മോർച്ചറിക്ക് മുന്നിലാണ് ഞാൻ. മരവിച്ച ഓർമകളുടെ ശ്മശാന ഭൂമികക്ക് മുമ്പിൽ.കീറി മുറിച്ച് തുന്നിക്കെട്ടിയ മകന്റെ ശരീരവും കാത്ത്.... ഇതിന്റെ ഉള്ളിൽ ഒരു പാട് പേരെ കൊണ്ട് വന്നിട്ടുണ്ടാകുമായിരിക്കും.ജീവിതം മടുത്ത് സ്വയം അവസാനിപ്പിച്ചവർ.ജീവിച്ച് കൊതി തീരും മുമ്പെ മരണം തട്ടിയെടുത്തവർ.അങ്ങനെ ഒരു പാട് പേർ....
കുറച്ച് നേരത്തെ ഇവിടെ വലിയ ബഹളമായിരുന്നു.നിറയെ ആളുകൾ. പുറത്ത് ഏതോ പാർട്ടിയുടെ കൊടി കെട്ടിയ നിറയെ വാഹനങ്ങൾ. ആരോ പറയുന്നത് കേട്ടു... രാഷ്ട്രീയ സംഘട്ടനത്തിൽ കൊല്ലപ്പെട്ടതാണെന്ന്.ഇപ്പോൾ തിരക്ക് ഒന്നും കൂടി കൂടിയിരിക്കുന്നു.പിന്നെയും ഒരു പാട് ആളുകൾ വന്ന് കൊണ്ടിരിക്കുന്നു.പുറത്ത് വേറെ പാർട്ടിയുടെ കൊടി കെട്ടിയ വാഹനങ്ങളും കാണുന്നു.പകരത്തിന് പകരം വീട്ടിയിരിക്കുന്നു എന്നാരൊ വിളിച്ച് പറയുന്നു.നേരത്തെ കൊല്ലപ്പെട്ടവന്റെ ആളുകൾ കൊന്നവന കൊന്നിരിക്കുന്നു.എന്ത് പകരത്തിന് പകരം. ഒരു ജീവൻ നഷ്ടപ്പെട്ടതിന് മറ്റൊരു ജീവനെ കൂടി ഇല്ലതാക്കിയാൽ അത് എങ്ങനെ പകരമാകും.. കൊല്ലപ്പെടുന്നവരുടെ കൊടിയുടെ നിറമേ മാറുന്നുള്ളൂ.... ജീവനെല്ലാം ഒരു പോലെ തന്നെ നഷ്ടപ്പെടുന്നവരുടെ വേണ്ടപ്പെട്ടവർക്ക്....
ഒരു പാട് കാലത്തെ ഞങ്ങളുടെ പ്രാർത്ഥനകൾക്കം നേർച്ചകളുടെയും ഒക്കെ ശേഷമാണ് ഞങ്ങൾക്ക് ഒരു ആൺതരി ഉണ്ടായത്.മൂന്ന് പെൺകുട്ടികൾക്ക് ശേഷം നാലാമനായി ഒരു മകൻ... ഏറെ ആഗ്രഹിച്ചതായിരുന്നു ഒരു മകന് വേണ്ടി.... ഭാര്യക്കായിരുന്നു കൂടുതൽ ആഗ്രഹം.... എല്ലാം പെൺകട്ടികളായിരുന്നതിന്റെ പേരിൽ ഏറെ പഴി കേൾക്കേണ്ടി വന്നതും അവൾക്കായിരുന്നല്ലോ..... അത് അവളുടെ കുറ്റമല്ല എന്ന് അറിയുന്നവരിൽ നിന്നും അത് അറിയാത്തവരിൽ നിന്നുമെല്ലാം... അവനെ പ്രസവിച്ച് ലേബർ റൂമിൽ നിന്ന് അവളെ പുറത്ത് കൊണ്ട് വന്ന നേരത്തെ അവളുടെ മുഖത്ത് കണ്ട ആ ചിരി.ലോകം കീഴടക്കിയവളുടെ ചിരി ഇപ്പോഴും മനസ്സിൽ തെളിഞ്ഞ് കിടക്കുന്നു....
ഏറെ ആശിച്ച് കിട്ടിയത് കൊണ്ട് തന്നെ വളരെയധികം സ്നേഹം വാരിക്കോരി കൊടുത്തായിരുന്നു അവനെ വളർത്തിയത്.മറ്റ് മക്കൾക്കൊണും കൊടുക്കാത്ത സ്നേഹം കൊടുത്ത്.അവനെ ഒന്ന് വഴക്ക് പറയാൻ പോലും ഭാര്യ സമ്മതിച്ചിരുന്നില്ല..... എല്ലാ പ്രതീക്ഷകളും അവനിലായിരുന്നു ഞങ്ങൾക്ക്...
പക്ഷെ ഞങ്ങളുടെ എല്ലാ പ്രതിക്ഷകളും തല്ലിക്കെടുത്തി കൊണ്ടായിരുന്നു അവന്റെ വളർച്ച... സ്കൂൾ തലം തൊട്ടെ തുടങ്ങി അവനെ പറ്റിയുള്ള പരാതികൾ... അവന്റെ വികൃതികൾ കൂടി കൂടി വന്ന് കൊണ്ടിരുന്നു... അവനുണ്ടാക്കുന്ന പുലിവാലുകൾക്ക് സമാധാനം പറയാനെ എനിക്ക് നേരമുണ്ടായിരിന്നുള്ളൂ.. പക്ഷെ ഓരോ പ്രശ്നമുണ്ടാക്കി എന്ന് മുന്നിൽ വരുമ്പോഴും ഉമ്മയായിരുന്നു അവന്റെ ബലം.... ഉപ്പയുടെ കോടതിയിൽ ഏത് കേസും ഫീസ് വാങ്ങാതെ വാദിച്ച് ജയിക്കുന്ന വക്കീലാണ് ഉമ്മ എന്ന് പറയുന്നത് ഒക്കെ എത്ര ശരിയാണ്.കുറച്ച് വലുതാകുമ്പോൾ നേരെയാകുമെന്നായിരുന്നു അവളുടെ പറച്ചിൽ....
പക്ഷെ അവൻ വലുതാകും തോറും നശിച്ച സ്വഭാവങ്ങളും അവന് കൂടി വന്നിരിക്കുന്നു.... ഒരു മാറ്റവുമില്ല..
ഇപ്പോൾ എന്റെ മുന്ന് പെൺമക്കളുടെയും കല്യാണം കഴിഞ്ഞിരിക്കുന്നു..... ദൈവാനുഗ്രഹത്താൽ എല്ലാവർക്കം സുഖം... ദൈവം കനിഞ്ഞ് നൽകിയ മരുമക്കൾ.... ഞങ്ങൾ മകനിലൂടെ സ്വപ്നം കണ്ടതെല്ലാം മരുമക്കളിലൂടെ കിട്ടിക്കൊണ്ടിരിക്കുന്നു.. താമസിക്കുന്ന വീടടക്കം... മൂത്ത മരുമകന്റെ വകയാണ്... ഞങ്ങളുടെ ഓരോ ആഗ്രഹവും നിറവേറ്റുവാൻ വേണ്ടി അവർ മൽസരിക്കുന്നു.സംതൃപ്തമായ ജിവിതം..
പക്ഷെ ഇതിന്നിടയിലെ ഞങ്ങളുടെ ഹൃദയത്തിലെ ഒരു കനലായി മകൻ മാറിയിരിക്കുന്നു... അവൻ കൂടുതൽ വഷളായിരിക്കുന്നു... അവൻ ലഹരിക്ക് അടിമപ്പെട്ടിരിക്കുന്നു..മദ്യപാനം.വേറെയും പല തെമ്മാടിത്തരങ്ങളും... ഈയടുത്താണ് അവന്റെ റൂം അടിച്ച് വാരുമ്പോൾ കിട്ടിയ സിറിഞ്ചുകളുമായി ഭാര്യ എന്റെ അടുത്ത് വന്ന് ചോദിച്ചത്.. എന്നാ മോന് അസുഖം.എന്തിനാ അവന് സൂചി വെക്കുന്നത്... എന്ന് ....പാവം അവൾക്ക് എന്ത് അറിയാൻ... ഞാൻ ഒന്നും അറിയിക്കാനും പോയില്ല.... അവൻ മയക്ക് മരുന്നും.. പടച്ചവനെ... എന്തിന് ഇങ്ങനെ ഒരു മകനെ..തന്നു...... ഇതിന് മാത്രം ഞങ്ങൾ എന്ത് തെറ്റ് ചെയ്തു.... ഇങ്ങനെ ആയിരുന്നെങ്കിൽ ഒരു മകൻ വേണ്ടിയിരുന്നില്ല.... പെൺമക്കൾ മാത്രം മതിയായിരുന്നു.. എന്ന് പോലും ചിന്തിച്ച് പോയി....
ഇതറിഞ്ഞപ്പോൾ മൂത്ത മരുമകൻ തന്നെയായിരുന്നു പറഞ്ഞത്... അവനെ ഇങ്ങനെ വിട്ടാൽ പറ്റില്ല... ഇങ്ങനെ പോയാൽ അവനെ നമുക്ക് നഷ്ടപ്പെടും... ഒന്നുകിൽ അവനെ പിടിച്ച് പെണ്ണ് കെട്ടിക്കണം... അല്ലെങ്കിൽ നാട്ടിൽ നിന്ന് മാറ്റണം.... കല്യാണം കഴിപ്പിക്കാൻ എനിക്ക് മനസ്സ് വന്നില്ല.. അറിഞ്ഞ് കൊണ്ട് ഒരു പെൺകുട്ടിയുടെ ജീവിതം കൂടി... ഇല്ലാ....
പിന്നെയുള്ള മാർഗമായിരുന്നു നാട്ടിൽ നിന്നൊരു പറിച്ച് നടൽ.. മരുമകൻ തന്നെയാണ് വിസയും ശരിയാക്കിയത്... ഇന്നായിരുന്നു അവൻ പോകേണ്ടിയിരുന്നത്... പക്ഷെ..
ഇന്നലെ സന്ധ്യ നേരത്ത് പതിവിലും കൂടുതൽ കുടിച്ച് ലക്കുകെട്ടിട്ടായിരുന്നു അവൻ വീട്ടിൽ വന്നത് ..ഗൾഫിൽ പോകുന്നതിന്റെ പാർട്ടി.... കാലുകൾ ഒന്നും നിലത്ത് ഉറക്കുന്നില്ല.. അത് കണ്ട എന്റെ നിയന്ത്രണം വിട്ടു.. വഴക്കായി... ഒരു പാട് തല്ലി.... ജീവിതത്തിൽ ആദ്യമായി തല്ലുന്ന എന്റെ കയ്യിൽ കയറി അവൻ പിടിച്ചിരിക്കുന്നു.. അല്ല.. അവൻ തിരിച്ച് തല്ലി... പാവം ഭാര്യ ഇടയിൽ കയറി തടുക്കുകയായിരു... അടി കൊണ്ട് അവൾ നിലത്ത് വീണു.... ഞങ്ങളെ കുറെ തെറിയും വിളിച്ച് കൊണ്ട് അവൻ ബൈക്കുമെടുത്ത് പോവുകയായിരുന്നു.... അപ്പോഴും അവന്റെ അടികൊണ്ട് കിടക്കുന്ന അവൾ പറയുന്നത് കേട്ടു... എടാ മോനെ ഹെൽമറ്റ് എടുത്ത് പോടാ എന്ന്... അമ്മ മനസ്സിന് മാത്രം സാധ്യമായത്....
അടുത്തിരിക്കുന്ന വേലായുധന്റെ തേങ്ങലാണ് എന്നെ ചിന്തകളിൽ നിന്നുണർത്തിയത്.... അത് പറയാൻ മറന്നു.. അവന്റെ പത്ത് വയസുകാരി ശിഖമോളുമുണ്ട് അകത്ത് മോർച്ചറിയിൽ... അവളുടെയും ജീവനും കൂടിയാണല്ലോ ഇന്നലെ അവൻ കാരണം...
വീട്ടിൽ നിന്ന് ബൈക്കുമെടുത്ത് പോയ അവൻ കടയിൽ നിന്ന് എന്തോ സാധനങ്ങൾ വാങ്ങി വരുന്ന ശിഖ മോളെ ഇടിച്ച് തെറിപ്പിച്ച് കൊണ്ടാണ് എതിരെ വരുന്ന ടിപ്പർ ലോറിക്ക് മുന്നിലേക്ക് ഓടിച്ച് കയറ്റിയത്....
ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷമാണ് വേലായുധന് അവളെ കിട്ടിയത്..... പ്രസവിച്ച ഉടനെ ഭാര്യ മരിക്കുകയും ചെയ്തു.. സ്വന്തം ജീവൻ പണയം കൊടുത്ത് അവൾ നൽകിയ മകൾ.... ഇനി വേലായുധൻ എങ്ങനെ മരിച്ച് ഭാര്യയുടെ അടുത്ത് ചെല്ലും.... എന്റെ ജീവൻ കൊടുത്ത് ഞാൻ നേടി തന്ന മകളെ സംരക്ഷിക്കാൻ നിങ്ങൾക്കായില്ലല്ലോ.. എന്ന് ചോദിച്ചാൽ ഈ പാവം എന്ത് മറുപടി പറയും....
ഇപ്പോൾ മറ്റൊരു സത്യം കുടി എന്റെ മനസ്സില്ലാട് വരുന്നുണ്ട്... എന്റെ ഭാര്യയും എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു... മകന്റെ അപകടം അറിഞ്ഞ ഉടനെ കുഴഞ്ഞ് വീഴുകയായിരുന്നു.... പിന്നെ എണീറ്റിട്ടില്ല... വെള്ള തുണിയിൽ പൊതിഞ്ഞ് പൂമുഖത്ത് കിടക്കുന്നുണ്ട്. മകന്റെ മൃത ശരീരവും കാത്ത്......
പള്ളിത്തൊടുവിൽ രണ്ട് ഖബറുകൾ അടുത്തടുത്ത് കഴിച്ചിട്ടുണ്ടാകും... രണ്ട് പേരും അടുത്ത് തന്നെ കിടക്കട്ടെ..... സ്നേഹിച്ച് കൊതിതീരാത്ത ഉമ്മയുടെ സ്നേഹം അവന് ഇനിയെങ്കിലും മനസ്സിലായെങ്കിൽ... വേണ്ടത് ശിഖമോളെയും അവന്റെ അടുത്ത് തന്നെ മറവ് ചെയ്യുകയാണ്... അവൾക്കുമുണ്ടാകില്ലെ ഒരു പാട് പരിഭവങ്ങൾ അവനോട് പറയാൻ...... തന്നെ പ്രതി വിഷമിക്കുന്ന അച്ചന്റെ കഥ.... തിന്നാതെ ബാക്കി വെച്ച മിഠായികളുടെ കഥ.... ബാക്കി വെച്ച കളികളുടെ... എഴുതാത്ത പരീക്ഷകളുടെ... ബുക്കിന്റെ ഇടയിൽ ഒളിപ്പിച്ച മയിൽപ്പിലിയുടെ... അങ്ങനെ നിഷ്കളങ്കതയുടെ ബാല്യത്തിന് നഷ്ടമായ സൗഭാഗ്യങ്ങളുടെ ഒരു പാട് കഥകൾ....
എന്തായാലും എനിക് ഇപ്പോൾ പടച്ചവനോട് ഒരുപാട് നന്ദിയുണ്ട്.... പണ്ട് ആദ്യത്തെ മൂന്ന് കുട്ടികളും പെൺകുട്ടികളായപ്പോൾ തോണിയിരുന്ന ദേഷ്യം ഒക്കെ ഓർത്ത് ഇപ്പോൾ ഞാൻ പശ്ചാത്തപിക്കുന്നു... ഒരു പാട് ഇഷ്ടവും തോന്നുന്നു. എനിക്ക് മൂന്ന് പെൺകുട്ടികളെ നൽകിയതിൽ. ഇങ്ങനെ ഒരു മകനെ മാത്രം അല്ലേ ഉള്ളൂ എനിക്ക് നൽകിയത്.നന്ദി... ഒരു പാട്.....
ജീവിതം ഒരു കോമാളിയെ പോലെ ജിവിച്ച് തീർക്കുന്ന ,,തനിക്ക് വേണ്ടപ്പെട്ടവരോട് മാതാപിതാക്കളോട് യാതൊരു ഉത്തരവാദിത്തവുമില്ലാതെ ലഹരിക്ക് അടിമപ്പെടുന്ന യുവതലമുറയിലെ ഈയാംപാറ്റകളെ.. നിങ്ങൾ കാരണം നഷ്ടപ്പെടുന്നത് നിങ്ങളുടെ ജീവിതം മാത്രമല്ല..... നിങ്ങൾക്ക് വേണ്ടപ്പെട്ടവരുടെ... നിരപരാധികളായ നിങ്ങളോട് യാതൊരു ബന്ധവുമില്ലാത്ത ശീഖമോളെ പോലുള്ളവരും അവളുടെ അച്ചന്റെയും സ്വപ്നങ്ങളുമൊക്കെയാണ്....
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക