Slider

ത്രെഡ്

0

കുറെ നാളുകളായിട്ടുള്ള ഒരു ദുരാഗ്രഹമായിരുന്നു കവിത എഴുതണമെന്ന്.. ഇന്നലെ രാത്രി മുതല്‍ ഒരു ത്രെഡ് വന്നു മനസ്സില്‍ വീണു പൊട്ടി മുളച്ച് കവിതയായി പുറത്ത് ചാടാന്‍ വെമ്പല്‍ കൊള്ളുകയാണ്. പക്ഷേ സംഭവം ഇങ്ങട്ട് ചാടുന്നില്ല.. ആകെപ്പാടെ അസ്വസ്ഥത.. ആ വേദനയില്‍ ഇരിക്കുമ്പഴാണു ഓഫീസിലെ സെയില്‍സ് ടീമിലെ പയ്യന്‍ വന്നത്..
"സാറേ... ഒരു ഹെല്പ് വേണം.."
ഹും.. മനുഷ്യന്‍ ഇവിടെ കവിത എഴുതാന്‍ മുട്ടി ഇരിക്കുമ്പഴാ അവന്റെ ഒരു ഹെല്പ്പ്..
"പോഡേയ് പോഡേയ്.. ഇന്ന് ഹെല്പ്പില്ല.. വീക്കെന്റ് ആണു..
"എമര്‍ജെന്‍സി ആണു സാറേ.. പെട്ടെന്നു റിപ്ലൈ ചെയ്യേണ്ട മെയിലാ.."
"ഞാന്‍ ഒരു സീരിയെസ് കാര്യം ചെയ്തോണ്ടിരിക്കുവാ.. please don't disturb.."
"വല്ല ടെണ്ടര്‍ പ്രിപ്പെറേഷന്‍ ആണോ...?"
"നോ നോ.. ഞാന്‍ ഒരു കവിത എഴുതാന്‍ ശ്രമിക്കുവാ.." അതു കേട്ടപ്പോള്‍ അവനത്ഭുതം..
"ഏഹ്.. അപ്പോ സാറു കവിത എഴുതുമോ..?"
ദുഷ്ടന്‍.. Stupid Fellow ഒരു കവിയോട് ഒരിക്കലും ചോദിക്കാന്‍ പാടില്ലാത്ത ചോദ്യം.. സാരമില്ല.. തല്‍ക്കാലം ക്ഷമിക്കാം.. "ശ്ശ്ശ്ശ്ശ്ശ്ശ്ശ്... മിണ്ടല്ലെടാ.. കവിത തെറ്റിപ്പോകും.."
കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യുന്നതിനേക്കാള്‍ പേപ്പറില്‍ എഴുതുന്നതാണു കവിതയുടെ ഭംഗി.. മാത്രമല്ല സിനിമയിലൊക്കെ കാണുന്ന പോലെ എഴുതിയിട്ട് ശെരിയാകാതെ ചുരുട്ടിക്കൂട്ടി താഴെയിടണം.. അവസാനം വെട്ടി തിരുത്തി തിരുത്തി മനോഹരമായ ഒരു കവിത പൊട്ടി മുളക്കും എന്നുള്ളതില്‍ ഒരു സന്ദേഹവും വേണ്ട.. ഹും..!! അവസാനം പേനയിലെ മഷിയും കൊറേ പേപ്പറും വേയ്സ്റ്റായല്ലാതെ നാലു വരി പോലും ശെരിയായില്ല.. ഇതു നമുക്ക് പറ്റിയ പണിയല്ലെന്നു തീരുമാനിച്ച് പേന താഴെ വെച്ചു കസേരയിലൊന്നു ചാരി കയ്യും കാലും നിവര്‍ത്തി ഒരു ദീര്‍ഘ നിശ്വാസമങ്ങു പെടച്ചു..
"എന്തായി സാറേ.. വല്ലതും നടന്നോ..?"
"നോ... ഞാന്‍ നിര്‍ത്തി.. ഇതൊന്നും നമ്മളെകൊണ്ട് പറ്റുന്ന പണിയല്ലെഡേയ്.."
"എന്താ സബ്ജക്റ്റ്.."
"As usual.. പ്രണയം.. ലവ്.. നിനക്ക് കാണണോ..??"
"എനിക്ക് വായിക്കാനറിയൂല.."
ഹാവൂ ഭാഗ്യം.. എന്നാല്‍ എഴുതിയെടത്തോളം ഇവനെ വായിച്ച് കേള്‍പ്പിച്ച് കൊല്ലാം.
"എന്നാ നീയിവിടെ വന്നിരിക്ക്.. ഞാന്‍ കവിത വായിക്കാം "
മുരടനക്കി ചെറുതായി ഒന്നു ചുമച്ച് തൊണ്ട ശെരിയാക്കി ഞാന്‍ കവിത ചൊല്ലാനുള്ള സ്റ്റെപ്പെടുത്തു
"'നിഴലായ് നീ കൂടെയുണ്ടാകുമെങ്കില്‍
ഇരുട്ടാണെനിക്കിഷ്ടം..
എന്നെ പൊതിയുന്ന ഇരുട്ട്..' - എങ്ങനെയുണ്ട്..?" ഞാന്‍ എന്തോ വലിയ സംഭവം ആണെന്ന മട്ടില്‍ കസേരയില്‍ ഒന്നു ഞെളിഞ്ഞിരുന്ന് കഴുത്തില്‍ മുറുകി കിടന്നിരുന്ന ടൈ ഒന്നു ലൂസാക്കി
"കൊള്ളാം.. പക്ഷേ ഇതിലെവിടെ പ്രണയം..?"
ആഹാ.. മലയാളം വായിക്കാനറിയാത്ത ഇവന്‍ പ്രണയം എന്നൊക്കെ പറയാനായാ..?? "ഡാ പൊട്ടാ.. പണ്ടത്തെ കവികള്‍ പാടിയിട്ടില്ലെ.. കരയുമ്പോള്‍ കൂടേ കരയാന്‍ നിന്‍ നിഴല്‍ മാത്രം വരും എന്നു..?"
"ഞാന്‍ കേട്ടിട്ടില്ല.."
"ആഹ് എന്നാല്‍ അങ്ങനെ ഉണ്ട്.. അതായത്.. നമ്മുടെ നല്ല കാലത്തും കഷ്ടകാലത്തും നമ്മുടെ നിഴല്‍ മാത്രമേ കൂടെയുണ്ടാകൂ എന്നു.."
"ഉം..."
"അപ്പോ കാമുകി പറയുകയാണു എന്നും കൂടെയുണ്ടാകുന്ന നിഴല്‍ ആയി വരാമെന്നു.."
"എന്നിട്ട്..?" ആഹാ ചെക്കനു ആവേശം മൂത്തു വരുന്നുണ്ടല്ലോ.. ഒരു കവിയുടെ എല്ലാ ശക്തിയും ആവാഹിച്ച് ഞാന്‍ വിശദീകരിക്കാന്‍ തയ്യാറെടുത്തു..
"അപ്പോള്‍ കാമുകന്‍ പറയുന്നു.. എങ്കില്‍ നീ നിഴലാകെണ്ട.. ഇരുട്ടായാല്‍ മതി.."
"ഇതു പ്രണയമല്ലല്ലോ.. കാമം അല്ലേ.. നല്ലസ്സലു സെക്സ്..?" ചെക്കന്‍ വിചാരിച്ചോടത്ത് നിക്കും എന്നു തോന്നുന്നില്ല.. മിക്കവാറും ഇവനെന്നേം കൊണ്ടേ പോകൂ..
"ഏഹ്..??"
"ഇരുട്ട് രാത്രിയല്ലേ.. നിഴല്‍ പകലും.. അപ്പോ പെണ്ണിനെ രാത്രി മാത്രം മതി എന്നാണോ കാമുകന്‍ ഉദ്ധേശിച്ചത്..? രാത്രി മാത്രം എന്നു പറഞ്ഞാല്‍..."
ഇതും പറഞ്ഞ് മുഖത്തൊരു പുച്ചഭാവത്തോടേ ഇരിക്കുന്നു അവന്‍.. പടച്ചോനേ... ഇങ്ങനെയെല്ലാംചിന്തിക്കാന്‍ മാത്രം ബുദ്ധി ഇവനുണ്ടായിരുന്നോ..? ഇവനെ പിരിച്ചു വിടുന്നതായിരിക്കും ബുദ്ധി..
"നീ ശെരിയാവൂല.... പോയേ പോയേ.. ഞാനില്ല ഈ കളിക്ക്.."
എന്റെ മുഖഭാവം കണ്ടിട്ടാണോ എന്തോ.. ഒന്നും മിണ്ടാതെ അവന്‍ എഴുന്നേറ്റ് പോയി..
എന്നാലും അങ്ങനെ വിടാന്‍ പറ്റില്ലല്ലോ.. മാത്രമല്ല വെല്യ കവിയാണെന്നും പറഞ്ഞിരുന്ന എന്നെ മലയാളം പോലും വായിക്കാനറിയാത്ത ഒരു ചീളു പയ്യന്‍ ആക്കി പോകുക എന്നൊക്കെ പറഞ്ഞാല്‍..?? എന്തായാലും ഒന്നു മാറ്റി പിടിച്ച് നോക്കാം.. കുറച്ച് കഴിഞ്ഞപ്പോള്‍ അവനെ പിന്നേയും വിളിച്ചു..
"ഡാ ഇങ്ക്ട് വന്നേ.. ഞാന്‍ മാറ്റിയെഴുതി.. ദാ കേട്ടു നോക്ക്.."
ഇപ്രാവശ്യം വെല്യ താല്പര്യമില്ലാത്ത രീതിയിലാണാവന്‍ വന്നത്.. ഞാന്‍ അതു മൈന്‍ഡ് ചെയ്യാതെ പിന്നേയും കവിത വായിക്കാന്‍ തുടങ്ങി.. ഞാനും സീരിയെസ്സായി..
" -
'എനിക്കെന്നും നിന്‍ നിഴലായ് കൂടെയുണ്ടാകണം..'
'അങ്ങനെയെങ്കില്‍
ഒരു ഭാഗത്ത് മാത്രം ഒതുങ്ങുന്ന നിഴലാകുന്നതിനേക്കാള്‍ നീയിരുട്ടാകുന്നതാണെനിക്കിഷ്ടം..
എന്നെ പൊതിയുന്ന ഇരുട്ട്..' - ഇതെങ്ങനെയുണ്ട്..??"
അവനെന്നെ പിന്നേം ഞെട്ടിച്ചു അടുത്ത ചോദ്യം ചോദിച്ചു..
"സാറെന്തിനാണീ ഈ ഇരുട്ടില്‍ കേറി പിടിച്ചേക്കുന്നത്.. ഇരുട്ട് എന്നു പറഞ്ഞാല്‍ darknessഅല്ലേ..? Darkness is the symbol of Sorrow and agony.. So sad...!! "
ഓഹ്.. ഇവന്‍ ഇപ്പൊ English ല്‍ പിടിച്ചായ കളി..
"ആണല്ലേ.. എന്നാ നീ പൊയ്ക്കോ.. ഞാന്‍ കവിത എഴുതല്‍ നിര്‍ത്തി.. ന്നെ കൊണ്ട് നടക്കൂല.." പിന്നെയും പേന താഴെ വെച്ചു കീഴടങ്ങി..
"ഹേയ്.. അല്ലല്ല സാറിനെ കൊണ്ട് പറ്റും.. നിര്‍ത്തെണ്ട.. Try something pleasant.."
ഹോ ഇവനിന്നെന്നെ മോട്ടിവേറ്റ് ചെയ്തു കൊല്ലും എന്നാണു തോന്നുന്നത്.. പണ്ടാരം.. പക്ഷേ ഞാന്‍ പ്രതികാരദാഹിയായി മാറി.. ഇത്രേം ഹൃദയ ഭേദകമായി പരിശുദ്ധ പ്രണയത്തെ വിവരിക്കാന്‍ ശ്രമിച്ച എന്റെ കവിതയെ വെറും കാമമാക്കി മാറ്റിയ ഇവനെ വെറുതെ വിടാന്‍ പാടില്ല..
"ആണല്ലേ.. ദിപ്പ ശെര്യാക്കിത്തരാട്ടാ..."
"Okay.. All the very best sir..!!."
അവന്‍ Thumbs Up കാണിച്ചു പിന്നേ സീറ്റിലേക്ക് പോകാന്‍ എണീച്ചു..
"ആഹാ.. നിക്ക് നിക്ക്.. അങ്ങനങ്ങു പോകാതെ.. ഞാന്‍ പണ്ടെഴുതിയ ഒരു സന്തോഷ കവിതയുണ്ട്.. കേക്കണോ..??"
"ആണോ.. Lets hear it then.. "
"പിന്നല്ലാണ്ട്..? ദാ കേള്‍ക്ക് മോനേ.."
"Okay"
"അത്തള പുത്തള തവളാച്ചീ..
ചുക്കുമരിക്കണ ചൂളാപ്പാ..
മറിയം വന്നു വിളക്കൂതി..
ഫൂ.. ഫൂ.. ഫൂ..." - എങ്ങനെയുണ്ട് മോനേ..??"
ഇതു കേട്ട് ചമ്മിയ മുഖത്തോടേ ഇരിക്കുന്ന അവനേ നോക്കി ചിരിക്കാനുള്ള ക്രൂരമോഹവുമായിരുന്ന ഞാന്‍ ആണു ചമ്മിയത്.. അവന്റെ മുഖത്ത് ഒടുക്കത്തെ സീരിയെസ്നെസ്..
"പോരാ..!!"
"ഏഹ്..?" ഇവനെന്നെ കളിയാക്കുന്നതാണോ..??
"This is again Sad.. So Negative." അവനിപ്പഴും സീരിയസ്സായിട്ട് തന്നെ..
"Why..??"
"വിളക്കൂതിയാല്‍ പിന്നേം Darkness അല്ലെ.. in that point of view, this is negative.."
"ന്റെ റബ്ബേ...!!" എനിക്ക് വിളിക്കാതിരിക്കാന്‍ കഴിഞ്ഞില്ല..
" Why don't you change it to മറിയം വിളക്ക് കത്തിച്ചു എന്നു ..? it would be positive.. വെളിച്ചം വരുന്നതല്ലെ..?"
ഇവന്‍ പൊട്ടനാണോ അതോ എന്നെ പൊട്ടനാക്കാന്‍ ശ്രമിക്കുന്നതാണോ എന്ന് എത്ര ശ്രമിച്ചിട്ടും പിടി കിട്ടുന്നില്ല.. അവസാനം ഞാന്‍ അവനു ലീവ് കൊടുത്തു...
"അതേയ് ഒരു കാര്യം ചെയ്യ് നീ വീട്ടീ പൊയ്ക്കോ.. ഇന്നു നിനക്ക് പേയ്ഡ് ലീവ്... എഞ്ചോയ് യുവര്‍ വീക്കെന്റ്.."

By: 
Phayas Abdulrahman
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo