ഹോ ഭാഗ്യം, അവൾ പ്രസവിക്കുമെന്നുറപ്പായി , ഇനി എന്റെ മോന് ആ പെണ്ണിനെ തന്നെ മതി
"മറിയാമ്മ ചേട്ടത്തിയുടെ ക്യതജ്ഞത നിറഞ്ഞ ആ വാക്കുകളിൽ അവറാച്ചൻ നിന്ന് വിയർത്തു .
ഇനി അവറാച്ചൻ ആരാ, അവറാച്ചൻ എന്തിനാ വിയർത്തേ , എന്നൊക്കെ അറിഞ്ഞില്ലേൽ നിങ്ങൾ ചോദിക്കും "എന്തോന്നാടെ ഇതെന്ന്" ..പറയാം
അവറാച്ചൻ പാവം ഒരു കല്യാണം മുടക്കി. അടുത്ത ബന്ധുവിന്റെ മകൾക്ക് ഒരാലോചന വന്നപ്പോൾ , അസൂയ മൂത്തിട്ടോ , ചൊറിച്ചിലിന്റെ സൂക്കേട് ഉണ്ടായിട്ടോ, അതൊന്ന് മുടക്കാൻ ഒരു 35 കിലോ മീറ്റർ, സ്വന്തം കാശു മുടക്കി ചെറുക്കന്റെ വീട്ടിലേക്കു തിരിച്ചു
ഏകദേശം ഉച്ച കഴിഞ്ഞ് അവറാച്ചൻ അവിടെ ചെന്നു. വീടൊക്കെ കണ്ടു പിടിക്കാൻ നന്നേ ബുദ്ധിമുട്ടി. അല്ലേലും ഇങ്ങനത്തെ ത്യാഗമൊക്കെ കല്യാണമുടക്കികൾക്ക് പുണ്ണ്യമായി കണക്കിടുമത്രേ.
ആരുമില്ലേ ഇവിടെ ...ഉലഹന്നാന്റെ വീടല്ലിയോ ഇത് ?
അകത്ത് നിന്ന് ഒരു പെൺ സ്വരം ..."ഉണ്ടേ ദാ വരണ് "
ചട്ടയും മുണ്ടുമിട്ട മറിയാമ്മ ചേട്ടത്തി ഇറങ്ങി വന്നു .
ആരാ മനസ്സിലായില്ലല്ലോ ?
ഞാൻ അവറാച്ചൻ ഇന്ന സ്ഥലത്ത് നിന്ന് വരുവാ
മോന് പെണ്ണ് കണ്ടു ഉറപ്പിച്ച സ്ഥലമാണല്ലോ അത് , ചേട്ടത്തി മനസ്സിൽ പറഞ്ഞു
വരൂ കേറിയിരിക്കൂ
എന്താ അവറാൻ ചേട്ടാ ഇത്രയും ദൂരം താണ്ടി വന്നത്?
അത് പിന്നെ , ഞാൻ മുഖവുരയില്ലാതെ അങ്ങ് പറായാം, മോന്റെ കല്ല്യാണം ഇന്ന വീട്ടിലെ പെൺകുട്ടിയുമായി ഉറപ്പിച്ച കാര്യമറിഞ്ഞു
ഉവ്വ് ഉറപ്പിച്ചു.
അതെ മനുഷ്യ സ്നേഹം ഉള്ളോണ്ടും പിന്നെ നിങ്ങളുടെ മോന്റെ നല്ല ഭാവിക്കു വേണ്ടി പറയുവാ, ആ കല്ല്യാണം വേണ്ട കേട്ടോ
അല്ലേലും കല്യാണം മുടക്കികൾ നാട്ടുകാരുടെ 'നല്ല ഭാവി' സ്വപ്നം കാണുന്നവരാണല്ലോ
അതെന്നാ പറ്റി അവറാൻ ചേട്ട?
ആ പെൺകുട്ടി ഉണ്ടല്ലോ , അത്രക്ക് നല്ല നടപ്പുള്ള കുട്ടിയല്ലാരുന്നു.
അതെന്നാ പറ്റി ? എന്ന് വച്ചാൽ തെളിച്ചു പറ ചേട്ടാ , മറിയാമ്മ ചേട്ടത്തി ആകുലയായി ചോദിച്ചു
ആ പെൺകുട്ടി ഒന്നു പിഴച്ച് പെറ്റതാ... ആൺകുട്ടിയാണ് , കുട്ടിയെ അനാഥാലയത്തിൽ ആക്കിയിരിക്കുവാ.
ഇതു കേട്ടതും മറിയാമ്മ ചേടത്തി പറഞ്ഞു. "ഞാനിപ്പോ വരാം കേട്ടോ. ഒരു ചായ ഉണ്ടാക്കട്ടെ കട്ടൻ വേണോ പാലൊഴിച്ച ചായ വേണോ
കട്ടൻ മതി ചേടത്തി
കുറച്ച് കഴിഞ്ഞ് ആവി പറക്കുന്ന കട്ടൻ ചായയുമായി ചേടത്തി വന്ന് മെല്ലെ പറഞ്ഞു ,
അവറാൻ ചേട്ടാ , നിങ്ങൾ വളരെ വലിയ ഒരു കാര്യമാണ് പറഞ്ഞേ, ഇത്രേം മനുഷ്യ നന്മ ഉള്ള മനുഷ്യന്മാർ ഇക്കാലത്ത് കുറവാ. അതല്ലയോ ഞങ്ങളുടെ നന്മക്കും മോന്റെ ഭവിക്കുംവേണ്ടി ഇത്രയും ദൂരം ഇന്നത്തെ ജോലിയും കളഞ്ഞ് സ്വന്തം പൈസ മുടക്കി ഇങ്ങോട്ടു വന്നത്.
അത് കേട്ടതും അവറാച്ചൻ ഒന്ന് പൊങ്ങി
മറിയാമ്മ ചേടത്തി തുടർന്നു..
പിന്നെ എന്റെ ബന്ധുക്കൾ രണ്ടു പേരുടെ കല്യാണം കഴിഞ്ഞിട്ട് വർഷങ്ങളായിട്ടും ഇത് വരെ ഞങ്ങൾക്കൊരു കുഞ്ഞിക്കാല് കാണാൻ പറ്റിയിട്ടില്ല. അത് പോലെ തന്നെ ഇനി എന്റെ മോൻ കെട്ടുന്ന പെണ്ണും പ്രസവിക്കാതിരിക്കുമോ എന്ന ദുഃഖവും വിഷമവും ഈ നിമിഷം വരെ ഉണ്ടായിരുന്നു.
അവറാൻ ചേട്ടൻ ഈ കാര്യം പറഞ്ഞപ്പോൾ എന്റെ മനസ്സിലെ ആ വലിയ ഭാരം പഞ്ഞി പോലെ പറന്ന് പോയി,
കാരണം മകൻ കെട്ടുന്ന പെണ്ണ് എന്തായാലും പ്രസവിക്കും എന്നു നൂറു ശതമാനവും ഉറപ്പായി. അതറിയിച്ചതിനു നന്ദി ഉണ്ട്. എന്തായാലും മുടക്കാൻ വന്നതല്ലേ , ഇനി എന്റെ മോന് ആ പെണ്ണിനെ തന്നെ മതി. പിന്നെ അനാഥാലയത്തിൽ ആക്കിയ കുഞ്ഞിനെ ദത്തെടുക്കാനും ഞങ്ങൾ തയ്യാറാണ്.
ങേ അവറാച്ചനോന്നു ഞെട്ടി..! സാധാരണ എല്ലാ കല്യാണ മുടക്കുകളും വിജയിക്കാറെ ഉള്ളു ഇതെന്താപ്പാ ഇങ്ങനൊരു തള്ള ..അവറാച്ചൻ ഇരുന്ന് വിയർത്തു. ബന്ധുവിനോടുള്ള വ്യക്തി വൈരാഗ്യം തീർക്കാൻ അവസരം കിട്ടിയത് തകർന്നു തരിപ്പണമായി . അവറാച്ചൻ സ്വയം ചിന്തിച്ചു. ഇനി തടി തപ്പുന്നതാ നല്ലത്.
എന്നാ, ഞാനിറങ്ങട്ടെ ചേടത്തി.
ആയിക്കോട്ടെ, ഒന്ന് നിൽക്കണേ , എന്തായാലും ഒരു വഴിക്ക് ഇറങ്ങിയതല്ലേ ഇതും കൂടി കയ്യിൽ വച്ചോ എന്ന് പറഞ്ഞ് വണ്ടിക്കൂലിക്കുള്ള കാശും പ്രശസ്തി പത്രവും കൊടുത്തിട്ടാ അവറാച്ചനെ മറിയാമ്മ ചേട്ടത്തി വിട്ടത് .
എന്നിട്ടൊരു ഡയലോഗും കാച്ചി, ഇറങ്ങിക്കോളും ഓരോരുത്തർ ഒരു പണിയുമില്ലാതെ
ഇത്രയും നല്ല ഒരു എട്ടിന്റെ പണി ഒരു കല്യാണം മുടക്കിക്കും ഇതു വരെ കിട്ടിയിട്ടുണ്ടാവില്ല..
അവറാച്ചൻ തിരിഞ്ഞു നോക്കാതെ പാട വരമ്പിലൂടെ സ്ഥലം വിട്ടെന്ന് മറിയാമ്മ ചേട്ടത്തി പിന്നീട് കൂടെ കൂടെ പറഞ്ഞ് ചിരിക്കാറുണ്ടായിരുന്നത്രെ.
ഇത് ശരിക്കും സംഭവിച്ച കാര്യമാണ്. എന്നാൽ ആ കല്യാണം മുടക്കിയേ മാന്യമായി കൈകാര്യം ചെയ്ത മറിയാമ്മ ചേടത്തി ,,ഇന്ന് ജീവിച്ചിരിപ്പില്ല.
.................................
ജിജോ പുത്തൻപുരയിൽ
.................................
ജിജോ പുത്തൻപുരയിൽ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക