Slider

ആര്?

0

പ്രിയ സഖേ, ഞാൻ നിനക്കാരെന്നു ചൊല്ലുക.
ആരാണു ഞാൻ നിന്റെ ചിത്തം തുറക്കുക
അധരം പൊഴിക്കുന്ന വാക്കിലല്ലാതെ നിൻ
ഹൃദയം സ്വകാര്യത്തിനുളളിൽ വരച്ചിട്ട
പേരും സ്വരൂപവും എന്തെന്നു ചോല്ലുക.
പ്രിയ സഖേ, ഞാൻ നിനക്കാരെന്നു ചൊല്ലുക.
പുസ്തകത്താളിലെ പുത്തൻ പൊരുളതോ
ഭാവനാ വർണ്ണമെഴുതിയ കാവ്യമോ
ചിന്തകൾ മനോവിചാരരഥ്യകൾ തീർത്തൊരു
ബൗദ്ധിക സൗവർണ്ണ ചിത്രങ്ങൾ മാത്രമോ.
ഇഷ്ടങ്ങളെല്ലാം സാദ്ധ്യമാക്കീടുവാൻ
കഴിവുറ്റശക്തികൾക്കുറവിടം മാത്രമോ.
ആചാരവെടികളും ആനയമ്പാരിയും
കൊടിതോരണങ്ങൾ പ്രദക്ഷിണപ്പെരുമകൾ
ആഘോഷ മേളങ്ങൾ ആടിത്തിമിർക്കുന്ന
തിരുനാൾമഹങ്ങൾ മറന്ന പൊരുളതോ.
ആരാണു ഞാൻ നിന്റെ ചിത്തം തുറക്കുക
പ്രിയ സഖേ, ഞാൻ നിനക്കാരെന്നു ചൊല്ലുക.
ഹൃദയ നടപൂട്ടിപ്പുറത്താക്കിയോരീശൻ
ചുവരിലെ ചിത്രത്തിൻ വർണ്ണപ്പെരുമയോ
മെഴുതിരിക്കാലിനു പിന്നിലെ രൂപമോ
മോഹപ്പെരുക്കങ്ങൾ നേടും വഴിയതോ.
കാഴ്ചക്ക് മോഹിച്ചു കാണിക്ക വഞ്ചിക്കു
കാവലിരിക്കുന്ന ദ്രവ്യ ദുരാർത്തിയോ.
അധരസ്തുതിയിലിളകൂമൽപത്വമോ.
ശാപം പതിയിരിക്കുന്ന ശാഢ്യങ്ങളോ.
പ്രിയ സഖേ, ഞാൻ നിനക്കാരെന്നു ചൊല്ലുക.
ഞാൻ
നീ പുറന്തളളിയോരെളിയ സഹോദരൻ
നിന്റെ വാക്കാൽ മുറിവേറ്റൊരു മച്ചുനൻ
നിന്റെ നോക്കിൻ വിഷമേറ്റോരു മാനസം
നിൻ വിധി കഴുവേറ്റുമപരന്റെ ജീവിതം
നീയറിയില്ലെന്നു ഭാവിച്ച ബന്ധുത
നീ പഴിചാരിയ പൈതൃക ദോഷങ്ങൾ.
ഒറ്റുന്ന ചുംബനം പൊളളിച്ച സൗഹൃദം
കാമപ്പിശാചിനു തീറ്റിയായ് തെരുവിൽ നീ
കൈവിട്ടു പോന്നൊരാ പൂനിലാപ്പുഞ്ചിരി.
പ്രിയ സഖേ, ഞാൻ നിനക്കാരെന്നു ചൊല്ലുക.
പുണ്യങ്ങൾ നേടുവാൻ പുജയ്ക്കു പീഠത്തിൽ
പുഷ്പ ഫലാദികൾ കാഴ്ചയായ് വയ്ക്കവെ
തെരുവിൽ വിശപ്പിന്റെ അഗ്നിനാവിൽ
പിടഞ്ഞെരിയുന്ന എന്നെ നീയറിയുന്നുവോ
നിന്റെ തീൻ മേശക്കു കീഴെയുച്ചിഷ്ടവും
കാത്തുകിടക്കുന്നയെന്നെയറിയുമോ
ചലംകൊണ്ടു വീർത്തീച്ചയാർക്കും വൃണത്തിലും
കണ്ടുവോ ജീവന്റെ ഉജ്വല കാന്തിയെ
അറവുവാൾ കാക്കുന്ന മാടിന്റെ ദൈന്യത-
ക്കറിവുകേടിൻ നിറം കല്പിച്ചിടുന്നൊരീ
പുതിയയുഗത്തിന്റെ ലാഭക്കണക്കുകളിൽ
ആരല്ല ഞാൻ നിനക്കോമനേ ചൊല്ലുക.
അർത്ഥം ലഭിക്കാൻ പരമാർത്ഥം ത്യജിക്കുന്ന
അല്പായുസ്സിൻ നെറികെട്ടയോട്ടങ്ങളിൽ
തട്ടിവീഴ്ത്തുന്നോരു പാറയായ് പാറമേൽ
പാരിന്നഭയം പണിയുന്ന ജ്യോതിസ്സേ
സൃഷ്ടിയാൽ താതനും
സ്ഥാനത്തിൽ യജമാനനും
സ്നേഹത്തിൽ മണാളനും
ക്ഷമയാൽ പാപഹാരിയും
കരുണയാൽ ദിവ്യഭോജ്യവും
ശക്തിയാൽ ആത്മഞ്ജാനവും
നാമത്താൽ നിത്യരക്ഷയും
നീയെനിക്കെല്ലാം
നീ തന്നെയെല്ലാം!

By: 
Martin Palakkappillil
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo