയോട് ചോദിച്ചു , " തനിക്കെന്താ ജോലി ? " ........ " ഞാനിവിടുത്തെ പുതിയ പോസ്റ്റുമാൻ ആണ് " . ഇത് കേട്ടു ശ്രീക്കുട്ടി ഒന്ന് ഞെട്ടിയെങ്കിലും ആകാംഷയോടെ കത്ത് പൊട്ടിച്ചു നോക്കി . അത് അവൾക്കുള്ള അപ്പോയ്ൻമെൻറ് ഓർഡർ ആയിരുന്നു , അവൾക്കൊന്നു തുള്ളിച്ചാടണം എന്ന് തോന്നി . പക്ഷെ ജോലിയിൽ പ്രവേശിക്കേണ്ട തീയതി കണ്ടു അവളുടെ കണ്ണിൽ ഇരുട്ട് കയറുന്ന പോലെ തോന്നി , അത് ഒരാഴ്ച മുന്നേ ആയിരുന്നു .
ശശി തന്റെ സൈക്കിളുമായി പതിയെ തിരിഞ്ഞു നടന്നു . ശ്രീക്കുട്ടി ഇപ്പോൾ ബോധം കേട്ടു വീഴുമെന്ന അവസ്ഥയിൽ ആയിരുന്നെങ്കിലും , കൂട്ടുകാരികൾ സന്തോഷത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ ആയിരുന്നു . അവരുടെ മനസ്സുകൾ കോറസ്സായി പറഞ്ഞു ............. ശശിയേട്ടാ , നിങ്ങള് പൊളിച്ചൂട്ടാ .............
🤐🤐🤐🤐🤐🤐
Omesh Thyparambil
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo