Slider

മുട്ടബുർജി

0

"കാലിത്തൊഴുത്തിൽ പിറന്നവനേ..
കരുണ നിറഞ്ഞവനേ..
കരളിലെ ചോരയാൽ പാരിന്റെ പാപങ്ങൾ
കഴുകിക്കളഞ്ഞവനേ... " പാട്ട് തീർന്നതിനോടൊപ്പം റാഫേലച്ചൻ ആശിർവാദം പറഞ്ഞു ആരാധന അവസാനിപ്പിച്ചിട്ടും ജൈനാമ്മ കണ്ണുകൾ അടച്ചു മുട്ടിന്മേൽ തന്നെ നിൽക്കുകയായിരുന്നു. ആളുകൾ പിരിഞ്ഞു തുടങ്ങിയിരുന്നു. റാഫേലച്ചൻ അടുത്തേക്ക് വന്ന് ചുമലിൽ തട്ടിയപ്പോൾ അവർ കണ്ണുതുറന്നു. കവിളിലൂടെ ഒഴുകിയ കണ്ണുനീർ സാരിത്തലപ്പുകൊണ്ട് തുടച്ചിട്ട് അവർ അച്ചനെ നോക്കി മന്ദഹസിക്കാൻ ശ്രമിച്ചു പരാജയപെട്ടു. "വീട്ടിൽ പ്രത്യേക ചടങ്ങുകൾ വല്ലതുമുണ്ടോ.. " അച്ചൻ ചോദിച്ചു. " ഇല്ലച്ചോ.. എല്ലാ വർഷത്തെയും പോലെത്തന്നെ.. " അവർ മറുപടി പറഞ്ഞുകൊണ്ടെഴുന്നേറ്റു. സാവധാനം തിരിഞ്ഞു, പള്ളിയുടെ ഒരു മൂലയിൽ കവറിലാക്കി നേരത്തെ വച്ചിരുന്ന റോസാപ്പൂക്കൾ എടുത്തുകൊണ്ടു സെമിത്തേരിയിലേക്കു നടന്നു. ഒരു കല്ലറയുടെ മുന്നിൽ മുട്ടുകുത്തി, കല്ലറയുടെ മുകളിൽ പൂക്കൾ അർപ്പിച്ചു. കണ്ണടച്ച് പതുക്കെ സംസാരിച്ചു. " നീ പോയിട്ട് ഇന്നേക്ക് ആറുകൊല്ലമായി. എന്നെ തനിച്ചാക്കി നീയും പപ്പായും സ്വർഗത്തിൽ ഒരുമിച്ചു സന്തോഷിക്കുവാണല്ലേ.. മമ്മിയും വരുന്നുണ്ട് ഉടനേ.. അങ്ങനെ നിങ്ങൾ രണ്ടുപേരും കൂടെ ഒറ്റയ്ക്ക് സുഖിക്കണ്ട.. പിന്നെ നിനക്കിഷ്ടമുള്ള മുട്ടബുർജി ഞാൻ ഉണ്ടാക്കി കൊണ്ട് വന്നിട്ടുണ്ട്.. " ജൈനാമ്മ കവറിൽ നിന്നും ഒരു കറി പാത്രം എടുത്തു കല്ലറയുടെ മുകളിൽ വച്ചു. ജൈനമ്മയുടെ കണ്ണുകൾ പിന്നെയും പൊട്ടിയൊഴുകി, പിന്നെ അതൊരു പൊട്ടിക്കരച്ചിലായി മാറി.. ആറ് വർഷങ്ങൾ.. ജൈനമ്മയുടെ ചിന്തകൾ പുറകിലേക്ക് പോയി..
***************
അന്ന് സ്കൂൾ വിട്ടുവന്നപ്പോൾ മുതൽ ആറുവയസുകാരൻ റിജുമോൻ അമ്മയുടെ ചുറ്റും നടപ്പാണ്. കൊടുത്ത ചായ പകുതി കുടിച്ചിട്ട് മേശപ്പുറത്തു വച്ചിട്ടുണ്ട്. "അമ്മേ.. അമ്മക്ക് മുട്ടബുർജി ഒണ്ടാക്കാനറിയോ.." അവൻ ചോദിച്ചു. "അറിയാല്ലോ.. എന്തേ.. ?" അവൾ ചോദിച്ചു. " അതേ.. ഇന്ന് ജയിംസിന്റെ അമ്മ അവനു മുട്ടബുർജിയാ ഉണ്ടാക്കികൊടുത്തുവിട്ടത്. ഉച്ചക്ക് അവൻ എനിക്കും തന്നു.. എന്ത് രുചിയാന്നറിയോ... അമ്മ എനിക്ക് നാളെ മുട്ടബുർജി ഒണ്ടാക്കി തരോ...അമ്മാ " അവൻ കിണുങ്ങി. " നാളെ രാവിലെ കടയിൽ പോയി മുട്ട വാങ്ങിച്ചോണ്ട് വന്നാൽ അമ്മ ഉണ്ടാക്കിത്തരാട്ടോ.. "ജൈനമ്മ പറഞ്ഞപ്പോൾ അവന് സന്തോഷമായി. ആട്ടോ ഡ്രൈവറായ കുഞ്ഞുമോന്റെയും ജൈനമ്മയുടെയും ഏകമകനാണ് റിജുമോൻ. വിവാഹം കഴിഞ്ഞിട്ട് അഞ്ചുകൊല്ലത്തിനുശേഷം ആറ്റുനോറ്റുണ്ടായ മകൻ. രണ്ടാം ക്ലാസ്സിലാണ് പഠനം.
പിറ്റേന്ന് രാവിലെ ഉണർന്നപ്പോൾ തന്നെ അവൻ അമ്മയുടെ മുൻപിൽ ഹാജരായി. " അമ്മാ.. മുട്ട വാങ്ങാൻ പൈസാ താ.. " അവൻ ചോദിച്ചു. ജൈനമ്മ തയ്യൽമെഷിന്റെ അറയിൽ നിന്നും പത്തുരൂപ നോട്ടെടുത്തു അവന്റെനേർക്കു നീട്ടി. "ചായ കുടിച്ചിട്ട് പോടാ.. " "ഞാൻ വന്നിട്ട് കുടിക്കാമമ്മാ... " അവൻ കുടുകുടാ ചിരിച്ചുകൊണ്ട് പൈസയും വാങ്ങി കടയിലേക്കോടി. ജൈനമ്മ അടുക്കളയിലേക്കു നടന്നു.
********************
മുട്ടയും വാങ്ങി പെട്ടെന്ന് തന്നെ റിജുമോൻ തിരിഞ്ഞു നടന്നു. വീടെത്താറായപ്പോൾ അപ്പുറത്തെ വീട്ടിലെ സാബുച്ചേട്ടൻ (മെന്റൽ സാബു ) എതിരെ വരുന്നു. അവനെക്കണ്ടു പതിവില്ലാതെ സാബുവൊന്നു ചിരിച്ചു, അവനും ചിരിച്ചു. സാബുവിന്റെ കണ്ണുകളൊന്നു തിളങ്ങിയോ... " മോൻ ഇങ്ങു വന്നേ.. പറയട്ടെ.. " സാബു വിളിച്ചപ്പോൾ, " എന്താ ചേട്ടാ.. " എന്ന് ചോദിച്ചുകൊണ്ട്, ചിരിച്ചുകൊണ്ട്, അവൻ സാബുവിനടുത്തേക്കു ചെന്നു. അടുത്തുചെന്നതും, സാബു റിജുവിനെ പൂണ്ടടക്കം കെട്ടിപ്പിടിച്ചുകൊണ്ടു അരയിൽനിന്നും കത്തി ഊരി ആ പിഞ്ചുബാലന്റെ പള്ളയിലേക്കു കുത്തിക്കയറ്റി. റിജുവിന്റെ കയ്യിൽനിന്നും മുട്ടപ്പൊതി താഴെവീണുടഞ്ഞു ചിതറി. അവൻ അലറിക്കരഞ്ഞു. അവന്റെയും, അടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെയും അലറിക്കരച്ചിൽ കേട്ടുകൊണ്ടാണ് ജൈനമ്മ പെട്ടെന്ന് വെളിയിലേക്കു വന്നത്. അവിടെ കണ്ട കാഴ്ച... പള്ളയിൽ നിന്നും വലിച്ചൂരി എടുത്ത കത്തികൊണ്ട് നിലത്തു വീണുകിടക്കുന്ന കഴുത്തിലേക്ക് കുത്തിയിറക്കുന്നു. ജൈനമ്മക്കു പെട്ടെന്നൊന്നും മനസിലായില്ല. മനസിലായി വന്നപ്പോഴേക്കും കഴുത്തിൽ നിന്നും കത്തിപോലും ഊരാതെ സാബു ഓടിരക്ഷപെട്ടിരുന്നു. അലറിക്കരഞ്ഞുകൊണ്ടു ഓടിയെത്തിയ ജൈനമ്മ കുഞ്ഞിന്റെ കഴുത്തിൽ നിന്ന് കത്തി ഊരിമാറ്റുമ്പോഴേക്കും റിജുവിന്റെ പിടച്ചിൽ നിലച്ചിരുന്നു. മകന്റെ, ചോരയിൽകുളിച്ച ശരീരത്തിലേക്ക് ആ അമ്മ ബോധമറ്റു വീണു. ജൈനമ്മയുടെ ഭർത്താവായ കുഞ്ഞുമോനോട് കാശ് കടം ചോദിച്ചിട്ടു കൊടുക്കാത്തതിന്റെ പ്രതികാരമാണ്, മദ്യത്തിനും മയക്കുമരുന്നിനും അടിമയായ സാബു ആ ചെയ്തത്. രണ്ടുദിവസം മുൻപും ജൈനമ്മയുടെ കയ്യിൽനിന്നും ചായവാങ്ങി കുടിച്ചവനാണ് സാബു. സാബുവിനെ പോലീസ് 'സാഹസികമായി ' കീഴടക്കി.
മകന്റെ മരണം ജൈനമ്മയിൽ വലിയ ആഘാതമേൽപ്പിച്ചെങ്കിലും കുഞ്ഞുമോൻ നിസ്സംഗനായി കാണപ്പെട്ടു. പക്ഷെ, ഒരുവർഷത്തിനുശേഷം,കുഞ്ഞുമോൻ പെട്ടെന്നൊരുനാൾ തളർന്നുവീണ് മരിച്ചു. മകന്റെ മരണം അയാളുടെ ഹൃദയം തകർത്തിരുന്നു.
******************
" ജൈനമ്മേ.. " റാഫേലച്ചന്റെ വിളി കേട്ടപ്പോളാണ് ജൈനമ്മ കല്ലറയിൽ നിന്നും തല ഉയർത്തിയത്. അച്ചൻ അവളുടെ ചുമലിൽ കൈവച്ചു. " ആശ്വസിപ്പിക്കാൻ ഞാനശക്തനാണ്.. ദൈവം തന്നു, ദൈവം എടുത്തു.. അവിടുത്തെ നാമം വാഴ്ത്തപ്പെടട്ടെ... '' അച്ചൻ പറഞ്ഞുകൊണ്ട് അവളോടൊപ്പം പള്ളിയുടെ പുറത്തേക്കുള്ള പടിക്കെട്ടുകൾ ഇറങ്ങാൻ തുടങ്ങി. "അമ്മാ... " പുറകിൽ നിന്നും ഒരു വിളി കേട്ടുവോ.. ജൈനമ്മ തിരിഞ്ഞുനോക്കി. കല്ലറയുടെ മുകളിൽ വച്ചിരുന്ന പൂക്കൾ കാറ്റിലിളകുന്ന ത് അവൾ കണ്ടു.
(Inspired by a real incident that happened in Kerala)
*****************
സമർപ്പണം : അടുത്തിടെ മധ്യകേരളത്തിൽ, ഒരു മദ്യപാനിയുടെ കരങ്ങളാൽ, പൊതുവഴിയിൽ, പട്ടാപ്പകൽ ക്രൂരമായി കൊലചെയ്യപ്പെട്ട കുരുന്നിന്റെ കണ്ണീരോർമ്മകൾക്കു മുൻപിൽ സമർപ്പിക്കുന്നു.
*******
വാൽക്കഷണം : മാനസികരോഗികളെന്ന ലേബലിൽ അനേകം ക്രിമിനലുകൾ നമ്മുടെ നാട്ടിൽ വിലസുന്നുണ്ട്. ആൺപെൺ വ്യത്യാസമില്ലാതെ അനേകം പിഞ്ചുകുഞ്ഞുങ്ങൾ, ഇവരാൽ, കൊല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്. നമ്മുടെ കുഞ്ഞുങ്ങളെ നമുക്ക് ശ്രദ്ധിക്കാനും സൂക്ഷിക്കാനും കഴിയട്ടെ.
=======================================
ബിനു കല്ലറക്കൽ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo