Slider

സ്ഫടികത്തിനുളില്‍

0

രാത്രി വൈകിയാണ് ആനന്ദ് റൂമില്‍ തിരിച്ചെത്തിയത്‌.പകല്‍ നഗരത്തില്‍ നിന്ന് കുറച്ചു ദൂരെ ഉള്ള മെറ്റല്‍ ക്രഷര്‍ യൂണിറ്റിന്റെ ബില്‍ഡിംഗ് പുരോഗതി നോക്കാന്‍ പോയി..തിരികെ പാറമടയിലെ പണിതീരാത്ത റോഡിലൂടെ ബൈക്ക് ഓടിക്കുന്നതിനിടയില്‍ ഒന്ന് മറിഞ്ഞു വീഴുകെയും ചെയ്തു.വസ്ത്രത്തിലും ഷൂസിലും മുടിയിലും ഒക്കെ പാറപൊടിയുടെ അവശിഷ്ടങ്ങള്‍....
റൂമില്‍ എത്തിയപാടെ കിടന്നു.ആനന്ദിന് നല്ല ക്ഷീണമുണ്ടായിരുന്നു.കത്തുന്ന പകലായിരുന്നു.അങ്ങോട്ട്‌ പോകുമ്പോള്‍ ദേഹത്തിനു ചെറിയ വേദനയും പനിക്കോളും തോന്നിയിരുന്നു.കാര്യമാക്കിയില്ല.
അവന്‍ രാവിലെ വൈകി ഉണര്‍ന്നു..ദേഹത്ത് നല്ല ചൂട്.പനി.കുളിര് കോരുന്നു.ഒരു വിധത്തില്‍ എഴുന്നേറ്റു.അത് നഗര പ്രാന്തത്തിലെ പഴയ ഒരു അപ്പാര്ട്ട്മെ ന്റ് ആയിരുന്നു.അഞ്ചു നിലകളിലെ ഏറ്റവും മുകളിലത്തെ നിലയില്‍ ആണ് ആനന്ദിന്റെ ഫ്ലാറ്റ്.
ജനാല തുറന്നു.സമയം പകല്‍ പത്തു മണി കഴിഞ്ഞിരുന്നു.എങ്കിലും നഗരം നിശബ്ധമായിരുന്നു.വാഹനങ്ങളുടെ സ്വരം ഒന്നും കേള്ക്കു ന്നില്ല.അപ്പോഴാണ് ഓര്‍ത്തത്‌..ഇന്ന് ഹര്‍ത്താല്‍ ആണ്!
പുറത്തു വിജനമായ റോഡ്‌.കാറ്റ് പോലും വീശുന്നില്ല.ഫ്രിഡ്ജ് തുറന്നു രണ്ടു മുട്ട എടുത്തു ബുള്സൈ ഉണ്ടാക്കി.പിന്നെ അലമാരയില്‍ ഇരുന്ന ബോട്ടില്‍ തുറന്നു ഒരു ഗ്ലാസ് ഒഴിച്ചു അല്പം കുരുമുളക് ചേര്ത്ത് ഒറ്റ വലിക്ക് വിഴുങ്ങി.ഒന്നും ചെയ്യാന്‍ ഇല്ലാത്ത പനി പിടിച്ച പകല്‍ അവനു മുന്നില്‍ നീണ്ടു കിടന്നു.
തണുപ്പ് തോന്നിയപ്പോള്‍ തലേന്ന് ഇട്ട ജാക്കറ്റ് വീണ്ടും ഇട്ടു.ഒരു ക്രോസിന്‍ കൂടി കഴിച്ചു.പിന്നെയും ഒരു പെഗ് റം വിഴുങ്ങി.ടി.വി.ഓണ്‍ ചെയ്തു.സോഫയിലേക്ക് വീണു.ചാനലുകള്‍ മാറ്റി നോക്കി.പെട്ടെന്ന് സ്ക്രീനില്‍ തിലകന്റെ മുഖം..
പ്രകമ്പനം കൊള്ളിക്കുന്ന ഡയലോഗ്..
“ആയിരം വട്ടം മനസ്സില്‍ എഴുതി നോക്കി.വേണോ വേണ്ടയോന്ന്..അതിനു ശേഷമാണു നിന്‍റെ നെറ്റിയില്‍ ചെകുത്താന്‍ എന്ന് എഴുതിയത്.അപ്പന്റെ കൈ വെട്ടിയ ചെകുത്താന്‍.വെറും ഒന്നര ചക്രത്തിന്റെ ഗുണ്ട.ആട് തോമ.അതല്ലാതെ എന്താടാ നിന്റെ ഡിഗ്രി..?"
ചാക്കോ മാഷ് മകന്‍ ആട് തോമയോടു കയര്ക്കു കയാണ്‌..സ്ഫടികം..എത്ര പ്രാവശ്യം താന്‍ ഈ സിനിമ കണ്ടിരിക്കുന്നു.ഇതിലെ ഓരോ രംഗവും സംഭാഷണവും വരെ അറിയാം.എന്തോ..വല്ലാതെ ഒരു മാനസിക അടുപ്പം അവനു ആ സിനിമയോട് ഉണ്ടായിരുന്നു.
രംഗങ്ങള്‍ കഴിയുകയാണ്.അപ്പനോട് ഉള്ള വാശിക്ക് ചെറുപ്പത്തിലെ നാട് വിട്ട തോമാച്ചന്‍ ,ആട് തോമ ആയി തിരിച്ചു വരുന്നു.ചങ്ങനാശ്ശേരി കവലയിലെ പൂക്കൊയ എന്ന അരി കച്ചവടക്കാരനും പുലിക്കോടന്‍ എന്ന സബ് ഇസ്പെക്ടറും ഇന്ന് അയാളുടെ ശത്രുക്കളാണ്.അവരെക്കാള്‍ ഒക്കെ മേലെ തോമക്ക് ശത്രുത തനിക്കു പകരം വീട്ടുമുറ്റത്തു പതിനെട്ടാം പട്ട തെങ്ങ് വച്ച അപ്പനാണ്.......
ആനന്ദു വീണ്ടും ഗ്ലാസ് നിറച്ചു.ക്രോസിനും മദ്യവും ശരീരത്ത് പിടിച്ചു തുടങ്ങി. ഫ്ലാറ്റിന്റെ പാതി തുറന്ന ജനാല വഴി ആകാശം കാണാം .കപ്പലിന്റെ ആകൃതിയില്‍ ഒരു ഒറ്റ മേഘം പഞ്ഞി ത്തുണ്ട് പോലെ ദൂരെ നിന്ന് ഒഴുകി വരുന്നുണ്ട്.അതിനു പിന്നില്‍ ഏകാകികളായ നക്ഷത്രങ്ങളും ഒളിച്ചിരിക്കുന്നുണ്ടാവും.
അവന്റെ മനസ്സ് പൂര്ണ്ണ മായും സിനിമയില്‍ മുഴുകി..
ഇപ്പോള്‍ ഇളം വെള്ള പെയിന്റ് അടിച്ച ചുമരുകള്‍ക്കുള്ളില്‍ ഭിത്തിയില്‍ ഉറപ്പിച്ച സ്ക്രീനില്‍ ആടുതോമയും ചാക്കോ മാഷും,പൊന്നമ്മയും.. സിനിമയിലെ രംഗങ്ങള്‍ ഓരോന്നായി കഴിയുകയാണ്.
പെട്ടെന്ന് വായു ചലിക്കുന്നത് പോലെ അവനു തോന്നി.
കണ്ണുകള്‍ അടയുന്നു.മൃദുവായ ഒരു മേഘ കപ്പലിന്റെ മുകളില്‍ താന്‍ പറക്കുകയാണ്.
ഒരു സ്ഫോടനത്തിന്റെ ശബ്ദം കേട്ടാണ് അവന്‍ കണ്ണ് തുറന്നത്.ഒരു പാറ മടയിലാണ് താന്‍.ദേഹം ആസകലം പാറപൊടി പുരണ്ടിരിക്കുന്നു.ആരോ ഓടി വരുന്നു.ശബ്ദം കേട്ടു അവന്‍ നോക്കി.
മുഖം തിരിച്ചു തന്നെ നോക്കുന്ന ആട് തോമ!താന്‍ താന്‍ ഇതെവിടെയാണ്??
അല്പം അകലെ മാറി ആട് തോമയുടെ ലോറി സ്ഫോടനത്തില്‍ കത്തുന്നു!!
തോമ അവനെ കണ്ടു കഴിഞ്ഞിരുന്നു.
“ലാലേട്ടാ,ഞാന്‍ ...ഇതെന്താ സ്വപ്നമാണോ..” അവന്‍ ചോദിച്ചു.
“ലാലേട്ടനോ...ഞാന്‍ ആട് തോമയാണ്...നീ സ്ഫടികതിനുള്ളില്‍ ആണ്..എന്താണ് നിന്റെ പ്രശ്നം..??
“പ്രശ്നമോ....ശരിക്കും ഞാന്‍ ഇപ്പൊ സ്വപ്നം കാണുകയല്ലേ..”
“ഇത് സ്വപ്നമല്ല..ഇത് മറ്റൊരു ലോകമാണ്..നിന്റെ മനസ്സില്‍ നീ സൃഷ്‌ടിച്ച മറ്റൊരു ലോകം.”
“ഞാനോ??....അവന്‍ വാ പൊളിച്ചു.
“എനിക്ക് നിന്നോട് സംസാരിച്ചു നില്ക്കാന്‍ സമയമില്ല.എങ്കിലും പറയാം..നീ ജീവിക്കുന്ന ഫ്ലാറ്റും നഗരവും പോലെ ഒരു ലോകം ആണിത്..ആരുടെയോ ചിന്ത കൊണ്ട് സൃഷ്ടിക്കപ്പെട്ട ആ ലോകം പോലെ തന്നെയാണ് ഈ ലോകവും..”
അവനു ഒന്നും മനസ്സിലായില്ല.എങ്കിലും ചോദിച്ചു.
“തോമാച്ചേട്ടന്‍ എങ്ങോട്ട് പോവുകാ?...”
“ഡാ കോപ്പേ..എന്റെ ലോറിക്ക് ബോംബ്‌ വച്ച പൂക്കോയെ പൊക്കണം..”തോമ പറഞ്ഞു.
"എന്റെ തോമാചെട്ടാ ഈ കഥയുടെ അവസാനം വരെ എനിക്കറിയാം..ഞാന്‍ സഹായിക്കാം ലാലേട്ടനെ.അല്ല തോമാചെട്ടനെ..പക്ഷെ എങ്ങെനെ എങ്കിലും ഇതിനു പുറത്തു കടക്കാന്‍ എന്നെ സഹായിക്കണം..!"അവന്‍ പറഞ്ഞു.
“ഈ ലോകം നിന്റെ പുറം ലോകം പോലെയാണ്.നിന്റെ ദൌത്യം അവസാനിക്കാതെ നിനക്ക് പുറത്തു കടക്കാന്‍ ആവില്ല.”തോമാ പറഞ്ഞു.
“ദൌത്യമോ..എന്ത് ദൌത്യം..?
“ എനിക്കറിയില്ല.എനിക്ക് പൂക്കോയയെ പൊക്കണം.സമയം പോവുകയാണ്.”
“പൂക്കോയ അയാളുടെ വാഴ തോട്ടത്തില്‍ ഉണ്ട്..”.ആനന്ദ് എത്ര പ്രാവശ്യം ആ സിനിമ കണ്ടിരിക്കുന്നു..
“നിനക്ക് അതെങ്ങെനെ അറിയാം...”ഓടുന്നതിനിടയില്‍ ആട് തോമ ചോദിച്ചു.
“അതൊക്കെ അറിയാം..നമ്മള്‍ക്കാ വാഴ തോട്ടത്തിലേക്ക് പോകാം. നമ്മള്‍ താമസിച്ചാല്‍ പ്രശ്നം ആവും..”ആനന്ദ് പറഞ്ഞു.
"എന്ത് പ്രശ്നം"?..തോമാ ഓടുന്നതിനിടയില്‍ ചോദിച്ചു.
“പ്രശ്നം..”ആനന്ദിന്റെ മനസ്സില്‍ ഒരു സ്ഫോടനം ഉണ്ടായി.തന്റെ ദൗത്യം!!!
"തോമാ ചേട്ടാ ..അവന്‍ ആട് തോമയുടെ കയ്യില്‍ പിടിച്ചു..."
ഒരു കര്‍ട്ടന്‍ താഴുന്നത് പോലെ ആ രംഗം മാഞ്ഞു.അവര്‍ ഇപ്പോള്‍ ഒരു വാഴ തോട്ടത്തിലാണ്.
ഒരു വാഴയുടെ മറവില്‍ അവരെ കണ്ടു ഭയന്ന് ഒളിക്കുന്ന വി.കെ.ശ്രീരാമന്‍ എന്ന പൂകോയ!!
“കണ്ടില്ലേ ..ഇപ്പൊ തോമാ ചേട്ടന് ബോധ്യമായില്ലേ...തോമാ ചേട്ടന് ഇപ്പൊ അവന്റെ നെഞ്ചില്‍ കത്തി കയറ്റാന്‍ തോന്നും.ആ കത്തി അയാളുടെ നെഞ്ചിനു പകരം ഒരു വാഴയുടെ പോളക്കുള്ളില്‍ കുത്തി കയറും.പൂക്കോയ ഭയന്ന് വിറക്കും.അയാള്‍ പുലിക്കോടന്‍ ആണ് ബോംബു വച്ചത് എന്ന് പറയും...”
തോമാ അത്ഭുതം പൂണ്ട കണ്ണുകളിലൂടെ അവനെ നോക്കി.ഒപ്പം പൂക്കൊയയും.
“നമ്മള്‍ താമസിച്ചാല്‍ തോമാ ചേട്ടന്റെ അപ്പന്‍ ചാക്കോ മാഷിനെ നഷ്ടപെടും..അത് ഒഴിവാക്കണം..അതാണ് എന്റെ ദൌത്യം!.”
ആനന്ദു പറഞ്ഞു
.
"അത് പാടില്ല.ഞാന്‍ എന്റെ അപ്പനുമായി രമ്യതയില്‍ ആയിട്ട് പത്തു മിനിട്ടേ ആയിട്ടുള്ളൂ..അപ്പന്റെ സ്നേഹം ഞാന്‍ അനുഭവിച്ചിട്ടില്ല..എനിക്ക് അത് അനുഭവിക്കണം.പുറം ലോകത്തില്‍ നിനക്ക് അച്ഛന്‍ ഇല്ലേ.."തോമാ ചോദിച്ചു.
“ഉണ്ട്.പക്ഷെ ഞാന്‍ അച്ഛനുമായി സംസാരിച്ചിട്ട് മാസങ്ങളായി.തുടര്ന്നു പഠിക്കാതെ ബിസിനിനസിനു ഇറങ്ങാന്‍ അപ്പന്‍ കാശ് തന്നില്ല.അതിന്റെ പേരില്‍ ഉള്ള വഴക്ക്.അത് മൂത്തു.അടുത്ത ആഴ്ച പെങ്ങടെ വിവാഹം ഉറപ്പികല്‍ ആണ്.ഞാന്‍ പോകുന്നില്ല.”
ആനന്ദു പറഞ്ഞു.
“കഷ്ടം.”.തോമാ പറഞ്ഞു.
എനിക്ക് പക്ഷെ എന്റെ അപ്പനെ തിരിച്ചു വേണം.ചാക്കോ മാഷ് മരിക്കാന്‍ പാടില്ല.അപ്പന്റെ സ്നേഹം അനുഭവിക്കാന്‍..കൈ മുറിച്ച ജൂബക്ക് പകരം ഒരു പുതിയ ജൂബ വാങ്ങി കൊടുക്കാന്‍...നീ എന്നെ സഹായിക്കില്ലേ...തോമ ചോദിച്ചു
.
തോമ അവന്റെ കയ്യില്‍ പിടിച്ചു.ഒപ്പം പൂക്കൊയയും.
അവര്‍ ഇപ്പോള്‍ ആ പാറ മടക്കു സമീപമാണ്.ബോംബ്‌ വച്ചത് ചാക്കോ മാഷ് ആണെന്ന് പറഞ്ഞു സ്ഫടികം ജോര്‍ജ് എന്ന പുലിക്കോടന്‍ ചാക്കോ മാഷിനെ പോലീസ് ജീപ്പിലെക്ക് കയറ്റുകയാണ്.
തോമ ഓടി ചെന്ന് പുലിക്കോടനെ തൊഴിച്ചകറ്റി.
‘തോമാ ചേട്ടാ,പുലിക്കോടന്റെ തോക്ക് തെറിപ്പിക്കു..പുലിക്കോടന്‍ ഇപ്പൊ വെടി വയ്ക്കും.അല്ലേല്‍ അപ്പന്‍ മരിക്കും."ആനന്ദ് ഉറക്കെ വിളിച്ചു പറഞ്ഞു.
പുലിക്കോടന്‍ തോക്ക് ചൂണ്ടുന്നതിനു മുന്‍പ് തോമാ ആ തോക്ക് ചവിട്ടി തെറിപ്പിച്ചു.
ഇനി ചാക്കോ മാഷ് മരിക്കില്ല.മരിക്കാത്ത ചാക്കോ മാഷും ആട് തോമയും കെട്ടി പിടിച്ചു കരയുകയാണ്.എല്ലാവരും ആനന്ദിനെ നന്ദിയോടെ നോക്കുന്നു.
“തോമാ ചേട്ടാ..എല്ലാരും ഹാപ്പി ആയല്ലോ..എനിക്ക് ഇനി ഒരു പഴയ രംഗതിലെക്ക് പോകണം.’ഏഴിമല പൂഞ്ചോല..എന്ന പാട്ട് സീനിലേക്ക്..സ്മിത ചേച്ചിയെ ഒന്ന് അടുത്തു കാണണം...
“ഹഹ..ഞാന്‍ പറഞ്ഞില്ലേ..നിന്റെ പുറം ലോകത്തെ അതെ നിയമങ്ങള്‍ തന്നെയാണ് സ്ഫടികത്തിലും ഉള്ളത്..നീ വന്നതിനു ശേഷം ഉള്ള രംഗങ്ങള്‍ മാത്രമേ നിന്റെ നിയന്ത്രണത്തില്‍ ഉള്ളു.നീ ജനിക്കുന്നതിനു മുന്‍പ് ഉള്ള രംഗങ്ങള്‍ നിന്റെ നിയന്ത്രണത്തില്‍ അല്ല...:ചാക്കോ മാഷ് ചിരിച്ചു കൊണ്ട് പറഞ്ഞു.
അത് കേട്ടു എല്ലാവരും പൊട്ടി ചിരിച്ചു.
പെട്ടെന്ന് താന്‍ പറക്കുന്നത് പോലെ അവനു വീണ്ടും തോന്നി.ഒരു മേഘ കപ്പല്‍ വീണ്ടും വരുന്നു.
ആനന്ദു കണ്ണുകള്‍ തുറന്നു.
നേരം ഏറെ കഴിഞ്ഞിരുന്നു.പനി വിട്ടിരിക്കുന്നു..എന്ത് സ്വപ്നമാണ് താന്‍ കണ്ടത്?മനസ്സില്‍ ഒരു കുളിര്‍മ്മ.
അവന്‍ ഫോണ്‍ എടുത്തു.നാളുകള്ക്ക് ശേഷം അവന്‍ വീട്ടിലേക്ക് വിളിച്ചു.
‘അമ്മെ ,ഞാന്‍ ആണ് അച്ഛന്‍ എവിടെ?”
അപ്പുറത്ത് നിന്ന് അമ്മയുടെ വിതുമ്പല്‍..
“നിന്റെ വാശി തീരാന്‍ ഞാന്‍ നേരാത്ത നേര്‍ച്ചകള്‍ ഇല്ല.അച്ഛനും മോനും തമ്മില്‍ മിണ്ടാതിരുന്നാ എത് അമ്മയ്ക്കാ മോനെ സന്തോഷം ഉള്ളത്..ഞാന്‍ അച്ഛന് ഫോണ്‍ കൊടുക്കാം..”
അവന്‍ ജാക്കറ്റ് കുടഞ്ഞു.അപ്പോള്‍ പാറമടയിലെ മണലും പൊടിയും താഴെ വീണു.അപ്പോള്‍ താന്‍ കണ്ട സ്വപ്നം ഒരു നിമിഷം തന്റെ മുന്നിലൂടെ കടന്നു പോയത് പോലെ അവനു തോന്നി.വളരെ പരിചിതമായ ഒരിടം!താന്‍ എവിടെ ആയിരുന്നു??
"മോനെ!..”ഫോണിലൂടെ അച്ഛന്റെ പതിഞ്ഞ സ്വരം അവന്‍ കേട്ടു.
അപ്പോള്‍ അവന്‍ പാതി തുറന്ന ജനാല മുഴുവനായി തുറന്നു.വെള്ളി നിറമുള്ള മേഘ നൗക ഇപ്പോള്‍ തൊട്ടു മുകളില്‍ എത്തിയിരിക്കുന്നു.അതിനുള്ളില്‍ ഇരുന്നു ഒരു കൂട്ടം സ്നേഹിതര്‍ തന്നെ നോക്കുന്നത് പോലെ അവനു തോന്നി.
(അവസാനിച്ചു)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo