കരുണാകരൻ മാഷിന്റെ ശവസംസ്കാരച്ചടങ്ങ് കഴിഞ്ഞ് ആളുകൾ പിരിഞ്ഞ് പോയപ്പോൾ ആ വലിയ വീട് നിശബ്ദതയിലാണ്ടു.പുറത്ത് പുൽതകിടിയിലിട്ട ചാരു കസേരയിൽ ശാന്തമായ മനസോടെ അയാൾ കിടന്നു. മാഷിന്റെ മൂത്ത മകനും വിദേശത്ത് ഡോക്ടറുമായ അനിൽ കരുണാകരൻ.
യഥാർതത്തിൽ അച്ഛന്റെ മരണവിവരം അറിഞ്ഞല്ലായിരുന്നു അനിൽ നാട്ടിലെത്തിയത്. അയാളുടെ ഏക മകൾക് സംഭവിച്ച അപകടമായിരുന്നു പെട്ടെന്ന് വരാനുണ്ടായ കാരണം.അമ്മയില്ലാത്ത കുട്ടിയാണ്. ആ ഒരു കുറവ് തോന്നാതിരിക്കാൻ ആവുന്നതൊക്കെ ചെയ്തിട്ടുണ്ട് ..താനും അങ്ങനെ തന്നെയാണല്ലോ വളർന്നു വന്നത്. എങ്കിലും ഒരു പെൺ കുഞ്ഞിന് അമ്മയുടെ സാനിധ്യം എത്രത്തോളം അത്യാവശ്യമാണെന്ന് അയാൾക്കറിയാമായിരുന്നു.
ഭാര്യയുടെ മരണ ശേഷം അനിലിന് വേണമെങ്കിൽ മറ്റൊരു വിവാഹം കഴിക്കാമായിരുന്നു. പക്ഷേ തന്റെ അച്ഛനെ പോലെ വിഭാര്യനായി തുടരാനാണ് അയാൾ ഇഷ്ടപ്പെട്ടത്.വിദേശത്തേക്ക് മോളെയും കൊണ്ട് പോയി. അവിടെ പഠിപ്പിച്ചു.കഴിഞ്ഞ അവധിക്ക് അവൾക്കായിരുന്നു വാശി. മുത്തച്ഛനേയും ഇളയച്ഛനേയും എളേമയേയും അവരുടെ മക്കളായ ചിന്നുവിനേയും തക്കുടുവിനേയുമൊക്കെ കാണണമെന്ന്. തിരക്കായതിനാൽ തനിക്ക് പോവാൻ കഴിയുമായിരുന്നില്ല. അതാണ് തനിച്ചയച്ചത്. പക്ഷേ.....
ഏട്ടനെ ഇൻസ്പെക്ടർ വിളിക്കുന്നുണ്ട്. അനിയന്റെ ഭാര്യ ബീന വന്ന് പറഞ്ഞു. അവൾ തൊട്ടടുത്ത സ്കൂളിൽ അധ്യാപികയാണ്. അനിയൻ ബാങ്ക് ഉദ്യോഗസ്ഥൻ. ചെന്ന് നോക്കിയപ്പോൾ ലിവിംഗ് റൂമിലെ സെറ്റിയിൽ ചെറുപ്പക്കാരനായ ഇൻസ്പെക്ടർ ഇരിപ്പുണ്ടായിരുന്നു.നേരത്തെ അറിയാവുന്ന ആളാണ്.കുടുംബ സുഹൃത്തെന്ന് വേണമെങ്കിൽ പറയാം. കണ്ട ഉടനെ അദേഹം അനുശോചനം അറിയിച്ചു.അൽപ നേരത്തെ കുശലാന്വേഷണങ്ങൾക്കൊടുവിൽ ഞങ്ങൾക്കിടയിൽ മൗനം വളർന്ന് തുടങ്ങിയപ്പോൾ പെട്ടെന്ന് ഇൻസ്പെക്ടർ ചോദിച്ചു. അച്ഛന് ശ്വസന സംബംദമായ അസുഖങ്ങൾ മുമ്പുണ്ടായിരുന്നോ? അതെ.. അനിൽ തലയാട്ടി. ഞാൻ ചോദിച്ചന്നേ ഉള്ളൂ. വഴി വക്കിൽ മരണപ്പെട്ട് കിടക്കുകയായിരുന്നല്ലോ.. അദ്ദേഹം തൊഴിലിന്റെ ഭാഗമായ അന്വേഷണ ബുദ്ധിയോടെ ചുഴിഞ്ഞ് നോക്കി. പോസ്റ്റ്മോർട്ടം വേണ്ടെന്ന് ഞാനാണ് പറഞ്ഞത് സാർ.. അനിൽ ചുണ്ടനക്കി.ഡോക്ടറെന്ന നിലയിൽ പരിശോധിച്ചപ്പോൾ അസ്വഭാവികമായി ഒന്നും കാണാൻ പറ്റിയില്ല. അത് കൊണ്ടാണ്.അച്ഛനൊരു ക്രോണിക് ആസ്ത്മ പേഷ്യന്റായിരുന്നു.
താങ്കളുടെ ഭാര്യയുടെ മരണവും ഇവിടെ വെച്ചായിരുന്നു അല്ലേ? ഇൻസ്പെക്ടർ ഇറങ്ങാൻ നേരം ചോദിച്ചു. അതെ ... അതൊരു അപകട മരണമായിരുന്നു. അനിൽ നിസംഗതയോടെ മറുപടി പറഞ്ഞു.
ഇൻസ്പെക്ടർ പോയ ശേഷം പുൽതകിടിയിലേക്ക് തിരിച്ച് നടക്കുമ്പോൾ മറക്കാൻ ശ്രമിച്ച ചിലതൊക്കെ അയാളുടെ ഓർമ്മയിലേക്ക് തികട്ടി വന്നു.
ഇൻസ്പെക്ടർ പോയ ശേഷം പുൽതകിടിയിലേക്ക് തിരിച്ച് നടക്കുമ്പോൾ മറക്കാൻ ശ്രമിച്ച ചിലതൊക്കെ അയാളുടെ ഓർമ്മയിലേക്ക് തികട്ടി വന്നു.
അപകടം പറ്റിയെന്നറിഞ്ഞ് തിരക്കിട്ട് ലീവെടുത്ത് മോളെ കാണാൻ ചെന്നപ്പോൾ അവളാകെ അവശ നിലയിലായിരുന്നു. സംസാരിക്കാൻ പോലുമാവാത്ത അവസ്ഥ.ഡിസ്ചാർജായി വീട്ടിലെത്തി കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ അയാൾക്ക് മനസ്സിലായി അവളിപ്പോൾ സ്കിയോ ഫോബിയ എന്ന അവസ്ഥയിലൂടെ കടന്ന് പോവുകയാണെന്ന്. നിഴലുകളോടുള്ള വല്ലാത്ത ഭയം. നിഴലുകൾക്ക് പിന്നിൽ എന്തോ ഒളിഞ്ഞിരിക്കുന്നു എന്നവൾ കരുതുന്നത് പോലെ തോന്നി. മുമ്പെങ്ങുമില്ലാത്ത വിധം എന്തിനായിരിക്കും നിഴലുകളെ മോൾ ഇത്രത്തോളം ഭയപ്പെടുന്നത്?
ശാന്തമായ ഒരു രാത്രിയിൽ അനിൽ മോളേയും കൂട്ടി നടക്കാനിറങ്ങി. അവളുടെ മ്ലാനത മാറ്റിയെടുക്കാനും പറ്റുമെങ്കിൽ അന്ന് എന്ത് സംഭവിച്ചു എന്നറിയാനും അയാൾക്ക് താൽപര്യമുണ്ടായിരുന്നു. വിജനമായ റോഡിലൂടെ നടക്കുമ്പോൾ മനഃപൂർവം നിഴലുകളെ പറ്റി സംസാരിക്കാൻ അനിൽ ശ്രമിച്ചു. ഒരു വസ്തുവിൽ പ്രകാശം പതിക്കുമ്പോൾ അതിന്റെ മറുവശം നിഴലായി കാണുന്നു. അതായത് പ്രകാശത്തെ തടസ്സപ്പെടുത്തുന്ന ഒരു വസ്തുവിന് മാത്രമേ നിഴൽ ഉണ്ടാക്കാൻ പറ്റുകയുള്ളൂ.... അല്ലാതെ നിഴലിന് പിന്നിൽ മറ്റൊന്നുമില്ല! അവളൊന്നും മിണ്ടാതെ നടന്ന് കൊണ്ടിരുന്നു. പിന്നെയും കുറേ ചോദിച്ചപ്പോഴാണ് അന്ന് സംഭവിച്ചത് എന്തെന്ന് പറയാൻ മടിയോടെ അവൾ തയ്യാറായത്.
അങ്ങാടിയിലെ കടയിൽ പോയി മടങ്ങി വരികയായിരുന്നു അവൾ. ഇത്ര ഇരുട്ടി സാധാരണ പുറത്തിറങ്ങാത്തതാണ്. കരിയാത്തൻ വളവിലെ തെരുവ് വിളക്ക് കഴിഞ്ഞ് അൽപ്പം നടന്ന് കാണും.. വിളക്കിലെ പ്രകാശത്തിൽ നിന്നകലും തോറും അവൾക്ക് മുന്നിലെ നിഴലും വലുതായിക്കൊണ്ടിരുന്നത് നോക്കിയായിരുന്നു നടപ്പ്. പെട്ടെന്നാണ് ഒരു ഭീമാകാരൻ നിഴൽ കൂടി പിറകിൽ പ്രത്യക്ഷപ്പെട്ടത് ശ്രദ്ധിച്ചത്. തിരിഞ്ഞു നോക്കാൻ കഴിയും മുമ്പേ വായ ആരോ പൊത്തിയിരുന്നു.. പിന്നീടൊന്നും ഓർമ്മയില്ല. ഹോസ്പിറ്റലിലെ ഡോക്ടർ പറഞ്ഞത് അനിൽ ഓർത്തു. മോൾ ക്രൂരമായ ലൈംഗിക പീഠനത്തിന് ഇര ആയിരുന്നു.
അവൾ പറഞ്ഞ് നിർത്തിയപ്പോൾ അവർ കരിയാത്തൻ വളവിലെ വിളക്ക് മരം പിന്നിട്ടിരുന്നു. മുന്നിൽ വളർന്ന് വലുതായ നിഴലുകൾ നോക്കി അച്ഛനും മകളും നിന്നു.. പെട്ടെന്ന് മൂന്നാമതൊരു ഭീമാകാരൻ നിഴൽ കൂടി പിറകിൽ കാണാൻ പറ്റി. അതൊരു രാക്ഷസനെ പോലെ അടുത്ത് വരികയായിരുന്നു. മോൾ പേടിയോടെ അനിലിനെ ഇറുക്കെ പിടിച്ചു.ഇത് തന്നെ ... ഇതാണ്... അവൾ പുലമ്പുന്നുണ്ടായിരുന്നു. ഞെട്ടലോടെ തിരിഞ്ഞ് നോക്കിയപ്പോൾ ആരോ നടന്ന് വരികയാണ്.. പിറകിൽ നിന്ന് വെളിച്ചമടിക്കുന്നതിനാലാവാം ആളുടെ മുഖം വ്യകതമായില്ല. അടുത്തെത്തിയപ്പോൾ മനസ്സിലായി.കരുണാകരൻ മാഷ് ! അച്ഛൻ എന്താ ഈ നേരത്ത് ?മാഷ് തല ചൊറിഞ്ഞ് നിന്നതേ ഉള്ളൂ... ആ മുഖത്തെ ഭാവം എന്താണെന്ന് കാണാൻ കഴിഞ്ഞില്ല.മദ്യ സേവ കഴിഞ്ഞുള്ള വരവാണെന്ന് മാത്രം മനസ്സിലാക്കാൻ കഴിഞ്ഞു.
പിറ്റേ ദിവസം പകൽ ആരുമില്ലാത്ത സമയത്ത് അനിൽ അച്ഛന്റെ മുറി പരിശോധിക്കുകയുണ്ടായി. പ്രഥമ ദൃഷ്ടിയാ ഒന്നും കണ്ടില്ലെങ്കിലും ഒളിച്ച് വെച്ച നിലയിൽ ഒരു പെട്ടി നിറയെ സ്ത്രീകളുടെ ഉപയോഗിച്ച അടിവസ്ത്രങ്ങളുണ്ടായിരുന്നു. കുടഞ്ഞിട്ടപ്പോൾ അതിലൊന്ന് അയാൾ പ്രത്യേകം തിരിച്ചറിഞ്ഞു. പണ്ട് ആ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ട അനിലിന്റെ ഭാര്യയുടെ ആയിരുന്നു അത്!
അന്ന് അനിൽ മോൾക്കൊരു കഥ പറഞ്ഞ് കൊടുത്തു. നിഴൽ കുത്തിന്റെ കഥ. ഒരാളുടെ നിഴലിനെറെ ഇടനെഞ്ചിൽ വെള്ളി കെട്ടിയ നാരായം കുത്തിയിറക്കി അയാളെ കൊലപ്പെടുത്തുന്ന മാന്ത്രിക വിദ്യ. മോർഫിൻ നിറച്ച സിറിഞ്ച് ഭദ്രമായി പൊതിഞ്ഞെടുത്ത് പുറത്തിറങ്ങുമ്പോൾ അനിൽ എന്ന ഡോക്ടർ ഓർത്തു.. ഉയർന്ന അളവിൽ മോർഫിൻ മനുഷ്യ ശരീരത്തിൽ ചെല്ലുമ്പോൾ അത് ഗുരുതരമായ ശ്വസന പ്രശ്നങ്ങൾക്കും പിന്നീട് മരണത്തിനും കാരണമാവുന്നു.
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക