Slider

അനുഭവം

0

കിടന്നിട്ട് ഉറക്കം വരുന്നില്ല.
അവള്‍ പതിയെ എഴുന്നേറ്റ് ജനാല തുറന്നിട്ട് പുറത്തെ വഴിയിലേക്ക് നോക്കി.
അമാവാസി ആയതിനാല്‍ നിലാവില്ല. ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങ് വെട്ടം പോലുമില്ല. വെറും ഇരുട്ട് മാത്രം. പുറത്തെ ഇരുട്ട് തന്‍റെ ജീവിതത്തിലും പടര്‍ന്നതുപോലെ അവള്‍ക്ക് തോന്നി. എത്ര വേഗമാണ് കാര്യങ്ങള്‍ മാറി മറഞ്ഞത്..
ഒരു പൂവുപോലെ പരിമളം പരത്തി പുഞ്ചിരി തൂകിയിരുന്ന തനിക്ക് ചുറ്റും ഒളിഞ്ഞും തെളിഞ്ഞും ഒരുപാട് ശലഭങ്ങള്‍ വട്ടമിട്ടു പറക്കുന്നത് അറിയുന്നുണ്ടായിരുന്നു..കാരണം താന്‍ ഒരു പ്രവാസിയുടെ ഭാര്യയാണല്ലോ. തനിച്ചു താമസിക്കുന്നവള്‍..
ഇഷ്ടപ്പെട്ട പുരുഷന്‍റെ കെെ പിടിച്ചു ഇറങ്ങിയതുകൊണ്ട് സ്വന്തക്കാരും ബന്ധുക്കളും തള്ളിപ്പറഞ്ഞവള്‍..
തേന്‍ നുകരുകയാണ് എല്ലാവരുടെയും ലക്ഷ്യം എന്നറിയാമായിരുന്നതു കൊണ്ട് ആരോടും അടുപ്പം കാണിച്ചില്ല.. തന്‍റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ ശലഭങ്ങളെല്ലാം വെറും വെറും ഈയാംപാറ്റകളായി എരിഞ്ഞടങ്ങുകയായിരുന്നു..
പക്ഷേ അവനെ ആ കൂട്ടത്തില്‍പ്പെടുത്തിയിരുന്നില്ല..
മാനം കാണാതെ സൂക്ഷിച്ച ഒരു കുഞ്ഞു മയില്‍പ്പീലി പോലെ അവനെ ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്നു..
ഒരു വയറ്റില്‍ പിറന്നില്ലെങ്കിലും കൂടപ്പിറപ്പായിട്ട് തന്നെയാ കണ്ടത്..
ഒരു കുഞ്ഞനുജനെ പോലെ സ്നേഹിച്ചു..
ആരും തുണയില്ലാതിരുന്ന തനിക്ക് ഒരു കെെത്താങ്ങായി അവനും കൂടെ നിന്നു...
തന്നെയും അവനെയും ചേര്‍ത്ത് പലരും കഥകള്‍ മെനയുന്നത് അറിഞ്ഞിട്ടും പതറിയില്ല.. തെറ്റിന്‍റെ വഴിയിലൂടെ ഒരിക്കലും സഞ്ചരിക്കില്ല എന്നു ആത്മവിശ്വാസം ഉണ്ടായിരുന്നു..
അവന്‍റെയുള്ളിലും അങ്ങനെയൊരാഗ്രഹം ഉണ്ടാവില്ലയെന്ന് കരുതിപ്പോയി..
അതുകൊണ്ടാണല്ലോ അവന് കൂടുതല്‍ സ്വാതന്ത്ര്യം കൊടുത്തത്..
പക്ഷേ ഒരിക്കലും പ്രതീക്ഷിക്കാത്തത് ഇന്ന് സംഭവിച്ചു..
ഓര്‍ക്കാപ്പുറത്ത് പെയ്ത മഴയില്‍ നനഞ്ഞു കുതിര്‍ന്ന് അവന്‍ കയറി വന്നപ്പോള്‍ ചേച്ചിയുടെ അധികാരത്തോടെ ശാസിച്ചു..
തല തുവര്‍ത്തിക്കൊടുത്തു...
അപ്പോള്‍ അവന്‍റെ കണ്ണില്‍ എരിഞ്ഞത് കാമാഗ്നിയാണെന്ന് താന്‍ തിരിച്ചറിഞ്ഞില്ല..
വിറകൊള്ളുന്ന അവന്‍റെ കെെകള്‍ തന്നിലേക്ക് നീണ്ടപ്പോള്‍ ഞെട്ടിപ്പോയി...
എന്താണ് സംഭവിക്കുന്നത് എന്നു മനസ്സിലാക്കാന്‍ കുറച്ച് സമയം വേണ്ടി വന്നു.. അവസാനം എങ്ങനെയോ സമചിത്തത വീണ്ടെടുത്തു.
തന്നെ കീഴ്പ്പെടുത്താന്‍ തുനിഞ്ഞ അവനെ തള്ളി പുറത്താക്കി വാതിലടച്ചു.. ..
തനിക്കത് സാധിച്ചത് ഒരു പക്ഷേ തന്‍റെ കഴുത്തിലുള്ള ഈ കെട്ടു താലിയുടെ ശക്തി കൊണ്ടാവും.
അങ്ങകലെ മണലാരണ്യത്തില്‍ കിടന്ന് കഷ്ടപ്പെടുന്ന തന്‍റെ പ്രിയതമന്‍റെ സ്നേഹത്തിന്‍റെ പ്രതീകമായ ആ താലി മുറുകെ പിടിച്ചു അവള്‍ കണ്ണുകള്‍ അടച്ചു..
ഈ താലി പകരുന്ന കരുത്തില്‍ ഇനിയും ‍ ഈ സമൂഹത്തില്‍ ജീവിക്കും.. ആരുടെയും സഹായമില്ലാതെ തന്നെ..
ഈ അനുഭവം തനിക്ക് എന്നെന്നും ഒരു പാഠമായിരിക്കും..
ഒരാളെയും അന്ധമായി വിശ്വസിക്കാന്‍ ഇനി കഴിയില്ല.
അവള്‍ മനസ്സില്‍ ഉറപ്പിച്ചു..
അവളുടെ കണ്ണില്‍ നിന്ന് അവളറിയാതെ ഒരു തുള്ളി കണ്ണുനീര്‍ അടര്‍ന്നു വീണു.. നഷ്ടപ്പെട്ട വിശ്വാസത്തിന്‍റെ പ്രതീകം പോലെ..
അജിന സന്തോഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo