Slider

ശംഭു

0


ചേട്ടാ.. എന്നുള്ള വിളി കേട്ടാണ് തല ഉയർത്തിനോക്കിയത്.പ്രതീക്ഷിച്ചത് പോലെ ശംഭു ആണ്..
ശല്ല്യം എന്ന് മനസ്സിൽ തോന്നി എങ്കിലും അവന്റെ നിഷ്ങ്കളങ്കമായ മുഖം കണ്ടപ്പോൾ അത് മാറി.
"എന്താടാ ... ആ ചോദ്യത്തിൽ വാൽസല്യം കലർന്നിരുന്നു ..
"ചേട്ടാ ഈ ഫോൺ അനങ്ങുന്നില്ല.. "
കൈയ്യിലിരുന്ന ഫോൺ താഴെ വച്ച് അവന്റെ ഫോൺ വാങ്ങി ..
ആരോ കളഞ്ഞപഴയ ഒരു ഫോൺ ആണ്.
അതിൽ ബാറ്ററി ഒന്നും ഇല്ലായിരുന്നു..
ഏകദേശം 18 വയസ്സ് ഉണ്ട് ശംഭുവിന് പക്ഷെ പത്ത് വയസ്സുകാരന്റെ ബുദ്ധിയെ ഉള്ളു. കക്ഷി എന്നെക്കാൾ സുന്ദരനാണ് .അത് കൊണ്ട് ആര് കണ്ടാലും മന്ദബുദ്ധി എന്ന് പറയില്ല..
ഇപ്പോഴും നിക്കറും ഇട്ടാ നടപ്പ്. അതിന് ചേരാത്ത ഒരു ഷർട്ടും.
അവൻ അടുത്ത് വരുമ്പോൾ കശുവണ്ടിയുടെ ഒരു മണമാണ്. പോരത്തതിന് മഞ്ഞ കളറുള്ള പല്ല് മുഴുവൻ കാട്ടി ഒരു ചിരിയും.
"എന്താ ചേട്ടാ ഇത് പാടാത്തെ"
വീണ്ടും അവന്റെ ചോദ്യം..
ഇത് ഇനി ഒരിക്കലും പാടില്ല എന്ന സത്യം മറച്ച് വച്ച് ഞാൻ പറഞ്ഞു..
"ഇത് പിള്ളെരുകളിക്കുന്ന കളിപ്പാട്ടമാണ് ശംഭു "
അവന് അത് വിശ്വസം ആയ പോലെ തോന്നി..
" എനിക്കറിയാം ചേട്ടാ. അത് കളിപ്പാട്ടമാണ് എന്ന്. ഞാനും വാങ്ങും ഒരു മൊബൈൽ ഫോൺ. എന്നിട്ട് ഇഷ്ട്ട പോലെ പാട്ട് കേൾക്കും.. അതിനാ ഞാൻ ഇപ്പോ കാശുണ്ടാക്കുന്നത് "
അവന്റെ ഉന്തി നിൽക്കുന്ന കീശയുടെ ഭാഗം കാണിച്ച് കൊണ്ട് അവൻ തുടർന്നു
" ദേ കണ്ടോ കശുവണ്ടി യാ .. മുഴുവൻ .ഇത് വിറ്റ് ഞാൻ ഫോൺ വാങ്ങും "
ഇവൻ ആള് മോശമല്ലല്ലോ എന്ന് മനസ്സിൽ കരുതി .
" ഇത് കൊണ്ടൊന്നും വാങ്ങാൻ പറ്റില്ല ശംഭു.. "
"വീട്ടിൽ കുറെ ഇരുപ്പുണ്ട്.കട്ടിലിനടിയിൽ അമ്മേ ടു പറയണ്ട കേട്ടോ." ആത് രഹസ്യമായ് തന്നെ തുടർന്നു " നാളെ കാക്ക തുരുത്തിൽ പോകുന്നുണ്ട്.. കശുവണ്ടി പെറുക്കാൻ. അവിടെ ഇഷ്ടം പോലെ ഉണ്ട് ചേട്ടാ.. "
ചെറുപ്പത്തിൽ ഞാനും ഇങ്ങനെ ആയിരുന്നു..
ഞാൻ മാത്രമല്ല അപ്രദേശത്തെ കുട്ടികൾ എല്ലാവരും കാശുണ്ടാക്കാൻ കണ്ടെത്തുന്ന വഴികളിൽ ഒന്നായിരുന്നു കശുവണ്ടി.. കശുമാവിൽ നിന്നും കാക്ക നല്ല പഴുത്ത മാങ്ങ കൊത്തിയെടുക്കും. മാങ്ങ തിന്നിട്ട് കശുവണ്ടി കളയുമല്ലോ അത് ഞങ്ങൾ പെറുക്കിയെടുക്കും.
ചുമ്മാ പറമ്പിലൂടെ നടക്കുമ്പോൾ കിട്ടും..
അങ്ങനെ കിട്ടുന്നതും, പച്ചകശുവണ്ടി ഉണക്കി എടുക്കുന്നതും, പിന്നെ കുറച്ച് മോഷ്ടിച്ചതും കൂട്ടികടയിൽ കൊണ്ട് ചെന്ന് വിൽക്കും..
പോക്കറ്റ് മണി ഉണ്ടാക്കുന്നത് അങ്ങനെയാണ്..
അതിന്റെ മാങ്ങയ്ക്ക് നല്ല രുചിയാണ്.. ഒരോ തരം മാങ്ങയാണ്. ചിലത് ചെറുതായിരിക്കും. അതിൽ വിണ്ട് കീറിയ പോലെ കാണാം അതിന്റെ രുചി ഒന്ന് വെറെയാ..
ചില സമയത്ത് വീട്ടിൽ കലഹിച്ച് ഭക്ഷണം കഴിക്കാതെ നടക്കുമ്പോൾ വിശപ്പടക്കിയത് അത് കൊണ്ടായിരുന്നു.
"അല്ല ചേട്ടാ ഇതിന് എത്ര രൂപയാകും"
അവൻ വിടുന്ന ലക്ഷണമില്ല...
"ദേ നിന്നെ അമ്മ വിളിക്കുന്നു ''
അവനെ ഒഴിവാക്കാനായ് പറഞ്ഞു.
"എന്റെ അമ്മോ"
എന്ന് കരയും പോലെ പറഞ്ഞിട്ട് .അവൻ ഓടി മറഞ്ഞു .. സത്യത്തിൽ അവന്റെ അമ്മ വിളിക്കുന്നുണ്ടായിരുന്നു..
നാളുകൾ കടന്ന് പോയി..
ചിലപ്പോൾ ശംഭുവിനെ കാണാറുണ്ട്. മിന്നായം പോലെ പോയ് മറയുന്നത്. തിരക്കിലാണ് കക്ഷി..
ഒരു ദിവസം സുഹൃത്തിന്റെ പെങ്ങളുടെ കല്യാണത്തലെന്ന്. ഞാനും കുറച്ച് സുഹൃത്തുക്കളും ചേർന്ന് ടൗണിൽ പോയിട്ട് മടങ്ങിവരുമ്പോൾ കണ്ടു.. ഞങ്ങളുടെ കവലയിൽ ആൾക്കൂട്ടം.
അപകടം ആണ് .ഒരു കാറും കിടപ്പുണ്ട്.
എന്താണെന്ന് അറിയാൻ ആൾക്കുട്ടത്തിനിടയിൽ ഞാൻ പരതി. അപ്പോഴാ കാണുന്നെ.. നമ്മുടെ ശംഭു കമഴ്ന്ന് കിടക്കുന്നു.. തളം കെട്ടിക്കിടക്കുന്ന ചോര..
ആരോ പറയുന്നത് കേട്ടു.
"ആള് തീർന്നു.. "
ഉള്ളിൽ സങ്കടം ഒതുക്കി നിൽക്കുമ്പോൾ .കേട്ടു ചെറിയ ശബ്ദത്തിൽ ഒരു ഗാനം.
കാറിനടിയിൽ കിടന്ന ശംഭുവിന്റെ പുതിയ ഫോണിൽ നിന്നായിരുന്നു..

By: 
Nizar Vh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo