എന്ത് പരിപാടിയണച്ച ഈ കാണിച്ചേ ? എന്നെ നാണംകെടുത്താനായി തന്നെ ചെയ്തതല്ലേ? എന്റെ സുഹൃത്തുക്കളോ,സ്റ്റാഫ്‌സോ ഇത് കണ്ടാൽ എനിക്ക് പിന്നെ അവരുടെ മുഖത്തു നോക്കാൻ കഴിയുവോ ?
മോനെ അങ്ങനൊന്നും പറയല്ലേ .അച്ഛൻ അങ്ങനൊന്നും ചിന്തിച്ചല്ല..... കണ്മുന്നിൽ അവള് വേദന കൊണ്ട് പിടയുമ്പോൾ എത്രന്നു കരുതിയ ഞാൻ നോക്കി നിൽക്ക. ഈ കണ്ട കാലമത്രെയും ന്റെ കാലിൽ ഒരു കുഞ്ഞു മുള്ളു കൊള്ളാൻ പോലും സമ്മതിച്ചിട്ടില്ല അവൾ.എന്നിട്ടിപ്പോ ......
ഇതൊക്കെ ഓരോ ന്യായങ്ങൾ അല്ലെ....കുറച്ചൂടെ കാത്തിരുന്നേൽ ഞാൻ വരുമാരുന്നല്ലോ...ഏതെങ്കിലും പ്രൈവറ്റ് ആശുപത്രിയിൽ കൊണ്ടുപോകായിരുന്നു...ഒരു പ്രായം കഴിഞ്ഞു സ്വന്തമായിട്ട് കാശുണ്ടാക്കാൻ കഴിയാതെ വരുമ്പോൾ എല്ലാ അച്ചന്മാർക്കും ഉള്ളതാ മക്കളോടൊരു ......
മോനെ .....
ഇതൊക്കെ ഒരുതരം കോംപ്ലക്സ് ആണ്, വെറുതെയല്ലല്ലോ വയറു വേദന ണ്ടായത് ഓരോന്ന് വലിച്ചു വാരി കഴിച്ചു കാണും,പ്രായമായ ന്നൊരു തോന്നലില്ലല്ലോ രണ്ടിനും...
മോനെ ...'അമ്മ കേൾക്കും..നമുക്ക് അങ്ങോട്ട് മാറി നിൽക്കാം...
കേൾക്കട്ടെ...അമ്മയോട് എനിക്ക് രണ്ടു വർത്താനം പറയണം...അച്ഛന് വിവരില്ലാണ്ടായിപോയന്ന് കരുതി 'അമ്മ ഇത് കാണിച്ചാൽ കൊള്ളാമോ...ഓഫീസിൽ വിളിച്ചിട്ടു കിട്ടിയില്ലെങ്കിൽ എന്റെ മൊബൈലിൽ ഒന്ന് വിളിച്ചൂടാരുന്നോ ...അതുമല്ലെങ്കി അവളെ ഒന്ന് വിളിക്കാരുന്നല്ലോ.....
മോനെ അച്ഛൻ നിന്റെ മൊബൈലിൽ കുറയെ വിളിച്ചു ...റിങ് ചെയ്തിരുന്നു പക്ഷെ എടുത്തില്ല....അങ്ങിനെ നിന്റെ ഭാര്യേം വിളിച്ചിരുന്നു...അവൾ പറഞ്ഞു നീ ഒരു ബിസിനസ് ടൂറിൽ ആണെന്ന്...പിന്നെ അവൾ... ന്തോ തിരക്കിലായിരുന്നു അതുകൊണ്ടു ഞാൻ കാര്യം പറഞ്ഞില്ല....
മൊബൈലിൽ വിളിച്ചിട്ടു എടുത്തില്ലെങ്കിൽ വീണ്ടും വീണ്ടും വിളിക്കണമായിരുന്നു ....എല്ലാത്തിനും ഒരു ന്യായം ഉണ്ടാകുമല്ലോ ല്ലേ ....
മോനെ..
ഹ...ന്നിട്ട് ഡോക്ടർ ന്ത പറഞ്ഞത്..?
മോൻ വാ ...നമുക്ക് അപ്പുറത്തോട്ടു പോയി സംസാരിക്കാം...
അവർ ആ സർക്കാർ ആശുപത്രിയുടെ മുന്നിലുള്ള ഒരു മരത്തണലിലേക്കു നടന്നു...അല്പം വിങ്ങികൊണ്ടു അച്ഛൻ പറഞ്ഞു തുടങ്ങി..
മോനെ ...അമ്മക്ക് അടിയന്തിരമായി ഒരു ഓപ്പറേഷൻ വേണ്ടി വരുമെന്ന ഡോക്ടർ പറഞ്ഞത്. ഇംഗ്ലീഷിൽ എന്തൊക്കെയോ പറഞ്ഞു അദ്ദേഹം ..എനിക്കൊന്നും മനസ്സിലായില്ല...ഒരു വാക്കൊഴിച്ചു ...കാൻസർ ....
അത് കേട്ടിട്ടും മകന്റെ മുഖഭാവം മാറാത്തത് അയാളിൽ ഒരു ഞെട്ടൽ സൃഷ്ടിച്ചു..ഒരു ചോദ്യചിഹ്നം പോലെ അയാൾ മകന്റെ മുഖത്തേക്ക് നോക്കി...
ഹ ..ഇതൊക്കെ എനിക്കറിയാമായിരുന്നു...അന്നൊരിക്കൽ വേദന വന്നു ആശുപത്രിയിൽ കൊണ്ട് വന്നപ്പോൾ ഞാൻ പറഞ്ഞതല്ലേ യൂട്രസ് ഓപ്പറേറ്റ് ചെയ്തു കളയണമെന്നു ..അപ്പോൾ ഓരോന്ന് പറഞ്ഞു അത് മുടക്കി..
വളരെ നിസ്സാരമായി അവൻ സംസാരിച്ചു നിർത്തിയത് ആ മനുഷ്യന്റെ മനസ്സിനെ വല്ലാതെ വിഷമിപ്പിച്ചു ദേഷ്യം വന്നുവെങ്കിലും..മകൻ കനിഞ്ഞാൽ മാത്രമേ ആ ഓപ്പറേഷൻ നടക്കു ന്ന ബോധം അയാളെ ശാന്തനാക്കി...തണൽ മരത്തിനു എതിരെയുള്ള കെട്ടിടത്തിലേക്ക് അച്ഛന്റെ കണ്ണുകൾ നീണ്ടു .പ്രസവ വാർഡ് .
മോനെ ...നിനക്ക് അച്ഛനോടെങ്കിലും ഇതൊന്നു പറയാമായിരുന്നു...എങ്കിൽ അച്ഛൻ പറഞ്ഞു സമ്മതിപ്പിച്ചേനെ അവളെ ..
അച്ഛനോട് പറഞ്ഞാൽ അച്ഛൻ എല്ലാരേം വിളിച്ചറിയിക്കും,പിന്നെ അമ്മെ കാണാൻ വരുന്നവരുടെ തിരക്കാകും,ബന്ധുക്കൾ,സുഹൃത്തുക്കൾ,...അറിയാലോ ഞങ്ങൾക്ക് ഓഫീസിൽ നിന്ന് മാറി നില്ക്കാൻ പറ്റില്ല ..അപ്പൊ ഇവരൊക്കെ വന്നാൽ എത്ര ദിവസം നഷ്ടമാകും...
മനസ്സിൽ ഇരമ്പൽ കൊണ്ട ദേഷ്യവും സങ്കടവും കടിച്ചമർത്തി അയാൾ ആ പ്രസവ വാർഡിലേക്ക് ചൂണ്ടിക്കൊണ്ട് മകനോട് പറഞ്ഞു...
മോനെ....ദേ ആ കെട്ടിടം കണ്ടോ നീയ്... ഒരു ജീർണിച്ച കെട്ടിടം അല്ലെ? ...പക്ഷെ ഒരുപാടു പുതുജന്മങ്ങളുടെ കിളിനാദവും,ചോരയും നെഞ്ചിലേക്ക് ഏറ്റു വാങ്ങിയ ഒരു മുത്തശ്ശി ആണത്..അവർക്കു നിന്നോടൊരു കഥ പറയാനുണ്ടാകും .ഒരു 29 വര്ഷങ്ങള്ക്കു മുമ്പുള്ള കഥ.
കല്യാണം കഴിഞ്ഞു ഒരു ആറേഴു മാസമായിക്കാണും,തലചുറ്റി വീണ അവളെയും തൂക്കിക്കൊണ്ടു ഞാൻ ഇവിടേയ്ക്ക് ഓടി പാഞ്ഞെത്തി.ചികില്സിച്ച ഡോക്ടർ ഒരു പുഞ്ചിരിയോടെ ന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു .താങ്കൾ ഒരു അച്ഛൻ അകാൻ പോകയാണെന്നു...സന്തോഷത്തിന്റെ നാളുകളായിരുന്നു പിന്നീട്. ആദ്യ ചെക്കപ്പിന് വീണ്ടും ഇവിടെയെത്തിയപ്പഴാണ് ഡോക്ടർ പറഞ്ഞത് .ഈ കുഞ്ഞിനെ വേണ്ടെന്നു വക്കാൻ. ക്ഷുപിതയായ ഒരമ്മയുടെ മനസ്സ് ആ ഡോക്ടറിന് നേരെ അലറി.
പക്ഷെ..... ഡോക്ടർ പറഞ്ഞു.അവളുടെ ഗര്ഭപാത്രത്തിനു ഒരു കുഞ്ഞിനെ ചുമക്കാനുള്ള ശേഷി ഇല്ലത്രെ. എല്ലാ സന്തോഷങ്ങളും നഷ്ടമായി എന്ന വേദനയിൽ ഞങ്ങൾ ഇവിടുന്നിറങ്ങി വീട്ടിലേക്കു പോയി. അവളെക്കാൾ എനിക്ക് വലുതല്ലായിരുന്നു മറ്റൊന്നും.അതുകൊണ്ടു തന്നെ ഞാനും അവളെ നിർബന്ധിച്ചു ആ കുഞ്ഞിനെ ഒഴിവാക്കാൻ.പക്ഷെ ആരൊക്കെ എതിർത്താലും എന്തൊക്കെ സംഭവിച്ചാലും ആദ്യമായി അവളുടെ ഉദരത്തിൽ മൊട്ടിട്ട ആ ജീവനെ നശിപ്പിക്കാൻ അവൾക്കു സമ്മതമായിരുന്നില്ല.
ഒടുവിൽ അവളുടെ വാശിക്ക് മുന്നിൽ കീഴടങ്ങി ഡോക്ടറിനോട് ഞാൻ പറഞ്ഞു .ഞങ്ങൾക്ക് ഈ കുഞ്ഞു വേണമെന്ന്. നിസ്സഹായനായ ഡോക്ടർ ഞങ്ങളെ എതിര്ത്തില്ല.അങ്ങിനെ ആ കുഞ്ഞു അവളുടെ ഉതിരത്തിൽ വളരാൻ തുടങ്ങി.ആറാം മാസം വീണ്ടും നടത്തിയ ചെക്കപ്പിൽ ഡോക്ടർ എന്നോട് പറഞ്ഞു അമ്മയും, കുഞ്ഞും ....പ്രതീക്ഷയില്ലെന്നു....
അന്നുവരെ ഒരു ദൈവത്തെയും വിളിക്കാത്ത ഞാനെന്ന സഖാവ് ,എല്ലാ പ്രത്യയശാസ്ത്രങ്ങളും മറന്നു അന്നാദ്യമായി പേരറിയാത്ത എല്ലാ ദൈവങ്ങളെയും വിളിച്ചു.
എനിക്കെന്റെ നല്ലപാതിയേം കുഞ്ഞിനേം തിരികെ തരണമെന്ന് അപേക്ഷിച്ചു.ഒൻപതാം മാസം ആയപ്പോൾ അവൾക്കു സഹിക്കാൻ പറ്റാത്ത വേദന വന്നു ...അങ്ങിനെ ഇവിടേയ്ക്ക് കൊണ്ടുവന്നു.ഡോക്ടർ ഓപ്പറേഷന് വേണ്ടുന്ന എല്ലാ സഹായവും ചെയ്തു.പക്ഷെ തന്റെ മകൻ പിറക്കുന്നതിന്റെ വേദന തനിക്കറിയണമെന്ന വാശിയിലാരുന്നു അവൾ . അങ്ങിനെ ആ വേദന അറിഞ്ഞുതന്നെ അവൾ ആ കുഞ്ഞിന് ജന്മം കൊടുത്തു.അവൾ ആഗ്രഹിച്ചപോലെതന്നെ ഒരു ആൺകുഞ്ഞിന്.
അവളുടെ ആത്മധൈര്യത്തിനു മുന്നിൽ ദൈവം മുട്ടുകുത്തിയതോ,അതോ ന്റെ പ്രാർത്ഥന അവൻ സ്വീകരിച്ചതോ .എന്തായാലും അവളെയും കുഞ്ഞിനേയും ആരോഗ്യത്തോടെ തിരികെ തന്നു . അവളുടെ ആ നിച്ഛയാധാർട്യത്തിനു മുന്നിൽ ഡോക്ടർ കണ്ണുമിഴിച്ചു. ആ അമ്മയെ അവർ ഒരുപാടു പുകഴ്ത്തി ,അമ്മയേം മകനേം അവർ അനുഗ്രഹിച്ചു... ആ മകന് ഇന്ന് ആ അമ്മയുടെ വേദന വെറും ആർത്തി മൂത്തുണ്ടായ അസുഖം ല്ലേ മോനെ..?
...അവളുടെ ത്യാഗം അതാണെടാ ഈ നിൽക്കുന്ന നീ ,നിന്റെ ഈ നേട്ടങ്ങൾ ...അന്ന് ഒരുനിമിഷമെങ്കിലും നിന്നെക്കാൾ വലുതാണ് ഞാനെന്നോ ,അവളുടെ ജീവനെന്നോ അവൾ ചിന്തിച്ചിരുന്നെങ്കിൽ ഈ നേട്ടങ്ങളൊക്കെയും വാരിക്കൂട്ടാൻ നീ ഉണ്ടാകുമായിരുന്നില്ല ....
ആ കാൻസർ അവൾക്കെങ്ങിനെയാ ഉണ്ടായതെന്നറിയോ നിനക്ക് നിന്നോടൊപ്പം അവൾക്കു കിട്ടിയ മറ്റൊരു കുഞ്ഞായിരുന്നു ആ കാൻസർ.ആരും അറിയാതെ നിനക്കൊപ്പം അതും വളർന്നു..നിന്റെ ജന്മം അവൾക്കു സമ്മാനിച്ചതാണെടാ അത്.... .പക്ഷെ ഇപ്പൊ ...ആ 'അമ്മ രക്ഷപ്പെടണമെങ്കിൽ....... നിന്നോട് യാചിക്കയാണ് മോനെ ഞാൻ....ആ ലേബർ റൂമിനു വെളിയിൽ അന്ന് നിന്ന അതെ ചങ്കിടിപ്പോടെ ഞാൻ പ്രാർത്ഥിക്കയാണ്....ദയവായി ആ ഓപ്പറേഷനുള്ള കാര്യങ്ങൾ പെട്ടെന്ന് ചെയ്യണം നീയ്....
കുറ്റബോധം കൊണ്ടോ ,മനസ്സിൽ വീശിയ വെളിച്ചം കൊണ്ടോ ആ മകന്റെ കണ്ണുകൾ നിറഞ്ഞൊഴുകി...ആ അച്ഛന്റെ കൽക്കലേക്കു അവൻ വീണു....ഒരു നിമിഷം പോലും അവൻ അമാന്തിച്ചില്ല ... പെട്ടെന്ന് ഡോക്ടറെ കണ്ടു ...കാര്യങ്ങൾ അന്വേഷിച്ചു...അല്പം ദൂരെയുള്ള മെഡിക്കൽ കോളേജിലേക്ക് ആ അമ്മയെക്കൊണ്ട് അവൻ പാഞ്ഞു......ശരിക്കും ഇപ്പോൾ അവന്റെ മുഖത്തു അന്നത്തെ അച്ഛന്റെ വേദനയുണ്ട്..ഒരു മകന്റെ പ്രയാസമുണ്ട് ....
തീർച്ചയായും ആ അമ്മയെ അവനു തിരികെ കിട്ടും...ഇനിയുള്ളത് നാളുകളായാലും ,വത്സരങ്ങളായാലും ...മനസ്സ് നിറയെ സ്നേഹിക്കാൻ .....ആ അമ്മയുടെ മടിത്തട്ടിൽ തല ചായ്ച്ചുറങ്ങാൻ ....
'അമ്മ .........അതൊരു ത്യാഗമാണ് യൗവ്വനം ആസ്വദിച്ചു തുടങ്ങും മുന്ബെ ആർക്കോ കഴുത്തു നീട്ടി ....തന്റെ നല്ലപാതിയുടെ സംപ്ത്രിപ്തിക്കായി ശരീരം സമർപ്പിച്ചു...കുട്ടിത്തം വിട്ടുമാറും മുൻപേ മറ്റൊരു ജീവനെ ഉള്ളിൽ ചുമന്നു ....അസ്വസ്ഥതകളും ,വയ്യായ്മകളും , ആരെയും അറിയിക്കാതെ ..ആ കുഞ്ഞു മുഖം കാണാനായി എന്ത് ത്യാഗവും സഹിക്കുന്ന 'അമ്മ....പിന്നീട് തന്റെ പിഞ്ചോമനയുടെ വളർച്ചക്കായി ഒരായുസ്സ് തന്നെ ഉഴിഞ്ഞു വച്ച 'അമ്മ ...അതുപിന്നെ മക്കളിൽ നിന്നും കൊച്ചുമക്കളിലേക്കുള്ള പ്രയാണമായി ...മുത്തശ്ശി ആയാലും മുതുമുത്തശ്ശി ആയാലും ...ആ മനസ്സ് മുലപ്പാൽ ചുരത്തും...സ്നേഹത്തിന്റെ ....സഹനത്തിന്റെ ....ത്യാഗത്തിന്റെ....മധുരമുള്ള മുലപ്പാൽ......സ്നേഹിക്കപ്പെടണം ഓരോ അമ്മയും ....പരിഗണിക്കപ്പെടണം ഓരോ അമ്മയും......
കിരൺ കൃഷ്ണൻ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക