Slider

അതിരുകള്‍

0


കുഞ്ഞാലിയും കുഞ്ഞുണ്ണിയും പരസ്പരം കഴുത്തിന് കുത്തിപ്പിടിച്ചാണ് നില്ക്കുന്നത്. രണ്ടുപേരുടെ കൈയ്യിലും മടവാക്കത്തിയുണ്ട്. രണ്ടാളും തമ്മില്‍ വെട്ടിച്ചാവുമോ......?
അവര്‍ അയല്‍വാസികളാണ്. എണ്‍പത് താണ്ടിയ വൃദ്ധരാണെങ്കിലും വീറിനും വാശിക്കും ഒരുകുറവുമില്ല. കുഞ്ഞാലി തന്‍റെ വേലികെട്ടുമ്പോള്‍ വര്‍ഷാവര്‍ഷം നടക്കാരുള്ള അഭ്യാസപ്രകടനമാണിത്. വേലിയിറക്കിക്കെട്ടിയെന്നാണ് കുഞ്ഞുണ്ണി പറയുന്നത്; ഇല്ലെന്ന് കുഞ്ഞാലിയും. 
''കുലിക്കാട്ടൂഴി സ്ക്കൂളീന്ന് ഒന്നാം ക്ലാസിലെ കാലൊടിഞ്ഞ ബെഞ്ചില്‍ തുടങ്ങീതാണ് ഒാന്‍റെ അതിര്‍ത്തിതര്‍ക്കം. ബെഞ്ചില് ചോക്കേണ്ട് അതിരു വരച്ചീരുന്ന പഹയനാ ഒാന്‍.....''
കുഞ്ഞുണ്ണിയെ കുറിച്ച് കുഞ്ഞാലി ഇങ്ങനെയാണ് പറയാറ്.
വേലികെട്ടുകഴിഞ്ഞ് കുളിച്ചിരിക്കുമ്പോഴാണ് അപ്പുറത്തുനിന്ന് കുഞ്ഞുണ്ണിയുടെ വിളിവന്നത്.
''കുഞ്ഞാലീ... വാടാ...... മുറുക്കാന്‍ പൊതിം എടുത്തോട്ടോ......." 
കുഞ്ഞാലി മുറുക്കാന്‍പൊതിയുമായി അങ്ങോട്ടുചെന്നു. കൊല്ലത്തിലൊരിക്കലെ അതിര്‍ത്തിതര്‍ക്കമൊഴിച്ചാല്‍ പിന്നെയവര്‍ ഉറ്റചങ്ങാതിമാരാണ്.
കുഞ്ഞുണ്ണി കാക്കെട്ട് പപ്പടം കാച്ചികൂട്ടും,കുറച്ച് വെല്ലക്കാപ്പിയും ഉണ്ടാക്കും. പിന്നെ പപ്പടംതീറ്റയും കഥ പറച്ചിലുമാണ്. വെള്ളക്കാരുടെ കാലംതൊട്ടിങ്ങോട്ട് പറഞ്ഞാല്‍ തീരാത്ത കഥകളുണ്ടവര്‍ക്ക്. ഭാര്യമാര്‍ മരിച്ചതിനുശേഷം, തിങ്കള്‍ മുതല്‍ വെള്ളിവരെ ഇതാണവരുടെ നേരംപോക്ക്. ശനിയും ഞായറും വീട്ടില്‍ തിരക്കായിരിക്കും. മക്കള്‍, മരുമക്കള്‍, പേരകുട്ടികള്‍.... സ്വാതന്ത്യ്രം തീരെയില്ലാത്ത ദിവസങ്ങളാണത്.
മുറുക്കാന്‍ ചവച്ചുകൊണ്ട് കുഞ്ഞുണ്ണി റേഡിയൊ തിരിച്ചു നോക്കി. ആകാശവാണി തൃശൂര്‍ നിലയത്തിലപ്പോള്‍ അറബനമുട്ടാണ്. ടിവിയുണ്ട്, പക്ഷേ രണ്ടാള്‍ക്കും അതിന്‍റെ ഒാപറേഷന്‍ അറിയില്ല.
അറബനമുട്ടിന്‍റെ താളത്തിനനുസരിച്ച് തലകുലുക്കി , രണ്ടാംഘട്ട മുറുക്കലിനായി കുഞ്ഞുണ്ണി വെറ്റിലയില്‍ ചുണ്ണാമ്പുതേച്ചു. കുഞ്ഞാലി വാങ്ങുന്ന മുറുക്കാന്‍ മുക്കാലും തിന്നുതീര്‍ക്കുന്നത് കുഞ്ഞുണ്ണിയാണ്. 
''ചെങ്ങായി അഞ്ചിന്‍റെ കായി ചെലവാക്കൂല...." 
മുറുക്കാന്‍പൊതിയില്‍ കൈയ്യിട്ടുമാന്തുമ്പോള്‍ ചിലപ്പോഴൊക്കെ കുഞ്ഞാലിക്ക് ദേഷ്യം വരാറുണ്ട്.
പിറ്റേന്ന് കുഞ്ഞുണ്ണിയുടെ വിളിവന്നില്ല. ഓനെന്തുപറ്റി....?
ചിലപ്പൊ പപ്പടം തീര്‍ന്നുകാണും......
ഓന്‍ മുറുക്കല് നിര്‍ത്തിയോ.....? ന്നാലും മുണ്ടിംപറഞ്ഞും ഇരിക്കാലോ........
വേലിക്കല്‍ചെന്ന് കുഞ്ഞാലി നീട്ടിവിളിച്ചു.
"കുഞ്ഞുണ്ണ്യേ............"
പലതവണ വിളിച്ചിട്ടും ഒരനക്കവുമില്ല.
"കുഞ്ഞാലിക്കാ..... ങ്ങടെ ചെങ്ങായി പോയി"
പനഞ്ചുവട്ടില്‍ നിന്നും ചെത്തുകാരന്‍ കുട്ടന്‍ വിളിച്ചുപറഞ്ഞു
"എങ്ങോട്ട്......???"
കുഞ്ഞാലി കുട്ടന്‍റെ അടുത്തേക്ക് ചെന്നു.
" ടൗണിലെ വൃദ്ധസദനത്തില് കൊണ്ടാക്കി മക്കള്....! മക്കളേറ്യാലും മുട്ടാണേ..... നീ നോക്ക്... എന്ന തര്‍ക്കം!"
കുഞ്ഞാലിക്ക് അത് സഹിക്കാനായില്ല. മുറുക്കാന്‍പൊതിയുമായി അയാള്‍ വൃദ്ധസദനത്തിലേക്ക് പുറപ്പെട്ടു. ഭാഗ്യത്തിന് അധികം കാത്തുനില്ക്കാതെ ടൗണിലേക്ക് വണ്ടിയുംകിട്ടി. 
ഒരുഷാറില്ലാതെ വെള്ളപൂശിയ മണ്‍ചുവരും ചാരിയിരിക്കുകയാണ് ചെങ്ങായി. തമ്മില്‍ കണ്ടപ്പോള്‍ ഇരുവരുടേയും കണ്ണുകള്‍ നിറഞ്ഞു.
നിറകണ്ണുകളോടെ കുഞ്ഞുണ്ണി പറഞ്ഞു.
''ന്‍റെ ചെറ്യേ മകന്‍..... അവന് ഒറക്കത്തില് ഞെട്ടിത്തെറിക്കണ ഒരു സൂക്കട് ഉണ്ട്. കാണിക്കാത്ത ഡോക്ടര്‍മാറില്ലാ.........."
പെണ്ണ് കെട്ടി രണ്ട് മക്കളുള്ള മകനെ കുറിച്ച് ഇങ്ങനെ സങ്കടപെടുന്ന കുഞ്ഞുണ്ണിക്ക് ഭ്രാന്താണ് എന്നൊന്നും കുഞ്ഞാലിക്ക് തോന്നിയില്ല. കുഞ്ഞാലിക്കറിയാം ആ ദെണ്ണം. മൂത്തമോള് സുഹ്റാടെ ഉറക്കത്തിലെ പല്ല് കടിംകൊണ്ട് അയാളും കുറേ നടന്നതാണ്. എന്നാണ് തീരുക മക്കളെകുറിച്ചുള്ള ആധി....?
കുഞ്ഞാലി പൊതിതുറന്ന് വെറ്റിലയില്‍ ചുണ്ണാമ്പുതേച്ചു. അതിരുകളില്ലാത്ത സൗഹൃദത്തിന്‍റെ വിശാലതയില്‍ പുതിയ കഥകള്‍ക്ക് ചിറകുമുളച്ചു.
" പണ്ട് മൊല്ലാക്കടെ പറമ്പില് കാവലിനുവന്നിരുന്ന ഒടിയന്‍മാരെപറ്റി കുഞ്ഞാലിക്ക് വല്ലതും അറിയ്വോ.......?"
'ഇല്ലേ........ പറയ്.......'
''അതൊരു കഥയാണ് ചെങ്ങായീ.........

By: ramesh parapurath
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo