നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിലോഫര്‍.


പാതിയില്‍ നിലച്ച ഒരുസ്വപ്നമായിരുന്നവള്‍
എന്റെ ഉന്മാദത്തിന്റെ നീളന്‍ വരാന്തകളില്‍
ചിരിയലകളും ചിന്തകളും തീര്‍ത്ത ഒരു വയലിന്‍.. തിളങ്ങുന്ന നക്ഷത്രങ്ങള്‍ പോലെ വിടര്‍ന്ന കണ്ണുകളായിരുന്നവള്‍ക്ക് ഒരിക്കല്‍ പോലും മഷി എഴുതിയിരുന്നില്ല എങ്കിലും നീണ്ട കണ്‍ പീലിയുടെ കറുപ്പ് അവളെ മറ്റാരേക്കാളും സുന്ദരിയാക്കി
കഴുത്തിലെ നീല ഞരമ്പുകളില്‍ വിരല്‍ തൊട്ട് അധരങ്ങളിലേക്ക് അധരം ചേര്‍ക്കുമ്പോള്‍ കണ്ണുകള്‍ ഒരു സ്പര്‍ശത്താല്‍ ഇലകള്‍ കൂമ്പുന്ന
തൊട്ടാവാടിയെ പോലായിരുന്നു,എനിക്കും അവള്‍ക്കുമിടയില്‍ ഹൃദയമിടിപ്പിന്റെ താളത്തിനൊത്ത് ശ്രുതി ചേര്‍ന്നു ശ്വാസം,
ചെറു ചൂടാലെ..നക്ഷത്രങ്ങള്‍ കാവല്‍ നിന്ന ആ രാത്രിയില്‍ ഇടം കയ്യാല്‍ നെറ്റിയില്‍ തലോടി ഒരു കഥ പറയാന്‍ പറഞ്ഞവള്‍..എന്നത്തേയും പോലെ പഴയ ഗ്രാമ ഫോണ്‍ റെക്കോര്‍ഡറില്‍ തിരിഞ്ഞ് പുറത്തേക്കിറങ്ങുന്ന തബലയുടെ പെരുക്കം നിര്‍ത്തി എഴുന്നേറ്റ് വന്നവള്‍..
എനിക്ക് പിന്നില്‍ വന്ന് നിന്ന് ചെവിക്ക് താഴെ ചുണ്ടുകളുരച്ച് കെെകളാല്‍ എന്നെ ചുറ്റിപ്പിടിച്ച്
പറഞ്ഞു കഥ പറഞ്ഞ് തന്നേ വേഗം..
നിലോഫര്‍..
മം..
എന്താ കഥ പറയുന്നില്ലേ എന്ന് പറഞ്ഞവള്‍,
ചുറ്റിപ്പിടിച്ച കെെകള്‍ വിട്ട് മാറ്റി പോവാന്‍ തിരിഞ്ഞപ്പോള്‍ ചേര്‍ത്തണച്ച് പിടിച്ച് അവളേയും കൂട്ടി പുറത്തെ നേര്‍ത്ത ചാറ്റല്‍ മഴയിലേക്കിറങ്ങി
മുറ്റത്തെ ചെമ്പകച്ചോട്ടിലേക്ക്...ആകാശത്തില്‍ നിന്നും തെന്നി വീഴുന്ന മഞ്ഞു കണങ്ങള്‍ ചെമ്പകത്തിന്റെ ഇലകളിലും മുറ്റത്തെ കുറ്റിമുല്ലയിലും പറ്റിച്ചേര്‍ന്നിട്ടുണ്ട് നിലോഫര്‍ എന്നിലേക്കെന്ന പോലെ.
ചെമ്പകച്ചോട്ടില്‍ കവുങ്ങിന്‍ തടി കൊണ്ട് കെട്ടിയ ഇരിപ്പടത്തിലിരുന്ന എന്റെ മടിയിലേക്ക് തല വെച്ച്
കിടന്നവള്‍, കാലുകള്‍ നീട്ടി കൊരുത്ത് വെച്ചപ്പോള്‍ നിലാവിലും തിളങ്ങുന്ന സ്വര്‍ണ്ണക്കൊലുസ് ഒരു കുഞ്ഞ് മാണിക്യ കാക്കുന്ന കുഞ്ഞ് സര്‍പ്പത്തെ പോലെ തോന്നിച്ചു.
നീയെന്താ നോക്കുന്നത്..?
ആദ്യമായ് കാണുന്ന് പോലെ ,കണ്ണിലേക്ക് നോക്കിയപ്പോള്‍ വയറില്‍ അമര്‍ത്തി നുള്ളയവള്‍ പറഞ്ഞ്,പിന്നെ കഴുത്തിലേക്ക് കെെ ചുറ്റി നെറുകയില്‍ ചുംബിച്ച് പറഞ്ഞം കഥ പറയാന്‍,
ഒപ്പം ചെവിയിലൊരു രഹസ്യവും കഥ പറഞ്ഞാല്‍ തരുന്ന സമ്മാനത്തെ കുറിച്ച്....
മൃതിയുടെ കഥ പറഞ്ഞു തുടങ്ങി അവള്‍ക്കായ് മിസിരിലെ ഫര്‍സാനയുടെ കഥ..
ഫര്‍സാന.
ചെറിപ്പൂക്കളെ പോല്‍ അഴകുള്ളവള്‍,
കടഞ്ഞെടുത്ത മെയ്യഴകും ആകാശനീലിമയുടെ നിറമുള്ള മിഴികളും,കവിളിലെ കുഞ്ഞ് മറുകും
രക്ത വര്‍ണ്ണമുള്ള അധരങ്ങളുമുള്ളവള്‍.
അവളുടെ പ്രാണനായകന്‍ ,പിന്നിലേക്ക് മാടിയൊതുക്കി വെച്ച മുടിയും,ഉറച്ച പേശികളും,തിളങ്ങുന്ന കണ്ണുകളില്‍ കടലൊളിപ്പിച്ച നൂഹ് ഹംദാന്‍...മണല്‍ക്കാട്ടില്‍ തന്റെ പ്രിയപ്പെട്ട ചാര നിറമുള്ള ചിറകില്‍ വെള്ള വരകളുള്ള ഖയാം എന്ന ഫാല്‍ക്കണിനെ ചുമലിലേറ്റി മരുഭൂമിയില്‍ വേട്ടക്കിറങ്ങാറുണ്ട് ,നൂഹിന് പ്രിയ വിനോദമാണത്..
ഇടക്കവളേയും കെണ്ട് പോവാറുണ്ടായിരുന്നു അറ്റം കാണാത്ത മരുഭൂമിയിലെ ഉയര്‍ന്നും,
കുഴിഞ്ഞുമുള്ള വഴിയിലൂടെ തന്റെ നിസാന്‍ പെട്രോള്‍ കാറില്‍,കൂടെ കരുതുന്ന മുന്തിരിയുടെ രുചിയുള്ള ഹുക്കയും ചൂടാറാതെ വെക്കുന്ന അറബിക് ഗാവയും ,ഫര്‍സാനക്കും ഏറെ ഇഷ്ടമാണ് ആ യാത്രകള്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും മാറി നൂഹിനൊപ്പം ഊദിന്റെ മണമാസ്വദിച്ച്,
ആ യാത്രയിലാണ് അവരുടെ സ്വപ്നങ്ങള്‍ ചിറകടിച്ചുയര്‍ന്ന് ആകാശത്തോളം ചെല്ലുന്നത്,
പ്രണയ ലീലകളും.
ഖയാമിനെ വേട്ടയാടാന്‍ പറഞ്ഞ് വിട്ട് മണലിലൂടെ കെെകള്‍ കോര്‍ത്ത് പിടിച്ച് കത്തുന്ന സൂര്യനൊപ്പം
നിഴലുകള്‍ ചുംബിക്കുന്നത് നോക്കി നടന്നു അവരിരുവരും,പാറി വന്ന് കാഴ്ചകളെ മറക്കുന്ന മണല്‍കാറ്റ് അവര്‍ക്ക് ചുറ്റിലും വലയം തീര്‍ക്കുമ്പോഴും ,ഇടക്കവള്‍ നൂഹിന്റെ കെെ വിട്ട് അകലേക്ക് ഓടും പിന്നാലെ ചെന്നവന്‍ ചേര്‍ത്തണക്കും വരെ..
പതിവില്ലാതെ തനിക്ക് മുകളില്‍ വട്ടമിട്ട് പറക്കുന്ന ഖയാമിനെ ചൂളമിട്ട് വിളിച്ചപ്പോള്‍ താഴ്ന്ന് പറന്നിറങ്ങി നൂഹിന്റെ കെെത്തണ്ടയിലേക്ക്
അവന്റെ തൂവലില്‍ തലോടി വീണ്ടുമവനെ ഉയരങ്ങളിലേക്ക് വിട്ടെങ്കിലും വീണ്ടുമവന്‍ നൂഹിന് ചുറ്റും പറന്നു ഉയര്‍ന്നും പിന്നെ താഴ്ന്നും..
അത് വരെ എന്റെ മടിയില്‍ കിടന്ന നിലോഫര്‍ എഴുന്നേറ്റിരുന്നു ചോദിച്ചു എന്തിനാണവന്‍ അയാളെ തലക്ക് മുകളില്‍ വട്ടമിട്ടത്..?
പറയാം നിലോഫര്‍..
ഒരു വിഷ സര്‍പ്പം മരുഭൂമിയിലൂടെ ഇഴഞ്ഞ് വരുന്നത് കാണുന്നുണ്ടവന്‍,സര്‍പ്പമോ..?
അതേ നിലോഫര്‍..ഉഗ്ര വിഷമുള്ള സര്‍പ്പം തന്നെയാണത്,വിഷം തീണ്ടിയാല്‍ നിമിഷങ്ങള്‍കക്കം നീലിച്ച് മരണത്തിലേക്ക് കൊണ്ട് പോവുമത്..!
ചെമ്പകത്തിന്റെ അപ്പുറത്തെ ഇലഞ്ഞി മരത്തിനരികെ നിന്നും ഇഴഞ്ഞ് വന്ന മൂര്‍ഖന്‍ പാമ്പിന്റെ പത്തിയില്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നിലോഫറിന്റെ കാലമര്‍ന്നിരുന്നു തള്ള വിരലില്‍ കൂര്‍ത്ത പല്ലുകളാല്‍ അടയാളമിട്ടാ സര്‍പ്പം ഇഴഞ്ഞ് പോയി.
വിറച്ചും വേച്ചും അവളെന്നിലേക്ക് ചേരും മുന്നേ.
വിളിച്ചുണര്‍ത്താനുള്ള എന്റെ ശ്രമങ്ങളെ പാതി ബോധത്തില്‍ അവളറിഞ്ഞിരുന്നുണ്ടാവും..
കോരിയെടുത്ത് ഓടിയെങ്കിലും ദേഹമാസകലം നീലിച്ച് അവളും നൂഹിന്റെ വഴിയേ പോയ്..
ഇഴഞ്ഞ് വന്ന സര്‍പ്പത്തെ ഖയാം കൊത്തിയെടുക്കും മുന്നേ അവന്റെ കാല്‍ത്തണ്ടയില്‍ വിഷം പകര്‍ന്ന്
ഇഴയാന്‍ ശ്രമിച്ച സര്‍പ്പത്തെ കാലില്‍ കൊരുത്ത് മൂര്‍ച്ചയേറിയ കൊക്കിനാല്‍ കുടയുമ്പോള്‍ ഖയാമറിയുന്നുണ്ടായിരുന്നില്ല ഫര്‍സാനയുടെ
കരച്ചലിന്റെ ശബ്ദം....
ഉന്മാദത്തിന് ചികിത്സയിലാണ് ഈ നാലു ചുമരുകള്‍ക്കുള്ളില്‍ ഞാന്‍,മരണത്തിലേക്ക് പോയ നിലോഫറിന് വേണ്ടി കഥകള്‍ പറഞ്ഞ് ഉച്ചത്തില്‍ അലറിയും ,പിന്നെ ഏറെ നേരം മൗനവുമായ് ഉന്മാദത്തിന്റെ ലഹരിയില്‍ എന്നെ തന്നെ മറന്ന് പോവുന്നു...ഖയാമിന്റെ ചിറകടിയൊച്ച കേള്‍ക്കുന്നുണ്ട് ഇടക്കിപ്പോഴും...

By: Rihan

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot