Slider

ഇരട്ടകളിലൊരാളായ്

0

ഇരട്ടകളിലൊരാളായ് അവന്‍ പിറന്നു വീണു. കൂടെ ജനിച്ചവന് ദൈവം സൗന്ദര്യവും
ഓമനത്തവും വാരിക്കോരി നല്‍കിയപ്പോള്‍ അവന്റെ കാര്യം മറന്നതാവും അതാവും
അവനിങ്ങനെ കറുത്ത് വിരൂപനായത്. വളര്‍ന്നു വരും തോറും താന്‍
ഒറ്റക്കാക്കപ്പെടുകയാണെന്ന് അവന്‍ തിരിച്ചറിയുകയായിരുന്നു.
ബന്ധുക്കള്‍ക്കും നാട്ടുകാരും തന്റെ ഇരട്ടയെ ഓമനിക്കുമ്പോള്‍ തന്നെ ആരും
ഗൗനിക്കാത്തത് അവനില്‍ നിരാശയുടെ കൊടും തീയുയര്‍ത്തി. അവരുടേയൊക്കെ
സ്‌നേഹം പിടിച്ചു പറ്റാനാണ് അവന്‍ ഇരട്ടയെ പോലെ കുറുമ്പ് കാണിക്കാന്‍
തുടങ്ങിയത്. അവനെ പോലെ വാശിപിടിക്കാന്‍ തുടങ്ങിയത്. പക്ഷെ അവന്റെ രൂപം
അവനെ എല്ലാവരില്‍ നിന്നും അകറ്റി നിര്‍ത്തി. താന്‍ ആര്‍ക്കും
വേണ്ടാത്തവനാകുന്നതും എല്ലാവരുടേയും മുമ്പില്‍ കൊള്ളരുതാത്തവനാകുന്നതും
അവന്‍ തിരിച്ചറിഞ്ഞു. അവന്റെ അഛന്‍ ഗള്‍ഫില്‍ നിന്ന് വരുമ്പോള്‍
വീട്ടിലും അയല്‍പക്കത്തുമൊക്കെ ഉത്സവമായിരിക്കും. പക്ഷെ അവന് മാത്രം
സങ്കടമാണ്. അവനായിട്ട് കാര്യമായ ഒരു സാധനവും കൊണ്ടു വരില്ല. ഗള്‍ഫില്‍
നിന്നു വരുന്നതിന്റെ ഒരു ആഴ്ച്ച മുമ്പ് അഛന്റെ ഫോണ്‍ വന്നപ്പോള്‍
വീട്ടിലോരോരുത്തരും അവര്‍ക്ക് വേണ്ട ലിസ്റ്റുകള്‍ വിളിച്ചു പറയുന്നത്
നിര്‍വികാര്യതയോടെ അവന്‍ നോക്കി നിന്നു. അമ്മയാണ് പറഞ്ഞത് വിജയ് നിനക്ക്
അഛനോട് ഒന്നും പറയാനില്ലെ, ഒരുപാട് നിര്‍ബന്ധിച്ചപ്പോള്‍ അഛനോട്
സംസാരിച്ചു. അഛന്‍ ചോദിച്ചു നിനക്കെന്താ വരുമ്പോള്‍ കൊണ്ടു വരേണ്ടത്.
അവന് എന്താണ് പറയേണ്ടത് എന്നറിയില്ലായിരുന്നു. ഒടുവില്‍ ഞെക്കിയാല്‍
ലൈറ്റ് തെളിയുന്ന കളര്‍ വാച്ച് കൊണ്ടു വരാന്‍ ആവശ്യപ്പെട്ടു അവന്‍ ഫോണ്‍
കൈമാറി. അന്നുമുതല്‍ ഒരാഴ്ച്ച അവനാ വാച്ചിനെക്കുറിച്ച് സ്വപ്‌നം കണ്ടു
നടക്കാന്‍ തുടങ്ങി. ആദ്യമായാണ് അവനൊരു കാര്യം അഛനോടാവശ്യപ്പെടുന്നത്.
അവന്റെ ക്ലാസിലെ വിപിന്‍ അഛന്‍ കൊണ്ടു വന്ന വാച്ചിന്റെ പ്രൗഡി
കാട്ടിനടക്കുന്നത് അവന്‍ കണ്ടിരുന്നു. അവന് സുഹൃത്തുകള്‍ കൊടുക്കുന്ന
പരിഗണനയും ബഹുമാനവുമൊക്കെ വാച്ചു കെട്ടിയാല്‍ തനിക്കും ലഭിക്കും
എന്നായിരുന്നു അവന്‍ കരുതിയിരുന്നത്. അങ്ങനെ അവന്റെ സ്വപ്‌നങ്ങള്‍ക്കും
കാത്തിരിപ്പിനും വിരാമം കുറിച്ച് വലിയ പെട്ടി നിറയെ സാധനങ്ങളുമായി അഛന്‍
വന്നു. രാത്രി ബന്ധുക്കള്‍ എല്ലാം വന്ന് പെട്ടി പൊളിക്കാന്‍
തുടങ്ങിയപ്പോള്‍ അവന്‍ ഉറ്റു നോക്കുകയായിരുന്നു. താന്‍ പറഞ്ഞ വാച്ച്,
ഓരോരുത്തര്‍ പെട്ടിയില്‍ നിന്ന് സാധനങ്ങള്‍ സ്വന്തമാക്കിക്കൊണ്ടിരുന്നു.
അപ്പോഴാണ് അവന്‍ അതു കണ്ടത് അവന്‍ പറഞ്ഞ കളര്‍ വാച്ച്. അവനത്
ചാടിയെടുത്തു. സ്വിച്ചിട്ടു നോക്കി കത്തുന്നുണ്ട്. അവന്‍ സന്തോഷത്തിന്റെ
പറുദീസയിലായിരുന്നു. അഛനെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കാന്‍ തോന്നി
തന്നോടപ്പോള്‍ അഛന് സ്‌നേഹമുണ്ടെന്നവന് മനസ്സിലായി. പെട്ടെന്നാണ് അഛന്‍
അവന്റെ കയ്യില്‍ നിന്ന് ആ വാച്ച് വാങ്ങിയത്, എന്നിട്ട് പറഞ്ഞു വിജയ് ഇത്
നിന്റെ അനിയന്(ഇരട്ട) വേണ്ടി കൊണ്ടു വന്നതാ അവന്‍ കുറേ നാളായി പറയ്ണു
വാച്ചിന്. നിനക്ക് ഞാന്‍ ഒരു പേന കൊണ്ടു വന്നിട്ടുണ്ടെന്ന് പറഞ്ഞ് ഒരു
പേനയെടുത്ത് തന്നു. കണ്ടാലെ അറിയാം വിലകുറഞ്ഞതാണെന്ന്. അവനൊന്നും
മിണ്ടാതെ ആ പേനയുമായ് അവിടെ നിന്ന് നടന്നു ബാത്ത്‌റൂമില്‍ കയറി ആരും
കാണാതെ പൊട്ടി പൊട്ടിക്കരഞ്ഞു. പേനകൊണ്ട് ചുമരുകളില്‍ അവന്‍ എന്തൊക്കെയോ
വരച്ചിട്ടു. പുറത്തെ ഇരുള്‍ തന്നെ മാടിവിളിക്കുന്നത് പോലെ. പേന ദൂരേക്ക്
വലിച്ചെറിഞ്ഞ് എന്തൊക്കെയോ പിറുപിറുത്ത് അവന്‍ ഇറങ്ങിനടന്നു. ഇരുളില്‍
അലിഞ്ഞു ചേര്‍ന്നു. പിന്നീടവന്‍ തന്റെ ആശകള്‍ ആരോടും പറഞ്ഞതേയില്ല,
പറയാന്‍ അവന് ശരീരമില്ലായിരുന്നു, മനസ്സും.
അജ്മല്‍ .സികെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo