നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒറ്റക്കാലന്‍ മൈന



എന്താ ഒരു ബഹളംകേള്‍ക്കുന്നത്? നായ്ക്കള്‍ കൂട്ടത്തോടെ കുരയ്ക്കുന്നതാണോ, അതോ ടിവി ചാനലിലെ ചര്‍ച്ചയാണോ....? അല്ലെങ്കില്‍ വടക്കീലെ ചെക്കന്‍ സംഗീതം അഭ്യസിക്കുന്നതായിരിക്കും. ചിലസമയങ്ങളില്‍ ഇതുമൂന്നും ഒരുപോലെയാണ് എനിക്കുതോന്നാറ്. കഴിവുകെട്ട ആ ചെക്കനെ പാട്ടുപടിയ്ക്കാനല്ല വിടേണ്ടത്...... വെട്ട്യാറന്‍ പോത്തിനൊപ്പം നൊകത്തില്‍കെട്ടി പൂട്ടാന്‍ വിടണം. മേടച്ചൂടില്‍ കാക്കുര്‍ശ്ശിപാടം മുഴുവനായി പൂട്ടിക്കണം. കുരുത്തംകെട്ടവന്‍റെ ശരീരത്തില്‍ അത്രക്ക് മാംസമുണ്ട്....!
ഈ ലോകത്തോട് വിടപറയാന്‍ തിരുമാനിച്ച ഞാനിതൊക്കെ എന്തിന് ചിന്തിക്കണം...? എന്തോ ആയിക്കോട്ടേ........
ചേരാമലയില്‍നിന്ന് ചെങ്കല്ല് കൊണ്ടുപോകുന്ന ടിപ്പറിന്‍റെ മുരള്‍ച്ചകേട്ടപ്പോള്‍ ഞാന്‍ ചെവിപൊത്തി. മാസങ്ങളായെങ്കിലും ആ മുരള്‍ച്ചയോടുള്ള ഭയം തെല്ലുംകുറഞ്ഞിട്ടില്ല. ഭണ്ഡാരി രാമന്‍നായര് അഗ്രശാലയില്‍നിന്നും കൊണ്ടുവന്ന് നല്കിയ കല്ല്യാണച്ചോറ് ഞാന്‍ ഇലയിലേക്ക് വിളമ്പി. അവസാനത്തെ ഊണാണ്, ആസ്വദിച്ചുതന്നെ കഴിക്കണം. പരിപ്പും പഞ്ചാരയും അടക്കം പതിനാറുകൂട്ടം കറികളാണ്. ചോറിന്‍റെ വേവ് പാകമാണ്. സാമ്പാറില്‍ കായത്തിന്‍റെമൂപ്പ് അല്‍പംകുറവാണ്. ഒാലനില്‍ എണ്ണയല്‍പ്പം കുറയ്ക്കാമായിരുന്നു.... നാടന്‍ അടയായിരുന്നെങ്കില്‍ പാലടപ്രഥമന്‍ ഒരു സംഭവമായേനേ..........!
വലിച്ചെറിഞ്ഞ ഇലയിലേക്ക് ഒറ്റക്കാലന്‍ മൈന പറന്നിറഞ്ഞി. വറ്റുകള്‍ കൊത്തിമുറിച്ച് ചാഞ്ഞുംചെരിഞ്ഞും നോക്കുന്നത് കണ്ടാല്‍തോന്നും ആരോഗ്യമന്ത്രാലയത്തില്‍നിന്നും പറഞ്ഞുവിട്ട ആളാണെന്ന്. ഇത്തിരി ഗമയൊക്കെ കാണിക്കുന്നുണ്ടെങ്കിലും അവന്‍റെ ഹൃദയഭാരം എനിക്കൂഹിക്കാനാവും, പാവം.
എന്‍റെ അന്ത്യയാത്രയ്ക്ക് ആശംസ അറിയിക്കാന്‍ വന്ന സുഹൃത്തായിരിക്കുമോ അവന്‍...? അവസാനത്തെ സുഹൃത്ത്.......!
ഒറ്റക്കാലനടുത്തേക്ക് നിരങ്ങിയിരുന്ന് ഞാന്‍ വിളിച്ചു.........
"സുഹൃത്തേ.........."
കൂര്‍ത്തചുണ്ടുകള്‍ വിറപ്പിച്ച്, കണ്ണുരുട്ടികൊണ്ട് അവനൊരാട്ടാണ്.......
''ക്രീ.......ക്രീ......''
ഇത് മൈനാഭാഷയിലെ വല്ല തെറിയുമായിരിക്കുമോ.....?
അരയും മുറിയുംവച്ച് കണക്കുനോക്കുമ്പോള്‍ ഒറ്റക്കാലനേക്കാള്‍ഭേതം ഞാനാണ്...... എനിക്ക് ഒന്നരക്കാലുണ്ട് . എന്നിട്ടും അവന്‍റൊരു അഹങ്കാരം കണ്ടില്ലേ........!! അവസാന സുഹൃത്തിനെ ഞാന്‍ അവജ്ഞയോടെ തള്ളി.
ഞാന്‍ ഇന്നലെ കണ്ട സ്വപ്നങ്ങള്‍......... ഓഫീസിലെ എന്‍റെ കസേരയില്‍ രണ്ടുകാലുകളുള്ള ഒരു കണ്ണടക്കാരന്‍ ഇരിക്കുന്നു...! ജെറുസലേം ചാപ്പലില്‍ തിരുമേനിക്കുമുന്‍പില്‍, എന്‍റെ ആലീസിനോട് ചേര്‍ന്നുനില്ക്കുന്ന ആ ചെറുപ്പക്കാരന്‍......?
ഞാന്‍ വിഷം കലര്‍ത്തിയ കോളകുപ്പി തുറന്നു...... മരണം തന്നെയാണ് ഏകപ്രതിവിധി. ബന്ധുമിത്രാധികളെ കുറിച്ചോര്‍ത്തപ്പോള്‍, ഞാനൊരിക്കല്‍പോലും കണ്ടിട്ടില്ലാത്ത അമ്മച്ചിയുടെ മുഖം മാത്രമാണ് മനസില്‍വന്നത്. 
കോള വായിലേക്ക് കമഴ്ത്തുമ്പോഴാണ് അതു കണ്ടത്........!!
അത്ഭുതമെന്ന് പറയട്ടെ.....
ഒറ്റക്കാലനടുത്ത് കൊക്കുരുമ്മി നില്ക്കുന്നു ഒരു സുന്ദരിമൈന...!
വെറുതെയല്ല അവന്‍ ഇത്ര അഹങ്കരിക്കുന്നത്. ഇതവന്‍ എങ്ങനെ തരപ്പെടുത്തീ......!?
ഞാനിങ്ങനെ ആശ്ചര്യപെട്ടിരിക്കുമ്പോഴാണ് ഒരു വില്ലന്‍മൈനയുടെ വരവ്. യുദ്ധസമാനമാണ് അന്തരീക്ഷം. എന്തും സംഭവിക്കാം...... ഒറ്റക്കാലനെ കൊത്തികൊന്ന്, അവനാ സുന്ദരി മൈനയെ ക്രൂരബലാല്‍സംഗത്തിന് ഇരയാക്കിയേക്കാം. അല്ലെങ്കില്‍ ഒറ്റക്കാലനെ അവള്‍ വഞ്ചിച്ചെന്നും വരാം. എന്‍റെ കണക്കുകൂട്ടല്‍ മൊത്തത്തില്‍തെറ്റി. ഒറ്റക്കാലന്‍ വില്ലനെ കൊത്തിമലര്‍ത്തിയിരിക്കുന്നു..!
ഒറ്റക്കാലെടുത്ത് അവന്‍റെ നെഞ്ചില്‍ അമര്‍ത്തിവച്ചു.
"ക്രീയോ...... ക്രീയോ..."
നിലവിളിച്ചുകൊണ്ട് വില്ലന്‍മൈന എങ്ങോട്ടോ പറന്നുപോയി.
ആ ഒറ്റക്കാലിന്‍റെ ശക്തികണ്ട് ഞാന്‍ അന്ധാളിച്ചുപോയി. എന്‍റെ കൈയ്യില്‍നിന്നും കോളകുപ്പി വീണുടഞ്ഞു. വിജയശ്രീലാളിതനായി നില്ക്കുന്ന ഒറ്റക്കാലന്‍റെ ചിറകിനടിയില്‍ മൈനപെണ്ണ് മുഖം പൂഴ്ത്തിവച്ചു. അവന്‍റെ കാല്‍ക്കല്‍വീണ് അനുഗ്രഹം വാങ്ങണമെന്ന് ഞാനാഗ്രഹിച്ചു.
മരണമല്ല പ്രതിവിധി, പോരാട്ടമാണ്. മരണംവരെയുള്ള പോരാട്ടം. ജീവിതം ഇവിടെ തുടങ്ങിയിട്ടേയുള്ളൂ....... കുറ്റിക്കോട് മൈതാനത്തില്‍ ഇനിയും എനിക്ക് ശതകങ്ങള്‍ തികയ്ക്കാനുണ്ട്. ഫ്രണ്ട്സ് ക്ലബ് ടീമില്‍ അന്തിമ ഇലവനില്‍ സ്ഥാനംപിടിക്കണം. ടിപ്പറുകാരനോട് നിയമയുദ്ധം നടത്തണം.......
"കെട്ടുന്നെങ്കില്‍ ജോഫിച്ചായനേ കെട്ടു...... ഇല്ലെങ്കില്‍ ആലീസിന് ഈ ജന്മത്തില്‍ വിവാഹമില്ല."
അവള്‍ പലകുറിപറഞ്ഞ വാക്ക് മാറ്റിപറയുമോ......?
അവള്‍ നാട്ടില്‍വന്നാല്‍ അകമല പള്ളിയിലേക്ക് വിളിക്കാറാണ് പതിവ്. അകമല പള്ളിക്ക് നൂറ്റൊന്നു പടികള്‍ഉണ്ട്. അത് കയറണം. കയറിയേതീരൂ......... 
എന്നെ ഈ കോലത്തില്‍ കാണുമ്പോള്‍ അവള്‍........
ഒന്നരക്കാലന്‍ ജോഫിയെ ഇനി കാണേണ്ടെന്ന് പറയുമോ, അതോ കാലറ്റുപോയ ഭാഗത്ത് അമര്‍ത്തി ചുംബിക്കുമോ.....?
മരണത്തില്‍ നിന്നും ജീവിതത്തിലേക്കുള്ള പടവുകള്‍ കാണിച്ചുതന്ന ഒറ്റക്കാലന്‍മൈനക്കും അവന്‍റെ കുടുംബത്തിനും നന്ദി പറഞ്ഞുകൊണ്ട് ഞാന്‍ എഴുന്നേറ്റു.
''ഒറ്റക്കാലാ...... പൂയ്... ഒറ്റക്കാലാ"
ഞാന്‍ തിരിഞ്ഞുനോക്കി.
ഇടവഴിയില്‍നിന്നും വടക്കീലെ ചെക്കനാണ്. എനിക്കവനോട് ദേഷ്യമല്ല തോന്നിയത്, സപതാപമാണ്.
ഒറ്റക്കാലിന്‍റെ ശക്തി അവനറിയില്ലല്ലോ....... അതവന്‍ കണ്ടിട്ടില്ലല്ലോ.... പാവം.
______________________
രമേഷ്.പി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot