രാത്രിയുടെ ഏതോ യാമത്തിൽ ഞെട്ടിയുണർന്നു നോക്കിയപ്പോൾ അടുത്ത് കിടക്കയിൽ, പ്രാണസഖിയില്ലായിരുന്നു. ഞെട്ടിപ്പോയി.. എവിടെപ്പോയി ഇവൾ.. എപ്പോഴോ ഉറങ്ങിപ്പോകുന്നതുവരെ കെട്ടിപ്പുണർന്ന് കാതിൽ കിന്നാരം മന്ത്രിച്ചുകൊണ്ടിരുന്നതാണ്.. ഇനി വല്ല അവിവേകവും.. ? അത്രക്ക് ഞാനവളെ വേദനിപ്പിച്ചിട്ടുണ്ട്.. എന്നാലും, എന്റെ കണ്ണീരും വിയർപ്പും ഗന്ധവും ദീർഘനിശ്വാസങ്ങളും ഏറ്റുവാങ്ങിയ, എന്നെയറിയാവുന്ന അവൾക്ക് അങ്ങനെ വല്ലതും ചെയ്യാനൊക്കുമോ.. അവൾക്കറിയാത്ത രഹസ്യങ്ങൾ ഒന്നുമില്ലല്ലോ.. എന്നാലും ഞാനൊത്തിരി വേദനിപ്പിച്ചിട്ടുണ്ട്, മറ്റുള്ളവരോടുള്ള ദേഷ്യം കൂടെ, പച്ചത്തെറി വിളിച്ച് ഞാനവളോട് തീർത്തിട്ടുണ്ട്. എന്റെ ബോസ് എന്നോട് പറയുന്ന ശകാരങ്ങളും തെറികളുമെല്ലാം അവൾ എന്നോടൊപ്പം സഹിച്ചു കേട്ടുനിന്നിട്ടുണ്ട്. ഇന്നാളൊരിക്കൽ ബോസ് പറയുവാ ഞാനവളെ ഡിവോഴ്സ് ചെയ്യണമെന്ന്.. അവൾ ഒന്നും മിണ്ടാതെ നിന്നെങ്കിലും എനിക്ക് പ്രാണവേദനയായിരുന്നു. ബോസിനോട് പ്രതികാരം ചെയ്യാനായി സ്വയം പൊട്ടിത്തെറിച്ച് ഒരു ചാവേറാകുമെന്ന് അവൾ ചൂടായി പറഞ്ഞപ്പോൾ, ഞാനൊന്നു ഞെട്ടിയെങ്കിലും, അകത്തെ ശീതീകരിച്ച റൂമിലേക്ക് കൂട്ടിക്കൊണ്ടു പോയി ഞാനൊന്നാശ്വസിപ്പിച്ചപ്പോൾ അവളങ്ങു തണുത്തു.
എനിക്കെല്ലാമായിരുന്നു അവൾ, അല്ലെങ്കിൽ, അവളില്ലാതെ ഒരു ജീവിതമില്ലായിരുന്നു എനിക്ക്, കഴിഞ്ഞ 4 കൊല്ലമായി. ഊണിലും ഉറക്കത്തിലും, യാത്രയിലും,ടോയ്‌ലെറ്റിൽ പോകുമ്പോൾ പോലും, എന്തിന്.. കാറോടിക്കുമ്പോൾ പോലും ഞാനവളെ ചേർത്തു പിടിച്ചിരുന്നു, കാതിൽ മധുരമൊഴികൾ മന്ത്രിക്കുമായിരുന്നു. ഒരു പൂർണ്ണ നിഷ്ക്കളങ്കയായി എന്നോടൊപ്പം ജീവിതം തുടങ്ങിയ അവൾ.. ഇന്നവൾക്കറിയാത്ത തെറികളൊന്നുമില്ല.. എല്ലാം എന്നെ കണ്ടും കേട്ടും പഠിച്ചതാ.. ഇപ്പോൾ ഞാനാരെയെങ്കിലും തെറിവിളിക്കുമ്പോൾ, ഞാൻ പറയുന്നതിന് മുൻപേ അവളതു കൃത്യമായി എഴുതി തരുമായിരുന്നു.. ഇടക്ക് ഞാനുദ്ദേശിക്കാത്ത തെറി പോലും അവൾ എഴുതാൻ തുടങ്ങിയപ്പോൾ ഒരിക്കൽ ഒരടി വച്ചുകൊടുത്തു.. ആദ്യമായിട്ടാണ് അങ്ങനെ ഒരു സംഭവം.. മനം മടുത്തു കാണുമോ.. സാധ്യതയുണ്ട്.. കാരണം, എല്ലാം നിശബ്ദമായി സഹിക്കുമെങ്കിലും അവളുടെ മുന്നിൽ വച്ചായിരുന്നല്ലോ, എന്റെ അഴിഞ്ഞാട്ടങ്ങളും കണ്ട പെണ്ണുങ്ങളുമായുള്ള എന്റെ ചുറ്റിക്കളികളും.. സഹിക്കുന്നതിന് പരിധിയില്ലേ..പാവം.
ഞാൻ റൂമിലാകെ ഒന്ന് കണ്ണോടിച്ചു.. അവളെ കാണുന്നില്ല.. ഇനി വല്ല ജാരനും.. ? അല്ല കുറ്റം പറയാൻ പറ്റില്ല.. എന്നെ കണ്ടല്ലേ പഠിക്കുന്നത്.. അവൾക്കും വികാരവിചാരങ്ങളൊക്കെ ഉള്ളതല്ലേ. ഞാൻ ബെഡ് റൂമിന്റെ വാതിൽ നോക്കി. അത് ഭദ്രമായി അകത്തുനിന്നും ലോക്ക് ചെയ്ത പടി തന്നെയാണല്ലോ.. പിന്നിവൾ ഇതെവിടെപ്പോയി.. ? പെട്ടെന്നെന്റെ കണ്ണുകൾ കട്ടിലിന്റെ ചുവട്ടിലേക്ക് നീണ്ടു.. അതാ അവിടെ അവൾ കിടക്കുന്നു.. കട്ടിലിന്റെ കാലിനോട് ചേർന്ന്.. തണുത്തു വിറച്ച്, ഒരു പുതപ്പ് പോലും ഇല്ലാതെ.. എന്റെ പ്രാണസഖി.. മൊബൈൽ ഫോൺ.. ഒറ്റക്കുതിപ്പിന് ഞാനവളെ കോരിയെടുത്ത് ഞെഞ്ചോട് ചേർത്തു. അവളുടെ കാതിൽ പരിഭവം പറഞ്ഞ്, ഗാഢമായി പുണർന്നുകൊണ്ട് കിടക്കയിലേക്ക് വീണപ്പോൾ അവളൊന്നു കുണുങ്ങിച്ചിരിച്ചു....
°°°°°°°°°°°°°°°°°°°°°°°°°
ബിനു കല്ലറക്കൽ. ©
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക