Showing posts with label കിരൺ കൃഷ്ണൻ. Show all posts
Showing posts with label കിരൺ കൃഷ്ണൻ. Show all posts

നീരദം


നീരദം
**********
ഡാ ബാല നീ നാട്ടിലുള്ള എല്ലാ ചെക്കന്മാരേം പെണ്ണ് കെട്ടിക്കാനുണ്ടല്ലോ ന്റെ കിച്ചന്റെ കാര്യത്തിൽ മാത്രമെന്താ നിനക്കൊരു അമാന്തം..
ന്റെ ചേച്ച്യേ ...ന്റെ കുട്ടി അല്ലെ അവൻ ,അവന്റെ കാര്യത്തിൽ ഞാൻ അമാന്തം കാണിക്കുമോ ...അവനെ ഒന്ന് കിട്ടണ്ടേ എന്നാലല്ലേ അവന്റെ ആവശ്യങ്ങളോ വല്ല ഡിമാന്റുകളോ ഉണ്ടെങ്കിൽ ചോയ്ക്കാൻ പറ്റുള്ളൂ ....
അവനങ്ങനെ ഡിമാൻഡ് ഒന്നുമില്ലടാ ...അവനെ അറിഞ്ഞു സ്നേഹിക്കാൻ പറ്റണ ഒരു കുട്ടി ആയിരിക്കണം പിന്നെ അറിയാലോ അവൻ ഗൾഫിലാണ് അതൊക്കെ അനുസരിച്ചു ക്ഷമിച്ചു നില്ക്കാൻ കഴിയണ ഒരു കുട്ടി ...ന്റെ മോന്റെ മനസ്സ് നിക്കറിയാം...അതിങ്ങനെ ഒറ്റാന്തടിയായിട്ടു ജീവിക്കണ കണ്ടിട്ട് സഹിക്കണില്ല..ഇനിയെങ്കിലും അതിനു സ്വസ്ഥമായൊരു ജീവിതം കൊടുത്തില്ലെങ്കിൽ ദൈവം പൊറുക്കില്ല......അത്രക്ക് കഷ്ടപെട്ടതാ ന്റെ കുട്ടി....
ചേച്ചി വിഷമിക്കണ്ട ..ന്തായാലും നാളെ കഴിഞ്ഞു ബുധനാഴ്ച കാലത്തു അവൻ വരില്ലേ, ഒന്ന് ഉറങ്ങാൻ പോലും വിടേണ്ട ചേച്ചി ,ഒന്ന് കുളിപ്പിച്ച് ഒരുക്കി മ്മക്ക് അങ്ങട് കൊണ്ടൊകാം ,ഒരു നല്ല കുട്ടി ണ്ടു മ്മടെ മേലേപ്പറത്തെ അച്ചൂന്റെ കെട്ട്യോൾടെ അനിയത്തിയ..മ്മക്കൊന്നു പോയി കാണാം അവനേംകൊണ്ട് ...
ന്നാപ്പിന്നെ നീ അവരെ വിളിച്ചു പറഞ്ഞേക്കു ബാല ...അവന്റെ കാര്യം ഞാനേറ്റു...
ബുധനാഴ്ച കാലത്തു 4 മണിക്ക് കിച്ചന്റെ ഫ്ലൈറ്റ് ഇറങ്ങി വിമാനത്താവളത്തിന് പുറത്തേക്കു അവൻ വരുന്നതും നോക്കി ആ 'അമ്മ കണ്ണ് നട്ടു. അമ്മയുടെ മനസ്സിൽ ന്തൊക്കെയോ തിരയടിക്കുന്നുണ്ട്...ഒരു പന്ത്രണ്ടുവർഷം മുന്നെയാണ് ആദ്യമായി ന്റെ കുട്ടി ഈ വിമാനത്താവളത്തിലുടെ കടല് കടക്കാൻ പോയത് .അച്ഛന്റെ കടങ്ങളും കുടുംബഭാരവും തോളിലേറ്റി ...
പിന്നീട് ഏഴു വര്ഷം കഴിഞ്ഞ ഒന്ന് കണ്ടത് ,അച്ഛൻ മരിച്ചപ്പോൾ പോലും ന്റെ കുട്ടിക്ക് അവസാനമായി ഒന്ന് കാണാൻ കഴിഞില്ല ,എങ്കിലും ആ അച്ഛന് അവനോടു ഒരു പരിഭവവും ണ്ടാകില്ല,കാരണം ഒരായുസ്സിന്റെ പുണ്ണ്യമാണ്‌ ഇതുപോലൊരു മകനെ കിട്ടിയത് അച്ഛന്റെ കടങ്ങളൊക്കെ തീർത്തു സ്വസ്ഥതയോടും സമാധാനത്തോടുമാണ് ആ അച്ഛനെ അവൻ യാത്രയാക്കിയത്.
ഇപ്പൊ അഞ്ചു വർഷമായി തന്റെ മകനെ കണ്ടിട്ട്. അവന്റെ അനിയന്റെ കല്യാണം കഴിഞ്ഞു പോയതാ ,അനിയനിപ്പോ മൂന്നു വയസ്സുള്ളൊരു കുട്ടിയുണ്ട് ...
അങ്ങിനെ ഓരോന്ന് ചിന്തിച്ചു കണ്ണുനട്ടിരിക്കണ അമ്മയുടെ മുന്നിലേക്ക് കിച്ചൻ നടന്നു വന്നു .
അമ്മെ ......കിച്ചൻ വിളിച്ചു ....വിളി കേൾക്കാൻ ആ മ്മക്ക് കഴിഞില്ല പകരം കണ്ണിൽ ന്നു ഒരു പുഴ തന്നെ പുറത്തേക്കൊലിച്ചു .....
ന്റെ കുട്ടി അങ്ങ് ക്ഷീണിച്ചല്ലോ ....ന്തു കോലമാ ഇത് ഇ മുടിയൊക്കെ എവിടെ പോയി ?
ഹ ഹ മുടിയൊക്കെ ഞാൻ അറബിക്ക് വിറ്റമ്മേ അങ്ങനല്ലേ ഞാൻ വീടിന്റെ പാലുകാച്ചിന് കാശു അയച്ചത് ......
പോടാ .....കിച്ചന്റെ കവിളിൽ ഒരു കിണുക്കു കൊടുത്തോണ്ടു 'അമ്മ പറഞ്ഞു...മൂത്തു നരച്ചെങ്കിലും ഈ കുരുത്തംകെട്ട സ്വഭാവത്തിന് ഒരു കുറവുമില്ല .....
അതുപിന്നെ അണ്ണാൻ മരംകയറ്റം മറന്നാൽ വല്ല രക്ഷയുണ്ടോ ഭവാനിയമോ ..അമ്മെ കെട്ടിപ്പിച്ചുകൊണ്ടു അവൻ പറഞ്ഞു ...ആ നടക്ക് നടക്കു ...നല്ല വിശപ്പുണ്ട് അമ്മേടെ ഇഡലിയും സാമ്പാറും കഴിക്കാൻ വേണ്ടി ഫ്‌ളൈറ്റിൽ ന്നു ഒന്നും കഴിക്കാണ്ട് വയറു ഒഴിച്ചിട്ടേക്ക ഞാൻ .....
അതിനെന്താ ...'അമ്മ സാമ്പാർ ണ്ടാക്കി വച്ചിട്ടുണ്ട് ,ഇഡലി പുഴുങ്ങ്യ മാത്രം മതി അവിടെത്തി മോൻ ഒന്ന് കുളിച്ചു വരുമ്പഴേക്കും അതും തയാറാകും ...
അവർ വണ്ടിയിൽ കയറി യാത്ര തുടങ്ങി...കിച്ചൻ യാത്രയിൽ പലതും ഓർത്തു കണ്ണുകൾ ജനാലയിലൂടെ കഴിഞ്ഞ കാലത്തേക്കൊരു യാത്ര നടത്തി കണ്ണിൽ ന്നു ഒരു തുള്ളി താഴേക്ക് വീഴാറായപ്പഴാണ് 'അമ്മ അവന്റെ കയ്യിൽ പിടിച്ചത് ....
പെതുക്കെ അമ്മയുടെ തോളിലേക്ക് തല ചേർത്ത് അവൻ അങ്ങിനെ കിടന്നു..
....വിച്ചു ഇപ്പൊ വലിയ അച്ഛൻ ആണോ അമ്മെ .....അവന്റെ കുഞ്ഞു ,വഴക്കാളി ആണോ അവനെപ്പോലെ ....ഞാൻ വിളിച്ചിരുന്നു ...ഇന്ന് ന്തോ അത്യാവശ്യ മീറ്റിംഗ് ണ്ടു അതാ ന്നെ കൂട്ടാൻ വരാൻ കഴിയാതെ ന്നു പറഞ്ഞു അവൻ.....പാവം അമ്മെ അവൻ...ഞാൻ ആദ്യം കടല് കടക്കാൻ വീട്ടിൽ ന്നു ഇറങ്ങിയപ്പോൾ ഏട്ടൻ പോകണ്ട ന്നു പറഞ്ഞു കരഞ്ഞു നിൽക്കണ മുഖമാ ഇപ്പഴും ന്റെ മനസ്സിൽ.....ആ ചെക്കൻ ങ്ങിനെ അമ്മെ ഒരു പെൺകുട്ടിയെ പ്രേമിച്ചതു.....ഹ ഹ ഹ ......
ഉം........കുഞ്ഞിന് അച്ഛന്റെ വാഴക്കാളിത്തരമല്ല വല്യച്ഛന്റെ കുറുമ്പുകളാ കിട്ടിയേക്കണേ ....പിന്നെ മോനെ ...നീ കുളിച്ചു കഴിച്ചിട്ട് നമുക്ക് ഒരിടംവരെ പോകണം ....
എവിടെക്കാ അമ്മെ ..അമ്പലത്തിലേക്കാണെങ്കിൽ വൈകിട്ട് പോകാം ഞാനൊന്നു ഉറങ്ങിയിട്ടൊക്കെ ....
അമ്പലത്തിലേക്കല്ല .... ഒരു വീട്ടിലേക്ക ...നിനക്കൊരു പെണ്ണ് കാണാൻ ...
അതിനെന്തിനാ അമ്മെ ഇത്ര ധൃതി ....ഞാനൊന്നു ഉറങ്ങി എഴിച്ചിട്ടു പോരെ ...
പറ്റില്ല ...അവിടെ പോയി ആ കുട്ടിയെ ഒന്ന് കണ്ടിട്ട് പെട്ടെന്ന് പോരാം ന്നിട്ട് ന്റെ കുട്ടി ഉറങ്ങിക്കോ ന്നിട്ട് അമ്മയ്ക്കും ഒന്ന് സമാധാനത്തോടെ ഉറങ്ങണം ...
അതെന്തേ ഭവാനിയമ്മക്ക് സമാധാനക്കുറവ് ......അമ്പാടി വീട്ടിലെ 'അമ്മ തമ്പ്രാട്ടിയോടു ആരെങ്കിലും യുദ്ധം പ്രഘ്യപിച്ചോ..ഹ ഹ ..
പോടാ .... നിക്ക് നിന്റെ കാര്യമോർത്തിട്ട സമാധാനമില്ലാത്തെ...നിനക്കൊരു കുടുംബം ആയി കണ്ടിട്ട് വേണം നിക്കൊന്നു കണ്ണടക്കാൻ....
ഹ മതി മതി അമ്മമാരുടെ പതിവ് ക്ളീഷേ വേണ്ട ....ഡാ സതീശ നീ നമ്മുടെ അമ്പലത്തിന്റെ വഞ്ചിക്കരുകിൽ വണ്ടി ഒന്ന് നിർത്തനെ ആ പതിവ് തെറ്റരുതല്ലോ ....നല്ലതിലും ചീത്തയിലും കൂടുള്ളതാ അവര് ..ഒരു സലാം പറഞ്ഞു വൈകിട്ട് മീറ്റ് ചെയ്യാം ന്നു പറഞ്ഞിട്ട് പോകാം.....ഡ്രൈവെരോടായി കിച്ചൻ പറഞ്ഞു .....
അങ്ങിനെ അവർ വീട്ടിലെത്തി ....കിച്ചൻ കുളി കഴിച്ചു ആഹാരം കഴിച്ചു റെഡി ആയി ...അവർ പെണ്ണിന്റെ വീട്ടിലേക്കു തിരിച്ചു ....
പെണ്ണിന്റെ വീട്ടിലെത്തി ...നല്ലൊരു വീട് ,ചുറ്റുപാടുകൾ...അച്ഛനാണ് സ്വീകരിച്ചത് ..പതിവ് കല്യാണ ചടങ്ങിലെ അഭിഭാജ്യ ഘടകമായ അമ്മാവൻ സീനിലില്ല പകരം ഒരു കൊച്ചച്ചൻ ണ്ടു....
അതികം വൈകാതെ തന്നെ പെണ്ണ് വന്നു ...കാണാൻ നല്ല ചന്ദനം പോലെ ,നല്ല ചിരി ...ഒറ്റനോട്ടത്തിൽ തന്നെ കിച്ചന് കുട്ട്യേ ഇഷ്ടായി....ഇടയ്ക്കു ഒരു ഇറുകണ്ണിട്ടു അമ്മയെ നോക്കി ..ഇഷ്ടായോ ന്നു കണ്ണുകൾ കൊണ്ട് 'അമ്മ ചോദിച്ചു ...കണ്ണുകൾ കൊണ്ടുതന്നെ അവൻ മറുപടിയും നൽകി.....'അമ്മ അവളെ വിളിച്ചു കുഞ്ഞു കുഞ്ഞു കുശലങ്ങൾ ചോദിച്ചു....ചെക്കന്റെ നാണം അറിഞ്ഞതുകൊണ്ടാകും പെണ്ണും ചെക്കനും തമ്മിൽ സംസാരിച്ചോട്ടെ ന്ന പതിവ് പല്ലവി ഉയർന്നില്ല .......
അങ്ങിനെ കുശലങ്ങളും കാര്യങ്ങളും കഴിഞ്ഞു അവർ .....യാത്രാവഴിയിലെവിടെയോ കൊഴിഞ്ഞുപോയ ചില നല്ല നാളുകൾ തിരികെ എത്തുന്നതായി അവനു തോന്നി ...അമ്മയുടെ കയ്യും പിടിച്ചു തോളിൽ ചാരി അവൻ അങ്ങിനെ സ്വപ്‌നങ്ങൾ നെയ്‌തു....
ദിവസം രണ്ടു കഴിഞ്ഞു പെൺവീട്ടുകാരുടെ മറുപടിയൊന്നും വന്നില്ല ...അപ്പോഴാണ് ബാലൻ അവിടേക്കു വന്നത് ...
ആഹാ വാ അമ്മാവാ ന്നെ പെണ്ണുകാണിച്ചിട്ടു മുങ്ങിയതാണല്ലോ പിന്നിതുവരെ ഇങ്ങിടേക്കു കണ്ടില്ല...ഞാൻ വീട്ടിൽ വന്നപ്പഴും അവിടില്ലാർന്നു...വയസ്സുകാലത്തു അടങ്ങി ഇരുന്നൂടെ ...സമ്പാദിച്ചു കൂട്ടുവാ കിളവൻ....തമാശയായി കിച്ചൻ ബാലനോട് പറഞ്ഞു ......
പതിവ് തെറിയഭിഷേകം ബാലനിൽ നിന്നുണ്ടായില്ല .....പകരം നേരെ അകത്തേക്ക് ചെന്ന് ഭവാനിഅമ്മയോട് അല്പം വെള്ളം ചോദിച്ചു.... ന്നിട്ട് സോഫയിൽ ഇരുന്നു ...ഭവാനിയമ വെള്ളം കൊണ്ടുകൊടുത്തിട്ടു ബാലനോട് ചോദിച്ചു....ന്താടാ മുഖത്തൊരു കനം....അവരുടെ വിവരം വല്ലതുമറിഞ്ഞോ ....
അത്...അത്.....ചേച്ചി...നമുക്കതു വേണ്ട ....ഈ ലോകത്തു അവള് മാത്രമേ ഉള്ളോ പെണ്ണ്...നമ്മുടെ ചെക്കന് നല്ല സുന്ദരിക്കൊച്ചിനെ ഈ
ബാലൻ കണ്ടു പിടിക്കും....
ഇത് കേട്ട് അകത്തേക്ക് വന്ന കിച്ചൻ ബാലനെ കളിയാക്കി...ഹ ഹ ഹ അമ്മാവൻ ഫുൾ ഫോമിൽ ആണല്ലോ ....അവർക്കു പിടിച്ചില്ല ല്ലേ ..?
അതുപിന്നെ മോനെ ...
ഹ... വിട് അമ്മാവാ അല്ലേലും കല്യാണ മാർക്കറ്റിൽ ഞങ്ങൾ ഗൾഫുകാരുടെ റേറ്റ് ഇടിവാണ് ...ഇതിപ്പോ തുടങ്ങിയതല്ല ഉള്ളു ....നമുക്ക് നോക്കാം ന്നെ ...ഹ കെട്ടാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ കിച്ചൻ കെട്ടിയിരിക്കും.....അമ്മാവൻ ഊണ് കഴിച്ചിട്ട് പോയ മതി ...
ഇത്രയും പറഞ്ഞു കിച്ചൻ അകത്തേക്ക് പോയി ...
ബാല ...ന്താ അവര് പറഞ്ഞത് .....ന്തു കുറവാ അവർ ന്റെ മോനിൽ കണ്ടത്...
അത് ചേച്ചി...അതുപിന്നെ ..ഒന്നുല...ആ കുട്ടിക്ക് ന്തോ പിടിച്ചില്ലത്രെ....പിന്നെ ..ചേച്ചി സമയംപോലെ അവനോടു വ്യായാമമൊക്കെ ചെയ്യാൻ പറയണം ...പറ്റുമെങ്കിൽ മറ്റേ പിള്ളേരൊക്കെ പോകുന്ന ഒന്നുണ്ടല്ലോ ...ന്താ അതിന്റെ പേര് ...ഹ ..ജിം അതിനൊക്കെ ഒന്ന് പോകാൻ പറയ് ആ വയറൊക്കെ ഒന്ന് കുറയട്ടെ .....
അല്പം കഴിഞ്ഞു ഊണ് കഴിക്കാനായി കിച്ചൻ വന്നു...അമ്മാവൻ എവിടമ്മേ...പോയോ...
ഏയ് ..ഇല്ല അവൻ കഴിച്ചിട്ട് കഴുകുന്നു .....
കൈ കഴുകി വന്ന ബാലൻ കിച്ചനോട് പറഞ്ഞു ..ന്തു കോലമാട മോനെ ഇത് ...നിനക്കൊരു വിഗ് വച്ചൂടെ ....ഗൾഫിലൊക്കെ മറ്റേ ഒട്ടിക്കുന്ന സംഭവമില്ലേ .....
അമ്മാവനെ നോക്കി ഒന്ന് ചിരിച്ചിട്ട് കിച്ചൻ ഊണ് കഴിക്കാൻ തുടങ്ങി ....
******************************************************************************************
സന്ധ്യക്ക്‌ വിളക്ക് വാക്കാറായി...ഇവൻ ഉറങ്ങി എഴിച്ചില്ലേ...ഡാ മോനെ ഡാ കിച്ച .....'അമ്മ വിളിക്കുന്നത് കേട്ടാണ് അവൻ ഉണർന്നത് ..ന്താ അമ്മെ ...
മോനെ വിളക്ക് തെളിയിക്കാറായി എഴീച് കുളിക്കു .....ദാ ഈ ചായ കുടിച്ചേ...
അവൻ എഴിച്ചിരുന്നു ചായ കുടിക്കുന്നത് 'അമ്മ നോക്കി നിന്നു....
ന്താ അമ്മെ ...ന്താ ഇങ്ങിനെ നോക്കണേ ....
ഇങ്ങിനെ വീട്ടിൽ തന്നിരിക്കാതെ വൈകിട്ട് കവലയിലേക്കൊന്നു ഇറങ്ങിക്കൂടെ ശരീരം ഒന്ന് അനങ്ങട്ടെ....വേണമെങ്കിൽ ആ ജിമ്മിൽ ഒന്ന് പോയി തുടങ്ങു ....
അമ്മെ നിക്കൊരു ആഗ്രഹം ....നിക്ക് ഇന്ന് പുഴുക്ക് കഴിക്കണം നല്ല മുളക് ചമ്മന്തിയൊക്കെ തൊട്ട്....
അതിനെന്താ 'അമ്മ ണ്ടാക്കി തരാലോ...........മോനെ....
ന്താ അമ്മെ നോക്കണേ ....
'അമ്മ സംസാരിക്കട്ടെ ആ കുട്ടിയോട് .....
ഏയ് ...വേണ്ടമ്മേ ....അത് വിട്ടേക്ക് ...
അമ്മക്കറിയാം ന്റെ മോൻ ഒരുപാടു കൊതിച്ചു ന്നു .....'അമ്മ സംസാരിക്കാം അവളോട്....
ന്തിന് ...അതിന്റെ ആവശ്യമില്ലമ്മേ.....ആ കുട്ടിക്ക് ഇഷ്ടപ്പെടാഞ്ഞതിന്റെ കാരണം നിക്ക് മനസ്സിലായി ....അവന്റെ കണ്ണുകൾ ആ ജനാലപ്പുറത്തേക്കു നീണ്ടു .....സങ്കല്പങ്ങൾ നമുക്ക് മാത്രമല്ല എല്ലാര്ക്കും ണ്ടു..ആ കുട്ടിക്ക് നല്ല മുടിയുള്ള ഒതുങ്ങിയ വയറൊക്കെയുള്ള ഒരാളെയാകും ഇഷ്ടം...അതാകും ആ കുട്ടിയുടെ സങ്കൽപം ....
മോനെ....
ഏയ് ...ഒന്നൂല അമ്മെ....'അമ്മ ഓർക്കനുണ്ടോ...പണ്ട് അച്ഛന്റെ ബിസിനസ്സൊക്കെ നന്നായി പോകുന്ന കാലം അന്ന് ന്നെ തലയിൽ എണ്ണ തേയ്പ്പിക്കാൻ 'അമ്മ ഓടിക്കാറില്ലേ.....ന്നിട്ട് തേയ്ക്കുമ്പോ ന്താ പറയാ ..ന്തൊരു കാടാ ചേർക്ക ഇത്...വെട്ടിക്കളഞ്ഞുടെ ന്നു ...
കുഞ്ഞുന്നാളിൽ ഒരീസം 'അമ്മ കുളിപ്പിച്ചപ്പോൾ കൈ ന്റെ എല്ലിന്റെ ഇടയ്ക്കു പോയിട്ടു 'അമ്മ കരഞ്ഞത് ഓർക്കനുണ്ടോ...ഈ ചെക്കൻ ഒന്നും കഴിക്കനില്ല ...ആരേലും കണ്ടാൽ ന്റെ നോക്കുകേട ന്നെ പറയുന്നു പറഞ്ഞത്.......അറിയില്ലമ്മേ എപ്പഴാ ഈ വയറു ചാടിയതും മുടി കൊഴിഞ്ഞതും ന്നൊക്കെ ....വീട് വലുതായപ്പോ വയറും വലുതായി ....കാലങ്ങൾ കൊഴിഞ്ഞപ്പോൾ മുടിയും കൊഴിഞ്ഞു.....
അമ്മക്കറിയോ ഇപ്പഴും ഞാൻ വയറു നിറയെ ആഹാരം കഴിക്കാറില്ല...എങ്ങിനെങ്കിലുമൊക്കെ മിച്ചം പിടിച്ചു ശീലമായി പോയി ....ഒരു ചായ കുടിക്കാം ന്നു കരുതുമ്പഴു മനസ്സിൽ തോന്നും ന്തിനാ ആ കാശുടെ വീട്ടിലേക്കു അയക്കാലോ ന്നു ....കാലത്തു എഴുന്നേറ്റു കുളിച്ചു ജോലിക്കു പോയാൽ പിന്നെ വരുന്നത് രാത്രിയിലാ അമ്മെ....അപ്പൊ തളർന്നിട്ടുണ്ടാകും...ന്തേലും ണ്ടാക്കി ഫ്രിഡ്‌ജിൽ വക്കും ..അത് ചൂടാക്കി ചൂടാക്കി കഴിക്കും...
മിക്കവാറും ഉച്ചക്ക് ഒന്നും കഴിക്കാറില്ല....ഒരു കൊച്ചു മിരിണ്ടയോ, പെപ്സിയോ കുടിക്കും..അതാകുമ്പോൾ അതിന്റെ ഗ്യാസ് ഇങ്ങിനെ നിന്നോളും രാത്രി വരെ....അമ്മയല്ലേ രണ്ടു നേരം കുളിപ്പിച്ച് ശീലിപ്പിച്ചത് അതുകൊണ്ടു കാലത്തു കുളിക്കാതെ ജോലിക്കു പോകാനോ വൈകിട്ട് കുളിക്കാതെ ഉറങ്ങാനോ പറ്റില്ല....'അമ്മ ശീലിപ്പിച്ചതൊക്കെ ങ്ങിനെ തെറ്റിക്കാ...
രാസവസ്തുക്കൾ നിറഞ്ഞ ആ വെള്ളത്തിൽ നനഞ്ഞപ്പോൾ കാലങ്ങൾക്കൊപ്പം ന്റെ മുടിയും കൊഴിഞ്ഞു അമ്മെ.......ഈ നഷ്ടങ്ങൾക്കൊക്കെ ഇടയിലും സന്തോഷം ഒന്നോ രണ്ടോ മാസത്തിൽ ഇവിടെ വന്നു നിങ്ങടെയൊക്കെ ഈ സന്തോഷവും,സുഖങ്ങളും ഒക്കെ കാണുമ്പഴാ....അവിടുത്തെ ചൂടിൽ ഞങ്ങൾക്ക് കുളിരു നൽകുന്നത് എസി യുടെ തണുപ്പല്ലമ്മേ ,കണ്ണടക്കുമ്പോൾ മുന്നിലേക്ക് ഓടി വരുന്ന കുളിരുള്ള ഓർമ്മകളാ.....
മോനെ.......
കിച്ചൻ അമ്മയെ നോക്കി...അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട് ...അവൻ ചാടി എഴുന്നേറ്റു അമ്മയുടെ കണ്ണുകൾ തുടച്ചു...പാടില്ലമ്മേ ....പ്രിയപ്പെട്ടവരുടെ കണ്ണുകൾ നിറയാണ്ടിരിക്കാനാ ഞങ്ങളെപോലുള്ളവരുടെ കഷ്ടപ്പാടുകൾ അങ്ങിനുള്ളപ്പോ കണ്ണുകൾ നിറച്ചു ന്നെ തോല്പിക്കരുത് 'അമ്മ....
'അമ്മ ധൈര്യായിട്ടിരിക്ക് ...ദേ താങ്ങായി ഈ ചുമലുകൾ ഉള്ളപ്പോൾ കിച്ചന് ഒരു സങ്കടവുമില്ല ...ന്തായാലും വന്നതല്ലേ ന്റെ അമ്മക്ക് ഒരു മരുമോളെ കണ്ടുപിടിച്ചിട്ടേ കിച്ചൻ മടങ്ങുള്ളൂ....നടക്കും അമ്മെ..... ഞങ്ങളെപ്പോലുള്ള പാവം പ്രവാസികളുടെ പെണ്മക്കളുണ്ടാകും..ഞങ്ങളുടെ സ്നേഹവും കഷ്ടപ്പാടും മനസ്സിലാക്കുന്ന ,നമ്മളെയൊക്കെ സ്നേഹിക്കാൻ കഴിയണ പെൺകുട്ടികൾ ..........കിട്ടാണ്ട് എവടെ പോകാനാ.....
'അമ്മ പോയി വിളക്ക് തെളിയിക്കൂ വെളിച്ചം നിറയട്ടമ്മെ നമ്മുടെ ജീവിതത്തിലും ഈ ലോകത്തിലും ...............
നന്ദി.....

By
Kiran Krishnan

സിക്സറും പയറും


സിക്സറും പയറും
*****************************
1998 -99 കാലഘട്ടം മാർച്ച് മാസം , ഒരു നട്ടുച്ച ,ഞാൻ ഊണൊക്കെ കഴിഞ്ഞു എന്തിനോ തയാറെടുക്കുകയാണ് . വീടിനു പുറത്തേക്കിറങ്ങി. പിറകിലെ ചായിപ്പിൽ സൂക്ഷിച്ചു വച്ചിരുന്ന ആ ആയുധം ഞാൻ കയ്യിലെക്കെടുത്തു. ഒരാവശ്യവുമില്ലെങ്കിലും വെറുതെ അതൊന്നു വീശി നോക്കി . മെല്ലെ അതിനെ ഒന്ന് തടവി . ചെത്തി മിനുക്കിയ ആ ആയുധത്തിൽ ചുവന്ന അക്ഷരങ്ങളിൽ എന്തോ രേഖപ്പെടുത്തിയിരിക്കുന്നു . വീടിനു മുന്നിൽ വന്നു ഘോര ശബ്ദത്തിൽ ഞാനലറി.......
അണ്ണാ ..............ഇങ്ങിട്ടിറങ്ങി വാടേ...... അടുക്കളയിൽ ന്നു അമ്മയുടെ ശബ്ദം എനിക്കെതിരായി അന്തരീക്ഷത്തിൽ നിറഞ്ഞു ." ഉവ്വ ...കുണ്ടി എടുത്തു കുണ്ടറ ന്നു എഴുതാൻ കെൽപ്പില്ലാത്തവന്റെ അഹങ്കാരം കണ്ടില്ലേ ....മര്യാദക്ക് ഇവിടെ അടങ്ങി ഇരുന്നോണം ....."
പക്ഷെ അതിനൊന്നും എന്റെ വികാരത്തെ തണുപ്പിക്കാനായില്ല .......ഡേയ് ..ഇയാള് വരുന്നോ ? ഇല്ലെങ്കിൽ ഞാൻ പോകും .....
ഉറക്കച്ചടവോടെ അണ്ണൻ കണ്ണും തിരുമ്മി ഇറങ്ങി വന്നു ...ന്താടാ ...എന്തിനാ നീ അലറണെ......
മൂന്നു മണിക്കല്ലേ കളി ..വാ മ്മക്ക് പോകാം ....(എന്തൊരു ആത്മാർത്ഥത )
അതിനു ഇനീം അര മണിക്കൂർ ഉണ്ടല്ലോ ....അവന്മാര് വന്നു ടീമൊക്കെ വിളിക്കട്ടെ ....അപ്പഴേക്കും പോകാം ....
ഇയാൾക്കതു പറയാം ......അണ്ണനെ എപ്പോ ചെന്നാലും അവര് ടീമിലെടുക്കും അതല്ല എന്റെ അവസ്ഥ ....ബൗണ്ടറീൽ ബോള് പെറുക്കാൻ നിക്ക് വയ്യ ...മടുത്തഡോ ഞാൻ മടുത്തു .....
ഒരു അട്ടഹാസത്തോടെ അനിയനോടുള്ള വാത്സല്യത്തിന്റെ പേരിൽ അണ്ണൻ ഞങ്ങടെ പായുംപുലിയുടെ (BSA slr ) താക്കോലെടുത്തു ......കയറിയിരുന്നു ..രണ്ടു മണിയടി ..പപ്പ തലേന്ന് വാങ്ങി തന്ന വെള്ള പാരഗൺ ചപ്പലും കാലിൽ കയറ്റി ചെത്തി മിനുക്കിയ ആ ആയുധവും കയ്യിലേന്തി ഞാൻ പായുംപുലിയെ ലക്ഷ്യമാക്കി നീങ്ങി ......ആ ആയുധത്തിൽ ചുവന്ന പെയിന്റ് കൊണ്ട് രേഖപ്പെടുത്തിയിരുന്നത് ഇതായിരുന്നു " MRF ". സൈക്കിളിന്റെ മുൻവശത്തു ഒറ്റ ചട്ടത്തിൽ കയറി ഇരുന്നു ....
നേരെ വയലുങ്കണ്ടത്തെ ലക്ഷ്യമാക്കി ഞങ്ങൾ പാഞ്ഞു ....വഴിനീളെ മണിമുഴക്കിയാണ് യാത്ര ...അതൊരു സിഗ്നലാണ് ...പോന്നോളിൻ പോന്നോളിൻ ന്നു....
കണ്ടത്തിൽ ടീം വിളി തുടങ്ങി ...സൈക്കിളിൽ ന്നു ചാടി ഇറങ്ങി ഞാൻ ഒറ്റ ഓട്ടം നേരെ ടീം വിളിയുടെ ഇടയിൽ .അപ്പോഴേക്കും ടീം ആയി കഴിഞ്ഞിരുന്നു ...പതിവുപോലെ ഞാൻ കോമൺ (ന്നു വച്ച ബൗളിംഗ് നഹിം ഹേ ബാറ്റിംഗ് രണ്ടുതവണ ഉണ്ട് ഹേ ബട്ട് പലപ്പോഴും അവസാനത്തെ ഒരു പന്ത് മാത്രം കിട്ടും ഹേ, ബൗണ്ടറിൽ ഒരു മൂലയ്ക്ക് നിൽക്കണം ഹേ )
അപ്പോഴാണ് ന്റെ പ്രാർത്ഥനയുടെ ശക്തി എന്നോണം ആ ദൈവദൂതൻ എത്തിയത് .കണ്ടത്തിലെ യുവരാജ് ഗോപൻ ....അവനൊക്കെ മുടിഞ്ഞ വിലയാണ് ....വരുമ്പഴേ ടീമിൽ സെലക്ട് ആകും ...IPL തോറ്റുപോകണ ലേലമാണ് ....
അങ്ങിനെ അന്ന് ഞാൻ ടീമിൽ കയറി ......ടോസ് വീണു ഞങ്ങക്ക് ബൗളിംഗ്...ബൗളിംഗ് ടീം ആണെങ്കിൽ നുമ്മ പൊളിക്കും സെവാഗാ... സെവാഗ്... എപ്പഴേലും ഒരു ഓവർ കിട്ടണേൽ ആർക്കെങ്കിലും പരിക്ക് പറ്റണം.......
...ഇനി ബാറ്റിംഗ് ടീമിൽ ആണെങ്കിൽ ഞാൻ അവരുടെ " ആശിഷ് നെഹ്‌റയാ " ലാസ്‌റ് ബാറ്റിംഗ് (ഒരു ബോള് കിട്ടിയാൽ ഭാഗ്യം ).
കളി തുടങ്ങി ....ഒരു വയൽക്കണ്ടത്തിലെ ക്രിക്കറ്റ് കളിക്ക് കേരളത്തിൽ മുഴോൻ ഒരേ നിയമമാണ് ..... ബൗണ്ടറിയുടെ ഏതോ മൂലയ്ക്ക് നിൽക്കുന്ന ന്നെ കണ്ടുപിടിക്കാൻ ഞാൻ തന്നെ നന്നേ പാടുപെട്ടു .
ഇതിനിടക്ക് ബൗണ്ടറിയിലേക്കു പാഞ്ഞു വന്നൊരു ബോള് ഞാൻ തടഞ്ഞത് കാല് കൊണ്ടാണോ നെഞ്ചു കൊണ്ടാണോ .എനിക്കുതന്നെ അറീല ..ദേവിയെ..... ഏതോ ഒരുത്തൻ വിളിച്ചു പറഞ്ഞു ഡേയ് ഇത് ഫുട്ബോൾ അല്ലെന്നു .....ഹ നിനക്കുള്ളത് ഞാൻ വച്ചിട്ടുണ്ടറ......
ഇതൊക്കെയാണെങ്കിലും വിക്കറ്റ് വീഴുമ്പോൾ ഓടിച്ചെന്നു ബൗളേറിന്റേം ക്യാപ്റ്റൻറേം കയ്യിൽ കൊട്ടാൻ ഞാൻ മറക്കാറില്ല....(ഞാൻ ഫീൽഡിൽ ഉണ്ടെന്നു അറിയിക്കാനുള്ള ക്രിക്കറ്റ്റോളോജിക്കൽ മൂവ് ....)
അങ്ങിനെ കളി നന്നായി പുരോഗമിക്കുന്നു ഞാൻ ബൗൾ ചെയ്യാത്തൊണ്ടരിക്കാം ബൗണ്ടറിയിലേക്കുള്ള ബോളുകളുടെ എണ്ണത്തിൽ നന്നേ ഇടിവുണ്ട് . എടിപിടീന്ന് അവരുടെ ബാറ്റിംഗ് അവസാനിച്ചു 10 ഓവറിൽ 48 റണിനു അവർ ഓൾഔട്ട്....
ചെറിയൊരു വെള്ളംകുടിക്കു ശേഷം എല്ലാരും ഓരോ ബൂമർ വായിലിട്ടു ഞങ്ങടെ ബാറ്റിംഗ് തുടങ്ങുകയാണ് "ക്യാപ്റ്റൻ കാവിൽ ശരത്" ന്നെ വിളിച്ചു ...ന്റെ MRF എടുത്തു ഞാൻ ഓന്റെ അരികിലെത്തി .
ബാറ്റൊക്കെ അവിടെ വക്കു ചെക്കാ ഇതാ ആറു കല്ലുണ്ടു പോയി അമ്പയർ നില്ക്കു..... കുന്നിക്കുരുപോലുള്ള ആറു കല്ലുകൾ ന്റെ കയ്യിലേക്ക് തന്നിട്ട് ഓൻ പറഞ്ഞു ..... .
പഹച്ചുപോയി ന്റെ ക്രിക്കറ്റ് ബാല്യം ......ങ്കിലും "ആ കാര്യം ഞാനേറ്റു" ന്നുള്ള മട്ടിൽ ഞാൻ നേരെ പിച്ചിലേക്കു നടന്നു എനിക്കൊപ്പം ഞങ്ങടെ ടീമിന്റെ ഓപ്പണിങ് ബാറ്റസ്മാൻമാർ മൊട്ട ശ്യാമും , കീരി അനീഷും ...... ആ കാഴ്ച ഒന്ന് കാണേണ്ടതുതന്നെയാ .......
ലെഫ്റ് കൈ പൊക്കി ബൗളറെ തടഞ്ഞുകൊണ്ടുള്ള ന്റെ നിൽപ്പ് .ഒരാവശ്യവുമില്ലെങ്കിലും ഞാൻ ബൗളറോട് ചോയിച്ചു ഏതാ സൈഡ് ?
ലെഫ്റ് ഹാൻഡ് സൈഡ് .......നിക്കൊരു തേങ്ങയും മനസ്സിലായില്ല ....
ഫസ്റ്റ് ബൗൾ പായുകയാണ് ....എതിർടീമിന്റെ ഷൊഹൈബ് അക്തതർ ഉണ്ണിയുടെ ബൗളിംഗ് ... ഹോ.... ഒരു കാറ്റു വീശുന്നത് മാത്രേ ഞാനറിഞ്ഞുള്ളു ...ചുമ്മാതല്ല പഹയനെ അക്തർ ന്നു വിളിക്കണേ.....
.ന്റെ അമ്പയറിങ്ങിനെ ആരും പുകഴ്ത്തുന്നില്ല ....ഞാൻ പിച്ചിലുണ്ടെന്ന കാര്യം പോലും തെണ്ടികൾ മറന്നു ....സ്വന്തം ടീമിന് മുന്നിൽ കഴിവ് തെളിയിക്കാൻ ഞാൻ തീരുമാനിച്ചു.....സെക്കന്റ് ലാസ്‌റ് ബോളിൽ തെറിച്ചത് കീരി അനീഷിന്റെ മിഡ്‌ഡിൽ സ്റ്റമ്പ്.......ഒന്നും നോക്കിയില്ല ഒരു ലെഗ് നോ അങ്ങ് വിളിച്ചു .....പ്രാന്തുകയറിയ ശ്രീശാന്തിനെപ്പോലെ ഉണ്ണി ന്റെ നേരെ പാഞ്ഞു ....മ്മളിതു എത്ര കണ്ടതാ ..അമ്പയർ അനങ്ങിയില്ല
...ചലിച്ചില്ല .....
ന്നോടാ കളി ....മ്മടെ ടീം ക്യാപ്റ്റൻ കാവിൽ ശരത് അവിടിരുന്നു രണ്ടു കയ്യടി ...ഗുഡ് അമ്പയറിങ് ന്നു ......ഞാൻ ദൃതങ്കപുളകിതനായിപോയി.....
അങ്ങിനെ ബാറ്റിംഗ് തരക്കേടില്ലാതെ മുന്നേറി ...വിക്കറ്റുകൾ വീണു തുടങ്ങി ..മ്മടെ സ്വന്തം അണ്ണൻ "ദി ഗ്രേറ്റ് ദാദ ഫാൻ" ...ന്റെ സ്വന്തം MRF എടുത്തു ക്രീസിൽ നിൽക്കണ കണ്ടപ്പോ അമ്മച്ചിയാണേ എനിക്ക് സഹിച്ചില്ല....പിന്നെ അമ്മക്കതൊരു വിറകു കൊള്ളിയാണെങ്കിലും അതുമൊരു ബാറ്റല്ലേ...അതിനും ണ്ടാവില്ലേ മോഹങ്ങൾ ..ന്നു കരുതി ഞാനങ്ങു അടങ്ങി ....
സംഭവം അത് പുള്ളി ണ്ടാക്കിയതാ ....കിങ്ഫിഷർ ന്നു എഴുതാൻ തുടങ്ങീപ്പോ ഞാൻ സമ്മയിച്ചില്ല കരഞ്ഞു ബഹളമുണ്ടാക്കി അങ്ങിനെ MRF ആക്കിയതാ....
അങ്ങിനെ ഏകദേശം അവസാനത്തെ ഓവറായി ....ടീമിൽ പൊന്നിൻ വിലക്കെടുത്ത യുവരാജ് ഗോപൻ ഡക്ക് ആയതു കാരണം ടീമിന്റെ അവസ്ഥ അല്പം മോശമാണ് ......
ക്യാപ്റ്റന്റെ ആകെയുള്ള പ്രതീക്ഷ എന്നിലാണ് ...( വിക്കറ്റ് അകാണ്ട് ഒരു സൈഡിൽ നിന്ന് കൊടുത്താൽ മതി )
അങ്ങിനെ ടീമിന്റെ അഞ്ചാമത്തെ വിക്കറ്റും വീണു .......ന്റെ ഊഴമെത്തി .....അമ്പയർ നില്ക്കാൻ മൊട്ടശ്യാം എത്തി...കല്ലുകൾ വളരെ ഭദ്രമായി അവനു കൈമാറി ...ഒരു കാര്യവുമില്ലെങ്കിൽ വെറുതെ അവനെ അങ്ങിട്ടും ഇഞ്ഞിട്ടും പിടിച്ചു നിർത്തി ഓരോന്ന് കാണിച്ചു രണ്ടു ഡയലോഗ്സും അടിച്ചിട്ട്.....ഞാൻ ഒരു ചീനിക്കമ്പു ലക്ഷ്യമാക്കി നീങ്ങി.......
ചീനിക്കമ്പു ആണല്ലോ കണ്ടത്തിൽ കോ ബാറ്സ്മാൻറെ ആയുധം . ചീനിക്കമ്പു എടുക്കുമ്പോൾ കാവിൽ ശരത് ന്റെ അടുത്തേക്ക് വന്നു ......ഡാ 4 ബോളെ ഉള്ളു 6 റൺ വേണം ...ഔട്ട് അകണ്ടു നിന്നുകൊടുത്താൽ നിന്റെ അണ്ണൻ അടിച്ചോളും ....ആ ക്യാപ്റ്റന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു ......ലോകത്തൊരു ക്യാപ്റ്റനും ഇങ്ങനൊരു അവസ്ഥ ഉണ്ടാകരുതേ ന്നു ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു ....നേരെ ക്രീസ് ലക്ഷ്യമാക്കി ഞാൻ നീങ്ങി ...
അപ്പോഴാണ് ഒരു പിൻവിളി ....ശ്ശെ ..നശിപ്പിച്ചു ...ഒരു വഴിക്കു പോകുമ്പോ ആരാടാ അത് ....വീണ്ടും ക്യാപ്റ്റനാണ് ....ആ നിറഞ്ഞ കണ്ണുകളോടെ അദ്ധ്യേഹം ന്നോട് ചോയ്ച്ചു "റണ്ണർ വേണോ "... ഒരു പരിക്കുമില്ലാതെ ക്രീസിലേക്കു പോകുന്ന ഒരു ബാറ്സ്മാനു താങ്ങാൻ കഴിയുന്നതിലുമപ്പുറമായിരുന്നു ആ ചോദ്യം നൽകിയ വേദന ......
വേണ്ട ....അരുത്....ന്നു ഞാൻ അദ്ദേഹത്തിനോട് കണ്ണുകൊണ്ടു പറഞ്ഞു (പോടാ പട്ടി...ചെറ്റേ ....ക്യാപ്റ്റനായിപ്പോയി അല്ലെങ്കി കാണിച്ചുതാരാർന്നു ഡാ ഊളേ ഇതൊക്കെയാരുന്നു ശരിക്കും ന്റെ മനസ്സിൽ ) അല്പം പിറകിലേക്ക് നടന്നിട്ടു പുതിയ പാരഗൺ ചപ്പൽ തിട്ടയുടെ ഒരു മൂലയ്ക്ക് ഭദ്രമായി വച്ചിട്ട് കണ്ടത്തിലെ മണ്ണ് അല്പം കയ്യിലെടുത്തു രണ്ടുകയ്യിലും തേയ്ച്ചു പിടിപ്പിച്ചിട്ടു പുലിമുക്കിലമ്മേ ന്നൊരു വിളിയും മനസ്സിൽ വിളിച്ചു മുന്നോട്ടു നീങ്ങി ......
ക്രീസിലെത്തിയ ഞാൻ അണ്ണനെ ഒന്ന് നോക്കി...മറ്റൊന്നുമല്ല "ദയവുണ്ടാകണം ഒരു സിംഗിൾ ഒരേഒരു സിംഗിൾ .......ഒരു ബോളെങ്കിലും ബാറ്റുകൊണ്ടു തൊടാനുള്ള ആശകൊണ്ടാ.... പറ്റോ" .... ഇതായിരുന്നു ആ നോട്ടത്തിന്റെ അർഥം ....അത് നന്നായി അറിയുന്നതുകൊണ്ടാകും അണ്ണൻ ന്നെ കണ്ടഭാവം നടിച്ചില്ല .....
ഒന്നുകിൽ ബൗണ്ടറി അല്ലെങ്കിൽ ടുഡി ഇതിൽ കുറഞ്ഞൊരു സംഭാവോം വേണ്ടെന്നാണ് ആ ക്യാപ്റ്റൻ തെണ്ടിയുടെ കർശന നിദ്ദേശം ....അതുകൊണ്ടുതന്നെ ന്റെ സ്വന്തം ചോരയാണെങ്കിലും അങ്ങേരു ദയ കാണിക്കില്ല ......
വീണ്ടും അക്തർ ഉണ്ണിയുടെ ബൗളിംഗിലേക്കു .....ഓൻ ഓടി വരുന്നതുപോലും ന്റെ കണ്ണുകളിൽ പതിയണില്ല അത്രക്കും സ്പീഡാണ് .....ന്താ നടന്നതെന്നൊന്നും എനിക്കൊരു പിടീം കിട്ടിയില്ല ഞാൻ നോക്കിയപ്പോൾ ബോള് ആകാശത്തൂടെ പറക്കനുണ്ട് ബൗണ്ടറിയേ ലക്ഷ്യമാക്കി ...അറിയാവുന്ന ദൈവങ്ങളെ എല്ലാം വിളിച്ചു ഞാൻ പ്രാർത്തിച്ചു ...ദൈവേ ബൗണ്ടറി പോകല്ലേ നിക്കൊരു ബോള് അടിക്കാനുള്ള അവസരം തരണേ ....
പക്ഷെ ന്റെ പ്രാർഥനക്കും മേലെയർന്നു ആ ബോളിന്റെ പോക്ക് ബൗണ്ടറി കുറ്റിയും താണ്ടി രാമേന്ദ്രൻകൊച്ചാട്ടന്റെ പയറ് പാടത്തേക്ക് ബോള് പതിച്ചു ....
സംഭവം ഞങ്ങ കളി ജയിച്ചു .......പക്ഷേ ബോള് എടുക്കണം ......കഴിഞ്ഞാഴ്ച ഇതേ അണ്ണൻ തന്നെയാണ് അവിടേക്കു ബോള് അടിച്ചു വിട്ടത് .ഒടുവിൽ അതെടുക്കാനിറങ്ങിയ മൊട്ടശ്യാമിനെ അങ്ങേരു നല്ല ഉരുളൻ കല്ലെടുത്താ എറിഞ്ഞോടിച്ചതു ........കൂടാതെ ...നല്ല കിടുക്കാച്ചി പൂരത്തെറിയും ......
അവിടേക്കു അങ്ങിനെ ആരും ബോള് അടിക്കാറില്ല അത്രക്കും മൂച്ചുള്ള ആരും അവിടില്ല അതുകൊണ്ടുതന്നെ അവിടെ വിക്കറ്റും വച്ചിട്ടില്ല .ഹില്ലെങ്കി ബോള് തോട്ടിൽ അടിച്ചിട്ടാൽ വിക്കറ്റ്എന്നപോലെ ഒരു നിയമം അവിടേം വച്ചേനെ ....
ഇനിയിപ്പോ ബോളെടുക്കണം......ഞാൻ ഒന്ന് തിരിഞ്ഞു നോക്കി ....ആരുമില്ലെടെ ഇവിടെ ആ.. ബോ... ള്... എ...ടു ....ക്കാൻ ........( അക്ഷരപിശഹല്ല ഞാ തിരിഞ്ഞു നോക്കുമ്പോ അവിടൊന്നും ആരുമില്ലാർന്നു എന്നത് അതെ ആശ്ചര്യഭാവത്തിൽ എഴുത്താരൻ വർണ്ണിച്ചതാ)
അന്തം വിട്ടു നിന്ന നിക്ക് ഓടണോ വേണ്ടയോ ന്നറിയാത്ത അവസ്ഥയാരുന്നു ...എന്തായാലും രംഗം ശാന്തമാണ് രാമേന്ദ്രൻ കൊച്ചാട്ടൻ കണ്ടത്തിൽ ഇല്ലെന്നു തോന്നണു ....സൈറൺ മുഴങ്ങണില്ല....
അത് മനസ്സിലാക്കിയിട്ടാകും ഓടിത്തള്ളിയവരൊക്കെ തിരികെ വരുന്നുണ്ട് ....ബോളെടുത്താൽ അടുത്ത കളി നടക്കും ....പതിവുപോലെ തന്നെ മൊട്ട ശ്യാം ആ ദൗത്യം ഏറ്റെടുത്തു ...അവൻ മെല്ലെ പരിസരം ഒന്ന് വീക്ഷിച്ചു....
..പെത്യേ പോയി പാട വരമ്പിന്റെ മറവിൽ ഒളിച്ചിരുന്ന് ......ആരുമില്ലെന്ന് ഉറപ്പാക്കിയ അവൻ തന്റെ വലതുകാലെടുത്തു രാമേന്ദ്രൻ കൊച്ചാട്ടന്റെ പാടത്തേക്കു വച്ചതും ഭാ...പന്ന ...പു...ക ...മ .....പു...മക്കളെ ...ഏതവനാടാ എന്റെ പയറിൽ കയറിയത് ......
ദേവിയെ ........ഓടിക്കോടാ ന്നൊരു അലർച്ച മാത്രമേ ഞാൻ കേട്ടുള്ളൂ ഇത്തവണ നല്ല കിണ്ണംകാച്ചിയ ഓട്ടമരുന്നു ഞാൻ ....ഓടി പകുതി എത്യപ്പഴാ ഞാനോർത്തത് ന്റെ പുതിയ പാരഗൺ ചപ്പൽ പിച്ചിൽ കിടക്കയാ...എങ്കിലും ഇപ്പൊ അതെടുക്കാൻ പോകുന്നത് അത്ര പന്തിയല്ല ......
ഞാൻ ഓട്ടം കണ്ടിന്യു ചെയ്തു........
തിരികെയെത്തി വീടിന്റെ പടികൾ ചവിട്ടുമ്പോൾ ന്റെ മനസ്സിൽ ഒരു സങ്കടം അണപൊട്ടൻ തുടങ്ങി .....അണ്ണൻ ,,,,അണ്ണനെ കണ്ടില്ല ....സൈക്കിളും ഇല്ല .....ഇനി അങ്ങേരെങ്ങാനം പിടിച്ചോ .....പപ്പ ചോയ്ച്ചാൽ ഞാനെന്തു പറയും .......അകെ പരിഭ്രമിച്ചു ഞാൻ .....
വീട്ടിലേക്കെത്തിയപ്പോൾ സൈക്കിൾ അതാ മുറ്റത്തൊരു കോണിൽ ചാരി വച്ചേക്കുന്നു ....അത് കണ്ടപ്പോ ഞാനൊരു നിമിഷം അന്താളിച്ചു ......വീടിനകത്തേക്ക് കയറിയപ്പോൾ ഒരാവശ്യവുമില്ലാതെ ഏതോ ഹിന്ദി സീരിയലും കണ്ടു മ്മടെ അണ്ണൻ ചായേം കുടിച്ചിരിക്കയാണ് .......
എന്നെ കണ്ടതും ഒരു ചോദ്യം .......നീ എവിടർന്നു.....അമ്മെ ദേ കൊച്ചു വന്നു അവനു ചായ കൊടുക്ക് ......
മനസ്സിൽ ഞാൻ പിറുപിറുത്തു ..കാലമാട ....ന്നെപോലും നോക്കാണ്ട് അവിടുന്ന് എസ്‌കേപ്പ് ആയി ല്ലേ ....ഒരു വെടർന്ന പുഞ്ചിരി ആ മുഖത്തു ഞാൻ കണ്ടു .....
'അമ്മ ചായ നിക്ക് നീട്ടിയതും കാളിങ് ബെൽ മുഴങ്ങി ...ഡിങ് ടോങ് ...ഡിങ് ഡോങ് ...ഞാൻ പതിയെ വാതിലിലേക്ക് നോക്കി ...ഒരു നോട്ടമേ നോക്കിയുള്ളൂ അടുക്കളവാതിലൂടെ മേലെ അയ്യത്തേക്കു ഒരൊറ്റ ഓട്ടം വച്ചുകൊടുത്തു .....
രാമേന്ദ്രൻ കൊച്ചാട്ടൻ ആയിരുന്നു അത്........പപ്പയോടു പരാതി പറയാൻ വന്നതാ ....ചായേം കുടിച്ചു കുളിച്ചു സുന്ദരകുട്ടപ്പനായിരിക്കുന്ന അണ്ണനെ കണ്ടപ്പോ കൊച്ചാട്ടൻ ഒന്ന് അടങ്ങി ...നൈസായിട്ടു ഒരു ചോദ്യം ..മോൻ ഇന്ന് കളിയ്ക്കാൻ പോയില്ലേ ....
അണ്ണൻ ആരാ മോൻ ...ഏയ് ഇല്ല കൊച്ചാട്ട... ഞാനിപ്പോ ആ പിള്ളേരുടെ കൂടെ കളിക്കാറില്ല......
അനിയൻ ചെക്കൻ ന്ത്യേ.....
അവൻ കക്കൂസിലാ.........അത് കേട്ട അമ്മക്ക് ന്തൊക്കെയോ പിടികിട്ടി ......
പപ്പ ഇറങ്ങിച്ചെന്നു പുള്ളിയോട് സംസാരിച്ചു...അവിടുത്തെ ഒരു പതിവ് മധ്യസ്ഥതക്കാരൻ ആണ് പപ്പ അതാകും പുള്ളി പപ്പയോടു പരാതി പറഞ്ഞത്......
ഗോലെഷ്ണ (ഗോപാലകൃഷ്ണാ) ഡാ ആ കാവിലെ ചെക്കനും മറ്റേ പറിഞ്ഞ പിള്ളേരും കൂടെ അവിടെ കണ്ടത്തിലൊക്കെ കയറി പയറൊക്കെ നശിപ്പിക്കുവാഡ...നീ അവറ്റോൾടെ അച്ഛനോടൊന്നു പറയണം........പയറ് വിത്ത് പാകിയതേയുള്ളു ......കുഞ്ഞാടാ ...അതൊന്നു വളരാൻ ആ ഇരണംകെട്ടവന്മാർ സമ്മതിക്കില്ല......
കൊച്ചാട്ടൻ ധൈര്യായിട്ട് പൊക്കോ.....ഇന്നത്തോടെ അവന്മാരുടെ കളി ഞാൻ നിർത്തിച്ചുതരാം ......ഹല്ലാ ...ഇതെന്താ ചെരുപ്പ് കയ്യില് .....?
ഓ ഇതേതോ കുരുപ്പിന്റെയ.....കണ്ടത്തിൽ ഇറങ്ങിയത് ഞാൻ കണ്ടെന്നറിഞ്ഞോണ്ട് ഇതൊക്കെ എടുക്കാതെ ഓടിയതാ.....
പപ്പക്ക് ആ ചെരുപ്പ് കണ്ടു നല്ല പരിചയം തോന്നിയിട്ടാകും .....കൊച്ചാട്ടാ...വെറുതെ റോഡിലൂടെ ചെരുപ്പും പിടിച്ചോണ്ട് നടക്കേണ്ട ...അവിടെ ആ മൂലയ്ക്ക് കളഞ്ഞേക്ക് .......(പപ്പയുടെ കാശാണല്ലോ )
അത് കേട്ട് പാവം ആ മനുഷ്യൻ ആ ചെരുപ്പ് മുറ്റത്തെ തെറ്റി ചെടിയുടെ ചോട്ടിലേക്കു എറിഞ്ഞു .....ഇതും ഇവിടെ കിടന്നോട്ടെ ന്നു പറഞ്ഞു മറ്റേ കയ്യിലിരുന്ന ന്റെ MRF ഉം അവിടിട്ടു ........
രംഗം ശാന്തമായി എന്നറിഞ്ഞ ഞാൻ പതിയെ അയ്യത്തു ന്നു താഴേക്ക് വന്നു ....നൈഷായിട്ടു തെറ്റിച്ചോട്ടിൽ ന്നു ചെരുപ്പുമെടുത്തു ...പപ്പയെ ഇറുകണ്ണിലുടെ ഒരു നോട്ടവും നോക്കി കുളിമുറി ലക്ഷ്യമാക്കി ഒറ്റ ഓട്ടം..........
അടുത്ത ദിവസവും അതെ സമയം അതെ സ്ഥലത്തു ഞങ്ങൾ കളിച്ചു ....പലതവനേം ബോള് പയറു കണ്ടത്തിൽ വീണു ശ്യാം എടുക്കാനും പോയി രാമേന്ദ്രൻ കൊച്ചാട്ടൻ അവനെ എറിയേംചെയ്തു തെറിയും വിളിച്ചു .........ഹാ.....അതൊക്കെ ഒരു കാലം .......വാട്സാപ്പിലും ഫേസ്ബുക്കിലും ഞോണ്ടിക്കൊണ്ടിരിക്കണ പിള്ളേർക്ക് ഈ വല്ല സുഖവും കിട്ടുന്നുണ്ടോ..........
(പറയാൻ ക്രിക്കറ്റ് കഥകൾ ഇനിയുമുണ്ട് വഴിയേ പറയാം ......)
കിരൺ കൃഷ്ണൻ

ഉദരം (ചെറുകഥ)


എന്ത് പരിപാടിയണച്ച ഈ കാണിച്ചേ ? എന്നെ നാണംകെടുത്താനായി തന്നെ ചെയ്തതല്ലേ? എന്റെ സുഹൃത്തുക്കളോ,സ്റ്റാഫ്‌സോ ഇത് കണ്ടാൽ എനിക്ക് പിന്നെ അവരുടെ മുഖത്തു നോക്കാൻ കഴിയുവോ ?
മോനെ അങ്ങനൊന്നും പറയല്ലേ .അച്ഛൻ അങ്ങനൊന്നും ചിന്തിച്ചല്ല..... കണ്മുന്നിൽ അവള് വേദന കൊണ്ട് പിടയുമ്പോൾ എത്രന്നു കരുതിയ ഞാൻ നോക്കി നിൽക്ക. ഈ കണ്ട കാലമത്രെയും ന്റെ കാലിൽ ഒരു കുഞ്ഞു മുള്ളു കൊള്ളാൻ പോലും സമ്മതിച്ചിട്ടില്ല അവൾ.എന്നിട്ടിപ്പോ ......
ഇതൊക്കെ ഓരോ ന്യായങ്ങൾ അല്ലെ....കുറച്ചൂടെ കാത്തിരുന്നേൽ ഞാൻ വരുമാരുന്നല്ലോ...ഏതെങ്കിലും പ്രൈവറ്റ് ആശുപത്രിയിൽ കൊണ്ടുപോകായിരുന്നു...ഒരു പ്രായം കഴിഞ്ഞു സ്വന്തമായിട്ട് കാശുണ്ടാക്കാൻ കഴിയാതെ വരുമ്പോൾ എല്ലാ അച്ചന്മാർക്കും ഉള്ളതാ മക്കളോടൊരു ......
മോനെ .....
ഇതൊക്കെ ഒരുതരം കോംപ്ലക്സ് ആണ്, വെറുതെയല്ലല്ലോ വയറു വേദന ണ്ടായത് ഓരോന്ന് വലിച്ചു വാരി കഴിച്ചു കാണും,പ്രായമായ ന്നൊരു തോന്നലില്ലല്ലോ രണ്ടിനും...
മോനെ ...'അമ്മ കേൾക്കും..നമുക്ക് അങ്ങോട്ട് മാറി നിൽക്കാം...
കേൾക്കട്ടെ...അമ്മയോട് എനിക്ക് രണ്ടു വർത്താനം പറയണം...അച്ഛന് വിവരില്ലാണ്ടായിപോയന്ന് കരുതി 'അമ്മ ഇത് കാണിച്ചാൽ കൊള്ളാമോ...ഓഫീസിൽ വിളിച്ചിട്ടു കിട്ടിയില്ലെങ്കിൽ എന്റെ മൊബൈലിൽ ഒന്ന് വിളിച്ചൂടാരുന്നോ ...അതുമല്ലെങ്കി അവളെ ഒന്ന് വിളിക്കാരുന്നല്ലോ.....
മോനെ അച്ഛൻ നിന്റെ മൊബൈലിൽ കുറയെ വിളിച്ചു ...റിങ് ചെയ്തിരുന്നു പക്ഷെ എടുത്തില്ല....അങ്ങിനെ നിന്റെ ഭാര്യേം വിളിച്ചിരുന്നു...അവൾ പറഞ്ഞു നീ ഒരു ബിസിനസ് ടൂറിൽ ആണെന്ന്...പിന്നെ അവൾ... ന്തോ തിരക്കിലായിരുന്നു അതുകൊണ്ടു ഞാൻ കാര്യം പറഞ്ഞില്ല....
മൊബൈലിൽ വിളിച്ചിട്ടു എടുത്തില്ലെങ്കിൽ വീണ്ടും വീണ്ടും വിളിക്കണമായിരുന്നു ....എല്ലാത്തിനും ഒരു ന്യായം ഉണ്ടാകുമല്ലോ ല്ലേ ....
മോനെ..
ഹ...ന്നിട്ട് ഡോക്ടർ ന്ത പറഞ്ഞത്..?
മോൻ വാ ...നമുക്ക് അപ്പുറത്തോട്ടു പോയി സംസാരിക്കാം...
അവർ ആ സർക്കാർ ആശുപത്രിയുടെ മുന്നിലുള്ള ഒരു മരത്തണലിലേക്കു നടന്നു...അല്പം വിങ്ങികൊണ്ടു അച്ഛൻ പറഞ്ഞു തുടങ്ങി..
മോനെ ...അമ്മക്ക് അടിയന്തിരമായി ഒരു ഓപ്പറേഷൻ വേണ്ടി വരുമെന്ന ഡോക്ടർ പറഞ്ഞത്. ഇംഗ്ലീഷിൽ എന്തൊക്കെയോ പറഞ്ഞു അദ്ദേഹം ..എനിക്കൊന്നും മനസ്സിലായില്ല...ഒരു വാക്കൊഴിച്ചു ...കാൻസർ ....
അത് കേട്ടിട്ടും മകന്റെ മുഖഭാവം മാറാത്തത് അയാളിൽ ഒരു ഞെട്ടൽ സൃഷ്ടിച്ചു..ഒരു ചോദ്യചിഹ്നം പോലെ അയാൾ മകന്റെ മുഖത്തേക്ക് നോക്കി...
ഹ ..ഇതൊക്കെ എനിക്കറിയാമായിരുന്നു...അന്നൊരിക്കൽ വേദന വന്നു ആശുപത്രിയിൽ കൊണ്ട് വന്നപ്പോൾ ഞാൻ പറഞ്ഞതല്ലേ യൂട്രസ് ഓപ്പറേറ്റ് ചെയ്തു കളയണമെന്നു ..അപ്പോൾ ഓരോന്ന് പറഞ്ഞു അത് മുടക്കി..
വളരെ നിസ്സാരമായി അവൻ സംസാരിച്ചു നിർത്തിയത് ആ മനുഷ്യന്റെ മനസ്സിനെ വല്ലാതെ വിഷമിപ്പിച്ചു ദേഷ്യം വന്നുവെങ്കിലും..മകൻ കനിഞ്ഞാൽ മാത്രമേ ആ ഓപ്പറേഷൻ നടക്കു ന്ന ബോധം അയാളെ ശാന്തനാക്കി...തണൽ മരത്തിനു എതിരെയുള്ള കെട്ടിടത്തിലേക്ക് അച്ഛന്റെ കണ്ണുകൾ നീണ്ടു .പ്രസവ വാർഡ് .
മോനെ ...നിനക്ക് അച്ഛനോടെങ്കിലും ഇതൊന്നു പറയാമായിരുന്നു...എങ്കിൽ അച്ഛൻ പറഞ്ഞു സമ്മതിപ്പിച്ചേനെ അവളെ ..
അച്ഛനോട് പറഞ്ഞാൽ അച്ഛൻ എല്ലാരേം വിളിച്ചറിയിക്കും,പിന്നെ അമ്മെ കാണാൻ വരുന്നവരുടെ തിരക്കാകും,ബന്ധുക്കൾ,സുഹൃത്തുക്കൾ,...അറിയാലോ ഞങ്ങൾക്ക് ഓഫീസിൽ നിന്ന് മാറി നില്ക്കാൻ പറ്റില്ല ..അപ്പൊ ഇവരൊക്കെ വന്നാൽ എത്ര ദിവസം നഷ്ടമാകും...
മനസ്സിൽ ഇരമ്പൽ കൊണ്ട ദേഷ്യവും സങ്കടവും കടിച്ചമർത്തി അയാൾ ആ പ്രസവ വാർഡിലേക്ക് ചൂണ്ടിക്കൊണ്ട് മകനോട് പറഞ്ഞു...
മോനെ....ദേ ആ കെട്ടിടം കണ്ടോ നീയ്... ഒരു ജീർണിച്ച കെട്ടിടം അല്ലെ? ...പക്ഷെ ഒരുപാടു പുതുജന്മങ്ങളുടെ കിളിനാദവും,ചോരയും നെഞ്ചിലേക്ക് ഏറ്റു വാങ്ങിയ ഒരു മുത്തശ്ശി ആണത്..അവർക്കു നിന്നോടൊരു കഥ പറയാനുണ്ടാകും .ഒരു 29 വര്ഷങ്ങള്ക്കു മുമ്പുള്ള കഥ.
കല്യാണം കഴിഞ്ഞു ഒരു ആറേഴു മാസമായിക്കാണും,തലചുറ്റി വീണ അവളെയും തൂക്കിക്കൊണ്ടു ഞാൻ ഇവിടേയ്ക്ക് ഓടി പാഞ്ഞെത്തി.ചികില്സിച്ച ഡോക്ടർ ഒരു പുഞ്ചിരിയോടെ ന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു .താങ്കൾ ഒരു അച്ഛൻ അകാൻ പോകയാണെന്നു...സന്തോഷത്തിന്റെ നാളുകളായിരുന്നു പിന്നീട്. ആദ്യ ചെക്കപ്പിന് വീണ്ടും ഇവിടെയെത്തിയപ്പഴാണ് ഡോക്ടർ പറഞ്ഞത് .ഈ കുഞ്ഞിനെ വേണ്ടെന്നു വക്കാൻ. ക്ഷുപിതയായ ഒരമ്മയുടെ മനസ്സ് ആ ഡോക്ടറിന് നേരെ അലറി.
പക്ഷെ..... ഡോക്ടർ പറഞ്ഞു.അവളുടെ ഗര്ഭപാത്രത്തിനു ഒരു കുഞ്ഞിനെ ചുമക്കാനുള്ള ശേഷി ഇല്ലത്രെ. എല്ലാ സന്തോഷങ്ങളും നഷ്ടമായി എന്ന വേദനയിൽ ഞങ്ങൾ ഇവിടുന്നിറങ്ങി വീട്ടിലേക്കു പോയി. അവളെക്കാൾ എനിക്ക് വലുതല്ലായിരുന്നു മറ്റൊന്നും.അതുകൊണ്ടു തന്നെ ഞാനും അവളെ നിർബന്ധിച്ചു ആ കുഞ്ഞിനെ ഒഴിവാക്കാൻ.പക്ഷെ ആരൊക്കെ എതിർത്താലും എന്തൊക്കെ സംഭവിച്ചാലും ആദ്യമായി അവളുടെ ഉദരത്തിൽ മൊട്ടിട്ട ആ ജീവനെ നശിപ്പിക്കാൻ അവൾക്കു സമ്മതമായിരുന്നില്ല.
ഒടുവിൽ അവളുടെ വാശിക്ക് മുന്നിൽ കീഴടങ്ങി ഡോക്ടറിനോട് ഞാൻ പറഞ്ഞു .ഞങ്ങൾക്ക് ഈ കുഞ്ഞു വേണമെന്ന്. നിസ്സഹായനായ ഡോക്ടർ ഞങ്ങളെ എതിര്ത്തില്ല.അങ്ങിനെ ആ കുഞ്ഞു അവളുടെ ഉതിരത്തിൽ വളരാൻ തുടങ്ങി.ആറാം മാസം വീണ്ടും നടത്തിയ ചെക്കപ്പിൽ ഡോക്ടർ എന്നോട് പറഞ്ഞു അമ്മയും, കുഞ്ഞും ....പ്രതീക്ഷയില്ലെന്നു....
അന്നുവരെ ഒരു ദൈവത്തെയും വിളിക്കാത്ത ഞാനെന്ന സഖാവ് ,എല്ലാ പ്രത്യയശാസ്ത്രങ്ങളും മറന്നു അന്നാദ്യമായി പേരറിയാത്ത എല്ലാ ദൈവങ്ങളെയും വിളിച്ചു.
എനിക്കെന്റെ നല്ലപാതിയേം കുഞ്ഞിനേം തിരികെ തരണമെന്ന് അപേക്ഷിച്ചു.ഒൻപതാം മാസം ആയപ്പോൾ അവൾക്കു സഹിക്കാൻ പറ്റാത്ത വേദന വന്നു ...അങ്ങിനെ ഇവിടേയ്ക്ക് കൊണ്ടുവന്നു.ഡോക്ടർ ഓപ്പറേഷന് വേണ്ടുന്ന എല്ലാ സഹായവും ചെയ്തു.പക്ഷെ തന്റെ മകൻ പിറക്കുന്നതിന്റെ വേദന തനിക്കറിയണമെന്ന വാശിയിലാരുന്നു അവൾ . അങ്ങിനെ ആ വേദന അറിഞ്ഞുതന്നെ അവൾ ആ കുഞ്ഞിന് ജന്മം കൊടുത്തു.അവൾ ആഗ്രഹിച്ചപോലെതന്നെ ഒരു ആൺകുഞ്ഞിന്.
അവളുടെ ആത്മധൈര്യത്തിനു മുന്നിൽ ദൈവം മുട്ടുകുത്തിയതോ,അതോ ന്റെ പ്രാർത്ഥന അവൻ സ്വീകരിച്ചതോ .എന്തായാലും അവളെയും കുഞ്ഞിനേയും ആരോഗ്യത്തോടെ തിരികെ തന്നു . അവളുടെ ആ നിച്ഛയാധാർട്യത്തിനു മുന്നിൽ ഡോക്ടർ കണ്ണുമിഴിച്ചു. ആ അമ്മയെ അവർ ഒരുപാടു പുകഴ്ത്തി ,അമ്മയേം മകനേം അവർ അനുഗ്രഹിച്ചു... ആ മകന് ഇന്ന് ആ അമ്മയുടെ വേദന വെറും ആർത്തി മൂത്തുണ്ടായ അസുഖം ല്ലേ മോനെ..?
...അവളുടെ ത്യാഗം അതാണെടാ ഈ നിൽക്കുന്ന നീ ,നിന്റെ ഈ നേട്ടങ്ങൾ ...അന്ന് ഒരുനിമിഷമെങ്കിലും നിന്നെക്കാൾ വലുതാണ് ഞാനെന്നോ ,അവളുടെ ജീവനെന്നോ അവൾ ചിന്തിച്ചിരുന്നെങ്കിൽ ഈ നേട്ടങ്ങളൊക്കെയും വാരിക്കൂട്ടാൻ നീ ഉണ്ടാകുമായിരുന്നില്ല ....
ആ കാൻസർ അവൾക്കെങ്ങിനെയാ ഉണ്ടായതെന്നറിയോ നിനക്ക് നിന്നോടൊപ്പം അവൾക്കു കിട്ടിയ മറ്റൊരു കുഞ്ഞായിരുന്നു ആ കാൻസർ.ആരും അറിയാതെ നിനക്കൊപ്പം അതും വളർന്നു..നിന്റെ ജന്മം അവൾക്കു സമ്മാനിച്ചതാണെടാ അത്.... .പക്ഷെ ഇപ്പൊ ...ആ 'അമ്മ രക്ഷപ്പെടണമെങ്കിൽ....... നിന്നോട് യാചിക്കയാണ് മോനെ ഞാൻ....ആ ലേബർ റൂമിനു വെളിയിൽ അന്ന് നിന്ന അതെ ചങ്കിടിപ്പോടെ ഞാൻ പ്രാർത്ഥിക്കയാണ്....ദയവായി ആ ഓപ്പറേഷനുള്ള കാര്യങ്ങൾ പെട്ടെന്ന് ചെയ്യണം നീയ്....
കുറ്റബോധം കൊണ്ടോ ,മനസ്സിൽ വീശിയ വെളിച്ചം കൊണ്ടോ ആ മകന്റെ കണ്ണുകൾ നിറഞ്ഞൊഴുകി...ആ അച്ഛന്റെ കൽക്കലേക്കു അവൻ വീണു....ഒരു നിമിഷം പോലും അവൻ അമാന്തിച്ചില്ല ... പെട്ടെന്ന് ഡോക്ടറെ കണ്ടു ...കാര്യങ്ങൾ അന്വേഷിച്ചു...അല്പം ദൂരെയുള്ള മെഡിക്കൽ കോളേജിലേക്ക് ആ അമ്മയെക്കൊണ്ട് അവൻ പാഞ്ഞു......ശരിക്കും ഇപ്പോൾ അവന്റെ മുഖത്തു അന്നത്തെ അച്ഛന്റെ വേദനയുണ്ട്..ഒരു മകന്റെ പ്രയാസമുണ്ട് ....
തീർച്ചയായും ആ അമ്മയെ അവനു തിരികെ കിട്ടും...ഇനിയുള്ളത് നാളുകളായാലും ,വത്സരങ്ങളായാലും ...മനസ്സ് നിറയെ സ്നേഹിക്കാൻ .....ആ അമ്മയുടെ മടിത്തട്ടിൽ തല ചായ്ച്ചുറങ്ങാൻ ....
'അമ്മ .........അതൊരു ത്യാഗമാണ് യൗവ്വനം ആസ്വദിച്ചു തുടങ്ങും മുന്ബെ ആർക്കോ കഴുത്തു നീട്ടി ....തന്റെ നല്ലപാതിയുടെ സംപ്ത്രിപ്തിക്കായി ശരീരം സമർപ്പിച്ചു...കുട്ടിത്തം വിട്ടുമാറും മുൻപേ മറ്റൊരു ജീവനെ ഉള്ളിൽ ചുമന്നു ....അസ്വസ്ഥതകളും ,വയ്യായ്മകളും , ആരെയും അറിയിക്കാതെ ..ആ കുഞ്ഞു മുഖം കാണാനായി എന്ത് ത്യാഗവും സഹിക്കുന്ന 'അമ്മ....പിന്നീട് തന്റെ പിഞ്ചോമനയുടെ വളർച്ചക്കായി ഒരായുസ്സ് തന്നെ ഉഴിഞ്ഞു വച്ച 'അമ്മ ...അതുപിന്നെ മക്കളിൽ നിന്നും കൊച്ചുമക്കളിലേക്കുള്ള പ്രയാണമായി ...മുത്തശ്ശി ആയാലും മുതുമുത്തശ്ശി ആയാലും ...ആ മനസ്സ് മുലപ്പാൽ ചുരത്തും...സ്നേഹത്തിന്റെ ....സഹനത്തിന്റെ ....ത്യാഗത്തിന്റെ....മധുരമുള്ള മുലപ്പാൽ......സ്നേഹിക്കപ്പെടണം ഓരോ അമ്മയും ....പരിഗണിക്കപ്പെടണം ഓരോ അമ്മയും......
കിരൺ കൃഷ്ണൻ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo