ജോലി കഴിഞ്ഞ് കിലോമീറ്ററുകള്‍ക്കപ്പുറമുള്ള വീട്ടിലേക്കുള്ള ബസ്സ് യാത്രയില്‍, തൊട്ടരികെയുള്ള ഒഴിഞ്ഞ സീറ്റില്‍ മഞ്ഞച്ചുരിദാറിട്ട യുവതി വന്നിരുന്നു. സഹയാത്രികയോടുള്ള എല്ലാ സ്നേഹബഹുമാനങ്ങളോടും കൂടി എന്‍റെ സീറ്റില്‍ ഞാന്‍ ഒതുങ്ങിയിരുന്നു. കണ്ടക്ടര്‍ ടിക്കറ്റുമായെത്തി. തിരക്കുണ്ടായിരുന്നു ബസ്സില്‍. യുവതി പേഴ്സ് തുറന്ന് കാശ് കൊടുത്തു. അവരുടെ മുഖത്ത് ഒരു വല്ലായ്ക നിറഞ്ഞു നിന്നിരുന്നു. ബസ്സ് കുറ്റ്യാടി ചുരത്തിന്‍റെ വളവുതിരിവുകള്‍ തെറ്റാതെ എണ്ണാന്‍ തയ്യാറെടുക്കുന്നു. എല്‍ കെ ജി കുട്ടി ആദ്യമായി എണ്ണുമ്പോഴുള്ള ഒാര്‍ത്തെടുക്കലിന്‍റെ മൂളലുണ്ടിപ്പോള്‍ ബസ്സിന്. ചുരമിറങ്ങുന്നതിനു മുമ്പ് വയനാടിന്‍റെ തണുപ്പുള്ള രണ്ട് വളവുകളുണ്ട്. കയറ്റത്തിനൊടുവില്‍ തെങ്ങുകളുടെ നാട്ടിലേക്കിറക്കം. എവിടെ നിന്നോ ഒരു തേങ്ങല്‍ കേട്ടുവോ? ഞാന്‍ കാതുകള്‍ കൂര്‍പ്പിച്ചു. തോന്നലാവാം. ശരീരത്തോടൊപ്പം മനസ്സും വയ്യെന്നു പറയുമ്പോള്‍ തോന്നലുകളുടെ ശക്തി കൂടാറുണ്ട്. അതാവാം. മുഖമൊന്ന് തിരിച്ചപ്പോള്‍ അതല്ല. അടുത്ത സീറ്റിലെ യുവതിയാണ്. ആദ്യം രണ്ടും കല്‍പ്പിച്ചു ഞാന്‍ മിണ്ടാതിരുന്നു. വെറുതേ ഇടപെടണോ? വേണ്ട . അന്യരെ അവരുടെ സ്വകാര്യ ദുഃഖങ്ങളിലും സന്തോഷങ്ങളിലും തനിച്ചു വിടുന്നതാണുചിതം. പക്ഷേ ഒരു യുവതി തനിയെ? തേങ്ങലിന്‍റെയും നെടുവീര്‍പ്പിന്‍റെയും അളവ് കൂടിയപ്പോള്‍ തൊട്ടടുത്തിരുന്ന ഞാന്‍ ഇടപെട്ടു. വളരെ സൗമ്യനായി ഞാന്‍ ചോദിച്ചു.
''എന്തു പറ്റി?''
യുവതി ബസ്സിന്‍റെ തേങ്ങലിനെ കൂട്ടുപിടിച്ചെന്നോണം നിശ്ശബ്ദത പാലിച്ചു. മറ്റൊരാളെ എന്തിനു വെറുതെ സ്വന്തം ആധികളിലൂടെ നത്തണം?
ബസ്സിപ്പോള്‍ വേഗത കുറച്ച് ചുരത്തിന്‍റെ ചെരിഞ്ഞ വളവുകളോട് മല്ല് ചെയ്യുകയാണ്. വന്നുപെട്ട ദുര്യോഗങ്ങളെന്തോ ഓര്‍ത്ത് മനസ്സുവെന്ത് തനിയെ ഒരു യുവതിയും അവരുടെ കണ്ണീര്‍ച്ചാലൊഴുകുന്ന മുഖവും നോക്കി എന്തെങ്കിലും ചോദിക്കാന്‍ എനിക്ക് മനസ്സു വന്നില്ല. എങ്കിലും ഞാന്‍ ചോദ്യമാവര്‍ത്തിച്ചു.
''എന്തു പറ്റീ... പറയ്യ് ''
മറ്റു യാത്രക്കാര്‍ തന്‍റെ അപ്പോഴുള്ള അവസ്ഥ കാണാതിരിക്കാന്‍ യുവതി ശ്രമിച്ചു കൊണ്ടിരുന്നു.
'' എന്‍റെ സ്മാര്‍ട്ട് ഫോണ്‍ എവിടെയോ കളഞ്ഞു പോയിരിക്കുന്നു. ''
നിസ്സാരമായ ഒരു കാര്യത്തിന് ഇവര്‍ ഇത്രയും സങ്കടപ്പെട്ടാല്‍...... ?
'' അതല്ല വിഷയം അതിലൊരു മെമ്മറി കാര്‍ഡുണ്ടായിരുന്നു......അതിലെന്‍റെ മോളുവിന്‍റെ കുറേ ഫോട്ടോസും വീഡിയോസും ഉണ്ടായിരുന്നു.... അവളുടെ അഞ്ച് പിറന്നാളുകള്‍...ഒന്നുമില്ലാതിരുന്ന ഞങ്ങളുടെ ജീവിതത്തിന് അവള്‍ തന്ന ഒാര്‍മ്മകള്‍ .... ഒക്കെയും...''
അദൃശ്യമായ ഏതോ കാതുകള്‍ കേള്‍ക്കാന്‍ വേണ്ടി അകലെ നിന്നാരോ പറയുന്നതായി യുവതിയുടെ വാക്കുകള്‍ അടുത്തു നിന്നായിരുന്നിട്ടും എനിക്കു തോന്നി.ദുഃഖം തളം കെട്ടിയ വാക്കുകള്‍! ഞാന്‍ എന്‍റെ ആദ്യത്തെ സ്മാര്‍ട്ട് ഫോണ്‍ നഷ്ടമായതോര്‍ത്തു. മകളുടെ കുട്ടിക്കാലം മുഴുവന്‍ നിറച്ചുവെച്ചിരുന്നു ഞാനതില്‍. ഓര്‍ക്കേണ്ടതോര്‍ക്കാതെ എല്ലാം മെമ്മറി കാര്‍ഡില്‍ സൂക്ഷിച്ചുവെക്കുന്നതിനോട് അന്നു ഞാന്‍ പിണക്കത്തിലായി. ബസ്സിന്‍റെ ഇരമ്പലില്‍ ഇപ്പോഴും ഒരു തേങ്ങലുണ്ട്. എന്നത്തേക്കാളും കൂടുതലുണ്ടോ? തോന്നലാവാം.
കണ്ണീര്‍ച്ചാലുകള്‍ പിന്നെയും തുടര്‍ന്നുകൊണ്ടിരുന്നു , വാക്കുകള്‍ മുറിഞ്ഞു വീണുകൊണ്ടും.
'' നാലു മാസം മുമ്പ് മകള്‍ ഞങ്ങളെ വിട്ടുപോയി.അവളിനി ഞങ്ങളോടൊപ്പമില്ല. അവളെ കുറിച്ചോര്‍ക്കാന്‍ അതിലെ റിക്കാര്‍ഡുകളേ ഉണ്ടായിരുന്നുള്ളൂ.....''
ബസ്സിപ്പോള്‍ താഴ്വാരത്തെത്തിയിരിക്കുന്നു. മനസ്സിന്‍റെ താഴ്വാരത്തിപ്പോള്‍ കാണാതെപോയ ഒരു മെമ്മറി കാര്‍ഡിനൊപ്പം ഓര്‍മ്മയെ തേടുന്ന ഒരു കാലക്കേട് പതിയെ നൊമ്പരമാകുന്നു.
************************************
വി സി അനൂപ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക