Slider

അച്ഛൻ

0


സ്കൂൾ ബാഗും തോളിൽ തൂക്കി, വലതു കയ്യിൽ ചോറ്റുപാത്രവും പിടിച്ചു മനു തോട്ടുവരമ്പിൽ നിന്നും വീട്ടിലേക്കുള്ള ഒതുക്കു കല്ലുകൾ കയറി. വരാന്തയിലേക്ക് കയറിയപാടെ അമ്മയെ ഉറക്കെ വിളിച്ചു കൊണ്ട് കയ്യിലിരുന്ന ബാഗും ചോറ്റുപാത്രവും വരാന്തയിലിരുന്ന ബഞ്ചിലേക്കിട്ടു. പുറത്തു അമ്മയെ കാണാത്തതുകൊണ്ട് പതുക്കെ അവൻ അടുക്കള വാതിൽക്കലേക്കു നീങ്ങി. "അച്ഛൻ ഇതുവരെ വന്നില്ലേമ്മാ " പുറത്തെ അടുപ്പിൽ ഊതി കണ്ണ് കലങ്ങി നിന്നിരുന്ന അമ്മയെ കെട്ടിപിടിച്ചു കൊണ്ട് അവൻ കൊഞ്ചി.. "ഇല്ല മോനെ.. " അവന്റെ കുഞ്ഞുമുഖത്തേക്കു നോക്കാതെ സരള മറുപടി പറഞ്ഞു. 
" ഇനിയെങ്ങാനും വരാതിരിക്കുമോ അമ്മാ.. " വിയർത്ത മുഖം ഉയർത്തി മനു അമ്മയോട് ചോദിച്ചു. "വരുമെടാ... നീ കിന്നാരം പറയാതെ അടുക്കളയിൽ ചെന്ന് വല്ലോം കഴിക്കാൻ നോക്ക്.. ".. അമ്മ വാത്സല്യത്തിൽ ചാലിച്ചു അവനോടു പറഞ്ഞു. 
അവൻ ഒരു കൈ കൊണ്ട് നിക്കർ ഊർന്നു വീഴാതെ പിടിച്ചു കൊണ്ട് അടുക്കളയിലേക്കോടി. അടച്ചു വച്ചിരുന്ന അടയും കട്ടൻ ചായയും കുടിക്കുമ്പോഴും അവന്റെ മനസ്സിൽ അന്നേവരെ കണ്ടിട്ടില്ലാത്ത അവന്റെ അച്ഛന്റെ മുഖമായിരുന്നു. 
******************
കൃഷ്ണൻ കുട്ടി ഒരു ഇടതു സംഘടനയിൽ പ്രവർത്തിക്കുന്ന ചുമട്ടു തൊഴിലാളിയായിരുന്നു. അല്പസ്വല്പം കള്ളുകുടിയും ചട്ടമ്പിത്തരവും ഒക്കെ ഉണ്ടായിരുന്നെങ്കിലും അയാൾ കുടുംബം നോക്കുന്നവനായിരുന്നു. അധ്വാനി ആയിരുന്ന അയാൾ പാർട്ടിയുടെ ഉപദേശപ്രകാരമായിരുന്നു 
പഴയ സഖാവായ കുമാരന്റെ മകൾ സരളയെ പാർട്ടി ആപ്പീസിൽ വച്ച് വരണമാല്യം ചാർത്തിയത്. സന്തുഷ്ടമായിരുന്നു അവരുടെ ജീവിതം. സരള മനുവിനെ ഗർഭിണി ആയിരിക്കുന്ന സമയത്താണ് അങ്ങാടിയിൽ രണ്ട് തൊഴിലാളി സംഘടനകൾ തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ക്രൂരമായി ആക്രമിക്കപ്പെട്ട കൃഷ്ണൻ കുട്ടി ആത്മരക്ഷാർത്ഥം ഒരാളെ കുത്തി. കുത്തുകൊണ്ടയാൾ ആശുപത്രിയിൽ വച്ച് മരിച്ചതോടെ കൃഷ്ണൻ കുട്ടി ജയിലിലായി. 
മാസങ്ങൾക്കു ശേഷം, പിഞ്ചു കുഞ്ഞിനേയുമെടുത്തു പല പ്രാവശ്യം സരള പാർട്ടി ആപ്പീസുകൾ കയറിയിറങ്ങിയെങ്കിലും എല്ലാവരും കൈമലർത്തി. പിഞ്ചു കുഞ്ഞിനേയും തോളിലിട്ടുകൊണ്ട് സരള പലവിധ കുലിപണികൾ ചെയ്തു മനുവിനെ വളർത്തി. 
മനു ഇപ്പോൾ രണ്ടാം ക്ലാസിലാണ്. കഴിഞ്ഞാഴ്ച ജയിലിൽ നിന്നും കത്ത് വന്നിരുന്നു. ഇന്ന് കൃഷ്ണൻ കുട്ടി ജയിലിൽ നിന്നിറങ്ങുമെന്നായിരുന്നു ഉള്ളടക്കം.
മനു അച്ഛനെ കാണാൻ അന്നുമുതൽ കാത്തിരിപ്പാണ്. സരളയോട് കുറെ ചോദ്യങ്ങൾ ചോദിക്കും.. "അമ്മാ അച്ഛൻ കറുത്തതാണോമ്മ.. 
അച്ഛൻ വെളുത്തതാണോമ്മാ... " 
"നീ അച്ഛൻ വരുമ്പം കണ്ടാൽ മതി.. " ചിരിയോടെ സരള പറയും. രാവിലെ സ്കൂളിൽ പോവുന്നില്ലെന്നു പറഞ്ഞതാണ് മനു. സരള ഉന്തിത്തള്ളി വിട്ടതാണ്. 
**********************
ഉമ്മറത്ത് മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ദൂരേക്കു കണ്ണ് നട്ട് സരള ഇരിക്കുകയാണ്.മനു അച്ഛനെ കാത്തിരുന്ന് പ്ലാസ്റ്റിക് കസേരയിരുന്നു ഉറങ്ങിപ്പോയി. സരള എഴുന്നേറ്റു അവനെ എടുത്തു തറയിൽ വിരിച്ചിരുന്ന തഴ പായയിൽ കിടത്തി പുതപ്പു കൊണ്ട് പുതപ്പിച്ചിട്ടു അവന്റെ കുഞ്ഞുമുഖത്തേക്കു നോക്കി.. ആ ഉറക്കത്തിലും ഒരു ചെറുപുഞ്ചിരി അവന്റെ ചുണ്ടുകളിൽ അവൾ കണ്ടു. 
********************
വീടിനു പുറകുവശത്തെ റോഡിൽ ഒരു വണ്ടി ചവിട്ടി നിറുത്തുന്ന ശബ്ദം കേട്ടാണ് മയങ്ങിപ്പോയ സരള ഞെട്ടി ഉണർന്നത്. മണ്ണെണ്ണവിളക്കു കരിന്തിരി കത്താൻ തുടങ്ങിയിരുന്നു. പുറത്തു നിർത്തിയ വാഹനത്തിൽ നിന്നും ഇറങ്ങുന്ന കനത്ത ബൂട്ടിന്റെ ശബ്ദം അവളുടെ കാതിൽ തട്ടി. മുറ്റത്തേക്കു കയറിയ രണ്ടുമൂന്നു കാക്കിവേഷധാരികളിൽ ഒരാൾ മുരണ്ടു. "സരളയല്ലേ.. " അയാൾ ചോദിച്ചു. അവൾ തലയാട്ടി. "സരള ഞങ്ങളുടെ കൂടെ അത്യാവശ്യമായി ജനറൽ ആശുപത്രി വരെ ഒന്ന് വരണം.. പേടിക്കാനൊന്നുമില്ല.. ജയിലിൽ നിന്നും ഇറങ്ങിയ കൃഷ്ണൻ കുട്ടിയെ വരുന്ന വഴിയിൽ ആരോ കുത്തി.. ആശുപത്രിയിലാ.. അവിടം വരെ ഒന്ന് വരണം.. "അയാൾ പറഞ്ഞു നിർത്തി. തൊണ്ടയിൽ ഒരു ആർത്തനാദം കുരുങ്ങിയത് അവൾ അറിഞ്ഞു . പെട്ടെന്ന് മനുവിനെ അവൾ വിളിച്ചുണർത്തി. "അച്ഛൻ വന്നോമ്മാ ".. കുഞ്ഞിക്കണ്ണുകൾ പ്രയാസപ്പെട്ടു തുറന്നു കൊണ്ടവൻ ചോദിച്ചു. 
********************;
പോലീസ് ജീപ്പ് നേരെ ജനറൽ ആശുപത്രിയുടെ മോർച്ചറിക്കു മുന്നിലാണ് നിന്നത്. ഒരു ഞെട്ടലോടെ അവൾ അടുത്തിരുന്ന പോലീസുകാരനെ നോക്കിയെങ്കിലും അയാൾ മുഖം തിരിച്ചു കളഞ്ഞു. വരാന്തയിലെ സ്‌ട്രെച്ചറിൽ വെള്ളത്തുണി കൊണ്ട് മൂടിയ ശരീരത്തിലേക്കു അവൾ ആർത്തലച്ചു വീണപ്പോഴും, മനു കാര്യമറിയാതെ , അവളുടെ സാരിത്തുമ്പിൽ പിടിച്ചു കൊണ്ട് അവളുടെ മുഖത്തേക്കു പകച്ചു നോക്കുന്നുണ്ടായിരുന്നു.. 
*****************
Binu Kallarackal
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo