ഇന്ന് ലോംഗ് കാൾസ് ഒന്നും വരല്ലെ പടച്ചോനെ എന്ന് മനസിൽ വിചാരിച്ചാണ് സിസ്റ്റം ഓപ്പൺ ചെയ്തത്...എന്നും അങ്ങനെ തന്നെയാ തുടങ്ങാറ്.. എന്നാലും ആരേലുമൊക്കെ വലിഞ്ഞ് കയറി വന്നോളും...AHT കൂടുതലാണെന്നും പറഞ്ഞ് ഇന്നലേയും ടീം ലീഡർ വാണിംഗ് തന്നതെ ഉള്ളൂ... എങ്ങനെ കൂടാതിരിക്കും.. തന്നെ മാത്രം തേടി വരുവാണല്ലോ ഓരോ എടങ്ങേറ് പിടിച്ച കാൾസ്.
തൊട്ടടുത്ത സീറ്റിലെ പത്രാസ് കാരി ഇത് വരെ എത്തിയിട്ടില്ല.. അവളുടെ അഹങ്കാരം ഈയിടെയായിട്ട് അൽപം കൂടുന്നുണ്ട്.. അതെങ്ങനാ ടീം ലീഡറും ഓപ്പറേഷൻ മാനേജറുമൊക്കെ അവളുടെ പിന്നാലെയല്ലെ... ആലോചിച്ച് കൊണ്ടിരുന്നപ്പോൾ ആദ്യത്തെ കാൾ വന്നു..
നമസ്കാരം ............... യയിലേക്ക് സ്വാഗതം.. പറഞ്ഞോളൂ....
കൊള്ളാം... മഴ പെയ്തപ്പോൾ അവന്റെ റീജാർച്ച് കാർഡ് നനഞ്ഞ് പോയി പോലും.. ചുരണ്ടിയപ്പോൾ നമ്പറൊന്നും തന്നെ കാണാനില്ല! പതിവ് പോലെ വാങ്ങിച്ച കടയിൽ തിരിച്ച് കൊടുത്താൽ വേറൊരെണ്ണം കിട്ടുമെന്ന് പറഞ്ഞ് തള്ളി വിട്ടു... ആര് കൊടുക്കാനാ! ഇനിയും വിളിക്കും അവൻ.. അപ്പോൾ ഇത് പോലാവില്ല..പ്രശ്നക്കാരനായിരിക്കും.. ആ കാൾ എനിക്ക് വരാതിരുന്നാൽ മതിയായിരുന്നു.. ഏതായാലും ഒരു ഫീഡ് ബാക്ക് എടുത്തേക്കാം..
റീചാർജ് കാർഡിന്റെ ക്വാളിറ്റി കൂട്ടാൻ... ആര് കൂട്ടാനാ! ഈ കമ്പനി കാണിക്കുന്ന കൊള്ളരുതായ്മക്ക് ചീത്ത കേൾക്കലാണല്ലോ നമ്മുടെ പണി.. ഹും..
റീചാർജ് കാർഡിന്റെ ക്വാളിറ്റി കൂട്ടാൻ... ആര് കൂട്ടാനാ! ഈ കമ്പനി കാണിക്കുന്ന കൊള്ളരുതായ്മക്ക് ചീത്ത കേൾക്കലാണല്ലോ നമ്മുടെ പണി.. ഹും..
കാളുകൾ വന്നു കൊണ്ടെ ഇരുന്നു... അവസാനം പേടിച്ചിരുന്നത് തേടി വന്നു... മാന്യമായിട്ടായിരുന്നു തുടക്കം...
ആൾ നെറ്റ് ഓഫർ ചെയ്തതാണ്.. ഡാറ്റ ബൻഡിൽ തീർന്നതറിയാതെ വീണ്ടും ഉപയോഗിച്ചു.... വിശേഷപ്പെട്ട കമ്പനിയാണേൽ ഒരു മെസേജ് പോലും അയച്ചതുമില്ല... ഡീറ്റയിൽസ് നോക്കിയപ്പോഴാണ് ഉള്ളൊന്ന് കാളിയത്.. കൃത്യമായി പറഞ്ഞാൽ 235 രൂപ 65 പൈസ കമ്പനി കട്ടെടുത്തിരിക്കുന്നു... ഇയാളല്ലാതെ ഇത്രേം പൈസയൊക്കെ ഫോണിൽ വെച്ചിരിക്കുമോ.. മണ്ടൻ തന്നെ!
പതിവ് പോലെ സാർ.. ഒക്കെ വെച്ച് തുടങ്ങി... ഒരു രക്ഷേം ഉണ്ടായില്ല.. അൽപം കഴിഞ്ഞപ്പോൾ ഭാഷ മാറി തുടങ്ങി..ഒരു പെണ്ണാണെന്ന വിചാരം പോലും ഉണ്ടായില്ല അയാൾക്ക്..
എന്റെ കണ്ണൊക്കെ നിറഞ്ഞ് തുടങ്ങി.. ഒരു മണിക്കൂർ കഴിഞ്ഞ് എസ്കലേറ്റർ ഡെസ്കിലേക്ക് കാൾ ട്രാൻസ്ഫർ ചെയ്ത് വാഷ് റൂമിൽ പോയി ആരും കാണാതെ കണ്ണീർ തുടച്ച് കളഞ്ഞു..
തിരിച്ച് ഡസ്കിലേക്ക് മടങ്ങുമ്പോൾ ഓർത്തു.. ഇന്ന് സാലറി ഡേറ്റാണ്.. ഈ 7000 കിട്ടിയിട്ട് വേണം.........
തൊട്ടടുത്ത ചുമരിൽ പതിച്ചിരുന്ന ഇന്ത്യ യിലെ നം:1 ടെലി കോം സർവീസ് പ്രൊവൈഡറിന്റെ പരസ്യത്തിലിരുന്നു അഭിഷേക് ഭച്ചൻ അവളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു
By: younus Muhammed

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക