ഓട്ടോക്കാരന് കുഞ്ഞാപ്പുവിന്റെ നമ്പറില്‍ മൂന്നുവട്ടം വിളിച്ചപ്പോഴാണ് ഫോണെടുത്തത്.അങ്ങേതലക്കല്‍ അവന്റെ പെങ്ങളാണ്.
"കുഞ്ഞാപ്പുവെവിടെ?ഒന്ന് ഭാര്യവീടുവരെ പോയിട്ട് വരാനായിരുന്നു.'
"അവന് നല്ല സുഖമില്ല.പനിച്ച് കിടപ്പാണ്.
കാര്യങ്ങളനേ്വഷിച്ച ശേഷം ഞാന്‍ ഫോണ്‍ വെച്ചു.ഞാന്‍ സ്‌ഥിരമായി വിളിക്കാറുള്ളയാളാണ് കുഞ്ഞാപ്പു.ഏതായാലും മറ്റൊരു ഓട്ടോ വിളിച്ച് യാത്രപോയി
പിറ്റേന്ന് തേക്കിന്‍ചുവട് അങ്ങാടിയിലേക്കിറങ്ങിയപ്പോഴാണ് നാട്ടുകാർ അദ്‌ഭുതത്തോടെ ആ സംഭവം വിവരിക്കുന്നത് കേട്ടത്.ഓട്ടോക്കാരന്‍ കുഞ്ഞാപ്പു ഇന്നലെ രാത്രി ജിന്നിനെക്കണ്ട് പേടിച്ചത്രെ!!
ബാവയാണ് ഒന്നുകൂടി വിശദീകരിച്ചു തന്നത്.എടവണ്ണയില്‍ നിന്ന് ഒതായി വഴി പത്തനാപുരത്തേക്ക് പോരുമ്പോള്‍ വിജനമായ ഒരു സ്‌ഥലത്തെത്തിയപ്പോള്‍ ശരീരം മുഴുവന്‍ മറയുന്നതരത്തില്‍ വെളുത്ത വസ്‌ത്രവുമണിഞ്ഞ ഒരാള്‍ റോഡ് മുറിച്ചുകടന്ന് മറുവശത്തുള്ള റബർതോട്ടത്തിലേക്ക് നടന്നുമറയുന്നത് കണ്ടത്രെ!എടവണ്ണ പാലം കയറുമ്പോള്‍ തന്നെ സമയം പന്ത്രണ്ടുകഴിഞ്ഞിരുന്നെന്നറിയുന്ന കുഞ്ഞാപ്പു എങ്ങിനെ പേടിക്കാതിരിക്കും.
കുഞ്ഞാപ്പുവിന്റെ വാർത്ത "വൈറലാ'യതോടെ അതേ സ്‌ഥലത്ത് വെച്ച് മറ്റുപലരും ഇതിഌമുന്‍പും ജിന്നിനെക്കണ്ടിരുന്നെന്ന വാർത്തകള്‍ അങ്ങാടിയിലെ പലരും പങ്കുവെച്ചു.ഏതായാലും അങ്ങാടിയില്‍ പത്തുമണിവരെ ജിയോ ഹോട്‌സ്‌പോട്ടില്‍ കറങ്ങിയിരുന്ന പലരും ഉള്ളിലെ പേടി പുറത്ത് കാണിക്കാതെ ചങ്ങാതിക്കൂട്ടങ്ങളോട് പലപല കാരണങ്ങള്‍ പറഞ്ഞ് നേരത്തെ വീട്ടില്‍കയറാന്‍ തുടങ്ങി.
ദിവസങ്ങള്‍ കടന്നുപോയി.ഒരുദിവസം ഞാന്‍ വീണ്ടും കുഞ്ഞാപ്പുവിനെ ഓട്ടം വിളിച്ചു.ഓട്ടം നിലമ്പൂരിലേക്കാണെന്നും തിരിച്ചുവരാന്‍ വൈകുമെന്നും പറഞ്ഞപ്പോള്‍,അവന്‍ വൈകുന്നേരം ഒരു ഓട്ടം ഏറ്റിട്ടുണ്ടെന്നും അതുകൊണ്ട് വരാന്‍ കഴിയില്ലെന്നുമറിയിച്ചു.ഒടുവില്‍ മറ്റൊരു ഓട്ടോ പിടിച്ച് പോവേണ്ടിവന്നു.ഭക്ഷണമെല്ലാം കഴിച്ച് തിരിച്ചുപോരാനൊരുങ്ങുമ്പോഴേക്കും സമയം പത്ത്‌മണി കഴിഞ്ഞിരുന്നു.ഓട്ടോക്കാരന് ഉറക്കം വരാതിരിക്കാനായി നിലമ്പൂർ ടൗണില്‍ നിന്നും കട്ടന്‍കാപ്പിയൊക്കെ കുടിപ്പിച്ചാണ് യാത്ര തുടർന്നത്.പതിനൊന്ന് മണിയായപ്പോള്‍ ഞങ്ങള്‍ എടവണ്ണയിലെത്തി.പാലത്തിന്റെ മുമ്പില്‍ വണ്ടി നിർത്തി ഡ്രൈവർ ഒരു ചോദ്യം.
"നേരേ പോകണോ അതോ ഒതായി വഴി പോകണോ?''
"ഒതായി വഴി പോകാം നല്ല റോഡാണല്ലോ....''
ഓട്ടോക്കാരഌം എന്റെ അഭിപ്രായത്തോട് അഌകൂലിച്ചു.വണ്ടി ഒതായി വഴി പത്തനാപുരം ലക്ഷ്യമാക്കി നീങ്ങി.പെട്ടെന്നെത്തുകയുമാവാം.
കുടിച്ച കട്ടന്‍കാപ്പിയോട് കൂറുപുലർത്തി ബള ബളാ സംസാരിച്ചിരുന്ന ഡ്രൈവർ ഒതായി കഴിഞ്ഞപ്പോള്‍ മിണ്ടാതായി.ഉറക്കം വരുന്നുണ്ടോയെന്ന എന്റെ ചോദ്യത്തിന് അവന്‍ മറുപടി പറഞ്ഞതിങ്ങനെയാണ്.
"കുറെ ദിവസം മുമ്പ് ഓട്ടോക്കാരന്‍ കുഞ്ഞാപ്പു കുറച്ചപ്പുറത്ത് വെച്ച് ജിന്നിനെ കണ്ടിരുന്നത്രെ...'
ഞാന്‍ ഞെട്ടി.ഞെട്ടാന്‍ മാത്രമല്ലേ കഴിയൂ.ഉള്ളിലെ ഭയം പുറത്ത് കാണിക്കാതെ ഞാന്‍ ചോദിച്ചു.
"നിനക്ക് പേടിയുണ്ടോ?'
"നിങ്ങള്‍ക്ക് പേടിയില്ലേ' എന്ന മറുചോദ്യമായിരുന്നു അതിഌള്ള മറുപടി.പിന്നെന്ത് പറയാന്‍.വെറുതെയല്ല നേരം വൈകുമെന്ന് പറഞ്ഞപ്പോള്‍ കുഞ്ഞാപ്പു തഞ്ചത്തിലൊഴിഞ്ഞു മാറിയത്.
വണ്ടി മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്നു.ഇന്നത്തെക്കാലത്തൊന്നും അങ്ങനെയുണ്ടാവില്ല.മറ്റെന്തോ കണ്ട് കുഞ്ഞാപ്പു തെറ്റിദ്ധരിച്ചതായിരിക്കുമെന്നൊക്കെ അവനെ സമാധാനിപ്പിക്കാന്‍ വേണ്ടിയെന്ന പോലെ ഞാന്‍ പറഞ്ഞു.പക്ഷേ എന്റെ സംസാരത്തില്‍ നിന്നും അവനെങ്ങനെയോ സത്യം മനസിലാക്കി.
"നിങ്ങക്ക് നല്ല പേടിയുണ്ടല്ലേ?'
"ഏയ്...എന്തിന് പേടിക്കുന്നു'എന്നും പറഞ്ഞ് ഞാന്‍ അവന്റെയടുത്തേക്ക് കഴിയുന്നത്ര അടുത്തിരുന്നു.
വണ്ടി മുന്നോട്ട് പോകവെ ദൂരെ മങ്ങിയ വെളിച്ചത്തില്‍ എന്തോ ഒരു രൂപം നടന്നുനീങ്ങുന്നുണ്ടെന്ന് എനിക്ക് തോന്നി.ഡ്രൈവറും അത് കാണുന്നുണ്ടെന്ന് പറഞ്ഞതോടെ അത് വെറും തോന്നലല്ലെന്ന് മനസിലായി.ഏത് സമയത്താണാവോ ഇതിലെ പോരാന്‍ തോന്നിയത്.
എനിക്ക് കൈയും കാലും വിറക്കാന്‍ തുടങ്ങി.ഓട്ടോ അല്‍പം കൂടി മുന്നോട്ടെത്തിയപ്പോള്‍ റോഡ് മുറിച്ച് കടന്നുപോകുന്ന വെള്ള വസ്‌ത്രം ധരിച്ച ആള്‍രൂപത്തെ വ്യക്‌തമായിക്കണ്ടു.
ഭയം കൊണ്ട് വിറച്ച് "പടച്ചോനെ..'എന്നൊരലർച്ചയോടെ ഞാന്‍ ഡ്രൈവറെ കെട്ടിപ്പിടിച്ചു.അതോടുകൂടി നിയന്ത്രണം നഷ്‌ടപ്പെട്ട് വണ്ടി അരികിലെ കാനയിലേക്ക് മൂക്കുകുത്തി.
മുഖത്ത് തണുത്ത വെള്ളം കുടഞ്ഞപ്പോഴാണ് ബോധം വന്നത്.കണ്ണ്‌തുറന്ന് ചുറ്റുമൊന്ന് നോക്കി.
ഏതോ ഒരുവീടിന്റെ മുറ്റത്താണ്.നല്ല വെളിച്ചമുണ്ട്.വീട്ടുകാരാണെന്ന് തോന്നുന്നു,പുരുഷന്‍മാരെയും സ്‌ത്രീകളെയും കൂട്ടികളെയുമൊക്ക അവിടെ കണ്ടുഎല്ലാവരും എന്നെ നോക്കി പൊട്ടിച്ചിരിക്കുകയാണ്.എനിക്കൊന്നും മനസിലായില്ല.ഡ്രൈവറുടെ കഴുത്ത് പാണ്ടിപ്പടയിലെ സലിംകുമാറിന്റെ കഴുത്തുപോലെ ഒരു വശത്തേക്ക് ചെരിഞ്ഞിരിക്കുന്നു.വീണപ്പോള്‍ പറ്റിയതായിരിക്കാമെന്ന മട്ടിലുള്ള എന്റെ നോട്ടം കണ്ടിട്ടാവണം അടുത്തുള്ളയാള്‍ എന്നെ നോക്കി പറഞ്ഞു.
"പേടിച്ച്‌വിറച്ചുള്ള നിന്റെ പിടുത്തത്തില്‍ അവന്റെ കഴുത്തിന്റെ കാര്യം പോയി'
ഷർട്ടിടാതെ മസിലും പെരുപ്പിച്ച് സല്‍മാന്‍ഖാനെപ്പോലെ നില്‍ക്കുന്ന നില്‍ക്കുന്ന മറ്റൊരാള്‍ അകത്തേക്ക് നോക്കി ഉമ്മായെന്ന് വിളിക്കുന്നത് കണ്ടു.എനിക്ക് സമാധാനമായി.മന്ത്രിച്ചൂതാനോ മറ്റോ ആയിരിക്കും ഉമ്മയെ വിളിക്കുന്നത്.
ഉമ്മ വന്നു.കണ്ടാല്‍ നല്ല ബർക്കത്തുള്ള ഉമ്മ.നിസ്‌കരിക്കുകയായിരുന്നെന്ന് തോന്നുന്നു.നിസ്‌കാരക്കുപ്പായവുമിട്ട് കൈയില്‍ തസ്‌ബീഹ് മാലയുമായാണ് നില്‍പ്.
ഉമ്മ എന്റെ കണ്ണിലേക്ക്‌തന്നെ നോക്കി നില്‍ക്കുകയാണ്.നോക്കുമർമ്മം എന്നൊക്കെപ്പറയുന്നത് പോലെ നോട്ടത്തിലൂടെയുള്ള എന്തെങ്കിലും ചികിത്സയാകുമെന്ന് കരുതി ഞാന്‍ ഉമ്മയുടെ മുന്നില്‍ ഭയഭക്‌തി ബഹുമാനത്തോടെ നില്‍ക്കുകയാണ്.എന്ത് ചികിത്സയായാലും ശരി നളെ പേടിച്ച് പനിക്കാതിരുന്നാല്‍ മതിയായിരുന്നു.
അപ്പോഴാണ് സല്‍മാന്‍ഖാന്റെ അടുത്ത ഡയലോഗ്
"ഇതാണ് നിങ്ങള്‍കണ്ട ജിന്ന്.
ഞാന്‍ പിന്നെയും ഞെട്ടി.വന്ന ബോധം തിരിച്ചുപോകാതിരിക്കാന്‍ നന്നേ പണിപ്പെടേണ്ടി വന്നു.
ഉമ്മാക്ക് ചെന്നിയുടെ ചെറിയൊരു അസ്വസ്‌ഥതയുണ്ട്.ഇശാ നിസ്‌കാരം കഴിഞ്ഞാല്‍ നിസ്‌കാരക്കുപ്പായവുമിട്ടൊരിരിപ്പാണ്.ഉറക്കവുമില്ല.ഞാനെന്തെങ്കിലും പറഞ്ഞാല്‍ പാതിരയാണെന്നൊന്നും നോക്കാതെ റോഡിനപ്പുറത്തുള്ള അനിയന്റെ വീട്ടിലേക്കിറങ്ങും.എന്നാല്‍കൊണ്ടാക്കാമെന്ന് കരുതി കൂടെയിറങ്ങിയാലൊ ഉമ്മ ഓടാന്‍ തുടങ്ങും.ഉമ്മക്ക് പണ്ടേ പരിചയമുള്ള വഴിയല്ലേ.ഞാന്‍ അനിയനെ വിളിച്ച് വിവരം പറയും.അവനവിടെ കാത്ത്‌നില്‍ക്കും'
സ്‌ത്രീകളും നിക്കറിട്ട കുട്ടികളും ചിരിക്കുന്നത് പോകട്ടെ,എന്നെ പറഞ്ഞ് പേടിപ്പിച്ച ഡ്രൈവറും അതാ കക്കക്കാ ചിരിക്കുന്നു.
"ഇവിടെ നിങ്ങള്‍ കരുതുന്നത് പോലെ ആളില്ലാത്ത സ്‌ഥലമൊന്നുമല്ല.ഈ റബർ തോട്ടത്തിന്നകത്തൊക്കെ കുറെ വീടുകളുണ്ട്.' ഖാന്‍ വിവരിക്കുന്നതിനഌസരിച്ച് മറ്റുള്ളവരുടെ ചിരിശബ്‌ദവും കൂടുന്നു.ജിന്നുമ്മ ഒന്നും പറയാതെ അകത്തേക്ക് കയറിപ്പോയി.
ഓട്ടോ ചാലില്‍ വീഴുന്നതും എന്റെ ആർപ്പും കൂടെ കേട്ട് ഓടിവന്നവരോട് ജിന്നിനെക്കണ്ട് പേടിച്ച വിവരം പറഞ്ഞപ്പോള്‍ അവർഞാഌം കുഞ്ഞാപ്പുവിനെപ്പോലെ പനിച്ചുകിടക്കുന്നതൊഴിവാക്കാനായി താങ്ങിപ്പിടിച്ച് അവരുടെ ഉമ്മയുടെ അടുത്തെത്തിക്കുകയായിരുന്നത്രെ.ഉമ്മയെക്കണ്ട് അത് ജിന്നല്ല എന്നുറപ്പ് വരുത്തിയിട്ടും എന്റെപേടിയും അവന്റെ ചിരിയും കുറെ നേരം തുടർന്നു..
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക