Slider

പരിണാമം (കഥ )

0


പരിണാമ സിദ്ധാന്തം പറഞ്ഞു ,കുരങ്ങാണ് മനുഷ്യനായത് .അതിനുമുൻപ് പലതും പലതുമുണ്ട് .അത് നിൽക്കട്ടെ .കുരങ്ങിൽനിന്ന് ഇന്നത്തെ നിലയിലുള്ള മനുഷ്യനുണ്ടായിട്ട് 
എത്ര കാലമായിക്കാണും? നളിനി എന്ന കുട്ടിയുടെ ചോദ്യം.എന്തുത്തരം കൊടുക്കാൻ പറ്റും ?
അറിഞ്ഞതൊക്കെപ്പറഞ്ഞു .പക്ഷേ എന്റെ ഉത്തരങ്ങളൊന്നും കേട്ടിട്ടു അവൾക്കത്ര പിടിച്ച മട്ടില്ല അവൾ കൂലംകുത്തിയൊഴുകുന്ന ഒരു തോടിന്റെ തീരത്തുള്ള കൊച്ചു കുടിലിൽ നിന്നാണ് വരുന്നത് .അച്ഛൻ ഹെഡ്‍ലോഡ് വർക്കർ,അമ്മ തൊഴിലുറപ്പു പണിക്കാരി. സ്‌കൂൾ വിട്ട് വീട്ടിലെത്തിയ നളിനി പത്താം തരം വരെ പഠിച്ച അവളുടെ അമ്മയോട് ചോദിച്ചു .അമ്മേ ,ഈ പരിണാമ സിദ്ധാന്തത്തെപ്പറ്റി വല്ലതും അമ്മക്കറിയാമോ? മോളെ, ഞാനും കേട്ടിട്ടുണ്ട് നിനക്ക് പറഞ്ഞു തരാനൊന്നും എനിക്കറിയില്ല .നളിനി സയൻസു പുസ്തകത്തിൽ തലയിട്ടു പരതി .എങ്ങും അവൾക്കു പരിണാമത്തിന്റെ പൊരുൾ കാണാൻ കഴിഞ്ഞില്ല .
അടുത്ത പീരീഡ് മലയാളം ക്ലാസ്സായിരുന്നു .മലയാള ഭാഷയുടെ പിതാവാര് ?ഗൗരവ ഭാവത്തിലുള്ള മലയാളം സാറിന്റെ ചോദ്യം .ചില കുട്ടികൾ പരസ്പരം നോക്കി ആരാ ?? എന്താ പിള്ളാരെ പന്തം കണ്ട പെരുച്ചാഴിയെപ്പോലിരിക്കുന്നത്?
ഏന്തെങ്കിലും പറ. നളിനി ഉത്തരം പറയാൻ ഒരു ശ്രമം നടത്തി .സാറേ,ഞാനൊരുത്തരം പറയാം സാറതങ്ങു ശരിയാക്കിത്തന്നാ മതി .പിതാവ് എന്നു പറഞ്ഞാ അച്ഛൻ അല്ലിയോ സാറേ? അതേ സാറുത്തരം പറഞ്ഞു .'നാട്ടുമ്പുറത്തു നമ്മൾ പറയുന്ന അച്ഛൻ എന്നല്ല അതിനർത്ഥ൦.എഴുതാനും വായിക്കാനും അങ്ങോട്ടും ഇങ്ങോട്ടുംഒക്കെ പറയാനും ചിട്ടക്കും മട്ടിനും ഒക്കെ ഇണങ്ങി
സംസ്കാരത്തെയും ശൈലികളെയും ഒക്കെ യോജിപ്പിച്ചു നമ്മുടെ മുൻപിൽ എത്തുന്ന ഭാഷയ്ക്ക് എല്ലും മാംസവും തൊലിയും ജീവനും കൊടുത്ത ഒരു വലിയ ത്യാഗി ഉണ്ടായിരുന്നു .എഴുത്തച്ഛൻ എന്നാണ് അദ്ദെഹത്തെ വിളിക്കുന്നത്" .
നളിനിക്ക് സാറു പറഞ്ഞതൊന്നും മനസ്സിലായില്ല .അവൾക്കാണെങ്കിൽ ഈ അച്ഛൻമാരെന്നു പറയുന്നതേ കേട്ടുകൂടാ .കാരണം അവളുടെ അച്ഛൻ ദിവസവും കള്ളുകുടിച്ചിട്ടാണ് വീട്ടിലെത്തുക ."ആദ്യമാദ്യം അച്ഛനെന്നെ തലമുടിക്ക് ചുറ്റിപ്പിടിച്ചു പുറത്തേക്കെറിയുമായിരിന്നു" അവൾപറഞ്ഞു .പിന്നെ പുസ്തക സഞ്ചി ,അടുക്കളയിൽ പാചകം ചെയ്തുകൊണ്ടിരുന്ന അമ്മയെ ചവിട്ടി തീക്കനലിലേക്ക് ,ഓർക്കാൻ കഴിയാത്ത ദിവസങ്ങൾ പലപ്പോഴും ഓർത്തിട്ടുണ്ട് എന്റെ അച്ഛൻ ഒരു ചോരകുടിക്കുന്ന ചെകുത്താൻ ആണോ എന്ന്.എത്ര ദിവസമാണ് സ്‌കൂളിൽ പോകാൻ പറ്റാതിരുന്നത് !!അമ്മയുടെ മേലാകെ തീ പൊള്ളിക്കുടുന്ന പാടാണ്!!
ടീച്ചർ പറഞ്ഞ ആ പരിണാമം വേണ്ടായിരുന്നു കുറഞ്ഞ പക്ഷം എന്റെ അച്ഛനെങ്കിലും കുരങ്ങായിരുന്നെങ്കിൽ കാട്ടിലെ പഴങ്ങളുമൊക്കെ തിന്നു അവിടെ കഴിഞ്ഞത്തേനെ,കുരങ്ങു കളിച്ചു നടന്നേനെ. ഈ നാശം പിടിച്ച മനുഷ്യനാകാതെ പരിണാമം കുരങ്ങിൽ അവസാനിച്ചാൽ മതിയായിരുന്നു . ഈ മനുഷ്യനല്ലേ ഈ ലോകം നശിപ്പിക്കുന്നത് .
എന്തൊക്കെ ക്രൂരതകളാണ് ഇവൻ കാട്ടുന്നത് ?
നല്ലതു പറയുന്നവരെ കൊല്ലും .നല്ലതു ചെയ്യുന്നവരെയും കൊല്ലും കൊല്ലാതിരിക്കാൻ അവനു കഴിയില്ല. അവൾ അമ്പരപ്പോടുകൂടി ഇതെല്ലാം ഓർത്തു .
കാര്യങ്ങൾ മനസിലാക്കുന്നതിന് നളിനിക്ക് വലിയ പുസ്തകങ്ങൾ വായിക്കേണ്ട ആവശ്യം ഇല്ലായിരുന്നു .കണ്ടതും കേട്ടതും അറിഞ്ഞതുമെല്ലാം അവൾക്കു പൊള്ളുന്ന അനുഭവങ്ങളായിരുന്നു .ചെറിയ ക്ലാസിൽ ചെറിയ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി,വലിയ ക്ലാസിൽ എത്തിയപ്പോൾ ഒരു ചെറിയ ചോദ്യം പോലും ചോദിക്കാനാവാതെ
പുസ്തകത്തിന്റെയും ചോദ്യക്കടലാസിനേയും ഉത്തരങ്ങളുടെയും ഇടയിൽ അവൾ സ്വയം നിശ്ശബ്ദയായി!!.


By: Usha varghese
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo