നല്ലെഴുത്തുകളെല്ലാം വായിക്കാൻ - http://www.nallezhuth.com ====
"അങ്ങ്ട് അകത്തേക്കിരുന്നോ സത്യാ......." കള്ളുങ്കുടത്തില്‍ ചത്തുപൊന്തിയ തേനീച്ചക്കൂട്ടത്തെ കോരികളഞ്ഞുകൊണ്ട് ഷാപ്പുകാരന്‍ പറഞ്ഞു.
"ഒരു പന രണ്ട് കപ്പിലാക്കീട്ട് ഇങ്ങ് തന്നാതീ....."
തലയിലെ വട്ടക്കെട്ട് അഴിച്ച് കുടഞ്ഞ് സത്യന്‍ മുഖം തുടച്ചു.
"അരേണ്ട് എന്താവാനാ......?"
സത്യന്‍ ഒരേമ്പക്കത്തോടെ മറുപടി പറഞ്ഞു.
"ദാഹംമാറി, അതുമതി"
സത്യനും കുട്ടപ്പനും വീട്ടിലേക്ക് നടന്നു.
"സത്യോ......"
കായകച്ചവടക്കാരന്‍ വറീത് പിന്നില്‍ നിന്നും വിളിച്ചു.
"അച്ഛനും മകനും രാവിലെ തന്നെ എന്താ മരാമത്ത്?"
'കപ്പയ്ക്ക് കുറച്ച് മണ്ണിടാന്‍ പോയതാ........'
വറീത് കാര്യത്തിലേക്ക് കടന്നു.
"മേലേപാടത്തെ വാഴത്തോട്ടം ഞാന്‍ നെരത്തട്ടേ......?
കൊല ഒന്നിന് എന്തു തരണം?
കമ്മതികണക്കില് കൂട്ടാം."
സത്യന്‍ ഒന്നാലോചിച്ച ശേഷം പറഞ്ഞു.
"അതുഞാന്‍ പിന്നെ പറയാം. ഇപ്പൊ വീട്ടിലൊരു പൂജകദളി ഉണ്ട്. അതങ്ങ് മിന്നിക്കോ....."
സിഗരറ്റിന് തീകൊടുത്തുകൊണ്ട് വറീത് ചോദിച്ചു.
"എന്തുതരണം ?"
'മുന്നൂറ്'
"നൂറില്‍ ഒരുര്‍പ്പ്യ കൂടില്ല..... "
'എന്നാലത് അണ്ണയും കിളിയും തിന്നുപോട്ടെ...'
കച്ചവടം പൊട്ടിപോയി. സത്യനും കുട്ടപ്പനും വീട്ടിലേക്കു ള്ള നടത്തം തുടര്‍ന്നു.
വാഴയുടെ ചോട്ടില്‍ നിന്ന് സത്യന്‍ ഉറക്കെ വിളിച്ചു.
"അജ്യേ.......... ഒരു മടാള് ഇടുക്ക്യോ......"
വാഴക്കുലവെട്ടി ചാക്കില്‍കെട്ടി അടുപ്പിന്‍റെ അട്ടത്ത് കെട്ടിതൂക്കിയ ശേഷം കുട്ടപ്പനോട് പറഞ്ഞു
"നാളെ അച്ഛന്‍റെ കുട്ടി നേരത്തെ എണീക്കണം. മ്മക്ക് വാഴേങ്കട വരെയൊന്ന് പോകണം"
കുട്ടപ്പനാണ് അച്ഛനേയും അമ്മയേയും വിളിച്ചുണര്‍ത്തിയത്. അവര്‍ കുളിച്ചൊരുങ്ങി, പഴം ഇരിഞ്ഞ് സഞ്ചിയിലാക്കി യാത്ര പുറപ്പെട്ടു.
"ദേവിടെ ഒരു ഫോട്ടോ വാങ്ങീട്ട് വരണേ........"
അജിതയുടെ ഏല്പനയാണ്.
അമ്പലത്തിലെ മുഖ്യ വഴിപാടാണ് കദളിപഴം. പഴക്കച്ചവടക്കാര്‍ വേറേയും ഉണ്ട്. അവര്‍ പഴം ഒന്നിന് പത്തും എട്ടും വാങ്ങുന്നുണ്ട്. സത്യന്‍ ആറിന് വില്‍ക്കാന്‍ തീരുമാനിച്ചു. അമ്പലത്തിലെ തിരക്കൊഴിയുന്നതിനു മുന്‍പേ പഴംവിറ്റഴിച്ചു. സത്യന്‍ പൈസ കുട്ടപ്പനെ എണ്ണാനേല്‍പ്പിച്ചു.
അറനൂറ്റിമുപ്പത് രൂപ....!
ഭാര്യയേല്പിച്ച ഫോട്ടോ വാങ്ങി നേരെ ആനന്ദഭവന്‍ ഹോട്ടലില്‍ കയറി. പ്ലേറ്റില്‍ ഒതുങ്ങാത്ത നെയ്റോസ്റ്റിനെ അടിച്ചൊതുക്കികൊണ്ട് കുട്ടപ്പന്‍ ചോദിച്ചു
"വറീത്ക്കാക്ക് വേണം, അവറാച്ചന് വേണം, ഉണ്ണികണ്ണേട്ടന് വേണം. മേലേപാടത്തെ വാഴത്തോട്ടം ആര്‍ക്ക് കൊടുക്കും അച്ഛാ............?"
സംശയംകൂടാതെ സത്യന്‍ പറഞ്ഞു
"ആര്‍ക്കും കൊടുക്കില്ല......."
'പിന്നെന്തു ചെയ്യും?'
സത്യന്‍റെ മുഖം വാടി. ചില ഓര്‍മകള്‍ അയാളെ വേദനിപ്പിച്ചു.
കുറച്ച് വെള്ളം കുടിച്ചിട്ട് സത്യന്‍ കുട്ടപ്പന് ഉത്തരത്തിനു പകരം കുറച്ച് ചോദ്യങ്ങളാണ് നല്കിയത്.
"എന്‍റച്ഛന്‍, അതായത് നിന്‍റെ മുത്തച്ഛന്‍ ആരായിരുന്നു?"
'കൃഷിക്കാരന്‍'
"എങ്ങനെ മരിച്ചു?"
'തൂങ്ങിമരിച്ചു'
"എന്തിന്?"
'കടം കേറീട്ട്.'
കൈകഴുകി നടക്കുമ്പോള്‍ സത്യന്‍ കുട്ടപ്പന്‍റെ തോളില്‍ കയ്യിട്ടുകൊണ്ട് ഉപദേശ സ്വരത്തില്‍ പറഞ്ഞു.
"കുട്ടപ്പാ.......എല്ലുമുറിയെ പണിയെടുത്തിരുന്ന നിന്‍റെ മുത്തച്ഛന്‍റെ മരണത്തില്‍ കച്ചവടക്കാരുടെ ചൂഷണത്തിനും പങ്കുണ്ട്.
കൃഷിക്കാരന്‍ എപ്പോഴും നല്ലൊരു കച്ചവടക്കാരനായിരിക്കണം."
ക്യാഷ് കൗണ്ടറില്‍ നിന്നുകൊണ്ട് സത്യന്‍ വിളിച്ച് പറഞ്ഞു.
" ഒരു നെയ്റോസ്റ്റ് പാര്‍സല്‍.......... നന്നായിക്കോട്ടേ ....... ന്‍റെ ചങ്കിനുള്ളതാണേ........"
കുട്ടപ്പന്‍ ചിന്തയിലാണ്.
"അച്ഛാ.... മേലേപാടത്തെ വാഴത്തോട്ടം....?"
സത്യന്‍ ആവേശത്തോടെ പറഞ്ഞു
"അത് നമ്മള് മിന്നും..... ദിവസം പത്തോ ഇരുപതോവച്ച് മിന്നും.
എന്താ നീ റെഡിയല്ലേ...."
'ഞാന്‍ റെഡി'
സത്യനും കുട്ടപ്പനുംമുഷ്ടികള്‍ കൂട്ടി മുട്ടിച്ച് പദ്ധതിക്ക് തറക്കല്ലിട്ടു.
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക